Wednesday, 22 June 2011

വീട്‌ സ്വന്തമാക്കും മുമ്പ്‌...


സ്വന്തമായൊരു വീട്‌ സ്വപ്‌നം കാണാത്തവര്‍ ചുരുക്കം. വീടിനെ സ്ഥിരതാമസത്തിനും സ്ഥിര നിക്ഷേപത്തിനുമുള്ള ഉപാധിയായി കാണുന്നവരുണ്ട്‌. ചിന്തിച്ച്‌ ചിന്തിച്ച്‌ വീട്‌ തങ്ങളുടെ സാമ്പത്തിക ശേഷിക്ക്‌ അപ്പുറമുള്ള കാര്യമാണെന്നോര്‍ത്ത്‌ അസ്വസ്ഥരാകുന്നവര്‍ ഏറെ. ഇനി സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങിയാല്‍ തന്നെ കുറച്ചുകൂടി വലിയ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങിക്കാമായിരുന്നുവെന്ന്‌ പിന്നീട്‌ ദുഃഖിക്കുന്നവരും ഏറെ. ഒരു വീട്‌ വാങ്ങിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
l നിങ്ങളുടെ സാമ്പത്തിക പരിമിതിയെ കുറിച്ച്‌ ഏറെ ചിന്തിച്ച്‌ ചെറിയ വീടുകൊണ്ട്‌ തൃപ്‌തിപ്പെടാമെന്ന്‌ വെച്ചാല്‍ സമീപഭാവിയില്‍ തന്നെ ആ വീട്‌ പോരെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നിയേക്കാം.
l വീട്‌ വാങ്ങല്‍ ശേഷി കൂട്ടുന്നതിന്‌ ഭവന വായ്‌പ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന്‌ പണം കടം വാങ്ങുക തുടങ്ങി സാധ്യമായ മാര്‍ഗങ്ങളെല്ലാം അവലംബിക്കാം.
l വീട്‌ വാങ്ങുമ്പോള്‍ ആവശ്യത്തിന്‌ വലുതും നല്ല സൗകര്യത്തോടുകൂടിയതും തന്നെ വാങ്ങുകയാണ്‌ അഭികാമ്യം. തല്‍ക്കാലത്തേക്ക്‌ ഒരു വീട്‌ വാങ്ങി പിന്നീട്‌ നല്ലതിലേക്ക്‌ മാറാമെന്ന്‌ വിചാരിക്കുന്നത്‌ അബദ്ധമായേക്കും.
l വീടിന്റെ ലൊക്കേഷനിലും വലുപ്പത്തിലും
ബജറ്റിന്റെ പരിമിതിയുടെ പേരില്‍ വിട്ടുവീഴ്‌ച ചെയ്‌താന്‍ പിന്നീട്‌ ദുഃഖിക്കേണ്ടി വരും. കാരണം വീട്‌ വാങ്ങുകയെന്നത്‌ വലിയൊരു ചെലവാണെങ്കിലും പലപ്പോഴും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായതുകൊണ്ട്‌ നിങ്ങളാലാകുന്നത്‌ (നിങ്ങള്‍ക്ക്‌ താങ്ങാവുന്നത്‌) സ്വരൂപിക്കുക. ഭാവിയിലെ വരുമാന വര്‍ധന വായ്‌പാ തിരിച്ചടവ്‌ സാധ്യമാക്കും.

