
പദ്ധതിയുടെ `ഫേസ് വണ്‍ എ'യുടെ ഉദ്‌ഘാടനമാണ് ഇപ്പോള്‍ നടക്കുക. ഈ ഘട്ടത്തില്‍ തന്നെ 12 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം വല്ലാര്‍പാടത്തുണ്ടാകും. കണ്ടെയ്‌നര്‍ കയറ്റിറക്കുന്നതിനുള്ള ക്രെയിനുകള്‍ വല്ലാര്‍പാടത്ത് സജ്ജമായിക്കൊണ്ടിരിക്കുന്നു. പദ്ധതി പ്രദേശത്തേക്കുള്ള രണ്ടുവരി പാതയുടെ നിര്‍മാണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. കപ്പല്‍ചാലിന്റെ ആഴം കൂട്ടല്‍ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. റെയില്‍വേ സൗകര്യവും ഒരുങ്ങി.
പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെടുന്നതോടെ കൊച്ചിന്‍ പോര്‍ട്ടിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റും. കഴിഞ്ഞ വര്‍ഷം കൊച്ചിന്‍ പോര്‍ട്ട് മൂന്ന് ലക്ഷത്തില്‍ താഴെ കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്‌തത്. ഈ വര്‍ഷം ലക്ഷ്യമിടുന്നത് 3.75 ലക്ഷം കണ്ടെയ്‌നറുകളാണ്. അതായത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും കണ്ടെയ്‌നറുകള്‍ വല്ലാര്‍പാടം ആദ്യവര്‍ഷത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കണ്ടെയ്‌നറുകള്‍ വല്ലാര്‍പാടത്തേക്ക് മാറുന്നതോടെ രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കണ്ടെയ്‌നറുകളില്‍ വരാത്ത ചരക്കുകള്‍, അതായത് മരം, സ്‌ക്രാപ്പ്, രാസവളം, കല്‍ക്കരി എന്നിവയുടെ കയറ്റിറക്ക് നടക്കും. ആഡംബരകപ്പലുകളും ഇവിടെയെത്തും. രണ്ടുപോര്‍ട്ടുകളിലേക്കും വരുന്ന കപ്പലുകള്‍ റീസീവ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നും പോര്‍ട്ട് ട്രസ്റ്റ് ചെയ്യും. വല്ലാര്‍പാടം ടെര്‍മിനലിലെ കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിംഗ് നിര്‍വഹിക്കുക ദുബായ് പോര്‍ട്ട് വേള്‍ഡാകും.
അവസരങ്ങള്‍ മുതലെടുക്കാന്‍ വേണ്ടത്‌ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലാണ് വല്ലാര്‍പാടത്തേത്. മദര്‍ഷിപ്പുകള്‍ കടന്നുപോകുന്ന രാജ്യാന്തര കപ്പല്‍ചാലിന്റെ സാമീപ്യമാണ് കൊച്ചിയുടെ ഏറ്റവും അനുകൂലഘടകം. സൗത്ത് ഏഷ്യന്‍ റീജിയണിലെ പ്രമുഖ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലായി ഇത് മാറാനുള്ള എല്ലാ സാധ്യതയും ഇപ്പോഴുണ്ട്. എന്നാല്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ ചില കാര്യങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടായേ തീരൂ. അവയില്‍ ചിലത്.
? വല്ലാര്‍പാടം മത്സരിക്കേണ്ടത് കൊളംബോ തുറമുഖവുമായാണ്. കൊളംബോയിലേതിനേക്കാള്‍ കുറഞ്ഞ നിരക്കും മികച്ച സേവനവും ഇവിടെ ഉറപ്പാക്കണം.
? കൊളംബോയില്‍ മദര്‍ഷിപ്പിലെത്തുന്ന ചരക്കുകള്‍ വിദേശ ഷിപ്പിംഗ് കമ്പനികളുടെ ഫീഡര്‍ലൈനുകള്‍ വഴിയാണ് മറ്റ് തുറമുഖങ്ങളിലേക്ക് എത്തിക്കുന്നത്. വല്ലാര്‍പാടത്ത് മദര്‍ഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകള്‍ വിദേശ ഫ്‌ളാഗ് ഷിപ്പിലേക്ക് മാറ്റി ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിക്കാന്‍ പര്യാപ്‌തമാകും വിധമുള്ള നിയമനിര്‍മാണം നടത്തണം. നിലവില്‍ ഇന്ത്യന്‍ കബൊട്ടാഷ് (ഇന്ത്യന്‍ പോര്‍ട്ടുകള്‍ക്കിടയില്‍ ഇന്ത്യന്‍ ഫ്‌ളാഗ് ഷിപ്പുകള്‍ക്ക് മാത്രമേ ചരക്ക് കൈമാറ്റം ചെയ്യാനാകൂ) നിയമം ഇത് അനുവദിക്കുന്നില്ല. വല്ലാര്‍പാടം ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ മദര്‍ഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകള്‍ വിദേശ കണ്ടെയ്‌നര്‍ എന്ന നിലയ്‌ക്ക് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ വ്യക്തത വന്നാല്‍ മാത്രമേ മദര്‍ഷിപ്പുകളുള്ള കമ്പനികളുമായി ഐ.സി.റ്റി.റ്റിക്ക് കരാറിലെത്താനാകൂ.
