Tuesday, 21 June 2011

കുറഞ്ഞ മൂലധനം കൊണ്ട്‌ തുടങ്ങാന്‍ ഇതാ നാല്‌ സംരംഭങ്ങള്‍


തീരദേശ നിവാസികള്‍ക്ക്‌ എളുപ്പം ചെയ്യാവുന്ന ഒരു പദ്ധതിയാണ്‌ ചെമ്മീന്‍, മീന്‍, കക്ക, കല്ലുമ്മക്കായ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം. എറണാകുളം ജില്ലയിലെ ഞാറക്കല്‍ പ്രദേശത്ത്‌ കൃഷി വിജ്‌ഞാനകേന്ദ്രത്തിന്റെ സഹായത്തോടുകൂടി ധാരാളം സ്‌ത്രീകള്‍ ഈ തൊഴില്‍ ചെയ്‌ത്‌ ഉപജീവനം തേടുന്നുണ്ട്‌. മീന്‍ ഉണക്കിയത്‌, മീന്‍,കക്ക, ചെമ്മീന്‍ അച്ചാറുകള്‍, കൊഞ്ചുപൊടി എന്നിവ രുചികരമായി പാകം ചെയ്‌ത്‌ പ്ലാസ്റ്റിക്‌ കവറില്‍ ഭംഗിയായി പാക്കുചെയ്‌ത്‌ കൊടുത്താല്‍ എത്ര വേണമെങ്കിലും വാങ്ങിക്കൊണ്ടുപോകാന്‍ ആളുകളുണ്ട്‌. കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കൊണ്ടുപോയി കൊടുക്കുകയുമാകാം.

ഒരു കിലോ ഉണ്ടാക്കി എടുക്കുന്നതിന്‌ ശരാശരി 196 രൂപയാകും. ആകെ ചെലവ്‌ 300 രൂപയും. വിറ്റാല്‍ കിലോക്ക്‌ 104 രൂപ ലാഭം കിട്ടം. ആണ്ടില്‍ 1300 കിലോ ഉണ്ടാക്കി വിറ്റാല്‍ മൊത്തം ലാഭം 1,35,200 രൂപ.
വേണ്ട ഉപകരണങ്ങള്‍: മല്‍സ്യം ഡ്രസ്‌ ചെയ്യുന്നതിന്‌ ഒരു മേശ, ഇറച്ചി അരിയുന്ന ഒരു `മിന്‍സര്‍', വെറ്റ്‌ ഗ്രൈന്‍ഡര്‍ (3 ലി) - 1, മിക്‌സി (ഫുഡ്‌ പ്രോസസര്‍) - 1, ഇലക്ട്രോണിക്‌ ബാലന്‍സ്‌ - 1, ഇലക്ട്രിക്‌ സീലിംഗ്‌ മെഷീന്‍ - 1, അരിയുന്നതിനുള്ള പലകകള്‍ - 6, തവി, കരണ്ടി മുതലായവ - 10, 1.25x0.60 മീറ്റര്‍ സൈസില്‍ ഒരു വര്‍ക്‌ ടേബിള്‍, ഗ്യാസ്‌ സ്റ്റൗ - 1, വറച്ചട്ടി (ഫ്രയിംഗ്‌ പാന്‍) - 50 ലി - രണ്ട്‌, ഉരുളി - 1, അരിപ്പകള്‍ (സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍) - 2 കട്‌ലറി - 10, മല്‍സ്യം ഉണക്കുന്നതിന്‌ നൈലോണ്‍ നെറ്റ്‌കൊണ്ട്‌ മൂടാവുന്ന റാക്കുകള്‍ - 5, അലുമിനിയം ട്രേകള്‍ - 50 (അടപ്പോടുകൂടിയവ). എല്ലാം കൂടി 85,700 രൂപ. ഇതില്‍ 65,000 രൂപ ടേം ലോണായി വാങ്ങാം.
ഒരു മാസം 1000 രൂപ വെച്ച്‌ ദീര്‍ഘകാല വായ്‌പയുടെ മുതല്‍ തിരിച്ചടക്കാം
അഞ്ച്‌ വര്‍ഷം അഞ്ചു മാസംകൊണ്ട്‌ 65,000 രൂപയും അടച്ചു തീര്‍ക്കാം. വര്‍ക്കിംഗ്‌ കാപ്പിറ്റലിന്‌ പലിശ കൊടുത്തുകൊണ്ടിരുന്നാല്‍ മതി. വേണമെങ്കില്‍ 5  വര്‍ഷം കഴിഞ്ഞ്‌ അതും കുറേശെ അടച്ചുതീര്‍ക്കാം.

