Wednesday, 22 June 2011

വളര്‍ത്താം, നിങ്ങളുടെ ബിസിനസ്‌ അതിരുകളില്ലാതെ


രാജ്യാന്തര നിലവാരത്തിലുള്ള ഒരു കമ്പനി എനിക്ക്‌ കെട്ടിപ്പടുക്കാന്‍ സാധിക്കുമോ? കേരളത്തിലെ ഒരു ശരാശരി സംരംഭകന്റെ ഉള്ളിലുണ്ടാകും ഈ സംശയം. എന്നാല്‍ ഗുജറാത്തിലുള്ള ഒരു ചെറുകിട സംരംഭകനോട്‌ സംസാരിച്ചു നോക്കൂ. അയാള്‍ സംരംഭം തുടങ്ങുന്നതു തന്നെ ഒരു പക്ഷേ രാജ്യാന്തരതലത്തിലേക്ക്‌ വളരാനായിരിക്കും 
ഇന്ന്‌ കേരളത്തില്‍ നിന്ന്‌ ദേശീയ, രാജ്യാന്തര തലത്തിലേക്ക്‌ വളര്‍ന്ന സംരംഭങ്ങളെല്ലാം തന്നെ എളിയനിലയില്‍ നിന്നുതന്നെയാണ്‌ തുടങ്ങിയത്‌. ``ജ്യോതി ലാബോറട്ടറീസ്‌ എന്ന കമ്പനി ചെറുകിട കമ്പനിയായിട്ടല്ല സൂക്ഷ്‌മ (ടൈനി) സംരംഭമായാണ്‌ തുടങ്ങിയത്‌'' ഇത്‌ പറയുന്നത്‌ ഇപ്പോള്‍ ഹെങ്കല്‍ എന്ന രാജ്യാന്തര കമ്പനിയെ ഏറ്റെടുത്ത്‌ 2016ല്‍ ഹിന്ദുസ്ഥാന്‍ യൂണിലീവറിനും പ്രോക്‌ടര്‍ ആന്‍ഡ്‌ ഗാംബിളിനുമൊപ്പം ഹോം കെയര്‍ ഉല്‍പ്പന്ന രംഗത്ത്‌ ശക്തമായ ബഹുരാഷ്‌ട്ര കമ്പനിയാകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്നേറുന്ന ജ്യോതി ലാബോറട്ടറീസിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌റ്ററുമായ എം.പി രാമചന്ദ്രനാണ്‌. 5000 രൂപ മൂലധനത്തില്‍, വസ്‌ത്രങ്ങള്‍ക്ക്‌ വെണ്മ പകരാനുള്ള തുള്ളി നീലമായ ഉജാലയെന്ന ഏക ഉല്‍പ്പന്നവുമായി വിപണിയിലെത്തിയ ജ്യോതി ലാബോറട്ടറീസിന്‌ ഈ വിധം വളരാമെങ്കില്‍ എന്തുകൊണ്ട്‌ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്‌ രാജ്യാന്തര തലത്തിലേക്ക്‌ വളര്‍ന്നു കൂടാ?

ദേശീയ, രാജ്യാന്തരതലത്തില്‍ വളര്‍ന്നു വന്ന സംരംഭങ്ങള്‍ ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ വളര്‍ന്നവയല്ല. അവര്‍ ആശയം കണ്ടെത്തിയതു മുതല്‍ വന്‍കിട കമ്പനിയായി വളര്‍ന്നതുവരെയുള്ള ഘട്ടങ്ങളില്‍ നടന്നത്‌ വ്യത്യസ്‌തമായ വഴികളിലൂടെയാണ്‌. ഏതൊക്കെയായിരുന്നു ആ വഴികള്‍?

