Wednesday, 22 June 2011

നിങ്ങളുടെ സംരംഭത്തെയും പുതുതലമുറ ബിസിനസാക്കി മാറ്റാം


പി. ഗണേഷ്‌ (കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി കേരള ഘടകം മുന്‍ ചെയര്‍മാന്‍)

നിരത്തുവാഴാന്‍ കറുപ്പും മഞ്ഞയും ചായമടിച്ച അംബാസഡര്‍ ടാക്‌സി കാര്‍. സ്വകാര്യ വാഹനത്തിന്റെ അഹങ്കാരത്തോടെ ഫിയറ്റ്‌.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൃത്യമായ കണക്കനുസരിച്ചുള്ള ഉല്‍പ്പാദനവും നടത്തി മുന്നോട്ടു നീങ്ങുന്ന വ്യവസായ ശാലകള്‍...

പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു.
ഇതില്‍ നിന്നെല്ലാം കാലമേറെ മാറിയിരിക്കുന്നു. കാര്‍ വിപണിയിലേക്ക്‌ തന്നെ നോക്കൂ. തെരഞ്ഞെടുക്കാന്‍ എത്രയേറെ മോഡലുകള്‍. എത്രയേറെ കമ്പനികള്‍. അതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നിരിക്കുന്ന എന്തെല്ലാം
ബിസിനസ്‌ അവസരങ്ങള്‍.

നമുക്ക്‌ ചുറ്റിലുമുള്ള ബിസിനസ്‌ സാഹചര്യങ്ങള്‍ മാറുകയാണ്‌. ബിസിനസ്‌ രീതികള്‍ മാറുകയാണ്‌. സംരംഭകര്‍ പിന്തുടരുന്ന തന്ത്രങ്ങള്‍ അനുനിമിഷം മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു. മാറ്റത്തിന്റെ കുത്തൊഴുക്കുള്ള ഈ കാലഘട്ടത്തില്‍ പരിമിതമായ വിപണിവൃത്തത്തില്‍ നിന്ന്‌ പുറത്തുകടന്ന്‌ എന്നെന്നും നിലനില്‍ക്കുന്ന സംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ സംരംഭങ്ങളും സംരംഭകരും ഏറെ മാറേണ്ടിയിരിക്കുന്നു.

അതുപോലെ ഒരു പതിറ്റാണ്ടു മുമ്പത്തെ അവസരങ്ങളല്ല ഇന്നുള്ളത്‌. കണ്ണും കാതും തുറന്നിരിക്കുന്ന സംരംഭകര്‍ക്കു മുന്നില്‍ അവസരങ്ങളുടെ പെരുമഴയാണെന്നതാണ്‌ വാസ്‌തവം. പക്ഷേ ഇവയെല്ലാം മുതലെടുക്കാന്‍ കാഴ്‌ചപ്പാടിലും മനോഭാവത്തിലും പ്രവര്‍ത്തനശൈലിയിലും അടിമുടി മാറ്റങ്ങള്‍ക്കു വിധേയമായേ മതിയാകൂ.

ബിസിനസ്‌ അടുത്ത ഘട്ടത്തിലേക്ക്‌ 
തലച്ചോറിനു പകരം ഹൃദയത്തിലേക്ക്‌

ബിസിനസിനോടുള്ള അഭേദ്യമായൊരു വൈകാരിക ബന്ധമാണ്‌ കേരളത്തിലെ സംരം?കരുടെ ഒരു പ്രധാന പോരായ്‌മ. പുത്തന്‍ ബിസിനസ്‌ ആശയങ്ങള്‍ ചിന്തിച്ചുറപ്പിച്ച്‌ നടപ്പാക്കേണ്ടി വരുമ്പോള്‍ അതിന്‌ മുതിരാതെ പലരും ഹൃദയം കൊണ്ട്‌, വൈകാരികമായി തീരുമാനങ്ങളെടുക്കുന്നു.

ബിസിനസിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും സ്വയം കൈയടക്കി വെക്കുകയും എന്നാല്‍ ഒരു പ്രൊഫഷണലിനെ പോലും അതിലേക്ക്‌ കൊണ്ടുവരാതിരിക്കുകയോ ഇനി കൊണ്ട്‌ വന്നാല്‍ തന്നെ അയാളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതിരിക്കുകയോ ആണ്‌ നമ്മുടെ പൊതുവായ ശൈലി. നമ്മുടെ ബിസിനസ്‌ അയാള്‍ കൈയടക്കിക്കളയുമെന്ന ഭീതിയാണ്‌ ഇതിനു കാരണം.

ഒരു ഓഹരി പങ്കാളിയെയും സംരംഭകരില്‍ പലരും സ്വീകരിക്കില്ല. കാരണം അവര്‍ തങ്ങളെ പറ്റിക്കുമെന്ന്‌ ഭയക്കുന്നു. ചുരുക്കത്തില്‍ അങ്ങേയറ്റത്തെ സ്വാര്‍ത്ഥത കാരണം യാതൊരു വളര്‍ച്ചയും നേടാനാകാതെ ബിസിനസ്‌ തന്നെ നശിച്ചുപോകുന്ന പ്രവണതയുണ്ട്‌. കേരളത്തിലെ ചെറുകിട സംരംഭങ്ങള്‍ ക്രമാനുഗതമായ വളര്‍ച്ച നേടി വികാസം പ്രാപിക്കാത്തതും ഒരു തലമുറയോടു കൂടി അന്ത്യശ്വാസം വലിക്കുന്നതും ഇക്കാരണം കൊണ്ടു കൂടിയാണ്‌. ഈ സംസ്‌കാരം മാറ്റിയേ മതിയാകൂ.

