
കോഴിക്കോട്ടോ, കൊച്ചിയിലോ, തിരുവനന്തപുരത്തോ പുതിയ റീറ്റെയ്‌ല്‍ ബിസിനസ് തുടങ്ങാന്‍ തയാറെടുക്കുന്ന പുതുസംരംഭകരാണോ നിങ്ങള്‍? തല്‍ക്കാലം നിരാശപ്പെടുകയേ വഴിയുള്ളൂ. കാരണം ഇവിടങ്ങളില്‍ ഉചിതമായ സ്ഥലസൗകര്യം ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖല നല്‍കുന്ന സൂചന.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിലവാരമുള്ള ഓഫീസ് മുറിയോ റീറ്റെയ്‌ല്‍ ഷോപ്പിനുള്ള സൗകര്യമോ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട നഗരങ്ങളില്‍ പോലും ഉയര്‍ന്ന വാടകയാണ് ഈടാക്കുന്നത്. സ്വന്തമായി വാങ്ങാനാണെങ്കില്‍ കൈയിലൊതുങ്ങാത്ത വിലയും.
സംഘടിതമായ മേഖലയല്ല കൊമേഴ്‌സ്യല്‍ സ്‌പേസ് വില്‍പ്പനക്കാരുടേത് എന്നതാണ് ഈ രംഗത്തെ വലിയ വെല്ലുവിളി.
റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളും മറ്റും സംഘടിത ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വാണിജ്യ-വ്യവസായ ഇടങ്ങള്‍ കണ്ടെത്താന്‍ വ്യക്തികളെയും ഇടനിലക്കാരെയും ആശ്രയിക്കേണ്ടി വരുന്നു. തെക്കന്‍ കേരളത്തില്‍ സംഘടിത ഗ്രൂപ്പുകള്‍ നിലവിലുണ്ടെങ്കിലും മലബാറില്‍ ഈയിടെ മാത്രമാണ് ഏതാനും ബില്‍ഡര്‍മാര്‍ എത്തിയത്.
കൊച്ചിയില്‍ വിലയേറുന്നു
കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കടകള്‍ക്കോ ഓഫീസുകള്‍ക്കോ ഇടം ലഭിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരുമെന്നതാണ് സ്ഥിതി. കാരണം വിലക്കൂടുതല്‍ മാത്രമല്ല; ലഭ്യതക്കുറവും ഈ മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മറൈന്‍ ഡ്രൈവ്, കലൂര്‍ ?ഭാഗങ്ങളിലാണ് ക്ഷാമം അനുഭവപ്പെടുന്നത്. എം.ജി റോഡിലും ദൗര്‍ലഭ്യമുണ്ട്.
ബൈപ്പാസ്, പനമ്പിള്ളി നഗര്‍, വൈറ്റില ഭാഗങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേയ്‌സിന് വലിയ ക്ഷാമം നേരിടുന്നില്ലെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലകളിലുള്ളവര്‍ പറയുന്നു.
എം.ജി റോഡ് തന്നെയാണ് വിലയുടെ കാര്യത്തില്‍ മുന്നില്‍. സ്‌ക്വയര്‍ഫീറ്റിന് 10,000 മുതല്‍ 12,000 രൂപ വരെയാണ് ഇവിടെ വില്‍പ്പന വില. ബൈപ്പാസില്‍ 8500 മുതല്‍ 9000 വരെയും പനമ്പിള്ളി നഗര്‍, കടവന്ത്ര പ്രദേശങ്ങളില്‍ 6000 രൂപ വരെയും വൈറ്റിലയില്‍ 8000 രൂപ വരെയുമാണ് വില.