? ഐ.സി.റ്റി.റ്റിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ വരാനായി ഇവിടേക്കുള്ള റോഡ്, റെയില്‍, ജലമാര്‍ഗമുള്ള ഗതാഗത സൗകര്യങ്ങള്‍ മികച്ച നിലവാരത്തിലെത്തിക്കണം. കൊച്ചിയിലെ റെയില്‍പാതയുടെ ശേഷിയുടെ 130ശതമാനമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. റോഡിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല.
? ഐ.സി.റ്റി.റ്റി വരുന്നതോടെ കൊച്ചിയില്‍ കൂടുതല്‍ സി.എഫ്.എസുകളും ഐ.സി.ഡികളും വേണ്ടിവരും. ഇത്തരം കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ 10 മുതല്‍ 150 ഏക്കര്‍ വരെ ഭൂമി വേണ്ടിവരും. കുറഞ്ഞ നിരക്കില്‍ ഭൂമി ലഭ്യമാക്കാനും അത് ഡെവലപ് ചെയ്യാനും വ്യാവസായിക ആവശ്യത്തിനായി കൂടുതല്‍ ഭൂമി കൈവശം വെയ്‌ക്കാനും അനുമതി നല്‍കും വിധം ഭൂപരിധി നിയമത്തില്‍ ഇളവുകള്‍ വരുത്താനും സര്‍ക്കാര്‍ തയാറാകണം.
? ഐ.സി.റ്റി.റ്റി കൊച്ചിയുടെയും കേരളത്തിന്റെയും ഇന്ത്യന്‍ വ്യവസായമേഖലയുടെയും കുതിപ്പിന് കളമൊരുക്കുമെന്ന് തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും തൊഴിലാളി സംഘടനകളും മനോഭാവത്തില്‍ മാറ്റം വരണം.
ഇതാ ഐ.സി.റ്റി.റ്റി ഒരുക്കുന്ന അവസരങ്ങളില്‍ ചിലത്.
കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സി.എഫ്.എസ്)കണ്ടെയ്‌നറുകളിലേക്ക് ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും സൗകര്യവുമുള്ള സ്ഥലമാണ് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സി.എഫ്.എസ്). കസ്റ്റംസ് ക്ലിയറന്‍സ്, കണ്ടെയ്‌നറുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം, കണ്ടെയ്‌നറുകളുടെ മെയ്‌ന്റനന്‍സും റിപ്പയറും ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ വേണം.
മുതല്‍മുടക്ക്: ശരാശരി ശേഷിയുള്ള സി.എഫ്.എസുകള്‍ സ്ഥാപിക്കാന്‍ 10-15 ഏക്കര്‍ ഭൂമി വേണ്ടിവരും. കുറഞ്ഞ പ്രാരംഭ മുതല്‍ മുടക്ക് ഏകദേശം 150 കോടി രൂപ.
സാധ്യത: ഇപ്പോള്‍ കൊച്ചിയില്‍ രണ്ട്‌് സി.എഫ്.എസുകളാണുള്ളത്. നിലവില്‍ കൊച്ചിന്‍ പോര്‍ട്ട് പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നത് മൂന്നുലക്ഷം കണ്ടെയ്‌നറുകളില്‍ താഴെ മാത്രമാണ്. തൂത്തുകുടിയില്‍ പ്രതിവര്‍ഷം നാലരലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നു. അവിടെ 18 ഫ്രൈറ്റ് സ്റ്റേഷനുകളുണ്ട്. ചെന്നൈയില്‍ 12 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നു. അവിടെ 18 സി.എഫ്.എസുകളുണ്ട്. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ഐ.സി.റ്റി.റ്റിയില്‍ ആദ്യഘട്ടത്തില്‍ 12 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 30 ലക്ഷവും പൂര്‍ണസജ്ജമാകുമ്പോള്‍ 50 ലക്ഷം കണ്ടെയ്‌നറുകളും ഇവിടെ കൈകാര്യം ചെയ്യാനാകും. അതായത് കൊച്ചിയില്‍ 20 സി.എഫ്.എസുകള്‍ കൂടിയെങ്കിലും വേണ്ടിവരും.
