| കൊച്ചി ഐ.പി.എല്‍ തുറന്നിടുന്നത് വന്‍ ബിസിനസ് അവസരങ്ങള്‍ |
കേരളത്തില്‍ ബിസിനസ് അവസരങ്ങളുടെ ജാലകം തുറന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെത്തിയിരിക്കുന്നു. 3.67 ബില്ല്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുളള ഐ.പി.എല്‍ ടൂര്‍ണമെന്റ് ലോകത്തിലെ തന്നെ പണമൊഴുകുന്ന കായിക മാമാങ്കങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഐ.പി.എല്‍ ടീമുകള്‍ പദ്ധതിയിടുന്നുണ്ടത്രെ! ഈ സാഹചര്യത്തില്‍ കൊച്ചിന്‍ ടസ്‌കേഴ്‌സ് കേരള എന്ന സ്വന്തം ടീമുമായി കൊച്ചിയെത്തുമ്പോള്‍ വമ്പന്‍ ബിസിനസ് അവസരങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ്, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഹോട്ടല്‍, ട്രാവല്‍, റെസ്റ്റൊറന്റ്, ബൊട്ടീക്കുകള്‍, റീറ്റെയ്‌ല്‍ ബിസിനസ്, ഹോം സ്റ്റേ തുടങ്ങി ചെറുകിട കച്ചവടക്കാര്‍ക്ക് വരെ അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നത്. കളിയുടെ ടൈറ്റില്‍ മുതല്‍ അംപയര്‍മാരുടെ തീരുമാനങ്ങള്‍വരെ സ്‌പോണ്‍സേര്‍ഡ് ആയ, ക്രിക്കറ്റിനെ കളിയെന്നതിലുപരി ഒരു എന്റര്‍ടെയ്‌ന്‍മെന്റ് വസ്തുവാക്കുന്നഐ.പി.എല്‍ നന്നായി മുതലെടുത്താല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ത്വരിത വളര്‍ച്ചയാകും നേടുക. ഹോസ്‌പിറ്റാലിറ്റി രംഗത്ത് അവസരമേറെ 55,000 ത്തോളം പേര്‍ക്കിരിക്കാവുന്നതാണ് ഈ സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ നാല് മത്സരങ്ങളുടെ വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം. ഇന്ത്യയൊട്ടുക്കുള്ള ക്രിക്കറ്റ് ആരാധകര്‍ കൊച്ചിയിലേക്കൊഴുകുമ്പോള്‍ അവര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഹോട്ടലുകള്‍ക്ക് കൊയ്‌ത്തു കാലം തന്നെയാകും. ``ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ട്രാവല്‍ ഏജന്റുമാര്‍... ഇവര്‍ക്കെല്ലാം വന്‍ അവസരങ്ങളാണ് ഐ.പി.എല്‍ ഒരുക്കുന്നത്. കൊച്ചിയിലേക്കുളള ടൂറിസ്റ്റുകളുടെ വരവ് വന്‍തോതില്‍ വര്‍ധിക്കും. ഇത്തരം ഇവന്റുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കൊച്ചിയിലെ ഹോസ്‌പിറ്റാലിറ്റി മേഖലക്ക് സാധിക്കുമെന്നത് ഈ വ്യവസായത്തില്‍ വന്‍ കുതിപ്പേകും,'' കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ബിസിനസ് സെമിനാര്‍ ഓണ്‍ ഐ.പി.എല്ലില്‍ അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റ്റര്‍ റിയാസ് അഹമ്മദ് അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം മാച്ചുകള്‍ നടക്കുമ്പോള്‍ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ മുറികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കും. ഇത് കൊച്ചിയിലും സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. പുതിയ മേഖലകളിലേക്ക് കടക്കാം ലോകത്തെ ക്രിക്കറ്റ് ബാറ്റുകളില്‍ 80 ശതമാനവും നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. കൊച്ചിക്ക് ടീമായതോടെ ഇത്തരം ബാറ്റ് നിര്‍മാണ യൂണിറ്റുകളെ കുറിച്ചും, സ്‌പോര്‍ട്‌സ് അപ്പാരലുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ചും കേരളവും ചിന്തിക്കണമെന്ന് കെ.പി.എം.ജി അഡൈ്വസറി സര്‍വീസസ് ഡയറക്‌റ്റര്‍ ശ്രീധര്‍ പ്രസാദ് നിര്‍ദേശിക്കുന്നു. ഐ.പി.എല്‍ മത്സരങ്ങളോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് കേരളത്തിന്റേതായ ഒരു ഐ.പി.എല്‍ ടൂറിസം സീസണ്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. 200ഓളം രാജ്യങ്ങളില്‍ ടെലിവിഷനിലൂടെ ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യപ്പെടുമ്പോള്‍ അത് കേരളത്തിനും കൊച്ചിക്കും പുത്തന്‍ ബ്രാന്‍ഡ് പ്രതിച്ഛായയാണ് സമ്മാനിക്കുക. |
Wednesday, 22 June 2011
കൊച്ചി ഐ.പി.എല്‍ തുറന്നിടുന്നത് വന്‍ ബിസിനസ് അവസരങ്ങള്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment