Wednesday, 22 June 2011

ആപ്പിള്‍ എ ഡേ ദുരന്തങ്ങള്‍ എങ്ങനെ ഒഴിവാക്കാം?



കേരളം കണ്ട ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ കുംഭകോണം.' ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ പ്രഖ്യാപിച്ച ആപ്പിള്‍ ഐസ്‌ പദ്ധതിയില്‍ പണം നിക്ഷേപിച്ച ഡോ. ഇട്ടിയവിര ഫിലിപ്പോസിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. കെ.ആര്‍ സുനില്‍ തട്ടിപ്പിനെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. ഒന്‍പതു വന പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ഇടപാടുകാരില്‍ നിന്നായി 150 കോടി രൂപയിലേറെ തട്ടിയെടുത്ത ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകള്‍ നൂറുകണക്കിനാളുകളെയാണ്‌ വിദഗ്‌ധമായി കബളിപ്പിച്ചത്‌.

കേരളത്തിലെ ഇതര ബില്‍ഡര്‍മാര്‍ ആരും ചെയ്യാത്ത മാര്‍ക്കറ്റിംഗ്‌ രീതികളിലൂടെ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഇടപാടുകാരെ വലയിലാക്കുകയായിരുന്നു. ``ന്യൂഡല്‍ഹി, ന്യൂ മുംബൈ എന്നതുപോലെ മികച്ചൊരു ആശയമായിരുന്നു ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ന്യൂ കൊച്ചിന്‍. ജനങ്ങളെ പറ്റിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കില്ല കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്‌. എന്നാല്‍ ശരിയായ രീതിയിലുള്ള മാനേജ്‌മെന്റ്‌, സ്‌ട്രാറ്റെജി, കാഷ്‌ ഫ്‌ളോ എന്നിവ ഇല്ലാത്തതിനാലായിരിക്കണം കമ്പനി തകര്‍ന്നത്‌,' കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്റ്റേറ്റ്‌ ഡെവലപ്പേഴ്‌സ്‌ അസോസിയേഷന്‍ (ക്രെഡായ്‌) കേരള ജനറല്‍ സെക്രട്ടറി എന്‍.എസ്‌ രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന സ്ഥലവില, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില, തൊഴിലാളികളുടെ കൂലി, നികുതി നിരക്കുകള്‍ എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തില്‍ ഏഴോ എട്ടോ ലക്ഷം രൂപയ്‌ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ പണിതു നല്‍കാന്‍ കഴിയില്ലെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളിലും ഏറ്റവും കുറഞ്ഞ വിലയിലും ഭ്രമിച്ച്‌ യഥാര്‍ത്ഥ വീട്‌ വാങ്ങലുകാരും നിക്ഷേപകരും ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ തയാറാകുകയായിരുന്നു. ``യഥാര്‍ത്ഥത്തില്‍ മലയാളിയുടെ അത്യാഗ്രഹം തന്നെയാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. സമ്മാനങ്ങള്‍ കണ്ട്‌ ഭ്രമിച്ചുപോയവര്‍ താന്‍ പണം മുടക്കുന്ന വീട്‌ കിട്ടുമോയെന്ന കാര്യം ഉറപ്പാക്കാന്‍ മറന്നു. ടോട്ടല്‍ ഫോര്‍ യു തുടങ്ങി പലവിധ തട്ടിപ്പുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ മലയാളി അകപ്പെട്ടുപോകുന്നതും ഇതേ മനോഭാവം കൊണ്ടു കൂടിയാണ്‌, ``കൊച്ചി ആസ്ഥാനമായുള്ള എ സി സിറ്റിയുടെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എ. സി ജോസഫ്‌ ചൂണ്ടിക്കാട്ടുന്നു. ``പരസ്യത്തിന്റെ ബലത്തിലാണ്‌ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ നിലനിന്നിരുന്നത്‌. അതിലൂടെ മാധ്യമങ്ങള്‍ക്കും ഇഷ്‌ടം പോലെ പണം കിട്ടിയിട്ടുണ്ട്‌. പ്രമുഖ മാധ്യമങ്ങള്‍ അവരുമായി ചേര്‍ന്ന്‌ പ്രോപ്പര്‍ട്ടി ഷോ വരെ നടത്തിയിട്ടുണ്ട്‌. എന്നിട്ട്‌ കമ്പനി പൊളിഞ്ഞപ്പോള്‍ അവരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല,'' രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെടുന്നു. പരസ്യങ്ങളിലെ വമ്പന്‍ വാഗ്‌ദാനങ്ങള്‍ കണ്ട്‌ മറ്റൊന്നും ആലോചിക്കാതെ ചാടി വീഴുന്നവരാണ്‌ ചതിക്കപ്പെടുന്നതെന്ന്‌ റിമാക്‌സ്‌ ഇന്ത്യയുടെ കേരള റീജണല്‍ ഡയറക്‌റ്റര്‍ എന്‍.പി തോമസും ചൂണ്ടിക്കാട്ടുന്നു. വാഗ്‌ദാനങ്ങളെ കുറിച്ച്‌ പ്രായോഗികമായി ചിന്തിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്നും അദ്ദേഹം പറയുന്നു.