വാടകയ്‌ക്ക് സ്‌ക്വയര്‍ഫീറ്റിന് 120 രൂപ മുതല്‍ 150 രൂപ വരെ ഈടാക്കുന്ന സ്ഥലങ്ങളുണ്ട്. ഏറെ വികസന സാധ്യതകളുള്ള ബൈപ്പാസ് പരിസരങ്ങളില്‍ 80-90 രൂപയ്‌ക്ക് ഒരു സ്‌ക്വയര്‍ഫീറ്റ് സ്ഥലം വാടകയ്‌ക്ക് ലഭിക്കും. എന്നാല്‍ പനമ്പിള്ളി നഗറില്‍ എത്തുമ്പോഴേക്കും 140-150 രൂപയാകും. എം.ജി റോഡില്‍ 150 രൂപ നല്‍കിയാല്‍ മാത്രമേ ഒരു ചതുരശ്രയടി സ്ഥലം ലഭ്യമാകൂ. ഒരു വര്‍ഷം മുമ്പു വരെ 40 മുതല്‍ 50 രൂപ വരെയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്. അതേസമയം കെട്ടിടങ്ങളുടെ മുകള്‍ നിലകളിലേക്കെത്തുമ്പോള്‍ വാടകയില്‍ 30 ശതമാനത്തോളം കുറവുണ്ടാകുന്നു.
കൊച്ചിയില്‍ വില സമീപകാലത്തൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് ജിയോജിത്ത് പ്രോപ്പര്‍ട്ടി സര്‍വീസസ് വൈസ് പ്രസിഡന്റ് ജോസഫ് നിവിന്‍ അഭിപ്രായപ്പെടുന്നത്. ലഭ്യതക്കുറവു തന്നെയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈറ്റില-കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ യൂണിടെക്കിന്റെയും പ്രെസ്റ്റീജിന്റെയും രണ്ടു ഷോപ്പിംഗ് മാളുകള്‍ ഉടനെ തുറക്കാനുള്ള തയാറെടുപ്പിലാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഈ ഭാഗത്ത് ഒരു പരിധി വരെ ദൗര്‍ലഭ്യം കുറയുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്ത് സ്ഥലമില്ല
വാണിജ്യാവശ്യത്തിനുള്ള സ്ഥലമില്ലാത്തത് തിരുവനന്തപുരം നഗരത്തെ ഏറെ വലക്കുന്നു. പാര്‍ക്കിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ള സ്ഥലം എവിടെയും ലഭ്യമല്ലെന്നതാണ് നഗരത്തിന്റെ സ്ഥിതി. എം.ജി റോഡ്, കേശവദാസപുരം മുതല്‍ പട്ടം വരെയുള്ള ഭാഗങ്ങങ്ങളിലാണ് ഏറെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇവിടെ ചതുരശ്രയടിക്ക് 60 രൂപ മുതല്‍ 65 രൂപ വരെയാണ് വില. മറ്റിടങ്ങളില്‍ 40-50 രൂപ നിരക്കില്‍ ലഭിക്കുമ്പോഴാണിത്. നഗരത്തില്‍ നിന്ന് അല്‍പ്പം വിട്ടാല്‍ പേരൂര്‍ക്കട, ശ്രീകാര്യം, കരമന എന്നിവയ്‌ക്കടുത്ത് സ്‌ക്വയര്‍ഫീറ്റിന് 30-35 രൂപ നിരക്കില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ് ലഭിക്കും. പാര്‍ക്കിംഗ് സൗകര്യമില്ലാത്തതാണ് പലയിടങ്ങളിലും പ്രശ്‌നമാവുന്നത്. കേശവദാസപുരം മുതല്‍ ഉള്ളൂര്‍ വരെയുള്ള ഭാഗങ്ങള്‍ റസിഡന്‍ഷ്യല്‍ മേഖലയായി തിരിച്ചതാണ് മറ്റൊരു പ്രതിസന്ധിയെന്ന് തിരുവനന്തപുരത്തെ കോര്‍ഡിയല്‍ ബില്‍ഡേഴ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോര്‍ജ് മാത്യു പറയുന്നു. ഇവിടെ കൊമേഴ്‌സ്യല്‍ സോണ്‍ ആയി മാറ്റുകയാണെങ്കില്‍ വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ സ്ഥല പരിമിതി കാരണം ഉള്ളൂര്‍, ശ്രീകാര്യം, ബൈപ്പാസ്, നന്ദന്‍കോട്, കവടിയാര്‍, കരമന എന്നിവിടങ്ങളിലേക്ക് വാണിജ്യകേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് ഞെരുങ്ങുന്നു
മലബാറിന്റെ തലസ്ഥാനമെന്നു തന്നെ പറയാവുന്ന കോഴിക്കോട്ട് വാണിജ്യ-വ്യവസായ-ഓഫീസ് ആവശ്യങ്ങള്‍ക്കായുള്ള സ്ഥലം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും റീറ്റെയ്‌ല്‍ രംഗത്തെ വമ്പന്മാര്‍ കോഴിക്കോട് നഗരത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥല ദൗര്‍ലഭ്യം വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. നിലവില്‍ ടൗണില്‍ ഒരിടത്തും വിശാലമായ സ്ഥല സൗകര്യം കിട്ടാനില്ലെന്നതാണ് സ്ഥിതി.
നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന് 40-50 രൂപ നിരക്കിലാണ് കടമുറികള്‍ക്കും മറ്റും വാടക ഈടാക്കുന്നത്. പാര്‍ക്കിംഗ് സൗകര്യം കുറഞ്ഞ മാവൂര്‍ റോഡ് പോലുള്ള സ്ഥലങ്ങളില്‍ വാടക കുറവുണ്ട്. 30-35 രൂപവരെയാണ് ഇവിടെ വില.
കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബൈപ്പാസ് കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കോഴിക്കോടിന്റെ സിരാകേന്ദ്രമായി ഈ ഭാഗം മാറിയേക്കാമെന്ന അഭിപ്രായമാണ് ഹൈലൈറ്റ് ബില്‍ഡേഴ്‌സ് ഡയറക്‌ടര്‍ എം. എ മെഹബൂബിന് ഉള്ളത്. ഇതു കണ്ടുകൊണ്ട് ഹൈലൈറ്റ് ബില്‍ഡേഴ്‌സ് 18 ലക്ഷത്തിലേറെ സ്‌ക്വയര്‍ഫീറ്റ് സ്ഥല സൗകര്യം വാണിജ്യ-ഓഫീസ് ആവശ്യങ്ങള്‍ക്കായി ഇവിടെ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ഹൈലൈറ്റ് പ്ലാസ എന്ന പേരില്‍ ഒരുക്കുന്ന പദ്ധതിയുടെ മുഖ്യ ആകര്‍ഷണം എട്ടു ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്‌തൃതിയുള്ള ഷോപ്പിംഗ് മാളായിരിക്കുമെന്ന് എം.എ മെഹബൂബ് പറഞ്ഞു. കൂടാതെ തൊണ്ടയാട്, മലാപ്പറമ്പ് എന്നിവിടങ്ങളിലും കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍ ഒരുങ്ങുന്നുണ്ട്. ആറു കോടി രൂപ ചെലവില്‍ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന യുഎല്‍ സൈബര്‍സിറ്റിയാണ് മറ്റൊരു പദ്ധതി. സഹകരണ മേഖലയിലുള്ള ഈ പദ്ധതിയില്‍ ആദ്യ നാലു വര്‍ഷം കൊണ്ട് 10 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്‌തൃതിയില്‍ കൊമേഷ്യല്‍ സ്‌പേസ് ഒരുക്കാനാണ് വിഭാവനം ചെയ്യുന്നത്. എട്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി 31 ലക്ഷം ചതുരശ്രഅടി സൗകര്യമായി വര്‍ധിക്കും. സമീപ?ഭാവിയില്‍ ഒരു കോടിയോളം ചതുരശ്ര അടി കൊമേഴ്‌സ്യല്‍ സ്‌പേസ് ബൈപ്പാസ് മേഖലയില്‍ വികസിക്കപ്പെടുമെന്നാണ് കരുതുന്നത്.