ഫ്രീ ട്രേഡ് ആന്‍ഡ് വെയര്‍ ഹൗസിംഗ് സോണ്‍ (എഫ്.റ്റി.ഡബ്ല്യു. ഇസഡ്)
പ്രത്യേക സാമ്പത്തിക മേഖല തന്നെയാണിത്. ഗ്ലോബല്‍ സപ്ലൈ ചെയ്‌നുകളും ലോജിസ്റ്റിക്കും തമ്മിലുള്ള സുപ്രധാനകണ്ണി കൂടിയായി ഇത് പ്രവര്‍ത്തിക്കും.
മുതല്‍മുടക്ക്: വെയര്‍ഹൗസിംഗ്, ഹാന്‍ഡ്‌ലിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എക്വിപ്‌മെന്റ്, കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പേസ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍ സൗകര്യം, കയറ്റുമതിക്കും ഇറക്കുമതിക്കും വേണ്ട എല്ലാ ക്ലിയറന്‍സുകളും ലഭ്യമാക്കുന്ന സൗകര്യം എന്നിവയെല്ലാം രാജ്യാന്തരതലത്തിലുള്ള ഇത്തരം സംവിധാനം ഒരുക്കാന്‍ ചുരുങ്ങിയത് 100 ഏക്കര്‍ സ്ഥലമെങ്കിലും വേണം. കൊച്ചിയില്‍ ഇത്തരത്തിലൊന്ന് സ്ഥാപിക്കാന്‍ 400-500 കോടി രൂപയെങ്കിലും വേണ്ടിവരും.
സാധ്യത: നിലവില്‍ എഫ്.റ്റി.ഡബ്ല്യു.ഇസഡുകള്‍ കൊച്ചിയിലില്ല. പ്രത്യേക സാമ്പത്തിക മേഖലകളുടെ എല്ലാ നികുതി ഇളവുകളും ലഭിക്കും. മെയിന്‍ലൈന്‍ വെസലുകള്‍ (മദര്‍ഷിപ്പുകള്‍) കടന്നുവരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലിനടുത്ത് ഇത്തരമൊരു സൗകര്യം കൂടി ലഭിച്ചാല്‍ ഇന്ത്യന്‍ വ്യവസായമേഖല ഒന്നടങ്കം കൊച്ചിയിലേക്ക് ആകര്‍ഷിക്കപ്പെടും.
ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോ (ഐ.സി.ഡി)സി.എഫ്.എസുകളുടെ പ്രവര്‍ത്തനങ്ങളുടെ വിപുലമായ രൂപം തന്നെയാണ് ഐ.സി.ഡിയില്‍ നടക്കുന്നത്. സി.എഫ്.എസുകള്‍ പോര്‍ട്ടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സ്ഥാപിക്കുമ്പോള്‍ ഐ.സി.ഡികള്‍ നഗരാതിര്‍ത്തിക്കുപുറത്ത് പ്രാന്തപ്രദേശങ്ങളില്‍ സ്ഥാപിക്കാം.
മുതല്‍മുടക്ക്: ഐ.സി.ഡികള്‍ക്ക് കുറഞ്ഞത് 50 ഏക്കര്‍ ഭൂമിയെങ്കിലും വേണം. സി.എഫ്.എസുകള്‍ക്ക് സമാനമായതോ അതില്‍ കൂടുതലോ ആയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാം. അതിനനുസരിച്ച് മുതല്‍ മുടക്കും ഏറും. നഗരത്തില്‍ നിന്ന് മാറി ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭൂമി ലഭിച്ചാല്‍ 400 കോടി രൂപ മുതല്‍മുടക്ക് വേണ്ടി വരും.
സാധ്യത: ഐ.സി.ഡി ഇതുവരെ കൊച്ചിയിലില്ല.വിഭിന്ന തരം കാര്‍ഗോകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള സ്‌പെഷലൈസഡ്‌സ് സംവിധാനമുള്ള ഒന്നോ രണ്ടോ ഐ.സി.ഡികള്‍ക്ക് സാധ്യതയുണ്ട്.
