
വ്യവസായ സംരംഭകത്വം വളര്‍ത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോളസംഘടനയായ `ടൈ' (TiE) യുടെ കേരളഘടകത്തില്‍ നിന്നുള്ള 13 അംഗ പ്രതിനിധി സംഘം ഈയിടെ ശ്രീലങ്കയിലെ മന്ത്രിമാര്‍, ഡെപ്യൂട്ടി ഹൈകമ്മീഷണര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരുമായി അവിടത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായബന്ധം പരിപോഷിപ്പിക്കുന്നതിന് ശ്രീലങ്കയിലെ വാണിജ്യവ്യവസായ പ്രതിനിധികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രിയുമായി `ടൈ' സംഘം ഒരു കരാറില്‍ ഒപ്പുവെക്കുകയുണ്ടായി. ടൈയുടെ കേരള ഘടകം പ്രസിഡന്റ് മുരളി ഗോപാലനും ശ്രീലങ്കന്‍ ഫെഡറേഷന്റെ പ്രസിഡന്റ് കോസല വിക്രമനായകെയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
വിനോദസഞ്ചാര വികസനം
ശ്രീലങ്ക വിവിധ മേഖലകളില്‍ ലക്ഷ്യമിടുന്ന വളര്‍ച്ചയെപ്പറ്റി ആ രാജ്യത്തിന്റെ പ്രതിനിധികള്‍ ടൈ സംഘാംഗങ്ങളോട് വിശദീകരിച്ചു. രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹത്തില്‍ ഈ വര്‍ഷം 48 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് കണക്ക്.
``കേരളത്തിന് ആദായകരമായി ശ്രീലങ്കയില്‍ നിക്ഷേപിക്കാവുന്ന ഒരു മേഖലയാണ് വിനോദസഞ്ചാരം എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല. ഞാന്‍ ഈ രംഗത്ത് മുതല്‍മുടക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കുകയാണ്'', ടൈ സംഘത്തിലെ അംഗവും വിനോദസഞ്ചാരരംഗ ത്തെ വിദഗ്‌ധനുമായ ജോസ് ഡൊമിനിക് പറയുന്നു.
വിദ്യാഭ്യാസരംഗത്തെ സാധ്യതകള്‍
വിദ്യാഭ്യാസമാണ് വലിയ വികസന സാധ്യതയുള്ള മറ്റൊരു രംഗം. ശ്രീലങ്കയില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി ഇന്ത്യയില്‍ വരുന്നത്. ഉപരിപഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യമേഖലയില്‍നിന്നും വിദേശത്തുനിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ``എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ്, സാങ്കേതിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ വളരെ പരിമിതമായ സീറ്റുകള്‍ മാത്രമേ ശ്രീലങ്കയിലുള്ളൂ. കേരളത്തിന് ഈ രംഗത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്'', മറ്റൊരു ടൈ സംഘാംഗമായ രവി ഡീസീ പറയുന്നു.
ലോകത്തിലെ ഏറ്റവും സുരക്ഷിതവും പച്ചപ്പുള്ളതും പരിസരമലിനീകരണം തീരെ കുറഞ്ഞതുമായ രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക എന്ന് വ്യവസായമന്ത്രി റിഷാദ് ബാദുദീന്‍ പറയുന്നു. കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവ തുടങ്ങുന്നതിന് അദ്ദേഹം കേരളത്തിലെ സംരംഭകരെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചു.
ശ്രീലങ്കയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ടൈ കേരള എക്‌സിക്യൂട്ടിവ് ഡയറക്‌റ്റര്‍ കെ.ചന്ദ്രശേഖര്‍ കേരളത്തിലെ ബിസിനസ് സംരംഭകരോട് ആഹ്വാനം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയ്‌ല്‍: tiekerala@yahoo.com ഫോണ്‍: 0484-3248735

ശ്രീലങ്കന്‍ വിദേശ സര്‍വീസില്‍ നിരവധി വര്‍ഷങ്ങള്‍ സ്‌തുത്യര്‍ഹമായ
സേവനമനുഷ്‌ഠിച്ചിട്ടുള്ള ഡോ.വല്‍സന്‍ കെ.വേതോടി ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റ്, ടൂറിസം മന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഉപദേശകന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്രാസ്, അബുദാബി എന്നിവിടങ്ങളില്‍ ശ്രീലങ്കയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്ന ഡോ.വല്‍സന്‍ സ്വീഡനിലെ ശ്രീലങ്കന്‍ അംബാസഡറുമായിരുന്നു. ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റില്‍ ഗവേഷണ ബിരുദവുമുള്ള മലയാളിയായ ഡോ.വല്‍സന്‍ കേരളത്തിലും പഠിച്ചിട്ടുണ്ട്. 1927ല്‍ ശ്രീലങ്കയിലേക്ക് കുടിയേറി അവിടെ വിപുലമായ ബിസിനസ് ഗ്രൂപ്പ് പടുത്തുയര്‍ത്തിയ വേതോടി കുമാരന്റെ പുത്രനായ ഡോ.വല്‍സന്റെ ഭാര്യ തൃശൂര്‍ സ്വദേശിയായ അനിതയാണ്. `ധന'ത്തിനനുവദിച്ച ഹ്രസ്വമായ അഭിമുഖത്തില്‍ ശ്രീലങ്കന്‍ ബിസിനസ് അവസരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു
ശ്രീലങ്കയില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ക്ക് തികച്ചും അനുയോജ്യമായ മേഖലയാണ് ടൂറിസം. ശ്രീലങ്കന്‍ ഗവണ്‍മെന്റ് 2016 ആകുമ്പോഴേക്കും 50 ലക്ഷം ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ മുറികളുടെ കാര്യത്തില്‍ അതിരൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടാന്‍ പോകുന്നത്. ടാജ് ഗ്രൂപ്പ് പോലെയുള്ള വന്‍കിട സംരംഭകര്‍ക്ക് ഹോട്ടല്‍ ശൃംഖലകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാമെങ്കിലും ചെറുകിട, ഇടത്തരം സംരംഭകര്‍ ആദ്യം നഗരം കേന്ദ്രീകരിച്ച് ഹോട്ടല്‍ തുടങ്ങുകയാണ് ഉചിതം. കാരണം ഇന്ത്യയില്‍ നിന്നും മറ്റും വരുന്ന ടൂറിസ്റ്റുകള്‍ ആദ്യസന്ദര്‍ശനത്തില്‍ കൊളംബോ നഗരവും പ്രാന്തപ്രദേശങ്ങളുമായിരിക്കും കാണാന്‍ താല്‍പ്പര്യപ്പെടുക. ഉള്‍നാടുകളിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകാന്‍ കൂടുതല്‍ സമയമെടുക്കും.