സ്വയമൊരു ഉപഭോക്താവാകാം, ആശയം കണ്ടെത്താം
ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം അയാള്‍ കണ്ടെത്തുന്ന ബിസിനസ്‌ ആശയം ഏറ്റവും നിര്‍ണായകമാണ്‌. വിജയിച്ച ഓരോ സംരംഭകനും ആശയം കണ്ടെത്തിയത്‌ തനിക്ക്‌ ചുറ്റിലുമുള്ള സമൂഹത്തില്‍ നിന്നു തന്നെയാണ്‌. ഇവിടെയും ഉജാല തന്നെ ഉദാഹരണം. വസ്‌ത്രത്തിന്‌ വെണ്മ നല്‍കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗുണമേന്മയുള്ള ഒരു ഉല്‍പ്പന്നം വിപണിയിലില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഉജാലയുടെ ആരംഭം. ``എനിക്ക്‌ അനുഭവപ്പെട്ട ഒരു പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തി ഉപഭോക്താക്കള്‍ക്ക്‌ അത്‌ നല്‍കുകയായിരുന്നു,'' എന്നും വെള്ള വസ്‌ത്രം ധരിക്കുന്ന രാമചന്ദ്രന്‍ പറയുന്നു. വൈദ്യുതി പ്രശ്‌നം രൂക്ഷമായപ്പോള്‍ അതില്‍ നിന്നൊരു ബിസിനസ്‌ ആശയം കണ്ടെത്തിയാണ്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ്‌ സ്റ്റെബിലൈസര്‍ വിപണിയിലെത്തിച്ചത്‌; വി ഗാര്‍ഡ്‌ എന്ന സംരംഭം കെട്ടിപ്പടുത്തതും.

ഇന്ന്‌ മൂന്നു സംസ്ഥാനങ്ങളില്‍ 100ലേറെ സ്റ്റോറുകളായി വളര്‍ന്നിരിക്കുന്ന ഗോലി വടാ പാവ്‌ നമ്പര്‍ വണ്‍ എന്ന വടാപാവ്‌ വില്‍പ്പന ശാലയുടെ സാരഥി എസ്‌. വെങ്കിടേഷ്‌ അയ്യരും ബിസിനസ്‌ ആശയം കണ്ടെത്തിയത്‌ ഇതുപോലെ തന്നെ. ``വടാ പാവ്‌ കൈയില്‍ പിടിച്ച്‌ തിന്നാം. നടന്നുകൊണ്ടും തിന്നാം. മുംബൈ നിവാസികളെ വടാപാവ്‌ എന്താണെന്ന്‌ പഠിപ്പിക്കുകയും വേണ്ട. ഗുണമേന്മയോടെ നല്‍കിയാല്‍ കെന്റകി ഫ്രൈഡ്‌ ചിക്കന്‍ പോലെ വടാപാവിനും വളരാന്‍ സാധിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഗോലി വടാപാവ്‌ നമ്പര്‍ വണ്‍ എന്ന റീറ്റെയ്‌ല്‍ സ്റ്റോര്‍ ആശയത്തിന്‌ തുടക്കമിട്ടത്‌,'' വെങ്കിടേഷ്‌ അയ്യര്‍ പറയുന്നു.

വടാപാവിന്റെ വിജയത്തില്‍ നിന്ന്‌ ആവേശം ഉള്‍ക്കൊണ്ട്‌ ഒരു മലയാളി സംരംഭകന്‌ ഇഡ്ഡലിയിലൂടെ അത്‌ ആവര്‍ത്തിക്കാമെന്ന്‌ എം.പി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നതും അതുകൊണ്ടു തന്നെ.

ഇന്ന്‌ കേരളത്തില്‍ നിന്നുയര്‍ന്നു വന്നിരിക്കുന്ന മണപ്പുറം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസും മുത്തൂറ്റൂം ചെയ്യുന്നത്‌ സ്വര്‍ണ പണയ ബിസിനസാണ്‌. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന ബിസിനസ്‌ ആശയം തന്നെ.

മണപ്പുറം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാന്‍ വി.പി നന്ദകുമാറും മൂത്തൂറ്റ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ ജോര്‍ജ്‌ എം. ജോര്‍ജും ഏകസ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്‌: ബിസിനസ്‌ മോഡല്‍ എത്രമാത്രം ലളിതമാക്കാമോ അത്രമാത്രം വിജയസാധ്യതയും ഏറും.

അപാരമായ സാധ്യത മുന്നില്‍ കാണുന്ന ആശയം കണ്ടെത്തിയാല്‍ ബിസിനസ്‌ വളര്‍ത്താന്‍ പിന്നെ വേണ്ടത്‌ ശക്തമായ അടിത്തറയാണ്‌.

പിന്തുടരാം, അസാധാരണ രീതികള്‍
``തോല്‍ക്കാതിരിക്കാനല്ല കളിക്കേണ്ടത്‌, വിജയിക്കാനാണ്‌,'' പ്രമുഖ ബിസിനസ്‌ സ്‌ട്രാറ്റജിസ്റ്റും മോട്ടിവേഷണല്‍ സ്‌പീക്കറും ഗ്രന്ഥകാരനുമായ പോള്‍ റോബിന്‍സണ്‍ സംരംഭകര്‍ക്ക്‌ നല്‍കുന്ന ആദ്യ ഉപദേശമാണിത്‌. ഉപജീവനമാര്‍ഗമായി സംരംഭത്തെ കണ്ടാല്‍ എന്നെന്നും ചെറുകിടയായി തന്നെ അത്‌ നിലനില്‍ക്കും.

അതുകൊണ്ട്‌ അതിവേഗത്തില്‍ കുതിക്കാനാണ്‌ സംരംഭകന്‍ ശ്രമിക്കേണ്ടതെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. ``റോഡിലൂടെ കാര്‍ ഓടിച്ചുപോകുമ്പോള്‍ മുന്നില്‍ ഹമ്പ്‌ കാണുമ്പോള്‍ വേഗത കുറച്ച്‌ ഹമ്പ്‌ പിന്നിടും. പക്ഷേ മുന്നിലൊരു അഗാധ ഗര്‍ത്തം വന്നാല്‍ വേഗത കുറച്ച്‌ മുന്നേറാന്‍ നിന്നാല്‍ വണ്ടി അതിലേക്ക്‌ പതിക്കും. നേരെ മറിച്ച്‌ അതിവേഗത്തില്‍ കടന്നുവന്നാല്‍ ആ വെല്ലുവിളിയെ മറികടന്ന്‌ അപ്പുറമെത്താന്‍ സാധിച്ചേക്കും. അതുകൊണ്ട്‌ ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ശരിയായ വേഗം എന്നാല്‍ അതിവേഗമാണ്‌,'' പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം അസാമാന്യ വേഗതയില്‍ മുന്നേറും മുമ്പ്‌ സംരംഭത്തിന്‌ ശക്തമായ അടിത്തറ അനിവാര്യമാണ്‌. ഒരു നില വീടു പണിയാന്‍ അടിത്തറ കെട്ടിയിട്ട്‌ അതില്‍ പിന്നീട്‌ 99 നിലയുള്ള വീട്‌ പണിയാന്‍ സാധിക്കില്ല. പക്ഷേ 100 നിലകെട്ടാനുള്ള അടിത്തറ ഒരുക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും അത്‌ പടുത്തുയര്‍ത്താനാകും. ``മണപ്പുറത്തിന്‌ ഒരു ശാഖയായിരുന്ന കാലം മുതല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്താനും സുതാര്യമായ എക്കൗണ്ടിംഗ്‌ രീതികള്‍ നടപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മണപ്പുറത്തിന്റെ ഏത്‌ ശാഖയിലും നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയുന്ന സംവിധാനം വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ്‌ സ്വന്തമായ സോഫ്‌റ്റ്‌വെയര്‍ സംവിധാനം വരെ ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്‌. നിലവിലുള്ള അടിസ്ഥാനത്തില്‍ നിന്ന്‌ മണപ്പുറത്തിന്റെ ശാഖകളുടെ എണ്ണം 20000 വരെ ഉയര്‍ത്താം,'' മണപ്പുറത്തിന്റെ വ്യത്യസ്‌തമായ പാതയെ കുറിച്ച്‌ നന്ദകുമാര്‍ വിശദീകരിക്കുന്നതിങ്ങനെ.