കണ്ടെയ്‌നര്‍ കാരിയര്‍ സര്‍വീസ്‌പോര്‍ട്ടിലേക്കും അവിടെ നിന്ന് തിരിച്ച് കമ്പനികള്‍, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍, വെയര്‍ഹൗസുകള്‍, ഐ.സി.ഡികള്‍ എന്നിവിടങ്ങളിലേക്കുമെല്ലാം കണ്ടെയ്‌നറുകള്‍ വഹിച്ചുകൊണ്ടുപോകുന്നതിനുള്ള കണ്ടെയ്‌നര്‍ ലോറികളും ട്രെയ്‌ലറുകളും ലഭ്യമാക്കുന്ന ഏജന്‍സി.
മുതല്‍ മുടക്ക്: പോര്‍ട്ടിലെത്തുന്നതും പോര്‍ട്ടിലേക്ക് വരുന്നതുമായ കണ്ടെയ്‌നറുകള്‍ വഹിക്കുന്നതിനുള്ള കണ്ടെയ്‌നര്‍ ലോറികളും ട്രെയ്‌ലറുകളുമാണ് ഇതിന് വേണ്ടത്. കണ്ടെയ്‌നര്‍ ലോറികള്‍ 11 ലക്ഷം രൂപ മുതലും ട്രെയ്‌ലറുകള്‍ 21-24 ലക്ഷം രൂപയ്‌ക്കും സ്വന്തമാക്കാം. യൂസ്‌ഡ് വാഹനങ്ങളും ഈ മേഖലയില്‍ ലഭ്യമാണ്.
സാധ്യത: ഇപ്പോള്‍ കൊച്ചി തുറമുഖത്ത് മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമേ കണ്ടെയ്‌നറുകള്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നുള്ളൂ. 2000ത്തോളം ട്രെയ്‌ലറുകളുമുണ്ട്. വല്ലാര്‍പാടം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദീര്‍ഘദൂര സര്‍വീസുകളും കൂടും. അതോടെ നിലവിലുള്ള ട്രെയ്‌ലറുകളുടെ നാലിരട്ടിയെങ്കിലും കൊച്ചിയില്‍ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ബോണ്ടഡ് വെയര്‍ഹൗസുകള്‍ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലം. ഉദാഹരണത്തിന് ഓണക്കാലത്ത് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ താല്‍ക്കാലികമായി ഇവിടെ സൂക്ഷിക്കാം. വിപണിയിലെ ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങള്‍ ഇവിടെ നിന്ന് നികുതി അടച്ച് കൊണ്ടുപോകാം. ബാക്കിയുള്ളവ അവിടെ തന്നെ സൂക്ഷിക്കാം.
മുതല്‍മുടക്ക്: കുറഞ്ഞത് 50 സെന്റെങ്കിലും സ്ഥലം വേണം. ദേശീയ നിലവാരം അനുസരിച്ച് യാര്‍ഡും ഫെന്‍സിംഗുമെല്ലാം വേണം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതെല്ലാം ഒരുക്കാന്‍ കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും വേണ്ടിവരും.
സാധ്യത: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ ഒറ്റയടിക്ക് നികുതി അടച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ കമ്പനികളെ ഇതേറെ സഹായിക്കുമെന്നതിനാല്‍ കൊച്ചിയില്‍ ഇതിന് സാധ്യതയേറെയാണ്.
കസ്റ്റംഹൗസ് ഏജന്‍സികള്‍ഉല്‍പ്പന്നം കണ്ടെയ്‌നറുകളിലാക്കി കപ്പലില്‍ കയറ്റി വിടാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കുന്നത്. കണ്ടെയ്‌നറുകള്‍ ഷിപ്പിലേക്ക് കയറ്റുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കി നല്‍കുന്നു.
മുതല്‍മുടക്ക്: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് നടത്തുന്ന പരീക്ഷ പാസായവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ ഏജന്‍സി സ്ഥാപിക്കാനാകൂ. ഇത്തരം ക്വാളിഫൈഡ് ആയിട്ടുള്ള ലൈസന്‍സികളുടെ നേതൃത്വത്തില്‍ സ്വന്തമായി ഓഫീസും മറ്റ് സൗകര്യങ്ങളും ഒരുക്കാം. നിലവാരമുള്ള ഓഫീസ് സ്‌പേസും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ഏകദേശം ഒരുലക്ഷം രൂപയെങ്കിലും വേണ്ടിവരും.