വാഗ്‌ദാനങ്ങളെക്കാളുപരി ബില്‍ഡര്‍മാരുടെ മുന്‍കാല ചരിത്രം തന്നെയാണ്‌ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതെന്ന്‌ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ കെ.അരുണ്‍കുമാര്‍ വ്യക്തമാക്കുന്നു. എത്ര പദ്ധതികള്‍ ബില്‍ഡര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച്‌ നല്‍കിയിട്ടുണ്ട്‌, അവര്‍ വാഗ്‌ദാനം ചെയ്‌ത സൗകര്യങ്ങളെല്ലാം അതില്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്നെല്ലാം പരിശോധിച്ചറിഞ്ഞ ശേഷമേ ബില്‍ഡര്‍ക്കുള്ള ചെക്കില്‍ ഒപ്പിടാന്‍ പാടൂള്ളൂവെന്ന്‌ അരുണ്‍ കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഉടമകള്‍ക്കും ഇടപാടുകാര്‍ക്കുമുള്ള അറിവില്ലായ്‌മയാണ്‌ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പ്രമുഖ ബില്‍ഡര്‍ പറയുന്നു. നിര്‍മാണ ചെലവ്‌ വ്യക്തമായി മനസിലാക്കുന്നതില്‍ ഉടമകള്‍ക്ക്‌ പിഴവ്‌ സംഭവിച്ചു. ഉപഭോക്താക്കള്‍ ലാഭം മാത്രം നോക്കി നിക്ഷേപം നടത്തുകയും ചെയ്‌തു. വാഗ്‌ദാനങ്ങള്‍ക്കു പിന്നിലെ വരുംവരായ്‌കകള്‍ കണക്കിലെടുക്കാന്‍ ഇടപാടുകാര്‍ തയാറായില്ലെന്നും ഇദ്ദേഹം പറയുന്നു.

റിയല്‍ എസ്റ്റേറ്റ്‌ രംഗത്തുള്ള ഇടപാടുകാര്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ തട്ടിപ്പിനെ തുടര്‍ന്ന്‌ ഭയചകിതരാകരുതെന്ന്‌ ക്രെഡായ്‌ കൊച്ചി അധികൃതര്‍ പറയുന്നു.



``കേരളത്തിലെ നല്ലൊരു വിഭാഗം ബില്‍ഡര്‍മാരും വിശ്വസ്‌തതയ്‌ക്കും സുതാര്യതയ്‌ക്കും വേണ്ടി നിലകൊള്ളുന്നവരാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ ഭയപ്പെടേണ്ട. ഇത്‌ ഒറ്റപ്പെട്ട സംഭവമാണ്‌. അതിനെ സാമാന്യവല്‍ക്കരിച്ച്‌ കാണേണ്ടതില്ല,'' ക്രെഡായ്‌ കൊച്ചി അധികൃതര്‍ വ്യക്തമാക്കുന്നു.