അതിരുകളില്ലാതെ സംരംഭത്തെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ ആരംഭകാലം മുതല്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെ മുന്നേറണമെന്ന കാഴ്‌ചപ്പാടാണ്‌്‌ മലബാര്‍ ഗോള്‍ഡ്‌ ചെയര്‍മാന്‍ എം.പി അഹമ്മദിനുള്ളത്‌. കോഴിക്കോട്‌ ഒറ്റമുറിയിലെ സ്റ്റോറില്‍ നിന്ന്‌ മലബാര്‍ ഗോള്‍ഡിന്‌ തുടക്കമിട്ട എം.പി അഹമ്മദും കൂട്ടരും 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണാഭരണ ശൃംഖലയായി അതിനെ വളര്‍ത്താനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഈ ലക്ഷ്യം 2015ഓടെ സാക്ഷാത്‌കരിക്കാന്‍ സാധിച്ചേക്കുമെന്ന്‌ അഭിപ്രായപ്പെടുന്ന അഹമ്മദ്‌ സംരംഭകര്‍ക്ക്‌ നല്‍കുന്ന ഒരു ഉപദേശമുണ്ട്‌. ``ലക്ഷ്യത്തെ കുറിച്ച്‌ വ്യക്തമായ ധാരണ വേണം. അത്‌ നിരന്തര ആശയ വിനിമയത്തിലൂടെ ടീം അംഗങ്ങള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും വേണം.''

സുതാര്യത ഉറപ്പാക്കാം, ഫണ്ട്‌ നേടാം
ആധുനിക കാലത്ത്‌ സംരംഭത്തെ വളര്‍ത്താന്‍ പണം മാത്രമല്ല. പുത്തന്‍ സാങ്കേതിക വിദ്യയും മനുഷ്യവിഭവ ശേഷിയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നവും സേവനവും ലഭ്യമാക്കലും എല്ലാം അനിവാര്യമാണ്‌. ഇതിനായി പരമ്പരാഗത രീതികള്‍ വിട്ട്‌ സംരംഭകന്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

പലര്‍ക്കും പുതുതലമുറ ഫണ്ടിംഗ്‌ രീതികളായ പ്രൈവറ്റ്‌ ഇക്വിറ്റിയും വെഞ്ച്വര്‍ ക്യാപ്പിറ്റലുമെല്ലാം സംരംഭത്തിലേക്ക്‌ ആകര്‍ഷിക്കണമെന്നുണ്ടാകും. പക്ഷേ അത്‌ സാധിക്കാറില്ല. സംരംഭകര്‍ തുടര്‍ന്നുകൊണ്ടുവരുന്ന ചില തെറ്റായ രീതികള്‍ തന്നെയാകും ഇതിന്‌ കാരണം. ഹ്രസ്വകാല നേട്ടത്തിനു വേണ്ടി ഇവര്‍ സംരംഭത്തില്‍ സ്വീകരിക്കുന്ന കാര്യങ്ങള്‍ ദീര്‍ഘകാല ലക്ഷ്യം നേടുന്നതിന്‌ വിലങ്ങുതടിയായി മാറും. ഉദാഹരണത്തിന്‌ പല സംരംഭങ്ങളും സംരംഭകന്റെ മാത്രം അറിവില്‍ ലാഭകരമായിരിക്കും. പക്ഷേ ബാലന്‍സ്‌ ഷീറ്റിലോ മറ്റോ ആ ലാഭം കാണില്ല. ബിസിനസ്‌ ചെയ്‌തുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്ക്‌ വീതിച്ചു കൊടുക്കേണ്ടി വരുമെന്ന സങ്കുചിത കാഴ്‌ചപ്പാടുകൊണ്ട്‌ പുറമെ നിന്നുള്ള ഫണ്ടിനോട്‌ മുഖം തിരിച്ചു നില്‍ക്കുകയും വളര്‍ച്ചാ സാധ്യതകള്‍ സ്വയം കൊട്ടിയടക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടം സംരംഭകരും ഉണ്ട്‌. ഇത്തരം കാഴ്‌ചപ്പാടുകളില്‍ നിന്ന്‌ പുറത്തു കടന്നാല്‍ മാത്രമേ വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക്‌ കടക്കാന്‍ സാധിക്കൂവെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