ഹോട്ടല്‍ ആരംഭിക്കുന്നവര്‍ ഒരു പ്രാദേശിക സംരംഭകനെകൂടി കൂട്ടുപിടിക്കുന്നതാണ് നല്ലത്. കാരണം ഹോട്ടല്‍ വ്യവസായം പ്രാദേശിക സംസ്‌കരണത്തിനും ഭക്ഷണശൈലികള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കേണ്ട സേവനമേഖലയാണ്. നഗരകേന്ദ്രീകൃതമായ ഹോട്ടലുകള്‍ക്ക് പുറമെ രണ്ടാം ഘട്ടത്തില്‍ റിസോര്‍ട്ട് ഹോട്ടലുകളെപ്പറ്റി ആലോചിക്കാം. ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷകമായ പാക്കേജ് ടൂര്‍ നല്‍കാന്‍ ഇതിലൂടെ കഴിയും.
കൊളംബോയിലും മറ്റും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് ഗവണ്‍മെന്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ ഒരുങ്ങുന്നത്. ശ്രീലങ്കയിലെ മനോഹരങ്ങളായ കടലോരങ്ങള്‍ ടൂറിസം രംഗത്തെ സംരംഭകര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നുകൊടുക്കുന്നത്. ട്രിങ്കോമലി, അംബാറ, കല്‍പിറ്റിയ മുതലായ സ്ഥലങ്ങളിലൊക്കെ കിലോമീറ്റര്‍ കണക്കിന് നെടുനീളത്തില്‍ താഴ്‌ചയില്ലാത്ത കടലോരങ്ങളുണ്ട്. പഞ്ചസാര മണലും സ്‌ഫടിക തുല്യമായ തെളിഞ്ഞ ജലവുമെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്. ചിലയിടങ്ങളില്‍ തിമിംഗലത്തെ കാണാനും കഴിയും. ഇത്തരത്തിലുള്ള സവിശേഷതകളെല്ലാം ടൂറിസം സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താനാകും. ഇന്ത്യ ക്കും ശ്രീലങ്കക്കുമിടയില്‍ ക്രൂസ് ഷിപ്പിംഗ് ആണ് മറ്റൊരു ബിസിനസ് അവസരം.
വിദ്യാഭ്യാസ മേഖലയിലും അവസരങ്ങള്‍
ശ്രീലങ്കയിലെ 20 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ പകുതിയും ഇടത്തരക്കാരാണ്. ഉല്‍ക്കര്‍ഷേച്ഛയുള്ള ഇക്കൂട്ടര്‍ക്കുവേണ്ടി സ്‌പെഷല്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍
ആരംഭിക്കാം. ഇപ്പോഴുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. എന്നാല്‍ ന്യായമായ ചെലവില്‍ നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്
അവസരമൊരുക്കിയാല്‍ ധാരാളം വിദ്യാര്‍ ത്ഥികളെ ലഭിക്കും. പ്രത്യേകിച്ച് ജാഫ്‌ന
യിലും പരിസരത്തുമെല്ലാം ഇത്തരം സ്‌കൂളു കള്‍ക്ക് കൂടുതല്‍ സാധ്യതകളുണ്ട്.
ആരോഗ്യമേഖലയിലും അവസരങ്ങളുണ്ട്. ജില്ലാതലത്തിലും മറ്റുമുള്ള ഇടത്തരം
ആശുപത്രികള്‍ക്കാണ് സാധ്യത. കാര്‍ഷിക രംഗത്തും സാധ്യതകളുണ്ടെങ്കിലും ധാരാളം തൊഴിലാളികളെ ആവശ്യമുള്ള സംരംഭങ്ങള്‍ തുടങ്ങാതിരിക്കുകയാണ് ബുദ്ധി. എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഗവണ്‍മെന്റിന്റെ വരുന്ന ബജറ്റിനെയാണ്. നിക്ഷേപസൗഹൃദമായ ബജറ്റില്‍ നികുതി ഇളവുകളും കാണുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment