Tuesday, 21 June 2011

ഇതാ ഒരു ബിസിനസ്‌: ചുരുങ്ങിയ ചെലവില്‍ പണമുണ്ടാക്കു...


അബ്‌ദുള്‍ ലത്തീഫ്‌
ലോകത്തില്‍ ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന വെള്ളിയുടെ 70 ശതമാനം കുഴിച്ചെടുക്കുന്നതും ബാക്കി 30 ശതമാനം സില്‍വര്‍ എക്‌സ്‌ട്രാക്‌ഷന്‍ വഴി വേര്‍തിരിച്ചെടുക്കുന്നതാണ്‌. വളരെ കുറഞ്ഞ ചെലവില്‍ വെള്ളി എക്‌സ്‌ട്രാക്‌റ്റ്‌ ചെയ്‌തെടുക്കാന്‍ കേരളത്തില്‍ അവസരങ്ങള്‍ ഏറെയാണ്‌
ഫോട്ടോ സ്റ്റുഡിയോകള്‍, കളര്‍ ലാബുകള്‍, എക്‌സ്‌റേ ലാബ്‌,പ്രിന്റിംഗ്‌ പ്രസ്സുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഫിലിമില്‍ സില്‍വര്‍ കോട്ടിംഗ്‌ ഉണ്ട്‌. ഇത്തരം ഫിലിമുകള്‍ ഡെവലപ്‌ ചെയ്യുന്നതിന്‌ വേണ്ടി ഹൈപ്പോ രാസ ലായനിയില്‍ കഴുകുമ്പോള്‍ ഫിലിമുകളില്‍ ഉള്ള സില്‍വര്‍ കോട്ടിംഗ്‌ ഈ ഹൈപ്പോവില്‍ അലിഞ്ഞുചേരുന്നു. ഈ ഉപയോഗശൂന്യമായ ലായനിയില്‍ ഒരു ലിറ്ററില്‍ അഞ്ച്‌ മുതല്‍ 10 ഗ്രാം വരെ വെള്ളിയുണ്ട്‌. ഈ വെള്ളത്തില്‍ വെള്ളിയുണ്ട്‌ എന്ന കാര്യം മിക്കവര്‍ക്കും അറിയാം. പക്ഷേ എത്ര വെള്ളിയെന്നും അത്‌ എങ്ങനെ വേര്‍തിരിക്കാം എന്നുമറിയില്ല. ഇത്‌ കാരണം എല്ലാ ആശുപത്രികളും ലാബുകളും സ്റ്റുഡിയോകളും ഇത്‌ തമിഴ്‌നാട്ടില്‍ നിന്നും ശേഖരിക്കാനെത്തുന്നവര്‍ക്ക്‌ തുച്ഛമായ നിരക്കിലോ സൗജന്യമായോ നല്‍കുകയാണ്‌ ഇപ്പോള്‍. ഇത്‌ തമിഴ്‌നാട്ടിലെത്തിച്ച്‌ തമിഴന്‍ വെള്ളി വേര്‍തിരിച്ചെടുത്ത്‌ ലക്ഷങ്ങള്‍ സമ്പാദിക്കുന്നു.

എത്ര ശതമാനം വരെ ലാഭം ഈ ബിസിനസില്‍ നിന്ന്‌ പ്രതീക്ഷിക്കാം?
~ഒരു ലിറ്റര്‍ വെള്ളത്തിനു കൊടുക്കുന്ന തുക 15 മുതല്‍ 30 രൂപ വരെയാണ്‌. ഇതില്‍ ഒരു ലിറ്ററിന്‌ 30 രൂപ കൂട്ടിയാല്‍ തന്നെ 100 ലിറ്ററിന്‌ 3000 രൂപ ചെലവ്‌ വരും. 100 ലിറ്ററിന്‌ ആവശ്യമായ കെമിക്കലിന്റെ ചെലവ്‌ 200 രൂപ മാത്രമേ വരികയുള്ളൂ. 100 ലിറ്ററില്‍ നിന്ന്‌ 1000 ഗ്രാം വെള്ളി കിട്ടും. ഒരു ഗ്രാം വെള്ളിയുടെ വില 30 രൂപ മാത്രം കൂട്ടിയാല്‍ തന്നെ 1000 ഗ്രാം വെള്ളിക്ക്‌ 30,000 രൂപ ലഭിക്കും.