``സമകാലിക സാഹചര്യങ്ങളില്‍ ബാങ്കില്‍ നിന്ന്‌ വായ്‌പയെടുത്ത്‌ സംരംഭത്തെ വളര്‍ത്തുന്നതിന്‌ പരിമിതികളുണ്ട്‌. അപ്പോള്‍ ഫണ്ട്‌ സമാഹരണത്തിന്‌ പുതുതലമുറ രീതികള്‍ അവലംബിക്കേണ്ടിവരും. പ്രൈവറ്റ്‌ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കാം. പക്ഷേ നിങ്ങളുടെ ബിസിനസ്‌ മികച്ച രീതിയില്‍ തന്നെയാണ്‌ മുന്നേറുന്നതെന്ന്‌ തെളിയിക്കാന്‍ മാത്രം ശക്തമായ ബാലന്‍സ്‌ ഷീറ്റ്‌ വേണം. പക്ഷേ കേരളത്തിലെ പല സംരംഭകര്‍ക്കും ഇത്‌ കാണില്ല,'' നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നത്‌ കേരളീയ സംരംഭകരുടെ പൊതുവായ ഒരു മനോഭാവമാണ്‌. ഇത്‌ മാറ്റാന്‍ തയ്യാറായാല്‍ വളര്‍ച്ച താനെ വരുമെന്ന്‌ നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വേരുറപ്പിക്കാം, രാജ്യാന്തര കമ്പനിയാകാം
രാജ്യാന്തരതലത്തിലുള്ള കമ്പനിയാകാന്‍ വിദേശ വിപണിയില്‍ ഉല്‍പ്പന്നവും സേവനവും വില്‍ക്കണമെന്നുണ്ടോ? തിരുവനന്തപുരത്തെ ടെറുമോ പെന്‍പോളിന്റെ സാരഥി സി.ബാലഗോപാല്‍, ജോര്‍ജ്‌ എം. ജോര്‍ജ്‌ തുടങ്ങിയവര്‍ ഇതിന്‌ നല്‍കുന്ന ഉത്തരം വിരല്‍ ചൂണ്ടുന്നത്‌ ഇന്ത്യന്‍ വിപണിയുടെ സാധ്യതകളിലേക്ക്‌ കൂടിയാണ്‌. ``അടുത്ത 30 കൊല്ലത്തിനുള്ളില്‍ സമസ്‌ത മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തുന്ന വിപണിയാകും ഇന്ത്യയിലേത്‌. അതുകൊണ്ട്‌ അമേരിക്കയിലേക്കോ യൂറോപ്യന്‍ വിപണിയിലേക്കോ പോകുന്നതിനെ കുറിച്ചാലോചിച്ച്‌്‌ ഉല്‍കണ്‌ഠപ്പെടാതെ ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കൂ. രാജ്യാന്തര തലത്തിലുള്ള സംരംഭം കെട്ടിപ്പടുക്കാന്‍ സാധിക്കും,'' ബാലഗോപാല്‍ വ്യക്തമാക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം വൈവിധ്യങ്ങളുള്ള രാജ്യമാണ്‌ ഇന്ത്യ. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ബഹുരാഷ്‌ട്ര സ്വഭാവം തുടങ്ങുന്നത്‌ ഇന്ത്യയില്‍ നിന്നാണെന്ന്‌ ചൂണ്ടിക്കാട്ടുന്ന ജോര്‍ജ്‌ എം. ജോര്‍ജ്‌ രാജ്യാന്തരതലത്തിലെ വിപണികളെ എന്തിന്‌ ഭയത്തോടെ വീക്ഷിക്കണമെന്നും ചോദിക്കുന്നു. ``ബീഹാറില്‍ നിങ്ങള്‍ ബിസിനസ്‌ ചെയ്യാന്‍ പോകുന്നുവെന്നിരിക്കട്ടെ. അവിടത്തെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കപരിചിതമല്ലേ? അവിടുത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അപരിചിതമല്ലേ? അവിടെ നിങ്ങള്‍ക്ക്‌ വിപണി കണ്ടെത്താമെങ്കില്‍ വിദേശ രാജ്യത്തും നിങ്ങള്‍ക്കതിന്‌ സാധിക്കും,'' ജോര്‍ജ്‌ എം. ജോര്‍ജ്‌ പറയുന്നു.