ഫ്‌ളാറ്റ്‌ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
l വീടിരിക്കുന്ന സ്ഥലം ഏറെ പ്രധാനമാണ്‌. സ്‌കൂള്‍, ആശുപത്രി, ഷോപ്പിംഗ്‌ സൗകര്യങ്ങള്‍ എന്നീ സൗകര്യങ്ങളെല്ലാം സമീപത്തുണ്ടോയെന്ന്‌ ശ്രദ്ധിക്കുക. വീട്ടിലേക്കുള്ള റോഡിന്‌ അഞ്ച്‌ മീറ്ററെങ്കിലും വീതിയുണ്ടാകണം. ഇല്ലെങ്കില്‍ രണ്ടു വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. ഇടതടവില്ലാത്ത വൈദ്യുതി, വെള്ളം എന്നിവ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം.
l ഫ്‌ളാറ്റ്‌ അല്ലെങ്കില്‍ വില്ലാ പദ്ധതി കൃത്യ സമയത്തുതന്നെ പണി തീര്‍ത്ത്‌ നിങ്ങള്‍ക്ക്‌ കൈമാറുമെന്ന്‌ ഉറപ്പുവരുത്തണം. പണി തീരുന്നതിന്‌ പദ്ധതിയുടെ വലുപ്പമനുസരിച്ച്‌ 18 മുതല്‍ 30 മാസങ്ങള്‍ വരെ എടുക്കാറുണ്ട്‌. കൃത്യസമയത്ത്‌ ഡെലിവറി നല്‍കാറുണ്ടോയെന്ന ബില്‍ഡറുടെ ട്രാക്ക്‌ റെക്കോര്‍ഡ്‌ പരിശോധിക്കുക. പണി തീര്‍ത്ത്‌ തരുന്നതിനുള്ള താമസം നിങ്ങളുടെ ഭവന വായ്‌പയുടെ പ്രീ-ഇ.എം.ഐ പലിശനിരക്ക്‌ കൂട്ടും.
l നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാനാകില്ല. പക്ഷെ അയല്‍ക്കാരെ തെരഞ്ഞെടുക്കാനാകും. നിങ്ങളുടെ കുടുംബത്തിന്‌ സമാധാനപരമായുള്ള ഒരു സാമൂഹ്യ ജീവിതം വിശ്വസനീയരായ ബില്‍ഡര്‍മാരില്‍ നിന്ന്‌ വാങ്ങുന്ന മികച്ച അപ്പാര്‍ട്ട്‌മെന്റ്‌, വില്ലാ സമുച്ചയത്തില്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കുട്ടികള്‍ക്ക്‌ നല്ല രീതിയില്‍ വളരാനുള്ള ഒരു സാഹചര്യം ഉണ്ടാകണം.
l മിക്ക കുടുംബങ്ങളും ഇന്ന്‌ ന്യൂക്ലിയര്‍ ഫാമിലികളാണ്‌. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ സുരക്ഷിതത്വം ഇന്നേറെ പ്രധാനമാണ്‌. തെരഞ്ഞെടുക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ 24 മണിക്കൂര്‍ സെക്യൂരിറ്റി ഉണ്ടോയെന്ന്‌ ശ്രദ്ധിക്കുക.
l അപ്പാര്‍ട്ട്‌മെന്റിനായി പണം കൊടുക്കുമ്പോള്‍ തന്നെ അതിന്റെ വ്യക്തമായ രേഖകള്‍ ആവശ്യപ്പെടുക. നിങ്ങളുടെ പേരില്‍ തന്നെയാണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ ഉറപ്പുവരുത്തുക.
l ബില്‍ഡറുടേത്‌ ഗുണമേന്മയുള്ള നിര്‍മാണ രീതിയാണോയെന്ന്‌ അന്വേഷിച്ചറിയുക. നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കളുടെ ഗുണമേന്മയും പ്രധാനമാണ്‌.
l വീട്‌ വാങ്ങിക്കഴിഞ്ഞ്‌ നിങ്ങള്‍ക്കുള്ള സേവനം ഉറപ്പുവരുത്തുക.
l എല്ലാ ഹൗസിംഗ്‌ പദ്ധതികളും പേപ്പറില്‍ മനോഹരമായിരിക്കും. ഫ്‌ളാറ്റ്‌ വാങ്ങും മുമ്പ്‌ അതേ ബില്‍ഡറുടെ മറ്റ്‌ പദ്ധതികള്‍ സന്ദര്‍ശിക്കുന്നത്‌ നന്നായിരിക്കും. 

No comments:

Post a Comment