Wednesday, 22 June 2011

സൂക്ഷിക്കൂ: ഇവ നിങ്ങളുടെ നിക്ഷേപത്തെ സ്വാധീനിച്ചേക്കാം


 ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പത്ത്‌ സൃഷ്‌ടിക്കുക എന്നതാണ്‌ നിക്ഷേപം കൊണ്ട്‌ നാം ഓരോരുത്തരും ലക്ഷ്യമിടുന്നത്‌. കാലാകാലങ്ങളില്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ നിക്ഷേപത്തെയും സ്വാധീനിക്കുന്നുണ്ട. ഒരു നല്ല നിക്ഷേപകനാകണമെങ്കില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ബാധിക്കും എന്ന്‌ മുന്‍കൂട്ടി അറിയാന്‍ കഴിയണം. ഇക്കൊല്ലം നിങ്ങളുടെ നിക്ഷേപത്തെ എന്തൊക്കെ ഘടകങ്ങള്‍ സ്വാധീനിക്കാനിടയുണ്ട്‌ എന്ന്‌ മനസിലാക്കാം.
ഓഹരി, മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം
ഓഹരി നിക്ഷേപത്തെ സംബന്ധിച്ച്‌ മികച്ച ഒരു കാലഘട്ടമാണ്‌ കടന്ന്‌ പോയത്‌. സൂചികകള്‍ പുത്തന്‍ ഉയരങ്ങള്‍ താണ്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 29 ബില്ല്യണ്‍ ഡോളറാണ്‌ (ഏകദേശം 1,30,000 കോടി രൂപ) ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ കൊല്ലം നിക്ഷേപിച്ചത്‌. ഓഹരി നിക്ഷേപത്തെ ഇക്കൊല്ലം സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍ ഇവയാണ്‌-
നാണയപ്പെരുപ്പം: നിലവില്‍ എട്ടര ശതമാനത്തില്‍ നില്‍ക്കുന്ന നാണയപ്പെരുപ്പം സാമ്പത്തിക രംഗത്ത്‌ എന്നപോലെ ഓഹരി വിപണിയിലും നഷ്‌ടമാണ്‌ ഉണ്ടാക്കുക. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പലിശ നിരക്ക്‌ സ്വാഭാവികമായും ഉയര്‍ത്തും. ഇത്‌ വിവിധ ബിസിനസുകളെ പ്രതികൂലമായി ബാധിക്കും. ഉദാഹരണം-ഓട്ടോമൊബീല്‍, ബാങ്കുകള്‍ (കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതുകൊണ്ട്‌ ബാങ്ക്‌ വായ്‌പകള്‍ എടുക്കാന്‍ ജനം മടിക്കുന്നതോടെ ഓട്ടോമൊബീല്‍ വില്‍പ്പന കുറയും, ബാങ്കുകള്‍ക്ക്‌ പലിശ വരുമാനവും കുറയും).
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍: ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മാറി വരുന്നതായ സൂചനകളാണ്‌ നിലവിലുള്ളത്‌. അമേരിക്ക വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ പണമൊഴുക്ക്‌ ഗണ്യമായി കുറയുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. കാരണം സാമ്പത്തിക വളര്‍ച്ച നാണയപ്പെരുപ്പത്തിലേക്ക്‌ വഴിവെക്കും. ഇതേതുടര്‍ന്ന്‌ പലിശ നിരക്ക്‌ വര്‍ധിപ്പിച്ചാല്‍ അമേരിക്കന്‍ ബോണ്ടുകളിലുള്ള നിക്ഷേപവും കൂടും. ഇത്‌ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം കുറയ്‌ക്കും. കൂടാതെ താഴ്‌ന്ന നിലവാരത്തിലുള്ള അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അവ കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും.
എണ്ണവില: എണ്ണവിലയിലെ വര്‍ധന ആഗോളതലത്തിലെ സാമ്പത്തിക ഉയര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഉണര്‍വ്‌ രേഖപ്പെടുത്തുകയാണെങ്കില്‍ സ്വാഭാവികമായും എണ്ണവില ഉയരും. നിലവില്‍ വീപ്പയ്‌ക്ക്‌ 90 ഡോളറിന്‌ മുകളില്‍ നില്‍ക്കുന്ന എണ്ണവില 100 ഡോളറിന്‌ മുകളിലെത്തി സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ വിപണിയിലെ വിദഗ്‌ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം നാണയപ്പെരുപ്പം വീണ്ടും വര്‍ധിപ്പിക്കും എന്നതിനാല്‍ ഓഹരി വിപണിയില്‍ ഇതുണ്ടാക്കുന്ന സ്വാധീനം നെഗറ്റീവായിരിക്കും.
രാഷ്‌ട്രീയ സാഹചര്യം: തുടരെത്തുടരെ വന്ന അഴിമതികളും വിവാദങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആക്കം കുറച്ചിട്ടുണ്ട്‌. ഓഹരി വിറ്റഴിക്കലും മറ്റും മന്ദഗതിയിലായി. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും 70,000 കോടി രൂപയോളം അധിക തുക 3 ജി ലേലത്തില്‍ നിന്ന്‌ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വിവിധ സാമൂഹിക സേവന പദ്ധതികള്‍ക്കായി വകയിരുത്തുകയും ചെയ്‌തു. വരുമാനത്തിനായി സര്‍ക്കാരിന്‌ മറ്റ്‌ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ബജറ്റില്‍ കൂടുതല്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല.
നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: ഓഹരി നിക്ഷേപകര്‍ക്ക്‌ പലിശ നിരക്കിലെ വര്‍ധന നേരിട്ട്‌ ബാധിക്കാനിടയില്ലാത്ത ടെക്‌നോളജി പോലുള്ള വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കാം. നിക്ഷേപ കാലാവധി ആറ്‌ മാസം മുതല്‍ ഒരു വര്‍ഷം വരെയാണെങ്കില്‍ ബാങ്ക്‌ സ്ഥിര നിക്ഷേപങ്ങളേയും മ്യൂച്വല്‍ ഫണ്ടിലെ ഡെറ്റ്‌ ഫണ്ടുകളേയും ആശ്രയിക്കാം. മൂന്ന്‌ വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപമാണ്‌ ഇപ്പോള്‍ നടത്തുന്നതെങ്കില്‍ തെരഞ്ഞെടുത്ത ഓഹരികളെ ആശ്രയിക്കാം.