ഇടപാടുകാര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
1. ബില്‍ഡറുടെ വിശ്വാസ്യത പരിശോധിക്കുക. ഈ രംഗത്ത്‌ അവര്‍ക്കുള്ള മുന്‍ പരിചയം, മുന്‍പ്‌
ചെയ്‌തിട്ടുള്ള പദ്ധതികള്‍, സാമ്പത്തികശേഷി തുടങ്ങിയവയും പരിശോധിക്കുക

2. വാഗ്‌ദാനം ചെയ്‌തതൊക്കെ ബില്‍ഡര്‍ മുമ്പ്‌ നല്‍കിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുക

3. പദ്ധതി നടപ്പാക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കുക. ചില സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണത്തിന്‌ അനുമതിയുണ്ടാകില്ല. കാര്‍ഷികം, തീരദേശം, വ്യാവസായികം തുടങ്ങിയ വിവിധ സോണുകളായി സ്ഥലങ്ങളെ തിരിച്ചിട്ടുണ്ട്‌. കാര്‍ഷികവൃത്തിക്കായുള്ള സോണില്‍ വീട്‌ പണിയാന്‍ പറ്റില്ല. ഇവയെല്ലാം കണക്കിലെടുത്തു തന്നെയാണോ ബില്‍ഡര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന്‌ ഉറപ്പാക്കണം. വെറും ബ്രോഷര്‍ കണ്ടുകൊണ്ടു മാത്രം സ്വപ്‌നത്തിലുള്ള വീട്‌ വാങ്ങാന്‍ പണം ചെലവിടാതിരിക്കുക.

4. പദ്ധതിക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കുക.

5. ബില്‍ഡറുമായി എഗ്രിമെന്റ്‌ വെക്കുമ്പോള്‍ അതിലെ എല്ലാ നിബന്ധനകളും വായിച്ച്‌ നോക്കുക.

6. എഗ്രിമെന്റ്‌ പ്രകാരമുള്ള അപ്പാര്‍ട്ട്‌മെന്റിനുള്ളിലെ സ്ഥലം, പ്ലിന്ത്‌ ഏരിയ (മതില്‍ ചേര്‍ന്നുള്ളത്‌), ബില്‍റ്റപ്‌ സ്‌പേസ്‌(പ്ലിന്ത്‌ ഏരിയ+ കോമണ്‍ ഏരിയ) എന്നിവയുടെ ബ്രേക്കപ്‌ ചോദിച്ച്‌ മനസിലാക്കുക.

7. ബില്‍ഡര്‍ ചതുരശ്ര അടിക്ക്‌ ഈടാക്കുന്ന തുക ആ പ്രദേശത്തിനും പദ്ധതിയുടെ പ്രത്യേകതകള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസൃതമാണോയെന്ന്‌ പരിശോധിക്കുക.

8. പേയ്‌മെന്റിന്റെ നിബന്ധനകള്‍ വ്യക്തമായി മനസിലാക്കുക. പ്രതിമാസ തവണകള്‍ അടയ്‌ക്കുന്നതിന്‌ പകരം ഭവന സമുച്ചയത്തിന്റെ/വില്ലയുടെ നിര്‍മാണ പൂരോഗതിയുമായി ബന്ധപ്പെടുത്തിയുള്ള ഷെഡ്യൂളായി നല്‍കുക.

9. നിര്‍മാണ ഘട്ടത്തില്‍ പുരോഗതി നേരിട്ടോ മറ്റാരെയെങ്കിലും കൊണ്ടോ വിലയിരുത്തിയശേഷം പേയ്‌മെന്റ്‌ നല്‍കുക.

10. എഗ്രിമെന്റില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ അളവുകളും നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടോയെന്ന്‌ പരിശോധിക്കുക. സാംപിള്‍ ഫ്‌ളാറ്റില്‍ ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക.

11. ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയുള്ള പേയ്‌മെന്റിനും പ്രതിമാസ തവണകള്‍ക്കും പകരം നിര്‍മാണ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള ഷെഡ്യൂളാണെന്ന്‌ ഉറപ്പാക്കുക

12. അപ്പാര്‍ട്ട്‌മെന്റ്‌ അസോസിയേഷന്‌ പദ്ധതിയുടെ രൂപരേഖ ഉള്‍പ്പടെ എല്ലാം കൈമാറിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുക.

No comments:

Post a Comment