വായ്‌പയെടുത്ത്‌ എത്ര വളരാം?
ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത്‌ സംരംഭത്തെ എത്രമാത്രം ഇനി വളര്‍ത്താനാകും? വന്‍ വളര്‍ച്ചയാണ്‌ ലക്ഷ്യമെങ്കില്‍ ഇനി വായ്‌പകളെ ഉപേക്ഷിച്ച്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടിയേ മതിയാകൂ. മികച്ച നിക്ഷേപകരെ കണ്ടെത്തി അവര്‍ക്ക്‌ സംരംഭത്തില്‍ ഓഹരി പങ്കാളിത്തം നല്‍കുക
യോ അല്ലെങ്കില്‍ പ്രൈവറ്റ്‌ ഇക്വിറ്റി ഫണ്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യാനാകും. പി.ഇ ഫണ്ടുകള്‍ പ്രസ്‌തുത ബിസിനസിന്റെ വളര്‍ച്ചാ സാധ്യതകള്‍, ആവശ്യമായ നിക്ഷേപം, വളര്‍ച്ച കൈവരിക്കാനുള്ള സംരംഭകന്റെ ശേഷി തുടങ്ങിയവയൊക്കെ കൃത്യമായി നിര്‍ണയിച്ച്‌ അവയ്‌ക്കുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നതാണ്‌. ഒരു സംരംഭകന്‌ അയാളുടെ സംരംഭത്തെ നിയന്ത്രിക്കാനാവശ്യമായ ഓഹരികള്‍ മാത്രം ഉണ്ടായാല്‍ മതി. സംരംഭത്തെ കൂടുതല്‍ വളര്‍ച്ചയിലേക്ക്‌ നയിക്കാന്‍ തന്നെക്കാള്‍ കഴിവുള്ള ഒരു വ്യക്തി നിക്ഷേപകനായി എത്തിയാല്‍ സംരംഭകന്‍ തീര്‍ച്ചയായും അത്‌ വിറ്റൊഴിയുന്നതാണ്‌ അയാള്‍ക്കും ബിസിനസിനും നല്ലത്‌. മറിച്ച്‌ അതില്‍ നിന്നും പുറത്തുപോകാതെ തുടര്‍ന്നാല്‍ പിന്നീടത്‌ വിറ്റഴിക്കുന്നതിനോ മികച്ച മൂല്യം നേടുന്നതിനോ സാധിക്കാതെ നഷ്‌ടം സംഭവിച്ചേക്കാനിടയുണ്ട്‌.
ബിസിനസുകള്‍ കോര്‍പ്പറേറ്റൈസ്‌ ചെയ്യുകയെന്നത്‌ അവയുടെ വളര്‍ച്ചയില്‍ വലിയൊരു ഘടകമാണ്‌. അതിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ പകരം അതിന്‌ നേരെ കണ്ണടച്ചിട്ട്‌ കാര്യമില്ല. ഓഹരി പങ്കാളിത്തം കൂട്ടുകയോ അല്ലെങ്കില്‍ പി.ഇ ഫണ്ട്‌ ഉപയോഗിക്കുകയോ ചെയ്‌താല്‍ പിന്നീട്‌ ഒരു ഘട്ടത്തില്‍ അത്‌ ഒഴിവാക്കാനുമാകും. അതിനായി അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞ്‌ ഓഹരികളുടെ മൂല്യം ശാസ്‌ത്രീയമായി നിര്‍ണയിച്ചശേഷം മുഖ്യ സംരംഭകന്‌ തന്നെ അവ തിരികെ വാങ്ങാവുന്നതാണ്‌. അതിന്‌ സാധിക്കുന്നില്ലെങ്കില്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ്‌ ചെയ്യണം. അതിലൂടെ പ്രസ്‌തുത കമ്പനിയുടെ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക്‌ അത്‌ വിപണിയില്‍ വിറ്റഴിക്കാനാകുമെന്ന്‌ മാത്രമല്ല സംരംഭകന്‌ അവ വാങ്ങുന്നതിനും അവസരമുണ്ടാകും. ചെറുകിട ഇടത്തരം കമ്പനികള്‍ക്ക്‌ ലിസ്റ്റിംഗിന്‌ അവസരം നല്‍കുന്ന എസ്‌.എം.ഇ എക്‌സ്‌ചേഞ്ച്‌ ഉടനെതന്നെ ഇന്ത്യയില്‍ ആരംഭിക്കും. 25 കോടി വരെ ആസ്‌തിയുള്ള കമ്പനികള്‍ക്ക്‌ പ്രസ്‌തുത എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യാവുന്നതാണ്‌