റിയല്‍ എസ്റ്റേറ്റ്‌

ഇന്ത്യന്‍ മെട്രോകളില്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ 15-20 ശതമാനം വില വര്‍ധന വന്നിട്ടുണ്ടെന്നാണ്‌ വിലയിരുത്തല്‍. കഴിഞ്ഞ ഒന്ന്‌-രണ്ട്‌ വര്‍ഷമായി പുതിയ പദ്ധതികള്‍ വളരെ കുറവായിരുന്നു. ഈ സ്ഥിതി മാറി പുതിയ പദ്ധതികള്‍ വരാന്‍ സാധ്യതയുണ്ടെന്ന്‌ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അഫോര്‍ഡബിള്‍ ഹൗസിംഗ്‌: ഇനി റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ ബൂം ഈ മേഖലയിലായിരിക്കുമെന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ വക്താക്കള്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരും ഇത്തരം പദ്ധതികള്‍ക്ക്‌ കൂടുതല്‍ പ്രോല്‍സാഹനം നല്‍കും. എല്ലാവര്‍ക്കും വീട്‌ എന്ന ആശയത്തോടെ വന്‍കിട, സ്വകാര്യ നിക്ഷേപകര്‍ വില കുറഞ്ഞ വീടുകളുടെ പദ്ധതി അവതരിപ്പിക്കും.
പലിശനിരക്ക്‌: പലിശ നിരക്ക്‌ കൂടുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ ബാധിക്കുമെങ്കിലും അത്‌ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഇതിന്‌ കാരണമായി അവര്‍ പറയുന്നത്‌ പലിശ നിരക്ക്‌ ഉയര്‍ന്ന്‌ നിന്നിരുന്ന കാലത്തും റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ കുതിപ്പ്‌ നടന്നിരുന്നു എന്നാണ്‌.
നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: അഫോര്‍ഡബിള്‍ ഹൗസിംഗ്‌ പദ്ധതികളില്‍ നിക്ഷേപം നടത്താം. ഇപ്പോള്‍ വിദേശ മലയാളികള്‍ ണ്ടപോലും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു. ഇത്‌ മാറി വരുന്നുണ്ട്‌. ഇക്കൊല്ലം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ 2-3 വര്‍ഷം കാത്തിരുന്നാല്‍ 50-60 ശതമാനം നേട്ടം പ്രതീക്ഷിക്കാം.
സ്വര്‍ണം
ഇക്കൊല്ലം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാണെന്നാണ്‌ വിലയിരുത്തല്‍. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, എണ്ണവില, നാണയപ്പെരുപ്പം എന്നിവയാണ്‌ സ്വര്‍ണവിലയെ സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍. നിലവിലെ വില നിലവാരത്തില്‍ നിന്ന്‌ അല്‍പ്പം ഇടിവിന്‌ കൂടി സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഔണ്‍സിന്‌ (31.1 ഗ്രാം) 2000 ഡോളര്‍ എന്ന നിലവാരത്തിലേക്ക്‌ പോകാനും സാധ്യതയുണ്ടെന്ന്‌ വിലയിരുത്തലുണ്ട്‌. (നിലവില്‍ 1300 ഡോളറിലധികം വിലയുണ്ട്‌). ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ പിടിയിലായതാണ്‌ സ്വര്‍ണത്തില്‍ വലിയ തോതില്‍ നിക്ഷേപം നടക്കാനുള്ള ഒരു പ്രധാന കാരണം. എന്നാല്‍ നിലവില്‍ ഈ സാഹചര്യം ഇല്ല എന്നത്‌ സ്വര്‍ണത്തിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാം. നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്‌ പകരം ഗോള്‍ഡ്‌ ഇ.ടി.എഫ്‌,ഇ-ഗോള്‍ഡ്‌ എന്നിവയാണ്‌ സുരക്ഷിതം. ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ സില്‍വര്‍, കോപ്പര്‍ തുടങ്ങിയ അടിസ്ഥാന ലോഹങ്ങളില്‍ തിരുത്തല്‍ വരാന്‍ സാധ്യതയുണ്ട്‌. ഇത്‌ അവസരമാക്കാവുന്നതാണ്‌.
ബാങ്ക്‌ നിക്ഷേപം
പലിശ നിരക്ക്‌ ഉയരുന്ന സാഹചര്യത്തില്‍ ബാങ്ക്‌ നിക്ഷേപം ആകര്‍ഷകമാണ്‌. നിരക്കുകള്‍ ഇനിയും ഉയരുമെന്ന്‌ തന്നെയാണ്‌ വിലയിരുത്തല്‍. നിങ്ങളുടെ റിസ്‌ക്‌ കൂടിയ നിക്ഷേപങ്ങളില്‍ ഒരു ഭാഗം ബാങ്ക്‌ സ്ഥിര നിക്ഷേപമാക്കുക എന്നത്‌ ഇപ്പോള്‍ സ്വീകരിക്കാവുന്ന തന്ത്രമാണ്‌. 

No comments:

Post a Comment