സാധ്യത: കൊച്ചിയില്‍ നിലവില്‍ 200ല്‍ താഴെ കസ്റ്റംഹൗസ് ഏജന്റുമാരാണുള്ളത്. ചെന്നൈയില്‍ 500ഓളം പേരുണ്ട്. വല്ലാര്‍പാടം വരുന്നതോടെ കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെയും കപ്പലുകളുടെയും എണ്ണം കൂടുമെന്നതിനാല്‍ അധികമായി 300-400 കസ്റ്റംഹൗസ് ഏജന്‍സികളെങ്കിലും പുതുതായി സ്ഥാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
ഷിപ്പ് ചാഡ്‌ലേഴ്‌സ്‌കപ്പലുകളിലേക്ക് വേണ്ട പച്ചക്കറികള്‍, പലവ്യഞ്‌ജനങ്ങള്‍, ശുദ്ധജലം, കപ്പലിന്റെ സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയെല്ലാം ലഭ്യമാക്കുന്ന ഏജന്‍സികളെയാണ് ഷിപ്പ് ചാഡ്‌ലേഴ്‌സ് എന്നു പറയുന്നത്.
മുതല്‍മുടക്ക്: പോര്‍ട്ടിന്റെയും കസ്റ്റംസിന്റെയും ലൈസന്‍സുകള്‍ ഇത്തരം സ്ഥാപനം തുടങ്ങാന്‍ ആവശ്യമാണ്. ഇതിനായി 25,000-50,000 രൂപയോളം വേണ്ടിവരും. ഓഫീസ് സ്‌പേസ് സജ്ജമാക്കണം. ഇതിനുള്ള മുതല്‍മുടക്ക് വേണ്ടിവരും. കപ്പലുകളിലേക്ക് വേണ്ട സാധനങ്ങള്‍ പൊതുവേ ക്രെഡിറ്റില്‍ സപ്ലൈ ചെയ്യേണ്ടിവരും. കൊച്ചിയില്‍ നിലവിലുള്ള ചാഡ്‌ലേഴ്‌സുകള്‍ ഈ വിധം 25-30 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വരെ ക്രെഡിറ്റില്‍ സപ്ലെ ചെയ്യുന്നു. ഈ തുക മൂന്നുമാസം മുതല്‍ ആറുമാസത്തിനുള്ളില്‍ വരെ തിരിച്ചുകിട്ടിയെന്നിരിക്കും. അതുകൊണ്ട് പൊതുവിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും മറ്റുമായുള്ള പ്രാരംഭ മുടക്കുമുതല്‍ കണ്ടെത്തണം.
സാധ്യത: മദര്‍ഷിപ്പുകള്‍ വരുന്നതും ഒപ്പം നിരവധി ഫീഡര്‍ ലൈനുകളും വല്ലാര്‍പ്പാടത്തെത്തുന്നതും ഈ മേഖലയിലെ സാധ്യതകള്‍ പലമടങ്ങ് വര്‍ധിപ്പിക്കുന്നു.
പെട്രോള്‍/ഡീസല്‍ പമ്പുകള്‍വല്ലാര്‍പാടം പദ്ധതി പ്രദേശത്തേക്ക് വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍, ട്രെയ്‌ലറുകള്‍, ഇതരവാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വേണ്ട ഇന്ധനം ലഭ്യമാക്കാം.
മുതല്‍മുടക്ക്: കുറഞ്ഞത് 30 സെന്റ് സ്ഥലം വേണം. ഇതിനായി കുറഞ്ഞത് 90 ലക്ഷം രൂപ വേണ്ടിവരും. മറ്റ് അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കി പമ്പ് തുടങ്ങുന്നത് കുറഞ്ഞത് ഒന്നരക്കോടി രൂപ വേണ്ടി വരും.
സാധ്യത: നിലവില്‍ പദ്ധതി പ്രദേശത്തിന്റെ സമീപ പ്രദേശങ്ങളില്‍ പമ്പുകളുണ്ട്. എന്നിരുന്നാലും കൂടുതല്‍ പമ്പുകള്‍ക്കു കൂടി സാധ്യതയുണ്ട്.
ബാര്‍ജ് സര്‍വീസ്‌വലിയ വെസലുകളില്‍ വരുന്ന കണ്ടെയ്‌നറുകള്‍ കൊച്ചു തുറമുഖങ്ങളിലേക്ക് എത്തിക്കാനുള്ള ഉപാധിയാണ് ബാര്‍ജുകള്‍.