മള്‍ട്ടി സ്‌കില്ലിംഗ്‌
വൈദഗ്‌ധ്യം നേടാം, ഒന്നിലധികം മേഖലകളില്‍

മള്‍ട്ടി സ്‌കില്ലിംഗ്‌ ഈ കാലഘട്ടത്തിന്റെ തന്നെ ഒരാവശ്യമാണ്‌. അതിനാല്‍ ഏത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ഒന്നിലധികം രംഗങ്ങളില്‍ വൈദഗ്‌ധ്യം നേടുന്നത്‌ തികച്ചും ഗുണകരമാണ്‌. അതുണ്ടായാല്‍ തന്നെ സമൂഹത്തിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും. കാരണം ഏതെങ്കിലുമൊരു തൊഴില്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രസ്‌തുത തൊഴില്‍ ഇല്ലാതായാല്‍ നഷ്‌ടപരിഹാരവും പെന്‍ഷനുമൊക്കെ നല്‍കണമെന്നത്‌ തികച്ചും അപ്രായോഗികമായ കാഴ്‌ചപ്പാടാണ്‌. ഏതെങ്കിലും കാരണവശാല്‍ ഒരു വ്യക്തിയുടെ തൊഴില്‍ നഷ്‌ടപ്പെട്ടാല്‍ അയാള്‍ക്ക്‌ മറ്റൊരു തൊഴില്‍ കണ്ടെത്തി നല്‍കുകയാണ്‌ വേണ്ടത്‌. അതിന്‌ പകരം നോക്കുകൂലി ഉള്‍പ്പടെയുള്ള അപരിഷ്‌കൃത സമ്പ്രദായങ്ങള്‍ ഊട്ടി വളര്‍ത്തി സാമൂഹിക വളര്‍ച്ചയെ തടസപ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌ ഘടനയില്‍ ഇത്തരം നടപടികള്‍ തികച്ചും അനാവശ്യമാണ്‌. ഏത്‌ മേഖലയിലായാലും മള്‍ട്ടി സ്‌കില്ലിംഗ്‌ ഉണ്ടായേ മതിയാകൂ. വിദേശ രാജ്യങ്ങളിലൊക്കെ ഇത്‌ സര്‍വ്വസാധാരണമാണെങ്കിലും നമ്മള്‍ ഇതേവരെ അത്‌ ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ല.
ആഗോളീകരണത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ഘടകമാണ്‌ മനുഷ്യവിഭവശേഷിയുടെ വികസനം, മിനിമം വേജസ്‌ ആക്‌റ്റ്‌, ബാലവേല എന്നിവയൊക്കെ അറു പഴഞ്ചന്‍ ആശയങ്ങളാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. അവധിക്കാലത്ത്‌ അല്ലെങ്കില്‍ ഒഴിവ്‌ വേളകളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക്‌ കുട്ടികള്‍ ചെറിയ തോതിലുള്ള തൊഴിലുകള്‍ ചെയ്യുന്നത്‌ തടസപ്പെടുത്തേണ്ട കാര്യമില്ല. അതിലൂടെ ചെറിയൊരു പോക്കറ്റ്‌ മണി അവര്‍ക്ക്‌ ലഭിക്കുമെന്ന്‌ മാത്രമല്ല തൊഴില്‍പരിചയം നേടുന്നതിനും അത്‌ സഹായിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഐ.ടി.ഐയും ഉള്‍പ്പടെയുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒഴിവു സമയത്ത്‌ പഠന മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നത്‌ അവരുടെ വൈദഗ്‌ധ്യം വര്‍ധിക്കുന്നതിനിടയാക്കും. അത്‌ തടയാതിരിക്കുന്നതാണ്‌ നല്ലത്‌.

ഒന്നിച്ചു നില്‍ക്കാം മുന്നേറാം
പല ചെറുകിട സംരംഭകര്‍ക്കും വളരണമെന്ന്‌ അതിയായ മോഹമുണ്ടാകും. പക്ഷേ അതിനുവേണ്ട വിഭവശേഷി ആര്‍ജിക്കാന്‍ അവര്‍ക്ക്‌ സാധിക്കാതെ വരും. ഇതിനൊ
രു പരിഹാരമാണ്‌ ക്ലസ്റ്റര്‍ വികസനം. ഒരേ മേഖലയിലുള്ള സംരംഭകര്‍ ഒത്തു ചേര്‍ന്നും (ഹോമോജീനസ്‌) വ്യത്യസ്‌ത മേഖലകളിലുളളവര്‍ ഒത്തുചേര്‍ന്നും (ഹെറ്ററോജീനസ്‌) ക്ലസ്റ്ററുകള്‍ രൂപീകരിക്കാം.

ഹോമോജീനസ്‌ ക്ലസ്റ്റര്‍: റബര്‍ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളും ഭക്ഷ്യോല്‍പ്പന്നങ്ങളുമൊക്കെ ഹോമോജീനസ്‌ ക്ലസ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. ഇതിലൂടെ പരമാവധി ഉല്‍പ്പാദനം നേടാനാകുമെന്നതിന്‌ പുറമെ അസംസ്‌കൃത വസ്‌തുക്കളുടെ ചെലവ്‌, പാക്കേജിംഗ്‌, മനുഷ്യവിഭവശേഷി തുടങ്ങിയവയൊക്കെ പരസ്‌പരം പങ്കിടാനാകും. ഉദാഹരണമായി ലെതര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന 10 കമ്പനിയുണ്ടെങ്കില്‍ അവര്‍ എല്ലാവരും എല്ലാത്തരം ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിന്‌ പകരം ഓരോ കമ്പനിയും ഒരു നിര്‍ദിഷ്‌ട ഉല്‍പ്പന്നം മാത്രം നിര്‍മിക്കും. മുമ്പ്‌ അഞ്ച്‌ വ്യത്യസ്‌തതരം ലെതര്‍ ഉല്‍പ്പന്നങ്ങളുടെ 10,000 യൂണിറ്റുകളാണ്‌ ഒരു മാസം ഒരു കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍ ക്ലസ്റ്റര്‍ സംവിധാനത്തിലൂടെ ഒരു ഉല്‍പ്പന്നത്തിന്റെ തന്നെ ഒരു ലക്ഷം യൂണിറ്റുകളാകും അവര്‍ നിര്‍മിക്കുക. ഓരോ കമ്പനിയും ഓരോതരം ലെതര്‍ ഉല്‍പ്പന്നത്തില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌ത്‌ പരമാവധി ഉല്‍പ്പാദനം കൈവരിക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ഇത്‌ അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണശേഷി വര്‍ധിപ്പിച്ച്‌ വിലപേശലിന്‌ അവസരമൊരുക്കും. തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാതെതന്നെ ഉല്‍പ്പാദനം ഉയര്‍ത്താനും
സാധിക്കുമെന്നതാണ്‌ മറ്റൊരു നേട്ടം. ഇതിലെ കമ്പനികള്‍ തമ്മില്‍ പരസ്‌പരം ഒരു അഭിപ്രായ സംഘര്‍ഷം ഉണ്ടാകുന്നില്ലായെന്നതാണ്‌ പ്രധാനം. അതിനാല്‍ പാക്കിംഗ്‌, മാര്‍ക്കറ്റിംഗ്‌ എന്നിവ മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക കമ്പനികളും ക്ലസ്റ്ററില്‍ സാധ്യമാണ്‌.