ലായനിയിലെ വെള്ളിയുടെ അളവ്‌ എങ്ങനെ അറിയാം?
മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന സില്‍വര്‍ എസ്റ്റിമേഷന്‍ പേപ്പര്‍ ഉപയോഗിക്കുക. ഈ പേപ്പര്‍ നന്നായി കലക്കിയ ഹൈപ്പോവേസ്റ്റില്‍ നനച്ച്‌ പുറത്തെടുത്ത്‌ പേപ്പറില്‍ അധികമുള്ള വെള്ളം കുടഞ്ഞുകളഞ്ഞശേഷം കളര്‍ ചാര്‍ട്ടിലെ കളറുമായി സാമ്യമുണ്ടോ എന്നു നോക്കുക (സില്‍വര്‍ എസ്റ്റിമേഷന്‍ പേപ്പറിന്റെ കൂടെ കിട്ടുന്നതാണ്‌ കളര്‍ ചാര്‍ട്ട്‌). എസ്റ്റിമേഷന്‍ പേപ്പര്‍ നല്ല കറുപ്പ്‌ നിറമാണെങ്കില്‍ ഒരു ലിറ്ററില്‍ 10 ഗ്രാം വെള്ളി ഉണ്ടാകും. എത്രയുണ്ടെന്ന്‌ ചാര്‍ട്ടിലെ കളറുമായി താരതമ്യം ചെയ്‌ത്‌ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.

എങ്ങനെയാണ്‌ കെമിക്കല്‍ ട്രീറ്റ്‌മെന്റ്‌ ചെയ്യുന്നത്‌?
വെള്ളി കലര്‍ന്ന വെള്ളത്തെ(ഹൈപ്പോ വേസ്റ്റ്‌) ലിറ്റര്‍ പാത്രത്തില്‍ അളന്ന്‌ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ ഒഴിക്കുക. വ്യത്യസ്‌ത സ്ഥലങ്ങളില്‍ നിന്ന്‌ വാങ്ങിയ ഹൈപ്പോവേസ്റ്റ്‌ എല്ലാം ഒന്നായി ചേര്‍ക്കാവുന്നതാണ്‌.

ഒരു ലിറ്റര്‍ വേസ്റ്റില്‍ 10 ഗ്രാം വീതം സോഡിയം സള്‍ഫൈഡ്‌ (മഞ്ഞ നിറത്തില്‍ കാണപ്പെടുന്നത്‌) കെമിക്കല്‍ ചേര്‍ത്ത്‌ ഒരു മരക്കഷ്‌ണം കൊണ്ട്‌ നന്നായി ഇളക്കുക (സോഡിയം സള്‍ഫൈഡ്‌ ചേര്‍ക്കുമ്പോള്‍ വെള്ളം കറുപ്പ്‌ നിറമായി മാറുകയും വാസനയില്‍ നേരിയ മാറ്റം വരുകയും ചെയ്യുന്നു). രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച്‌ ഗ്രാം വീതം കാസ്റ്റിക്‌ സോഡ ചേര്‍ത്ത്‌ അഞ്ച്‌ മിനിറ്റ്‌ നന്നായി കലക്കുക. അരമണിക്കൂര്‍ ഒരു സ്ഥലത്ത്‌ അനങ്ങാതെ വെച്ചുകഴിഞ്ഞാല്‍ കറുപ്പ്‌ നിറത്തോടു കൂടിയ പൊടികള്‍ ബക്കറ്റിന്റെ അടിയില്‍ അടിഞ്ഞിരിക്കും.