തൃശൂരിലും ക്ഷാമം
തൃശൂര്‍ നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് വ്യാപാരികള്‍. റൗണ്ടില്‍ 10,000 രൂപ വരെ സ്‌ക്വയര്‍ഫീറ്റിന് വില്‍പ്പന വില ഈടാക്കുന്നുണ്ട്. നഗരത്തിന്റെ മറ്റു പ്രദേശങ്ങളില്‍ 5000 രൂപ മുതല്‍ മുറികള്‍ കിട്ടാനുണ്ട്. റൗണ്ടില്‍ സൗകര്യമുള്ള കടമുറികളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്. സമീപ പ്രദേശങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പൂര്‍ത്തിയാവാന്‍ സമയം പിടിക്കും. റൗണ്ട് പരിസരത്ത് ചതുരശ്ര?അടിക്ക് 90 രൂപ വരെ വാടക ഈടാക്കുന്നുണ്ട്. എവിടെയായാലും പാര്‍ക്കിംഗ് സൗകര്യവും മറ്റും നോക്കിയാണ് വാടക നിശ്ചയിക്കുന്നത്. കിഴക്കേ കോട്ടയിലും വടക്കേ സ്റ്റാന്‍ഡിലുമൊക്കെ 80 രൂപ വരെയാണ് വാടക. സൗകര്യം കുറഞ്ഞ മുറികള്‍ 50 രൂപ മുതല്‍ ലഭ്യമാണ്. ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ്, കിഴക്കേകോട്ട എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വികസന പ്രവര്‍ത്തനം നടക്കുന്നത്. മണ്ണുത്തി ബൈപ്പാസ് റോഡിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
പാലക്കാട്ടും വില ഉയരങ്ങളിലേക്ക്
റിയല്‍ എസ്റ്റേറ്റ് മേഖല പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന പാലക്കാട്ടും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്ഥലലഭ്യത കുറവാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരം, ജി.ബി റോഡ് എന്നിവിടങ്ങളിലാണ് ഏറെ ആവശ്യക്കാരുള്ളത്. വിലയും. പാലക്കാട് നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന് 30 മുതല്‍ 50 രൂപ വരെയാണ് വാടക ഈടാക്കുന്നത്. ജി.ബി റോഡില്‍ 50 രൂപയാണ് വാടക. ദേശീയപാത 47 ല്‍ ചന്ദ്രനഗറിലാണ് പാലക്കാടിന്റെ ?ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് പഴേരി പ്രോപ്പര്‍ട്ടീസ് സാരഥി അബ്‌ദുല്‍ കരീം അഭിപ്രായപ്പെടുന്നു.
കണ്ണൂരില്‍ പൊന്നുവില
കടമുറികള്‍ക്കും ഓഫീസ് സൗകര്യത്തിനും മലബാറില്‍ ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്നത് കണ്ണൂരിലാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. നഗരത്തിന്റെ പ്രധാന ?ാഗങ്ങളില്‍ 90 മുതല്‍ 100 രൂപ വരെയാണ് സ്‌ക്വയര്‍ഫീറ്റിന് വാടക. വിലയ്‌ക്ക് വാങ്ങാനാണെങ്കില്‍ ചതുരശ്രഅടിക്ക് 13,000 രൂപയോ 14,000 രൂപയോ നല്‍കണം. പള്ളിക്കുന്ന് മുതല്‍ താണ വരെയുള്ള ഹൈവേ പരിസരം, പുതിയ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം കോര്‍ണര്‍ തുടങ്ങിയ ഇടങ്ങളിലാണ് നഗരത്തില്‍ ഏറെ ആവശ്യക്കാരുള്ളത്. എന്നാല്‍ എവിടെയും സ്ഥലം കിട്ടാനില്ലെന്നാണ് ആല്‍ഫാ വണ്‍ ബില്‍ഡേഴ്‌സ് ഡയറക്‌റ്റര്‍ ബിജു ഉമ്മര്‍ പറയുന്നത്. താണ, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ റോഡിന് നല്ല വീതിയും പാര്‍ക്കിംഗ് സൗകര്യവും ഉള്ളതിനാല്‍ വികസന സാധ്യത ഏറെയാണ്. പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സ്ഥലത്തിന്റെ വില തന്നെ സെന്റിന് 35 ലക്ഷത്തിലേറെ ആയിട്ടുണ്ട്. താണയില്‍ പത്തു ലക്ഷവും. പള്ളിക്കുന്ന്-താണ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നത്. താണയില്‍ തന്നെ മൂന്നു ഷോപ്പിംഗ് മാളുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിലൊന്ന് ആല്‍ഫാ വണ്‍ നിര്‍മിക്കുന്ന രണ്ടു ലക്ഷം ചതുരശ്രഅടി വിസ്‌തൃതിയുള്ള ഷോപ്പിംഗ് മാളാണ്. കണ്ണൂരിലെ ഏറ്റവും വലിയ മാളാകും ഇത്. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.
No comments:
Post a Comment