ഹെറ്ററോജീനസ്‌ ക്ലസ്റ്റര്‍: വ്യത്യസ്‌ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്ന ഹെറ്ററോജീനസ്‌ ക്ലസ്റ്ററുകളില്‍ ഉന്നത നിലവാരം ആര്‍ജിക്കുന്നതിനായി ചിലതരം പ്രത്യേക സേവനങ്ങള്‍ പൊതുവായി ഉപയോഗപ്പെടുത്താനാകും. എസ്‌.എ.പി സേവനങ്ങള്‍, വാറ്റ്‌ ഓഡിറ്റ്‌, ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ്‌ തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്‌. ഒരു ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുടെ സേവനം ഒരു ചെറുകിട യൂണിറ്റിന്‌ മാത്രമായി താങ്ങാനാകില്ല. എന്നാല്‍ അഞ്ച്‌ കമ്പനികള്‍ ചേര്‍ന്ന്‌ അത്തരമൊരു പ്രൊഫഷണലിന്റെ സേവനം പ്രയോജനപ്പെടുത്തിയാല്‍ അവര്‍ക്കെല്ലാവര്‍ക്കും മികച്ച രീതിയില്‍ മുന്നേറാനാകും. ഫുഡ്‌ സര്‍വീസ്‌, ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്‌, ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ മെക്കാനിക്കല്‍ മെയ്‌ന്റനന്‍സ്‌ തുടങ്ങിയവയൊക്കെ ക്ലസ്റ്ററുകളില്‍ അഥവാ വ്യവസായ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച്‌ തുടങ്ങാവുന്ന സംരംഭങ്ങളാണ്‌. ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ ഹൗസ്‌ കീപ്പിംഗ്‌, അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണം, പരിശീലനം തുടങ്ങിയവയിലും ക്ലസ്റ്റര്‍ സമീപനം സാധ്യമാണ്‌.

സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ &
ഫിസിക്കല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍

മാറട്ടെ ചുറ്റുമുള്ള സാഹചര്യങ്ങളും

പുതുതലമുറ സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെങ്കില്‍ സംരംഭകന്റെ മനോഭാവവും ചിന്തകളും മാത്രമല്ല ചുറ്റിലുമുള്ള സാഹചര്യങ്ങളിലും മാറ്റം വരണം. രാജ്യാന്തരതലത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഇവിടെയും കുറെയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. ഉല്‍പ്പാദനരംഗത്ത്‌ യന്ത്രവല്‍ക്കണം നടപ്പാക്കി. സാങ്കേതികവിദ്യയില്‍ മുന്നേറ്റമുണ്ടായി. മാനേജ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എം.ഐ.എസ്‌), വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നിലവില്‍ വന്നുവെങ്കിലും അതിന്റെ എല്ലാ വശങ്ങളും നടപ്പാക്കുന്നതില്‍ നിന്നും നാം പിന്നോക്കം പോയി. ഉദാഹരണത്തിന്‌ 50 വര്‍ഷം മുമ്പ്‌ മിനിമം വേജസ്‌ ആക്‌ടിന്‌ സാംഗത്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ കുറഞ്ഞ വേതനം നിശ്ചയിക്കുമ്പോള്‍ കുറഞ്ഞ ഉല്‍പ്പാദന ക്ഷമതയും നിശ്ചയിക്കണം. മേഖലയും തൊഴിലും ഉല്‍പ്പാദന ക്ഷമതയും മറ്റും കണക്കിലെടുത്തുവേണം വേതനം നിശ്ചയിക്കേണ്ടത്‌. തൊഴിലാളികളുടെ കഴിവും വൈദഗ്‌ധ്യവും വര്‍ധിക്കുന്നതിനനുസരിച്ച്‌ വേതനം കുത്തനെ ഉയരുമ്പോള്‍ മിനിമം വേജസ്‌ ആക്‌ടിന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌. തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വര്‍ധിക്കുമ്പോഴാണ്‌ സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടത്‌. ഇന്ന്‌ തൊഴിലില്ലായ്‌മ നിലവിലില്ല. ഇക്കാര്യത്തില്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളിലെ കണക്കുകള്‍ അടിസ്ഥാനരഹിതമാണ്‌. ഇന്ന്‌ തൊഴിലില്ലായ്‌മയ്‌ക്കു പകരം മനപൂര്‍വ്വം തൊഴില്‍ ചെയ്യാതിരിക്കുന്ന പ്രവണതയാണുള്ളത്‌.