ഇനി വലിയ ദ്വാരമുള്ള ഒരു അരിപ്പ എടുത്ത്‌ അതിന്‌ മുകളില്‍ ഫില്‍റ്റര്‍ പേപ്പര്‍ (അരിപ്പ കടലാസ്‌) ഒന്നിനു മുകളില്‍ ഒന്ന്‌ എന്ന്‌ വരത്തക്കവിധം നന്നായി വെക്കുക. പിന്നീട്‌ ഈ അരിപ്പയെ മറ്റൊരു ബക്കറ്റിനു മുകളില്‍ വെച്ച്‌ കറുപ്പ്‌ നിറമുള്ള പൊടി ശേഖരം ഈ അരിപ്പയിലേക്കൊഴിച്ച്‌ കിഴി രൂപത്തില്‍ കെട്ടിവെച്ചാല്‍ ആറ്‌ മണിക്കൂര്‍ കഴിഞ്ഞ്‌ എടുക്കുമ്പോള്‍ അതിലെ ജലമെല്ലാം പോയശേഷമുള്ള മിശ്രിതം കിട്ടും. ഇത്‌ നന്നായി ഉണക്കി എടുക്കുക.
നല്ലവണ്ണം ഉണങ്ങിയാല്‍ ഇത്‌ കല്ല്‌ രൂപത്തിലാകും. ഇത്‌ പൊടിച്ച്‌ സോഡിയം നൈട്രൈറ്റ്‌ , ഫോറൈക്‌സ്‌ (വെണ്‍കാരം) സോഡിയം കാര്‍ബണേറ്റ്‌ എന്നിവ ചേര്‍ത്ത്‌ മിക്‌സ്‌ ചെയ്‌ത ശേഷം സ്വര്‍ണം ഉരുക്കുന്നവരുടെ കൈവശം കൊടുത്ത്‌ ഉരുക്കിയെടുത്താല്‍ കിട്ടുന്നത്‌ വെള്ളിയായിരിക്കും.

ഏറെ സാധ്യതകള്‍
ഇന്ന്‌ ഈ മേഖലയില്‍ കേരളത്തില്‍ കാര്യമായ രീതിയില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ മല്‍സരവുമില്ല. മാസത്തില്‍ ഒരിക്കല്‍ വരുന്ന തമിഴന്‌ വേണ്ടി 50, 100 ലിറ്ററുകള്‍ ഓരോ എക്‌സറേ യൂണിറ്റിലും സ്റ്റോര്‍ ചെയ്‌തുവെച്ചിട്ടുണ്ടാകും. സ്റ്റുഡിയോകള്‍, പ്രിന്റിംഗ്‌ പ്രസ്സുകള്‍ എന്നിവയില്‍ ഭൂരിപക്ഷവും 500 ഉം 1000ഉം ലിറ്ററില്‍ കൂടുതലുള്ളത്‌ പുറത്തേക്കൊഴുക്കി കളയുകയാണ്‌. സാധാരണ ഒരു ഉല്‍പ്പന്നം ഉണ്ടാക്കിയാല്‍ അത്‌ വില്‍ക്കാനാണ്‌ പ്രയാസം എന്ന്‌ മലയാളികള്‍ പറയും. പക്ഷേ ഈ ബിസിനസില്‍ വിപണി വിലയേക്കാള്‍ രണ്ട്‌ രൂപ കുറച്ചാല്‍ നിങ്ങള്‍ക്ക്‌ വെള്ളി ഏത്‌ ജ്വല്ലറിയിലും വില്‍ക്കാം
.
പ്രവാസി മലയാളികളില്‍ ആധുനിക സംരംഭകരെ സൃഷ്‌ടിക്കുന്നതിന്‌ പ്രായോഗിക പരിശീലനം നല്‍കുന്ന, മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്‌ ലൈഫ്‌ ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ ആണ്‌ ലേഖകന്‍. 

No comments:

Post a Comment