ചെമ്മീന്‍ കൃഷി
ചെമ്മീന്‍ വളര്‍ത്തലിനു സൗകര്യമുള്ളവര്‍ക്ക്‌ ആദായകരമായ ഒരു സംരംഭമാണ്‌ ചെമ്മീന്‍കൃഷി. ഒരു ഹെക്‌റ്റര്‍ സ്ഥലത്ത്‌ സ്ഥലത്ത്‌ നേരിയ ഉപ്പുരസമുള്ള വെള്ളത്തില്‍ (Brackish water) ടൈഗര്‍ ഷ്രംപ്‌ (Tiger shrimp) എന്ന ചെമ്മീന്‍ വളര്‍ത്തുന്നതിന്റെ വരവു ചെലവുകള്‍ താഴെ കൊടുത്തിരിക്കുന്നു:
സ്ഥലത്തിന്റെ പാട്ടം അഞ്ച്‌ മാസത്തേക്ക്‌
8,000 x 5 = 40,000
വാച്ച്‌ & വാര്‍ഡുകള്‍ക്ക്‌ താല്‍ക്കാലിക ഷെഡ്‌ = 7,000
ബണ്ട്‌ (അണ), അറ്റകുറ്റപ്പണി, തറ ലെവല്‍
ചെയ്യല്‍, ചാലുകീറല്‍ മുതലായവയ്‌ക്ക്‌ = 7,500
സ്ലൂയിസ്‌ ഗേറ്റിന്റെ അറ്റകുറ്റപ്പണി, ഉറപ്പിക്കല്‍ = 5,000
വള്ളം, വല, ഹാപാ (മീന്‍ ഇടാനുള്ള
നൈലോണ്‍ നെറ്റുകൊണ്ടുണ്ടാക്കിയ
തൊട്ടിലുകള്‍), തൊട്ടികള്‍, മറ്റു പാത്രങ്ങള്‍ = 5,500
മറ്റ്‌ അനാവശ്യ മല്‍സ്യവര്‍ഗങ്ങളെ
ഉന്മൂലനം ചെയ്യല്‍ = 5,000
കുമ്മായം ചേര്‍ക്കല്‍ (200 കി.) = 2,000
ചെമ്മീന്‍ കുഞ്ഞുങ്ങള്‍ 50,000 എണ്ണം
500 / 1000 എണ്ണം = 25,000
ചെമ്മീന്‍ തീറ്റ (2500 കിലോ @ 50 / കിലോ = 1,25,000
വാച്ച്‌ & വാര്‍ഡ്‌ 5000x 5 മാസം = 25,000
വിളവെടുപ്പുകൂലി = 10,000
പലവക = 3,000
ആകെ = 2,60,000

ഉല്‍പ്പാദനം 1200 കിലോ തലസഹിതം
(50,000 ചെമ്മീനുകളില്‍ 60 ശതമാനം വലുതായി കിട്ടും എന്നു കരുതുക. ഒന്നിന്‌ 40 ഗ്രാം ശരാശരി തൂക്കം)
കിലോയ്‌ക്ക്‌ 300 വെച്ച്‌ വരവ്‌ = 3,60,000
ചെലവ്‌ കിഴിച്ചുള്ള ലാഭം = 1,00,000
കൃഷിവിജ്ഞാന്‍ കേന്ദ്രത്തോട്‌ കടപ്പാട്‌