എന്തിനും ഏതിനും ചൈനയോട്‌ ഉപമിക്കാന്‍ താല്‍പ്പര്യമേറെയുള്ളവരാണ്‌ നാം. അവിടെ എട്ട്‌ മണിക്കൂര്‍ ജോലിയെന്ന ആശയം ഇല്ലാതായിട്ട്‌ നാളേറെയായി. സാധാരണ ജോലി സമയം 12 മണിക്കൂറാണ്‌. തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ട എല്ലാ അനുകൂല്യങ്ങളും നല്‍കണം. അത്‌ കുറച്ചു കൂടുതലായാലും കുഴപ്പമില്ല. പക്ഷേ, സമയബന്ധിതമായി ഗുണമേന്മയുള്ള ഉല്‍പ്പാദനം തൊഴിലാളികള്‍ ഉറപ്പാക്കണം. ഇത്‌ ചെയ്യാനായില്ലെങ്കില്‍ മികച്ച വളര്‍ച്ചയെന്നത്‌ അസാധ്യമാകും.

അതുപോലെ ഓരോ പ്രദേശത്തെയും ജനസമൂഹത്തിന്‌ ഒരുമിച്ച്‌ കൂടുന്നതിനുള്ള സംവിധാനങ്ങള്‍ അതത്‌ സ്ഥലങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്‌. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സൗകര്യങ്ങള്‍, ഇന്‍ഡോര്‍ ഗെയ്‌മിനുള്ള സംവിധാനങ്ങള്‍, രാവിലെയും വൈകിട്ടുമൊക്കെ നടക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയൊക്കെ സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ ഭാഗമായി നിര്‍മിക്കണം.

ജലപാതകള്‍ കേരളത്തിന്റെ വരദാനമാണ്‌. ചരക്ക്‌ നീക്കത്തിന്‌ പുറമെ ടൂറിസ്റ്റുകളുടെ യാത്രക്കും ഇത്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. ദേശീയപാത പാറശാല മുതല്‍ കാസര്‍കോട്‌ വരെ നാല്‌ വരിയായി വികസിപ്പിക്കുകയും റെയില്‍പ്പാത ഇരട്ടിപ്പിക്കുകയും ജലഗതാഗതം ശക്തിപ്പെടുത്തുകയും വേണം. ഇവയെല്ലാം പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പണ്‍ ട്രാക്കും ഫ്‌ളോട്ടിംഗ്‌ പ്ലാറ്റ്‌ഫോമുമൊക്കെ സജ്ജീകരിക്കുന്നതിലൂടെ റോഡിലൂടെ വരുന്ന ട്രക്കുകളെ ചരക്കിറക്കാതെതന്നെ അതേപടി റെയ്‌ല്‍/ജല മാര്‍ഗത്തിലൂടെ മറ്റൊരു സ്ഥലത്ത്‌ എത്തിച്ച്‌ വീണ്ടും റോഡിലൂടെ ഓടിച്ചുപോകാന്‍ കഴിയുന്ന റോള്‍ ഓണ്‍ ആന്‍ഡ്‌ റോള്‍ ഓഫ്‌ സംവിധാനവും കേരളത്തില്‍ നിര്‍മിക്കാനാകും. ഹൈവേകളിലെ തിരക്ക്‌ കുറയ്‌ക്കുന്നതിന്‌ മാത്രമല്ല ചരക്ക്‌ നീക്കത്തിനുള്ള ചെലവ്‌, വാഹനത്തിന്റെ മെയ്‌ന്റനന്‍സ്‌, ഇന്ധനം എന്നിവയുടെയൊക്കെ ചെലവ്‌ കുറക്കുന്നതിനും ഇത്‌ സഹായിക്കുന്നതാണ്‌. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ പി.പി.പി മാതൃകയില്‍ നിര്‍മിക്കാനാകും. ഇവയൊക്കെ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ക്ക്‌ മുന്നില്‍ വമ്പന്‍ അവസരങ്ങളാണ്‌ തുറന്നിടുന്നത്‌.