അനേക കോടികളുടെ വിറ്റുവരവോ പടര്‍ന്നു പന്തലിച്ച ബിസിനസ്‌ സാമ്രാജ്യമോ രാജ്യാന്തരതലത്തിലുള്ള കമ്പനിയായി വളരാന്‍ ആവശ്യമില്ലെന്നും ബാലഗോപാല്‍ പറയുന്നു. ഇതിന്‌ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌ ജര്‍മനിയിലെ ചെറുകിട ബിസിനസുകളെയും കുടുംബ സംരംഭങ്ങളെയുമാണ്‌. ``ജര്‍മനിയിലെ ഒരു കുടുംബ ബിസിനസ്‌ സംരംഭമാണ്‌ ചിലിയിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച യന്ത്രം നിര്‍മിച്ച്‌ നല്‍കിയത്‌. 25 മില്യണ്‍ യൂറോയില്‍ താഴെ വിറ്റുവരവുള്ള ആ കമ്പനിക്ക്‌ പക്ഷേ, ആ ഉല്‍പ്പന്നത്തിന്റെ മേഖലയില്‍ ആഗോളതലത്തില്‍ 75 ശതമാനം വിപണി വിഹിതമുണ്ട്‌. പ്രവര്‍ത്തന മേഖലയില്‍ പരമാവധി സ്‌പെഷലൈസ്‌ ചെയ്യുകയെന്നതാണ്‌ ജര്‍മന്‍ കുടുംബ ബിസിനസുകളുടെ പ്രത്യേകത'', ബാലഗോപാല്‍ വിശദീകരിക്കുന്നു.

``രാജ്യാന്തര സംരംഭം കെട്ടിപ്പടുക്കുകയെന്നാല്‍ വിദേശ വിപണിയില്‍ ഉല്‍പ്പന്നം വില്‍ക്കുന്ന തലത്തിലേക്ക്‌ കമ്പനിയെ വളര്‍ത്തുകയെന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്‌. രാജ്യാന്തര തലത്തില്‍ നിന്നുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാകാം, ബഹുരാഷ്‌ട്ര കമ്പനികളുമായുള്ള പങ്കാളിത്തമാകാം, രാജ്യാന്തരതലത്തില്‍ നിന്ന്‌ ഉല്‍പ്പന്നവും സേവനങ്ങളും സോഴ്‌സ്‌ ചെയ്യുന്നതാകാം, അങ്ങനെ ഏതുതലത്തിലുമുള്ള രാജ്യാന്തര സഹകരണവും നിങ്ങളുടെ സംരംഭത്തെ രാജ്യാന്തരതലത്തിലേക്ക്‌ വളര്‍ത്തും,'' പ്രശസ്‌ത സാമ്പത്തിക കാര്യ വിദഗ്‌ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്‌ ചൂണ്ടിക്കാട്ടുന്നത്‌ രാജ്യാന്തര തലത്തിലേക്ക്‌ കമ്പനിയെ വളര്‍ത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ കൂടിയാണ്‌.