സാധ്യത: വല്ലാര്‍പാടം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആഭ്യന്തര ഉപയോഗത്തിനുള്ള ഉല്‍പ്പന്നങ്ങളും മറ്റും വന്‍തോതില്‍ കൊച്ചു തുറമുഖങ്ങളിലേക്ക് എത്തിക്കേണ്ടി വരും. ഉദാഹരണത്തിന് വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന സംസ്‌കരിക്കാത്ത കശുവണ്ടി വല്ലാര്‍പാടത്തുനിന്ന് ബാര്‍ജുകളില്‍ കൊല്ലത്ത് എത്തിക്കാനാകും. ഒരു ബാര്‍ജിലൂടെ 50 കണ്ടെയ്‌നറുകള്‍ വരെ കൊണ്ടുപോകാം എന്നതിനാല്‍ 50 ട്രെയ്‌ലറുകളെ റോഡില്‍ നിന്ന് ഒഴിവാക്കാം. ഇവ സൃഷ്‌ടിക്കുന്ന ഗതാഗതക്കുരുക്കില്‍ നിന്ന് വലിയൊരു ആശ്വാസം കൂടിയായിരിക്കും ബാര്‍ജുകള്‍.
മുതല്‍മുടക്ക്: ബാര്‍ജുകളുടെ ശേഷിയനുസരിച്ച് ഏകദേശം ഒരു കോടി രൂപയ്‌ക്ക് മുകളിലേക്കായിരിക്കും ഇവയ്‌ക്കായുള്ള മുടക്കുമുതല്‍.
ഡ്രൈ ഡോക്കിംഗ് ഫസിലിറ്റികപ്പലുകളുടെ അടിഭാഗത്തുനിന്ന് വെള്ളം നീക്കം ചെയ്‌ത ശേഷം അവയുടെ അറ്റകുറ്റപ്പണിയ്‌ക്കായി ഒരുക്കുന്ന സംവിധാനം. കപ്പലുകള്‍ നിര്‍മ്മിക്കുന്നതും ഡ്രൈ ഡോക്കില്‍ തന്നെയാണ്.
സാധ്യത: നിലവില്‍ ഇവിടെ ഷിപ്പ്‌യാര്‍ഡിനും കൊച്ചിന്‍ പോര്‍ട്ടിനും മാത്രമാണ് ഡ്രൈ ഡോക്കിംഗ് സൗകര്യമുള്ളത്. ഇതില്‍ ഷിപ്പ് യാര്‍ഡിന്റേത് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. മികച്ച ഡ്രൈ ഡോക്ക് സൗകര്യം ഇവിടെ കൊടുക്കാനായാല്‍ മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ അറ്റകുറ്റപ്പണിക്കായി പോകുന്ന വെസലുകളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കാനാകും. ശരാശരി ഒരു കപ്പല്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഡ്രൈ ഡോക്കില്‍ കയറ്റേണ്ടതായി വരും.കൊളംബോ, സിംഗപ്പൂര്‍ പോര്‍ട്ടുകളില്‍ ഇത്തരം സംവിധാനമുണ്ട്. ഒരു കപ്പല്‍ പോലെ തോന്നിക്കുന്ന ഇവയുടെ പ്രത്യേകത സാധാരണ ഡ്രൈ ഡോക്കുകളെപ്പോലെ ഇവ സ്ഥാപിക്കാന്‍ പ്രത്യേക സ്ഥലം ആവശ്യമില്ലെന്നുള്ളതാണ്. സ്ഥല ദൗര്‍ലഭ്യം നിലവിലുള്ള ഇവിടെ ഈ രീതി പരീക്ഷിക്കാം.
കണ്ടെയ്‌നര്‍ ലീസിംഗ്‌ചരക്കുകള്‍ സീല്‍ ചെയ്‌ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് റോഡ് മാര്‍ഗമോ ജലമാര്‍ഗമോ റെയ്‌ല്‍ മാര്‍ഗമോ എത്തിക്കുന്നതിനുള്ള വന്‍ ലോഹനിര്‍മ്മിത ബോക്‌സുകളാണ് കണ്ടെയ്‌നറുകള്‍. 20 അടി അഥവാ വണ്‍ റ്റി.ഇ.യു(Twenty Equelent Units) ഫൂട്ടര്‍, 40 അടി അഥവാ ടൂ റ്റി.ഇ.യു എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിലുള്ള കണ്ടെയ്‌നറുകളാണ് സാധാരണയായുള്ളത്.
