Wednesday, 22 June 2011

പുതിയ മുഖവുമായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖല

ന്ത്യന്‍ ഇന്‍ഷുറന്‍സ്‌ മേഖല ഒരു പരിണാമത്തിന്റെ ദശയിലാണ്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇക്കൊല്ലം ജൂലൈ ഒന്ന്‌ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ്‌ മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്‌. നിലവില്‍ രാജ്യത്ത്‌ മൂന്ന്‌ കോടിയില്‍ താഴെ ജനങ്ങള്‍ക്ക്‌ മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുന്നുള്ളൂ. എന്നാല്‍ ഭാവിയില്‍ ഈ നിരക്ക്‌ ദ്രുതഗതിയില്‍ വര്‍ധിക്കാനാണ്‌ സാധ്യതയെന്ന്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരിച്ച ചികില്‍സാ ചെലവുകളും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിവിധ സംഘടനകളും ആരോഗ്യ ഇന്‍ഷുറന്‍സ്‌ വ്യാപിപ്പിക്കുന്നതിന്‌ വലിയ പ്രാധാന്യം നല്‍കുന്നതും ഈ മേഖലയുടെ വളര്‍ച്ചക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌. നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തനല്ല എങ്കില്‍ മറ്റൊരു കമ്പനിയിലേക്ക്‌ മാറാനുള്ള സൗകര്യം നല്‍കുന്ന സംവിധാനമാണ്‌ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി.

പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാകുമ്പോള്‍
നിലവില്‍ വാഹന ഇന്‍ഷുറന്‍സ്‌ മേഖലയിലാണ്‌ പോര്‍ട്ടബിലിറ്റി സംവിധാനമുള്ളത്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയിലേക്ക്‌ കൂടി ഈ സംവിധാനം വരുന്നതോടെ ഉപഭോക്താവിനായിരിക്കും ഏറ്റവുമധികം പ്രയോജനം ലഭിക്കുകയെന്ന്‌ എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്റര്‍ വിശ്വനാഥന്‍ ഒടാട്ട്‌ വിലയിരുത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലയനവും, ഏറ്റെടുക്കലും സംബന്ധിച്ച ഐ.ആര്‍.ഡി.എ വ്യവസ്ഥകള്‍ക്ക്‌ അന്തിമരൂപം കൈവരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയിലുള്‍പ്പെടെ വലിയൊരു ശുദ്ധികലശമാകും നടക്കുക.

മെഡിക്ലെയിം വ്യാപകമാകും
എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മെഡിക്ലെയിം പോളിസികള്‍ എടുക്കാന്‍ ആളുകള്‍ക്ക്‌ മടിയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതിനായി ജനങ്ങള്‍ കമ്പനിയില്‍ തിരക്കി വരുന്ന അവസ്ഥയുണ്ടെന്ന്‌ ബജാജ്‌ അലയന്‍സ്‌ ദക്ഷിണ കേരള മേധാവി സൈജു ഫിലിപ്പ്‌ പറയുന്നു. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക ആളുകളും മെഡിക്ലെയിം പോളിസിക്ക്‌ കീഴില്‍ വരാനുള്ള സാധ്യതയുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളുടെ തെറ്റായ ഇടപെടലും, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റേഴ്‌സിന്റെ (റ്റി.പി.എ) പരിചയക്കുറവും മൂലം കാഷ്‌ലെസ്‌ സംവിധാനം നടപ്പാക്കുന്നതില്‍ അടുത്തിടെ ഒരുപാട്‌ പരാതികള്‍ വന്നിരുന്നു. ഇത്‌ പരിഹരിക്കാന്‍ റ്റി.പി. എ എന്ന ഇടനിലക്കാരന്റെ ആവശ്യമില്ലാതെ ആശുപത്രികളും ഇന്‍ഷുറന്‍സ്‌ കമ്പനികളും തമ്മില്‍ നേരിട്ടുള്ള ഇടപാട്‌ എന്ന രീതിയില്‍ കാഷ്‌ലെസ്‌ സംവിധാനം മാറിയിട്ടുണ്ട്‌. ഉപഭോക്താവിന്‌ ഒട്ടേറെ ഗുണം ചെയ്യുന്ന നീക്കമാണിത്‌.

പ്രതീക്ഷിക്കുന്ന മറ്റ്‌ മാറ്റങ്ങള്‍
ആശുപത്രികളെ അവയുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്‌ തരംതിരിച്ച്‌ ഇവയെ ഒരു റെഗുലേറ്ററുടെ കീഴിലാക്കുക എന്നതാണ്‌ മേഖലയില്‍ പ്രതീക്ഷിക്കുന്ന വലിയ മാറ്റം. ഇതിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതായാണ്‌ സൂചന. നിലവില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സകള്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുക. ഭാവിയില്‍ ഔട്ട്‌പേഷ്യന്റ്‌ ചികില്‍സകള്‍ക്കും, മരുന്നിനുമെല്ലാം പരിരക്ഷ ലഭിക്കാനിടയുണ്ട്‌. കൂടാതെ ക്ലെയിം സെറ്റില്‍മെന്റിന്‌ വരുന്ന കാലപരിധി വളരെയധികം കുറയും. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ആംബുലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്തണം എന്നത്‌ പല ഉപഭോക്താക്കളും നിരന്തരമമായി ആവശ്യപ്പെടുന്ന ഒന്നാണ്‌. ഭാവിയില്‍ മിക്ക ഇന്‍ഷുറന്‍സ്‌ കമ്പനികളും ടോള്‍ഫ്രീ ആംബുലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്താനിടയുണ്ട്‌. 

No comments:

Post a Comment