ചെലവ്‌ കുറയ്‌ക്കാം, നേടാം കൂടുതല്‍ ലാഭം
രാജ്യാന്തര ബിസിനസ്‌ കെട്ടിപ്പടുക്കാന്‍ ഏറ്റവും ചെലവ്‌ കുറഞ്ഞ രീതികള്‍ കൂടി സംരംഭകന്‍ അറിഞ്ഞിരിക്കണം. കേരളത്തില്‍ തന്നെയുള്ള ചില സംരംഭകര്‍ 50ലേറെ ബ്രാന്‍ഡുകള്‍ ഒരേസമയം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഇവരാരും കേരളത്തില്‍ ഉല്‍പ്പാദന യൂണിറ്റ്‌ സ്ഥാപിച്ച്‌ ഉല്‍പ്പന്നം നിര്‍മിക്കുന്നില്ല. പകരം ലോകത്ത്‌ ഏറ്റവും കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നം കിട്ടുന്ന സ്ഥലം തേടി പിടിച്ച്‌ അവിടെ നിന്ന്‌ ഉല്‍പ്പന്നം വാങ്ങി ബ്രാന്‍ഡ്‌ ചെയ്യുക മാത്രമാണ്‌ ചെയ്യുന്നത്‌. ``ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ ഉല്‍പ്പന്നം നിര്‍മിക്കാന്‍ പറ്റുന്ന സ്ഥലം ഒരു സംരംഭകന്‍ എപ്പോഴും തെരഞ്ഞുകൊണ്ടേയിരിക്കണം. ഇക്കാര്യത്തില്‍ സംരംഭകന്‌ മാതൃകയാക്കാവുന്നത്‌ ആപ്പിള്‍ കമ്പനിയെ തന്നെയാണ്‌. 220 ഡോളര്‍ വിലയുള്ള ഐപ്പോഡ്‌ ഏറ്റവും ചെലവ്‌ ചുരുക്കി ഉന്നതമായ ഗുണമേന്മയോടെയാണ്‌ ആപ്പിള്‍ നിര്‍മിക്കുന്നത്‌. ഐപ്പോഡിന്റെ വിലയുടെ 80 ശതമാനവും ആപ്പിളിന്റെ ലാഭമാണ്‌,'' കോഗ്നിസന്റ്‌സ്‌ ടെക്‌നോളജീസിന്റെ ലേണിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഡയറക്‌റ്റര്‍ പ്രൊഫ. എ. വി വേദ്‌പുരീശ്വര്‍ ചൂണ്ടിക്കാട്ടുന്നു.

സൂക്ഷ്‌മമായി നിരീക്ഷിക്കാം, മാര്‍ഗങ്ങള്‍ കണ്ടെത്താം
സംരംഭത്തെ അതിരുകളില്ലാതെ വളര്‍ത്താന്‍ സംരംഭകന്‍ കണ്ണും കാതും തുറന്നുവെച്ച്‌ കൊണ്ട്‌ പ്രവര്‍ത്തിക്കണം. സംരംഭത്തിന്റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്‌ സംരംഭകന്റെ ജീവിതമെങ്കില്‍ പുതിയ ആശയങ്ങള്‍ കണ്ടുപിടിച്ച്‌ അവതരിപ്പിക്കാന്‍ സംരംഭകന്‌ സാധിച്ചെന്നിരിക്കില്ല. ഒടുവില്‍ മുകളില്‍ മറ്റൊരു മേധാവിയില്ലാത്ത വെറുമൊരു ഉദ്യോഗസ്ഥനായി സംരംഭകനും മാറും. മറിച്ച്‌ പ്രൊഫഷണലുകളെ ഓരോ വിഭാഗത്തിലും നിയമിച്ച്‌ അവര്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി മുന്നോട്ടു പോയാല്‍ വിജയങ്ങള്‍ സാധ്യമാക്കാമെന്ന്‌ എം. പി രാമചന്ദ്രനും നന്ദകുമാറും വ്യക്തമാക്കുന്നു.