ലോജിസ്റ്റിക്‌സ്‌ & വെയര്‍ഹൗസിംഗ്‌
ഈ മേഖലകളില്‍ സാധ്യതകള്‍ അപാരം

പുതുതലമുറ ബിസിനസുകള്‍ ഏതെങ്കിലും ഒരു പ്രത്യേക ലൊക്കേഷനില്‍ ഒതുങ്ങാതെ നിരന്തരമായി വളര്‍ച്ചയും വികാസവും നേടിക്കൊണ്ടിരിക്കുന്നവയാണ്‌. ഒരു കുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറിയൊരു കമ്പനിക്കുപോലും വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മികച്ച വളര്‍ച്ച നേടാനാകും. ചൈനയില്‍ നിര്‍മിക്കുന്ന ഒരു ഉല്‍പ്പന്നം ഇവിടെയും ഇവിടെയുള്ളത്‌ മറ്റ്‌ വിദേശ രാജ്യങ്ങളിലുമൊക്കെ സുഗമമായി വിറ്റഴിക്കാവുന്ന ഒരു സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ഇതൊക്കെ വെയര്‍ഹൗസിംഗ്‌ ആന്‍ഡ്‌ ലോജിസ്റ്റിക്‌സ്‌ രംഗത്ത്‌ പുതിയൊരു ബിസിനസ്‌ സാധ്യതയാണ്‌ തുറന്നിടുന്നത്‌. ഇന്ത്യയില്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ ഇതൊരു വമ്പന്‍ ബിസിനസ്‌ അവസരമായി മാറാന്‍ പോകുകയാണ്‌. വല്ലാര്‍പാടവും വിഴിഞ്ഞവും ഉള്‍പ്പടെ കേരളത്തിലെ 18 തുറമുഖങ്ങളില്‍ മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ്‌ ഫെസിലിറ്റി നിലവില്‍ വന്നുകഴിഞ്ഞാല്‍ റോഡിന്‌ പകരം ജലമാര്‍ഗത്തിലൂടെ വന്‍തോതില്‍ ചരക്ക്‌ നീക്കം സാധ്യമാകും. ഇത്‌ ചെലവ്‌ കുറക്കുമെന്ന്‌ മാത്രമല്ല പല ഉല്‍പ്പന്നങ്ങള്‍ വിവിധ രീതിയില്‍ വിപണനം നടത്താനും സഹായിക്കും. ഉദാഹരണമായി ഒരു കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അതിന്റെ എല്ലാ ശാഖകളിലും ഒരുപോലെ വിറ്റുപോകണമെന്നില്ല. ശരിയായ പഠനത്തിലൂടെ സ്റ്റോക്കിന്റെ ഹോള്‍ഡിംഗ്‌ ടൈം വളരെയേറെ കുറച്ച്‌ ഡിമാന്റുള്ള സ്ഥലത്തേക്ക്‌ അവയൊക്കെ അതിവേഗം മാറ്റാനാകും. ഇതിലൂടെ വിറ്റുവരവ്‌ ഗണ്യമായി ഉയര്‍ത്താമെന്നതാണ്‌ നേട്ടം. ഇതിനായി ഐ.റ്റി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ എല്ലാവിധത്തിലും സുസജ്ജമായിട്ടുള്ള വന്‍കിട വെയര്‍ഹൗസുകള്‍ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിക്കാനാകും.

ഐ.റ്റി & ഐ.റ്റി. ഇ.എസ്‌
ചെറുകിട ഐ.റ്റി കമ്പനികളുടെ ബിസിനസ്‌ മാതൃക

ഐ.റ്റി രംഗത്തെ ചെറുകിട കമ്പനികള്‍ പ്രാദേശികമായി വിപണനം ചെയ്യാവുന്ന സൊലൂഷനുകള്‍ വികസിപ്പിച്ചെടുത്തുകൊണ്ട്‌ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. കാരണം ചെറുകിട വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്ക്‌ വന്‍കിട ഐ.റ്റി കമ്പനികളുടെ സാങ്കേതിക വിദ്യകള്‍ നടപ്പാക്കാനാകില്ല.
ഐ.റ്റി രംഗത്ത്‌ ചെറുകിട കമ്പനികളെ വളര്‍ത്തി കൊണ്ടുവരുന്നതിനായിട്ടാണ്‌ ജില്ലാതല പാര്‍ക്കുകളും ടെക്‌നോ ലോഡ്‌ജുകളുമൊക്കെ കേരളത്തില്‍ നിര്‍മിച്ചിട്ടുള്ളത്‌.

ഗ്ലോബല്‍ വില്ലേജ്‌ & ഗ്ലോബല്‍ സിറ്റിസണ്‍
ഇതാ ഒരു വിജയമാതൃക

പുതുതലമുറ ബിസിനസ്‌ സംരംഭങ്ങള്‍ക്ക്‌ മാതൃകകളും
നമുക്ക്‌ ചുറ്റിലുമുണ്ട്‌. അതിലൊന്നാണ്‌ ഈസ്റ്റേണ്‍. 25 വര്‍ഷം മുമ്പ്‌ മുളക്‌ പൊടിയോ മല്ലി പൊടിയോ വാങ്ങി കറി വെക്കുമായിരുന്നോ നമ്മള്‍? ഇല്ല. പക്ഷേ ഇന്ന്‌ സ്ഥിതിയെന്താണ്‌? ഇത്തരം പൊടികളില്ലാതെ പാചകം തന്നെ അസാധ്യമായി. വീടുകളിലെ അടുക്കളകളില്‍ ഇടിക്കലും പൊടിക്കലും ഇല്ലാതായപ്പോള്‍ അവയെല്ലാം ആ ദേശത്തെ മില്ലുകളിലേക്ക്‌ പോയി. പിന്നീട്‌ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചുകൊണ്ട്‌ പ്രാദേശികതലത്തില്‍ സംരംഭങ്ങള്‍ പൊട്ടിമുളച്ചു. തുടര്‍ന്ന്‌ അവയ്‌ക്ക്‌ ബ്രാന്‍ഡ്‌ പരിവേഷം വന്നു. കേരളത്തില്‍ നിന്നുള്ള ഈസ്റ്റേണ്‍ രാജ്യാന്തരതലത്തിലെ കമ്പനിയായി വളര്‍ന്നതങ്ങനെയാണ്‌. ഇത്തരമൊരു ആധുനിക ബിസിനസ്‌ സമീപനം അഥവാ പുതുതലമുറ ബിസിനസ്‌ ശൈലിയാണ്‌ എല്ലാ സംരംഭകരും സ്വീകരിക്കേണ്ടത്‌. 




