
മൊബീല്‍ ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗം ഇ-മെയ്‌ല്‍ സന്ദേശങ്ങള്‍ അയക്കാനും വായിക്കാനും ചാറ്റ് ചെയ്യാനും മാത്രമായിരുന്ന കാലം പോയി. മൊബീലിലൂടെയുള്ള ഇന്റര്‍നെറ്റ് തിരയല്‍ ടെക്‌നോളജി പ്രേമികള്‍ക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഡെസ്‌ക്‌ടോപ്പുകളെ വെല്ലുവിളിച്ച് അതിവേഗത്തിലാണ് ഇപ്പോള്‍ മൊബീല്‍ ബ്രൗസിംഗ് മുന്നേറുന്നത്.
മുമ്പ് മൊബീല്‍ ബ്രൗസിംഗിന് കടമ്പകള്‍ ഏറെയുണ്ടായിരുന്നു. മികച്ച ബ്രൗസറു(തിരയലിന് സഹായിക്കുന്ന സോഫ്‌റ്റ്‌വെയര്‍)കളുടെ കുറവ്, മൊബീല്‍ സ്‌ക്രീനിന്റെ വലുപ്പക്കുറവ്... തുടങ്ങി പല കാരണങ്ങള്‍. എന്നാലിന്ന് വില കുറഞ്ഞ ഫോണില്‍ പോലും അതിവേഗം ബ്രൗസിംഗ് സാധ്യമാക്കുന്ന സോഫ്‌റ്റ്‌വെയറുകളുടെ വരവും വലിയ ടച്ച്‌സ്‌ക്രീന്‍ ഫോണുകളുടെ വില അല്‍ഭുതപ്പെടുത്തുന്ന വിധത്തില്‍ കുറഞ്ഞതും ഉപഭോക്താക്കളെ ബ്രൗസിംഗിലേക്ക് അടുപ്പിക്കുകയാണ്. മല്‍സരം വര്‍ധിച്ചതോടെ മൊബീല്‍ ഇന്റര്‍നെറ്റിന് വളരെ കുറഞ്ഞ നിരക്കാണ് മൊബീല്‍ കമ്പനികളും ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ ഇന്റര്‍നെറ്റ് കണക്‌ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ബ്രൗസറുകളുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ജനപ്രീതിയുള്ള ചില ബ്രൗസറുകളെ പരിചയപ്പെടാം.
ഒപ്പേറ മിനി: മൊബീല്‍ ബ്രൗസിംഗ് ജനകീയമാക്കിയതിന് ഒപ്പേറ മിനിക്ക് ഏറെ പങ്കുണ്ട്. വെബ്‌സൈറ്റുകളുടെ ഡെസ്‌ക്‌ടോപ്പില്‍ കാണുന്ന അതേ പതിപ്പ് മൊബീലിലും സാധ്യമാക്കി 2005ല്‍ ഇറങ്ങിയ ഒപ്പേറ മിനി ടെക്‌നോളജി പ്രേമികള്‍ക്ക് ആകര്‍ഷകമായിരുന്നു. വെബ് പേജുകള്‍ കംപ്രസ് ചെയ്‌ത് ഹാന്‍ഡ്‌സെറ്റിലേക്ക് അയക്കുന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഒപ്പേറയില്‍ ഇത് സാധിക്കുന്നത്. ഇതിലൂടെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് കണക്‌ഷനുകളില്‍ പോലും അതിവേഗം വെബ് പേജുകള്‍ കാണാനാകും. പക്ഷേ ഫ്‌ളാഷ് ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് പോലുള്ള വെബ്‌സൈറ്റുകള്‍ ഇതില്‍ കാണാനാകില്ല. ഐ ഫോണ്‍ മുതല്‍ സാധാരണ ഫോണുകളില്‍ വരെ ഇത് ഉപയോഗിക്കാം. www.operamini.comല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും.
ഡോള്‍ഫിന്‍ ബ്രൗസര്‍: ഗൂഗിളിന്റെ മൊബീല്‍ ക്രോം ഇതില്‍ പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സോഫ്‌റ്റ്‌വെയര്‍ ആവശ്യമെങ്കില്‍ ഡോള്‍ഫിന്‍ ബ്രൗസര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഫ്‌ളാഷ്, എച്ച്.റ്റി.എം.എല്‍ 5 സൈറ്റുകളും ഇതില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, യു ട്യൂബില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡിംഗ്, മള്‍ട്ടിടച്ച്, ജെസ്‌ചര്‍ കണ്‍ട്രോള്‍ തുടങ്ങി അനേകം സൗകര്യങ്ങളുണ്ട്.
ബോള്‍ട്ട്: മൊബീല്‍ ബ്രൗസറുകളുടെ ലോകത്തെ പുതുമുറക്കാരന്‍. ഫ്‌ളാഷ് വെബ്‌സൈറ്റുകള്‍ പോലും അതിവേഗം ഉപയോക്താവിന് മുന്നിലെത്തിക്കാന്‍ കഴിവുള്ളവന്‍. ജാവ സോഫ്‌റ്റ്‌വെയറുള്ള ഏത് ഫോണിലും ബോള്‍ട്ടിന് പ്രവര്‍ത്തിക്കാനാകും. ഐ ഫോണില്‍ പറ്റില്ലെന്നര്‍ത്ഥം. വേഗതയുടെയും പ്രകടനത്തിന്റെയും കാര്യത്തില്‍ ഒപ്പേറ മിനിയെപ്പോലും കടത്തിവെട്ടി ബോള്‍ട്ട് മുന്നേറുകയാണെന്നാണ് സാങ്കേതിക ലോകത്തുനിന്നുള്ള വാര്‍ത്തകള്‍.
സ്‌കൈ ഫയര്‍: ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ മാത്രമല്ല, വിന്‍ഡോസ് മൊബീല്‍, സിംബയാന്‍ എന്നിവയിലും സ്‌കൈ ഫയര്‍ പ്രവര്‍ത്തിക്കും. പ്രകടനത്തിന്‍ മുന്‍പന്തിയിലുള്ള ഇതില്‍ ഫ്‌ളാഷ് വീഡിയോകളും തടസമില്ലാതെ കാണാനാകുമെന്ന് മാത്രമല്ല, വെബ്‌സൈറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ കംപ്യൂട്ടറിന് തുല്യമായ പ്രകടനവും കാഴ്‌ചവെക്കാനാകും. പക്ഷേ വേഗതയുടെ കാര്യത്തില്‍ പിന്നിലാണിവന്‍. മികച്ച ശേഷിയുള്ള സ്‌മാര്‍ട്ട്‌ഫോണുകളിലാണ് മികച്ച പ്രകടനം കാഴ്‌ചവെക്കാനാകുക.
ഫയര്‍ഫോക്‌സ് മൊബീല്‍: ഡെസ്‌ക്‌ടോപ്പിലെ ഫയര്‍ഫോക്‌സിന്റെ പ്രകടനത്തിന്റെ അടുത്തെത്താന്‍ പറ്റില്ല മൊബീലില്‍ ഇവന്റെ പ്രകടനം. പക്ഷേ എച്ച്.റ്റി.എം.എല്‍ 5, ആഡ് ഓണുകള്‍ എന്നിവയൊക്കെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇതിന് സാധിക്കും. വേഗത, സ്ഥിരത എന്നിവയുടെ കാര്യത്തിലും ഫയര്‍ഫോക്‌സ് മൊബീല്‍ മുന്നില്‍ത്തന്നെ. തീര്‍ന്നില്ല, ആപ്പിളിന്റെ സഫാരി, ഐകാബ് മൊബീല്‍, എക്‌സ് സ്‌കോപ്പ് എന്നിങ്ങനെ മൊബീല്‍ ബ്രൗസറുകളുടെ നിര നീളുകയാണ്.
No comments:
Post a Comment