പലഹാരങ്ങള്‍
നല്ല ലാഭ സാധ്യതയുള്ളതാണ്‌ ഈ വ്യവസായം. വൈകിട്ട്‌ ചായക്ക്‌ പലഹാരങ്ങള്‍ ഒന്നും ഇപ്പോള്‍ അധികം പേരും വീട്ടില്‍ ഉണ്ടാകാറില്ല. ചായക്കടകള്‍ പോലും വെളിയില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവരുന്നവരുടെ കൈയില്‍ നിന്നും വാങ്ങുകയാണ്‌ ചെയ്യുന്നത്‌. നാടന്‍ പലഹാരങ്ങള്‍ക്ക്‌ ഡിമാന്റ്‌ ദിനംപ്രതി കൂടിക്കൂടി വരുകയാണ്‌. എണ്ണപ്പലഹാരങ്ങളാണെങ്കില്‍ രണ്ട്‌ ദിവസം ഇരുന്നാലും ചീത്തയാകാത്തവയാണ്‌. പ്ലാസ്റ്റിക്‌ കവറില്‍ പായ്‌ക്ക്‌ ചെയ്‌ത്‌ സീല്‍ ചെയ്‌തു വില്‍ക്കണമെന്നു മാത്രം.

ഉണ്ണിയപ്പം, നെയ്യപ്പം, പഴംപൊരി, അച്ചപ്പം, അലുവ, കപ്പലണ്ടിമിഠായി, ഉഴുന്നുവട, പരിപ്പുവട, അവലോസുണ്ട, മിക്‌സ്‌ചര്‍, പക്കാവട, മുറുക്ക്‌ എന്നീ എണ്ണപ്പലഹാരങ്ങള്‍, ഇലയട, കുമ്പിളപ്പം (തെരളി), ചക്കയപ്പം എന്നീ ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എന്നിവയ്‌ക്കാണ്‌ ആവശ്യക്കാരേറെയുള്ളത്‌.

വേണ്ട ഉപകരണങ്ങള്‍:
വര്‍ക്ക്‌ ടേബിളുകള്‍ (Stainless steel top) - 3 എണ്ണം, വറച്ചട്ടി - 3 എണ്ണം, അച്ചുകള്‍, കോരികള്‍, അരിപ്പകള്‍ - ആകെ 12 എണ്ണം, വലിയ ഇഡ്ഡലിത്തട്ടുകള്‍, അലുമിനിയം പാത്രം - 2 സെറ്റ്‌, ഇലക്‌ട്രിക്‌ സീലര്‍ - 1, സ്റ്റോറേജ്‌ റാക്കുകള്‍ - 5 എണ്ണം (നെറ്റുള്ളത്‌)
6m x 4 m സ്ഥലം + ഷെഡ്‌ വാടകയ്‌ക്ക്‌ എടുക്കാം
ജോലിക്കാര്‍ - 6 സ്‌ത്രീകള്‍

ഉല്‍പ്പന്നങ്ങള്‍ സൈക്കിളിലോ മോട്ടോര്‍ വാഹനങ്ങളിലോ ഡെലിവറി നടത്താം. ഇന്നു കൊടുക്കുന്ന സാധനങ്ങള്‍ക്ക്‌ അടുത്ത ദിവസം വില തരണമെന്നു വ്യവസ്ഥ വെക്കണം. കൊടുക്കുന്ന സാധനങ്ങള്‍ക്ക്‌ രസീത്‌ ബുക്കില്‍ ഒപ്പിട്ടു വാങ്ങണം.

ഒരു പഴംപൊരി ഉണ്ടാക്കാന്‍ ഒന്നര രൂപയില്‍ കൂടുതല്‍ ആകുകയില്ല. ഹോട്ടലില്‍ ഒരെണ്ണത്തിന്‌ 5-6 രൂപ കൊടുക്കണം. അപ്പോള്‍ വ്യവസായിക്ക്‌ എന്തായാലും 3 രൂപയെങ്കിലും കിട്ടും. അതായത്‌ ഒന്നര രൂപ ലാഭം. അങ്ങനെ ഓരോ ഐറ്റവും ഒന്നിന്‌ കുറഞ്ഞത്‌ ഒരു രൂപ ലാഭം കിട്ടും. ആദ്യം കുറെ ഐറ്റങ്ങള്‍ ഉണ്ടാക്കി വിറ്റ്‌ നോക്കുക. വില്‍പ്പന വര്‍ധിക്കുന്നതനുസരിച്ച്‌ മറ്റ്‌ ഐറ്റങ്ങളിലേക്കു പോകാം.