സാധ്യത: ഇത്തരം കണ്ടെയ്‌നറുകള്‍ നിശ്ചിത കാലാവധിയിലേക്ക് ലീസിന് നല്‍കാനുള്ള അവസരവും വല്ലാര്‍പാടം പദ്ധതി ഒരുക്കുന്നുണ്ട്. ഉപഭോക്താവിന് ആവശ്യമായ കണ്ടെയ്‌നറുകള്‍ നല്‍കാനുള്ള ശേഷിയാണ് ഇതിന് വേണ്ടത്. കണ്ടെയ്‌നറുകളുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള സൗകര്യം കണ്ടെത്തേണ്ടിവരും.
മുതല്‍മുടക്ക്: വലിയ മുതല്‍ മുതല്‍ മുടക്ക് വേണ്ടിവരുന്ന മേഖലയാണിത്. കാരണം ഒരു കണ്ടെയ്‌നറിന് രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെ രൂപയാകും. ഇതുപോലെ ശരാശരി 1,000 എണ്ണം കണ്ടെയ്‌നറുകളെങ്കിലും ലീസിംഗ് കമ്പനിയ്‌ക്ക് ആവശ്യമായി വരും. പക്ഷെ കുറഞ്ഞ എണ്ണം കണ്ടെയ്‌നറുകള്‍ വെച്ചും കമ്പനി നടത്താം.
കണ്ടെയ്‌നര്‍ റിപ്പയറിംഗ്, ക്ലീനിംഗ്
ഭാരമേറിയ ചരക്കുനീക്കം കൊണ്ട് സ്ഥിരം കേടുപാടുകള്‍ വരുന്ന ഒന്നാണ് കണ്ടെയ്‌നറുകള്‍. ചരക്കുകളുടെ സ്വഭാവമനുസരിച്ച് വിവിധ തരത്തിലുള്ള കണ്ടെയ്‌നറുകളുണ്ട്. സീഫുഡ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് റെഫ്രിജറേഷന്‍ സൗകര്യമുള്ള കണ്ടെയ്‌നറുകളാണ് വേണ്ടത്. അവയുടെ പ്രവര്‍ത്തനങ്ങളുടെയും മറ്റും കേടുപാടുകളും പരിഹരിക്കേണ്ടി വരും.
വലിയ മുതല്‍ മുടക്കില്ലാതെ റിപ്പയറിംഗ് യൂണിറ്റ് സ്ഥാപിക്കാവുന്നതാണ്. ശരാശരി വര്‍ക്‌ഷോപ്പിന് അഞ്ച് ലക്ഷം രൂപ മുതല്‍ മാത്രമേ നിക്ഷേപം ആവശ്യമായി വരുന്നുള്ളു. ഹൈവേയുടെ അടുത്താണ് ഇവ സ്ഥാപിക്കേണ്ടത്.
കണ്ടെയ്‌നര്‍ ക്ലീനിംഗ്: ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പോലെ ശുചിത്വം പാലിക്കേണ്ട ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകള്‍ ഓരോ പ്രാവശ്യവും വൃത്തിയാക്കേണ്ടിവരും. ധാരാളം കണ്ടെയ്‌നറുകള്‍ വരുന്നതിലൂടെ ഇതിനുള്ള കരാറുകള്‍ സ്വന്തമാക്കാനും അവസരമൊരുങ്ങുന്നുണ്ട്. വലിയ മുതല്‍ മുടക്കില്ലാത്ത ബിസിനസ് അവസരമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
കണ്ടെയ്‌നര്‍ വെയര്‍ഹൗസ് . കണ്ടെയ്‌നറുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം ഒരുക്കുന്നതിലൂടെ മികച്ച ബിസിനസ് അവസരം സ്വന്തമാക്കാം.
സാധ്യത: കപ്പലുകള്‍ വന്ന് ചരക്കിറക്കി അപ്പോള്‍ത്തന്നെ കണ്ടെയ്‌നറുകള്‍ പോര്‍ട്ടില്‍ നിന്ന് മാറ്റണം. അപ്പോള്‍ അവ സൂക്ഷിക്കാന്‍ അടുത്തുതന്നെ സ്ഥലം വേണ്ടിവരും.
മുതല്‍മുടക്ക്: മുടക്കുമുതല്‍ താരതമ്യേന കുറഞ്ഞ ഒരു ബിസിനസ് അവസരമാണിത്. കാരണം തുറസായ സ്ഥലത്താണ് കണ്ടെയ്‌നറുകള്‍ സൂക്ഷിക്കുന്നത്. വല്ലാര്‍പാടം പദ്ധതിയ്‌ക്ക് അധികം ദൂരെയല്ലാതെ ഇതിനായി സ്ഥലം വാങ്ങിയോ ലീസിനെടുത്തോ വെയര്‍ഹൗസ് സ്ഥാപിക്കാം. ഒരു ചുറ്റുമതില്‍ മാത്രമേ ഇതിന് ആവശ്യമുള്ളു.
