
ശ്രീകുമാര്‍ പൊതുവാള്‍
ഇന്ത്യയുള്‍പ്പടെയുളള നിരവധി രാജ്യങ്ങളില്‍ ഏറെ ജനകീയമായ ദാഹശമനിയാണ് ഇളനീര്‍. ജീവന്റെ ദ്രാവകമെന്ന് വരെ അറിയപ്പെടുന്ന ഇളനീരിന്റെ വാണിജ്യ സാധ്യതകള്‍ ഏറെയാണ്. വഴിയോരങ്ങളില്‍ വില്‍പ്പനയ്‌ക്കുളള ഇളനീര്‍ പന്തലുകള്‍ ഇന്ന് സാധാരണമാണ്, ഇതിന് പുറമെ പായ്‌ക്കറ്റുകളിലും ബോട്ടിലുകളിലുമെല്ലാം ഇളനീര്‍ പായ്‌ക്ക് ചെയ്‌ത് വില്‍പ്പനക്കെത്തുന്നു.
കേവലം ദാഹം ശമിപ്പിക്കുന്നതിനുളള പാനീയം എന്നതിലുപരി ആരോഗ്യപരമായി ഏറെ ഗുണങ്ങളുളള ഇളനീര്‍ മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ഉത്തമമാണ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും സന്തുലിതമായ പാനീയമായ ഇളനീരിന്റെ 100 ഗ്രാമിന്റെ കലോറി മൂല്യം 17.4 ആണ്. ഈ ഘടകങ്ങളെല്ലാം തന്നെയാണ് ഇളനീരിനെ ഏറ്റവുമധികം ഡിമാന്റുളള പാനീയമാക്കി തീര്‍ക്കുന്നതും. വെളളത്തിന് പുറമെ ഇളനീര്‍ കാമ്പും വളരെ മൂല്യമുളളത് തന്നെ.
എങ്ങനെ പായ്‌ക്ക് ചെയ്യാം
തെങ്ങില്‍ നിന്നും വെട്ടിയിറക്കിയ കരിക്ക് നേരിട്ട് വില്‍പ്പനക്കെത്തുന്ന പോലെ തന്നെ ചെറിയതോതില്‍ സംസ്‌കരിച്ചും വിപണിയിലെത്തുന്നുണ്ട്. ചകിരി നീക്കിയ കരിക്കുകള്‍ പൊട്ടാസിയം ബൈസള്‍ഫൈറ്റ്, സിട്രിക് ആസിഡ് എന്നിവയില്‍ ഏതാനും മിനിറ്റുകള്‍ മുക്കിയതിനു ശേഷം ഉണക്കിയ ശേഷമാണ് പായ്‌ക്കിംഗിനുപയോഗിക്കുന്നത്. മധുരത്തിന്റെയും വിവിധ എന്‍സൈമുകളുടെയും സാന്നിധ്യം മൂലം ഇളനീര്‍ കേടുവരാനിടയുണ്ടെണ്ടങ്കിലും ഫലപ്രദമായ പായ്‌ക്കിംഗിലൂടെ ഇത് പരിഹരിക്കാം.
മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയുമായി ചേര്‍ന്ന് നാളികേര വികസന ബോര്‍ഡ് റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളിലും അലുമിനിയം കാനുകളിലും പോളിപ്രൊപിലീന്‍ ബോട്ടിലുകളിലും ഇളനീര്‍ പായ്‌ക്ക് ചെയ്യുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളില്‍ സാധാരണ അന്തരീക്ഷത്തില്‍ മൂന്ന് മാസം വരെയും ശീതീകരിച്ച അന്തരീക്ഷത്തില്‍ ആറ് മാസം വരെയും ഇളനീര്‍ കേട് വരാതെയിരിക്കും. അലുമിനിയം കാനുകളുടെയും പോളിപ്രൊപിലീന്‍ ബോട്ടിലുകളുടെയും കാലാവധി ഒമ്പത് മാസത്തോളമാണ്.
ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ, കീടാണുക്കളെ തടയുന്ന അസപ്‌റ്റിക് പായ്‌ക്കേജിംഗ് രീതിയും പ്രചാരത്തിലുണ്ടണ്ട്. ഈ പായ്‌ക്കുകളില്‍ 18 മാസത്തോളം ഇളനീര്‍ കേടാവാതെയിരിക്കും. ഇത്തരത്തില്‍ ഇളനീര്‍ സംസ്‌കരണം നടത്തുന്ന ആറ് യൂണിറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംപ്രതി ഏകദേശം 50,000 കരിക്കുകളാണ് ഇവിടങ്ങളില്‍ സംസ്‌കരണം ചെയ്യപ്പെടുന്നത്. പായ്‌ക്കറ്റിലുളള ഇളനീര്‍ പാനീയത്തിന് ആവശ്യക്കാര്‍ ഏറുന്നതോടെ മികച്ച അവസരമാണ് സംരംഭകര്‍ക്കുളളത്.
(ലേഖകന്‍ നാളികേര വികസന ബോര്‍ഡില്‍ പ്രോസസിംഗ് എന്‍ജിനീയറാണ്. ഫോണ്‍: 98958 16291)
No comments:
Post a Comment