പേപ്പര്‍ ക്ലിപ്പ്‌ (പ്ലാസ്റ്റിക്‌) നിര്‍മാണം
പ്ലാന്റ്‌ കപ്പാസിറ്റി: വര്‍ഷത്തില്‍ നാല്‌ ലക്ഷം ക്ലിപ്പുകള്‍ (ഒറ്റ ഷിഫ്‌റ്റില്‍ 300 ദിവസം എന്ന കണക്കില്‍)
പ്രധാന അസംസ്‌കൃത വസ്‌തുക്കള്‍: പോളിസ്റ്റെറൈന്‍, കളര്‍ പിഗ്‌മെന്റ്‌സ്‌ (വര്‍ഷം ഒരു ടണ്‍)
പ്ലാന്റ്‌ ആന്‍ഡ്‌ മെഷിനറി
1. കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഇന്‍ജെക്‌ഷന്‍, മോള്‍ഡിംഗ്‌ മെഷീന്‍ (15 ഗ്രാം കപ്പാസിറ്റി), എനര്‍ജി റെഗുലേറ്റര്‍ - 1 എണ്ണം
2. ഇന്‍ജക്‌ഷന്‍ മോള്‍ഡ്‌ - 1 എണ്ണം

പ്രോസസ്‌
ഇന്‍ജക്‌ഷന്‍ മോള്‍ഡിംഗ്‌ മെഷീന്‌ രണ്ട്‌ ഭാഗങ്ങളാണുള്ളത്‌.
1. വൈദ്യുതികൊണ്ട്‌ പ്ലാസ്റ്റിക്‌ ഉരുക്കി മര്‍ദത്തില്‍ പുറംതള്ളുന്നതിനുള്ള സംവിധാനം.
2. അടയ്‌ക്കുകയും തുറക്കുകയും ചെയ്യാവുന്നതും ഇന്‍ജക്‌ഷന്‍ നടക്കുമ്പോള്‍ പൂട്ടപ്പെട്ട നിലയില്‍ വെക്കാവുന്നതുമായ മോള്‍ഡ്‌.
ഇന്‍ജക്‌ഷന്‍ കഴിഞ്ഞാല്‍ തണുത്തതിനു ശേഷം മോള്‍ഡ്‌ തുറന്ന്‌ ക്ലിപ്പുകള്‍ കൈകൊണ്ട്‌ ഇളക്കി എടുക്കാം.
ഭൂമിയും കെട്ടിടവും
40 ചതുരശ്ര മീറ്റര്‍ ഭൂമിയും 20 ചതുരശ്ര മീറ്റര്‍ കെട്ടിടവും മാത്രമേ ആവശ്യമുള്ളൂ. വീടിന്റെ ഒരു ഭാഗം ചായ്‌ച്ചിറക്കി ഒരു ഷെഡ്‌ നിര്‍മിച്ചാല്‍ ധാരാളം. അല്ലെങ്കില്‍ സ്ഥലം വാടകയ്‌ക്കെടുക്കാം.
വൈദ്യുതി, ജലം
1 kw ന്റെ സിംഗിള്‍ ഫേസ്‌ കണക്‌ഷനും (230 V, 5 Hz), ഒരു ദിവസം 0.5 കിലോ ലിറ്റര്‍ വെള്ളവും മതിയാകും.
ജോലിക്കാര്‍
ഒരു വിദഗ്‌ധ തൊഴിലാളിയുടെ ആവശ്യമേയുള്ളു.
പ്രോജക്‌റ്റ്‌ കോസ്റ്റ്‌: പ്ലാന്റ്‌ & മെഷിനറിയും
രണ്ട്‌ മാസത്തെ അസംസ്‌കൃതവസ്‌തുക്കളും ചേര്‍ത്ത്‌ ഏകദേശം 95,000

No comments:

Post a Comment