വരുന്നൂ... എസ്‌.എം.ഇ എക്‌സ്‌ചേഞ്ച്‌
രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്നും ഏറ്റവും കുറഞ്ഞ ചെലവില്‍ അതിവേഗം മൂലധനം സ്വരൂപിക്കുന്നതിനായി പ്രത്യേക എസ്‌.എം.ഇ (സ്‌മോള്‍ ആന്‍ഡ്‌ മീഡിയം എന്റര്‍പ്രൈസ്‌) എക്‌സ്‌ചേഞ്ച്‌ രൂപീകരിക്കപ്പെടുന്നു.
ഏതാനും വര്‍ഷങ്ങളായി എസ്‌.എം.ഇ എക്‌സ്‌ചേഞ്ചിന്‌ തുടക്കം കുറിക്കാനു
ള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു സെബി (സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ). രാജ്യത്തെ ഏറ്റവും പഴക്കമേറിയ ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‌ പുറമെ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ (എന്‍.എസ്‌.ഇ), മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച്‌ (എം.സി.എക്‌സ്‌) എന്നിവയും എസ്‌.എം.ഇ പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനുള്ള അപേക്ഷ സെബിക്ക്‌ നല്‍കിയിട്ടുണ്ട്‌. അന്തിമാനുമതി ലഭിക്കുന്നതോടെ ഈ വര്‍ഷംതന്നെ എസ്‌.എം.ഇ എക്‌സ്‌ചേഞ്ച്‌ യാഥാര്‍ത്ഥ്യമായേക്കും.

``ചെറുകിട സംരംഭങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 15 ശതമാനം വളര്‍ച്ച നേടുന്നതിന്‌ ബാങ്ക്‌ വായ്‌പ തികച്ചും അനുയോജ്യമാണ്‌. എന്നാല്‍ 100 ശതമാനം വളര്‍ച്ചക്ക്‌ അത്‌ മതിയാകില്ല. ചെറുകിട വ്യവസായ മേഖലയില്‍ അത്തരമൊരു വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാന്‍ എസ്‌.എം.ഇ എക്‌സ്‌ചേഞ്ച്‌ സഹായകമാകും.'' സി.ഐ.ഐ കേരള ചാപ്‌റ്ററിന്റെ മുന്‍ ചെയര്‍മാനായ പി.ഗണേഷ്‌ അഭിപ്രായപ്പെടുന്നു. എസ്‌.എം.ഇകളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു പ്രത്യേക മൂലധന വിപണി വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സെബി എസ്‌.എം.ഇ എക്‌സ്‌ചേഞ്ചിന്‌ തുടക്കം കുറിക്കുന്നത്‌.

മുഖ്യ ഓഹരി വിപണിയില്‍ നിന്നും മാറി ഒരു പ്രത്യേക വിഭാഗമായിട്ടാണ്‌ എസ്‌.എം.ഇ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തിക്കുക. പെയ്‌ഡ്‌ അപ്‌ കാപ്പിറ്റല്‍ 10 കോടി മുതല്‍ 25 കോടി വരെയുള്ള കമ്പനികളെയാണ്‌ എസ്‌.എം.ഇ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ 25 കോടിക്ക്‌ മുകളില്‍ വരുന്ന കമ്പനികള്‍ നിര്‍ബന്ധമായും പ്രധാന എക്‌സ്‌ചേഞ്ചിലേക്ക്‌ മാറേണ്ടതുണ്ട്‌. എന്നാല്‍ 10 മുതല്‍ 25 കോടി വരെ പെയ്‌ഡ്‌ അപ്‌ കാപ്പിറ്റലുള്ള കമ്പനികള്‍ അവര്‍ക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പ്രധാന എക്‌സ്‌ചേഞ്ചിലേക്ക്‌ മാറിയാല്‍ മതി. ചെറുകിട ഇടത്തരം കമ്പനികളുടെ ലിസ്റ്റിംഗിന്‌ അവയുടെ പബ്ലിക്‌ ഇഷ്യുവിന്റെ 25 ശതമാനം പൊതുജനങ്ങളുടെ വിഹിതമായിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ``ഐ.പി.ഒയിലും സെക്കന്‍ഡറി മാര്‍ക്കറ്റിലുമൊക്കെ ഏറ്റവും കുറഞ്ഞ ലോട്ട്‌ ഒരു ലക്ഷം രൂപയുടേതാണ്‌. കൂടാതെ ഐ.പി.ഒയിലൂടെ ഏറ്റവും കുറഞ്ഞത്‌ 50 നിക്ഷേപകരെങ്കിലും ലഭിച്ചിരിക്കണമെന്നുണ്ടെങ്കിലും പിന്നീടത്‌ നിലനിര്‍ത്തണമെന്ന നിബന്ധനയില്ല, ` ക്യാപ്‌സ്റ്റോക്‌സിന്റെ അസിസ്റ്റന്റ്‌ വൈസ്‌ പ്രസിഡന്റായ അംജദ്‌ ഹൈദരി ചൂണ്ടിക്കാട്ടി.




