
സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും വികസനത്തിനും എത്രമാത്രം നിര്‍ണായകമാണെന്ന് കാണിക്കുന്നതായിരുന്നു കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ മദ്രാസ് മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ കൊച്ചിയില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ സെമിനാര്‍. ഐ.സി.ഐ.സി.ഐ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്‌റ്ററും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ എന്‍.എസ് കണ്ണനാണ് സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ - വെല്ലുവിളികളും അവസരങ്ങളും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്.
എം.എസ്.എം.ഇ രാജ്യത്തിന്റെ നട്ടെല്ല്
രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 40 ശതമാനവും മൊത്തം ഉല്‍പ്പാദനത്തിന്റെ 45 ശതമാനവും സംഭാവന ചെയ്യുന്നത് സൂക്ഷ്‌മ ചെറുകിട ഇടത്തരം മേഖലയാണ്. നിലവില്‍ 2.6 കോടി യൂണിറ്റുകളിലൂടെ രാജ്യത്ത് 5.90 കോടി ജനങ്ങള്‍ക്ക് ഈ മേഖല തൊഴില്‍ ലഭ്യമാക്കുന്നുണ്ട്. 6000ത്തോളം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പരമപ്രധാനമാണെന്ന് സെമിനാറില്‍ സംസാരിച്ച വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
ചെറുകിട സംരംഭങ്ങളിലൂടെ തുടങ്ങി വന്‍കിട സംരംഭകരാകാനാണ് എം.എസ്.എം.ഇ മേഖലയിലുള്ളവര്‍ ശ്രമിക്കേണ്ടതെന്ന് കണ്ണന്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉല്‍പ്പന്നത്തെ തന്നെയാണ് ചെറുകിട സംരംഭകര്‍ ബ്രാന്‍ഡ് ബില്‍ഡിംഗിനായി ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായെപ്പട്ടു.
സെമിനാറില്‍ സംരംഭങ്ങള്‍ക്കുള്ള പുതിയ ധനസമാഹരണ മാര്‍ഗങ്ങളെ കുറിച്ച് വെഞ്ച്വര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി.വിജയരാഘവന്‍ സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എ.ജി.എം ഷിബു മാത്യൂസ് ജേക്കബ് ബാങ്ക് വായ്‌പകളെ കുറിച്ചാണ് വിശദീകരിച്ചത്.
സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിജയത്തിനുള്ള തുറുപ്പ് ചീട്ടായി ഐ.റ്റിയെ ഉപയോഗപ്പെടുത്താമെന്ന് സെമിനാറില്‍ സംസാരിച്ച ഐ.ഐ.ഐ മദ്രാസ് ചാപ്‌റ്റര്‍ മുന്‍ പ്രസിഡന്റ് ആര്‍.വിത്തല്‍രാജ് അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നത്തിന്റെ ഉപഭോക്താവിനെയും വിപണിയെയും ശരിക്കും തിരിച്ചറിഞ്ഞതിനുശേഷം അതിനനുസരിച്ചാകണം മാര്‍ക്കറ്റിംഗും അഡ്വര്‍ടൈസിംഗും നടത്തേണ്ടതെന്ന് സെമിനാറില്‍ സംബന്ധിച്ച ഈസ്റ്റേണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.
വ്യവസായ വാണിജ്യവകുപ്പ് അഡീഷണല്‍ ഡയറക്‌റ്റര്‍ എം.അബ്‌ദുള്‍ മജീദ്, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ സി.പി ജോണ്‍, മാക്‌ഫാസ്റ്റ് (Macfast) കോളെജ് ഡയറക്‌റ്റര്‍ ഡോ.പി.കെ ഏബ്രഹാം, ടീം ഫ്രന്‍ഡ്‌ലൈന്‍ എം.ഡി എസ്.ആര്‍ നായര്‍, മദ്രാസ് മാനേജ്‌മെന്റ് അസോസിയേഷനിലെ ക്യാപ്‌റ്റന്‍ ആര്‍.വിജയകുമാര്‍, കെ.എം.എ പ്രസിഡന്റ് പി.സത്യനാരായണന്‍, സെക്രട്ടറി പി.പ്രേം ചന്ദ്,സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.മനോമോഹനന്‍, കണ്‍വീനര്‍ ജി.രാമമോഹനന്‍ നായര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംസാരിച്ചു.
കമന്റ് ലൈക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ
ReplyDeleteകമന്റ് ലൈക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ
ReplyDelete