Tuesday, 21 June 2011

എങ്ങനെ അപേക്ഷിക്കാം?

ബി. പ്രസന്ന കുമാര്‍

ധനകാര്യ സ്ഥാപനങ്ങളില്‍ വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുന്നതിന്‌ മുമ്പുതന്നെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു ലഭിക്കുന്ന ഗ്രാന്റ്‌ / സബ്‌സിഡികളെപ്പറ്റി സംരംഭകന്‌ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷയുടെ രണ്ട്‌ കോപ്പി സഹിതം ബന്ധപ്പെട്ട ബാങ്കിന്റെ ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. മറ്റു പ്രമാണങ്ങള്‍ക്കൊപ്പം ഒരു പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ തയാറാക്കിയ സാധ്യതാ റിപ്പോര്‍ട്ടും ഹാജരാക്കണം. സബ്‌സിഡി അനുവദിച്ച യൂണിറ്റിന്റെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണം.

ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെയുള്ള ഊന്നല്‍ (Thrust)വ്യവസായത്തിന്‌ സംസ്ഥാന മൂലധന സബ്‌സിഡിക്ക്‌ അപേക്ഷിക്കേണ്ടത്‌ യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചതിന്‌ ശേഷമാണ്‌. പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡിക്ക്‌ അപേക്ഷ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. ഭക്ഷ്യസംസ്‌കരണ മേഖല ഉള്‍പ്പടെയുള്ള ഊന്നല്‍ വ്യവസായ യൂണിറ്റുകള്‍ക്ക്‌ മൂലധന സബ്‌സിഡി ലഭിക്കാന്‍ നിര്‍ദിഷ്‌ട അപേക്ഷാ ഫോറത്തില്‍ ജില്ലാതല സംസ്ഥാന മൂലധന സബ്‌സിഡി കമ്മിറ്റിയുടെ കണ്‍വീനറായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷയോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസും സ്ഥലത്തിന്‌ ക്ലെയിം ഉണ്ടെങ്കില്‍ പ്രമാണം / തഹസില്‍ദാരുടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കെട്ടിടം സ്വന്തമാണെങ്കില്‍ പ്ലാനും എസ്റ്റിമേറ്റും, അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, പി.ഡബ്ല്യു യു.ഡി / ചാര്‍ട്ടേഡ്‌ എന്‍ജിനീയറുടെ വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, മെഷിനറിയുടെ ബില്ലുകള്‍, M.S.M.E EM Part II Acknowledgement, ചാര്‍ട്ടേഡ്‌ എക്കൗണ്ടന്റ്‌ സര്‍ട്ടിഫൈ ചെയ്‌ത ബാലന്‍സ്‌ ഷീറ്റ്‌, ചാര്‍ട്ടേഡ്‌ എക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റ്‌, പ്രോജക്‌റ്റ്‌ റിപ്പോര്‍ട്ട്‌, ബാങ്കില്‍ നിന്ന്‌ വായ്‌പയെടുത്തിട്ടുണ്ടെങ്കില്‍ ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ്‌, കമ്പനി രജിസ്‌ട്രേഷന്‍ / പാര്‍ട്ട്‌ണര്‍ഷിപ്പ്‌ ഡീഡ്‌ എന്നിവയുടെ കോപ്പി എന്നിവ നല്‍കണം. വായ്‌പ എടുത്തിട്ടുള്ള കേസുകളില്‍ സബ്‌സിഡി തുക ധനകാര്യ സ്ഥാപനങ്ങളിലേക്ക്‌ അയച്ചുകൊടുക്കും. ഈ തുക ബാങ്കുകള്‍ യൂണിറ്റിന്റെ എക്കൗണ്ടില്‍ വരവ്‌ വെയ്‌ക്കും. വായ്‌പ എടുക്കാത്ത യൂണിറ്റുകള്‍ക്ക്‌ സബ്‌സിഡി തുക നേരിട്ട്‌ അയച്ചുകൊടുക്കും. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തില്‍ നിന്ന്‌ സബ്‌സിഡി ലഭിച്ചവര്‍ക്ക്‌ സംസ്ഥാന മൂലധന സബ്‌സിഡിക്ക്‌ അര്‍ഹതയില്ല.

ജില്ലാതല സംസ്ഥാന മൂലധന സബ്‌സിഡി കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ കളക്‌റ്ററും ഡി.ഐ.സി ജനറല്‍ മാനേജര്‍ കണ്‍വീനറും സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ലീഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ മാനേജര്‍, കെ.എഫ്‌.സി മാനേജര്‍ എന്നിവര്‍ അംഗങ്ങളുമാണ്‌. 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്നതിനുള്ള അപേക്ഷയാണ്‌ ജില്ലാതല കമ്മിറ്റി പരിഗണിക്കുന്നത്‌. അതിന്‌ മുകളിലുള്ള കേസുകള്‍ സംസ്ഥാന മൂലധന സബ്‌സിഡി കമ്മിറ്റിയാണ്‌ പരിഗണിക്കേണ്ടത്‌. സ്റ്റേറ്റ്‌ ലെവല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ വ്യവസായ സെക്രട്ടറിയും കണ്‍വീനര്‍ വ്യവസായ വാണിജ്യ ഡയറക്‌റ്ററുമാണ്‌. യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രാന്റിനുള്ള അപേക്ഷ നല്‍കണം.

ഭക്ഷ്യസംസ്‌കരണ മേഖലയിലെ ചില പദ്ധതികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ക്രെഡിറ്റ്‌ ലിങ്ക്‌ഡ്‌ കാപ്പിറ്റല്‍ സബ്‌സിഡി സ്‌കീം (Credit Linked Capital Subsidy Scheme (CLCSS) for Technological upgradation of SSI ) പ്രകാരം 15 ശതമാനം സബ്‌സിഡിക്കും അര്‍ഹതയുണ്ട്‌. സംസ്ഥാന സബ്‌സിഡി ലഭിച്ചവര്‍ക്ക്‌ CLCSS-ന്‌ അപേക്ഷിക്കാം.

ജില്ലാ വ്യവസായകേന്ദ്രം മുന്‍ ജനറല്‍ മാനേജരും ബിസിനസ്‌ കണ്‍സള്‍ട്ടന്റുമാണ്‌ ലേഖകന്‍.
സംശയങ്ങള്‍ ധനം, കടവന്ത്ര, കൊച്ചി എന്ന വിലാസത്തില്‍ അയയ്‌ക്കുക. email:dhanam20@gmail.com, ലേഖകന്റെ ഫോണ്‍ 0484-2204436

No comments:

Post a Comment