ഷിപ്പ് ഗാര്‍ബേജ് ക്ലീനിംഗ്‌കപ്പലുകളിലെ വിവിധ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ് ഷിപ്പ് ഗാര്‍ബേജ് ക്ലീനിംഗിന് കരാര്‍ ഏറ്റെടുക്കുന്നവരുടെ ജോലി. ഓയ്‌ലുകള്‍ പോലുള്ള അവശിഷ്‌ടങ്ങളും ഇതില്‍പ്പെടും.
ആവശ്യമായ കാര്യങ്ങള്‍: വിചാരിക്കുന്നത്ര പോലെ ലളിതമല്ല ഈ അവസരം. മാലിന്യം മറവ് ചെയ്യാനും സംസ്‌കരിക്കാനുമുള്ള സ്ഥലം കണ്ടെത്തേണ്ടി വരും. ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടണം. ബോട്ടും ക്ലീനിംഗിന് ആവശ്യമായ മനുഷ്യവിഭവവും വേണം.
വിവരങ്ങള്‍ക്ക് കടപ്പാട്: എന്‍. രാമചന്ദ്രന്‍ (പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍), സുരേഷ് ജോസഫ് (ജനറല്‍ മാനേജര്‍, ദുബായ് പോര്‍ട്ട് വേള്‍ഡ്), കെ. ജോണ്‍സണ്‍, വില്‍സണ്‍ തോമസ് (ട്രാന്‍സ്‌ഏഷ്യ ലൈന്‍), സി.എസ് കര്‍ത്ത(ബി.റ്റി.എല്‍ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ്), എന്‍.എ മുഹമ്മദ് കുട്ടി (ഫാല്‍ക്കണ്‍ ഇന്‍ഫാസ്‌ട്രെക്‌ചര്‍) സാവിയോ മാത്യു (കസ്റ്റംഹൗസ് ഏജന്റ്‌സ് അസോസിയേഷന്‍) നിജില്‍(പി.ജെ ജോണ്‍സണ്‍ ആന്‍ഡ് സണ്‍സ്)
ചെറുകിടക്കാര്‍ക്കും നേട്ടമുണ്ടാക്കാം
കൃഷിക്കാര്‍ക്കു മുതല്‍ തട്ടുകടക്കാര്‍ക്കു വരെ ഐ.സി.റ്റി.റ്റി വന്‍ അവസരമൊരുക്കുന്നുണ്ട്. വന്‍തോതില്‍ കപ്പലുകള്‍ വന്നാല്‍ അവയ്‌ക്കായി കൂടുതല്‍ അളവില്‍ പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും സ്‌പെയര്‍പാര്‍ട്‌സുകളും ശുദ്ധജലവുമെല്ലാം നല്‍കേണ്ടി വരും. ഷിപ്പ് ചാര്‍ഡലേഴ്‌സ് ഇവയെല്ലാം പ്രാദേശിക വിപണിയില്‍ നിന്നാണ് സംഭരിക്കുക.
കണ്ടെയ്‌നറുകളും ട്രെയ്‌ലറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് പ്രവഹിക്കുന്നതോടെ കൂടുതല്‍ അന്യസംസ്ഥാനക്കാര്‍ ഇവിടെയെത്തും. ഇവര്‍ക്കായി പ്രത്യേക ഭക്ഷണശാലകള്‍ തുറക്കാം. താമസസൗകര്യമൊരുക്കാം. ഷിപ്പിംഗ് ജീവനക്കാരും കൊച്ചിയിലേക്ക് അധികമായി വരാനിടയുണ്ട്. ഇവര്‍ക്കും ഭക്ഷണവും താമസവും വേണ്ടിവരും.
കണ്ടെയ്‌നര്‍ ലീസിംഗ്, കണ്ടെയ്‌നര്‍ ക്ലീനിംഗ്, റിപ്പയറിംഗ്, ഗാര്‍ബേജ് ക്ലീനിംഗ് എന്നീ മേഖലകളിലേക്ക് ചെറുകിടക്കാര്‍ക്കും കടന്നുചെല്ലാം. നിലവില്‍ നാല് സി.എഫ്.എസുകള്‍ക്കുള്ള ജോലികള്‍ കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും.
No comments:
Post a Comment