``ഓരോ സംസ്ഥാനത്തും പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മിടുക്കനായ ഒരാളെ കണ്ടെത്തി ചുമതലകള്‍ കൈമാറും. പിന്നീട്‌ അതിന്‌ മേല്‍നോട്ടം നല്‍കും,'' സ്വന്തം പ്രവര്‍ത്തന ശൈലി രാമചന്ദ്രന്‍ വിശദീകരിക്കുന്നതിങ്ങനെ. തികച്ചും സാധാരണക്കാരായ ജീവനക്കാര്‍ക്ക്‌ മികച്ച പരിശീലനവും ഭൗതിക സാഹചര്യങ്ങളും ഒരുക്കിയാണ്‌ അസാധാരണ വിജയം കൊയ്യുന്നതെന്ന്‌ നന്ദകുമാര്‍ വിശദീകരിക്കുന്നു. കമ്പനിയെ മുന്നോട്ടു നയിക്കുന്നവര്‍ക്കെല്ലാം മികച്ച പരിശീലനം നല്‍കാന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന്‌ എം.പി അഹമ്മദും വ്യക്തമാക്കുന്നു.

ഇതിലൂടെ ഏറ്റവും മികച്ച മനുഷ്യ വിഭവശേഷിയെ സൃഷ്‌ടിക്കാനും സംരംഭകന്‌ തന്റെ ആശയങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാനും സാധിക്കുന്നു. തന്റെ ബിസിനസ്‌ സംരംഭത്തെ സമാനതകളില്ലാത്ത, സുസ്ഥിരമായ ബിസിനസ്‌ മോഡലായി വളര്‍ത്തിയെടുക്കാനും സംരംഭകന്‌ സൂക്ഷ്‌മ നിരീക്ഷണശൈലി സഹായകമാകും. ``മലബാര്‍ ഗോള്‍ഡ്‌ മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസഡറാക്കിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ താരമൂല്യം മാത്രം നോക്കിയല്ല. മോഹന്‍ലാലിന്റെ കണ്ണും കൈയും സ്വരവും എല്ലാം ചേര്‍ന്നാല്‍ ഒരു ആശയത്തെ വളരെ എളുപ്പം ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ മൂന്ന്‌ മിനിട്ടെടുത്ത്‌ പറയുന്ന ആശയത്തെ മോഹന്‍ലാല്‍ മൂന്ന്‌ സെക്കന്റ്‌ കൊണ്ട്‌ മറ്റുള്ളവരിലേക്കെത്തിക്കും. ടെലിവിഷനില്‍ പരസ്യത്തിന്‌ സെക്കന്റിനാണ്‌ നിരക്ക്‌. നമ്മുടെ കാര്യം അതിവേഗം പറയുന്ന ആളെയല്ലേ അപ്പോള്‍ ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്‌,'' അഹമ്മദ്‌ ചോദിക്കുന്നു.

ലോകം ആരാധിക്കുന്ന മാനേജ്‌മെന്റ്‌ ഗുരുക്കളുടെ തത്വങ്ങളെ പോലും നിഷ്‌പ്രഭമാക്കുന്ന തികച്ചും ലളിതമായ ഇത്തരം പാഠങ്ങളാണ്‌ സംരംഭത്തെയും സംരംഭകനെയും വളര്‍ത്തുന്നത്‌.

No comments:

Post a Comment