കോര്‍പ്പറേറ്റുകള്‍ക്കായി രൂപം കൊടുത്തിട്ടുള്ള നിബന്ധനകള്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക്‌ അനുയോജ്യമാകില്ല എന്നതിനാല്‍ എസ്‌.എം.ഇ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്ന സംരംഭങ്ങള്‍ക്ക്‌ സെബി ഒട്ടേറെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്‌. സാധാരണഗതിയില്‍ കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍ ത്രൈമാസാടിസ്ഥാനത്തില്‍ നല്‍കേണ്ടതുണ്ടെങ്കില്‍ എസ്‌.എം.ഇകള്‍ അര്‍ധവാര്‍ഷിക കണക്കുകള്‍ മാത്രം നല്‍കിയാല്‍ മതി. കൂടാതെ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നിക്ഷേപകര്‍ക്ക്‌ അയക്കുന്നതിന്‌ പകരം നിര്‍ദിഷ്‌ട ഭാഗങ്ങള്‍ മാത്രം അയച്ചാല്‍ മതിയെന്നും കമ്പനിയുടെ സാമ്പത്തിക ഫലങ്ങള്‍ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനു പകരം അവയുടെ വെബ്‌സൈറ്റില്‍ കൊടുത്താല്‍ മതിയെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്‌. ഇത്തരം നടപടികളൊക്കെ ഓഹരി വിപണിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെറു കമ്പനികളുടെ പ്രവര്‍ത്തന ചെലവ്‌ കുറക്കുന്നതിന്‌ വേണ്ടിയാണെന്ന്‌ അംജദ്‌ ഹൈദരി പറഞ്ഞു. നിശ്ചിത കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കമ്പനികള്‍ക്കേ ലിസ്റ്റിംഗ്‌ അനുവദിക്കൂവെന്ന നിബന്ധനയില്ലാത്തതിനാല്‍ തുടക്കക്കാരായ കമ്പനികള്‍ക്കും ഓഹരി വിപണിയുടെ സാധ്യതകള്‍ തുടക്കം മുതല്‍ക്കുതന്നെ ഉപയോഗപ്പെടുത്താനാകുമെന്നതാണ്‌ മറ്റൊരു നേട്ടം.

എസ്‌.എം.ഇ എക്‌സ്‌ചേഞ്ചിലെ ട്രേഡിംഗ്‌ ലോട്ട്‌ ഏറ്റവും കുറഞ്ഞത്‌ ഒരു ലക്ഷം രൂപയാണെന്നത്‌ ചെറുകിട നിക്ഷേപകരെ വിപണിയില്‍ നിന്നും അകറ്റിയേക്കുമെന്നാണ്‌ സൂചന. എന്നാലിത്‌ ചെറുകിട നിക്ഷേപകരെ സംരക്ഷിക്കാനും പകരം വിപണിയെക്കുറിച്ച്‌ അവഗാഹമുള്ള ഹൈ-നെറ്റ്‌ വര്‍ത്ത്‌ ഇന്‍വെസ്റ്റേഴ്‌സിനെ എസ്‌.എം.ഇയില്‍ നിക്ഷേപം നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എസ്‌.എം.ഇ മേഖല കേന്ദ്രീകരിച്ച്‌ 1989ല്‍ OTCEI (ഓവര്‍ ദി കൗണ്ടര്‍ എക്‌സ്‌ചേഞ്ച്‌ ഓഫ്‌ ഇന്ത്യ), 2005ല്‍ Indonext എന്നീ എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും സാങ്കേതികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ കാരണം അവ പരാജയപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പാളിച്ചകള്‍ പരിഹരിച്ചുകൊണ്ടാണ്‌ പുതിയ എസ്‌.എം.ഇ എക്‌സ്‌ചേഞ്ചിന്‌ ഇപ്പോള്‍ തുടക്കം കുറിക്കുന്നത്‌. ഒട്ടേറെ വിദേശ രാജ്യങ്ങളിലും ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ നിലവിലുണ്ട്‌. 

രാജ്യത്തെ 26 മില്യണ്‍ മൈക്രോ സ്‌മോള്‍ ആന്‍ഡ്‌ മീഡിയം സംരംഭങ്ങളിലായി 60 മില്യണ്‍ പേര്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ കണക്ക്‌. ജി.ഡി.പിയുടെ എട്ട്‌ ശതമാനവും ഉല്‍പ്പാദനമേഖലയുടെ 45 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്‌. കേരളത്തിലെ ഉല്‍പ്പാദന മേഖലയില്‍ മാത്രം ഏകദേശം രണ്ട്‌ ലക്ഷത്തോളം സംരംഭങ്ങള്‍ നിലവിലുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇവയൊക്കെ നിലനില്‍ക്കണമെങ്കില്‍ വളര്‍ച്ച കൈവരിച്ചേ മതിയാകൂവെന്ന സന്ദേശം ശക്തമായി ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള ഏറ്റവും മികച്ച മാര്‍ഗമായി എസ്‌.എം.ഇ എക്‌സ്‌ചേഞ്ചിനെ സംരംഭകര്‍ ഉപയോഗപ്പെടുത്തുകയും വേണം. ``പ്രവര്‍ത്തനരംഗത്ത്‌ 100 ശതമാനം സുതാര്യത ഉറപ്പാക്കുകയും മികച്ച ഉല്‍പ്പാദന-വിതരണ സംവിധാനങ്ങള്‍ സജ്ജമാക്കുകയും എക്കൗണ്ടിംഗ്‌ രീതികള്‍ നിലവാരമുള്ളതാക്കുകയും ചെയ്‌തുകൊണ്ട്‌ കേരളത്തില്‍ നിന്ന്‌ പ്രതിവര്‍ഷം 50ഓളം സംരംഭങ്ങളെങ്കിലും എസ്‌.എം.ഇ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യപ്പെടേണ്ടതായുണ്ട്‌.''ഗണേഷ്‌ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തില്‍ നൂതനമായ വ്യവസായ സംരംഭങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ള ലേഖകന്‍, തിരുവനന്തപുരത്തെ ഗ്ലാസ്‌ ആന്‍ഡ്‌ ഗ്ലേസിംഗിന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസറുമാണ്‌.



No comments:

Post a Comment