
ഗള്‍ഫില്‍ ഉദ്യോഗസ്ഥനായിരുന്ന അലക്‌സ് തോമസ് ലക്ഷക്കണക്കിന് രൂപ ചെലവിട്ടാണ് അഞ്ച് ഏക്കര്‍ റബര്‍ തോട്ടവും അതിനുള്ളിലെ വീടും വാങ്ങിയത്. എന്നാല്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് കോടതി നടപടികളില്‍ കുരുങ്ങിയതു കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അലക്‌സിന് അവിടെ താമസിക്കാനോ വസ്‌തുവില്‍ നിന്നുള്ള ആദായമെടുക്കുന്നതിനോ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശശിധരന്‍ വീടു വെക്കുന്നതിനായി 15 സെന്റ് സ്ഥലം ഒരു ഇടനിലക്കാരന്‍ മുഖേന കുറഞ്ഞ വിലയ്‌ക്ക് സ്വന്തമാക്കി. എന്നാല്‍ വീട് വെക്കാന്‍ തുടങ്ങിയപ്പോഴാണ് അത് നെല്‍പ്പാടം നികത്തിയ വസ്‌തുവായതിനാല്‍ അനുമതി ലഭിക്കില്ലെന്ന് അറിയുന്നത്.
വസ്‌തു ഇടപാടുകളിലൂടെ നിരവധിപേര്‍ ഇത്തരം അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്. ഭൂമിയുടെ കുതിച്ചുയരുന്ന വില, ഇടനിലക്കാരുടെ ആധിക്യം, ഉപഭോക്താക്കളുടെ അജ്ഞത, വ്യാജരേഖകള്‍ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാല്‍ വസ്‌തു ഇടപാടുകളിലെ തട്ടിപ്പും തിരിമറിയും വര്‍ധിച്ചിട്ടുണ്ട്.
ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് വസ്‌തു വാങ്ങുമ്പോള്‍ കെണിയില്‍ അകപ്പെടാതിരിക്കണമെങ്കില്‍ ഒട്ടേറെ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വസ്‌തു വാങ്ങുമ്പോള്‍ അത് വില്‍ക്കുന്നയാളിന് ആ ഭൂമിയില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി വസ്‌തുവിന്റെ ആധാരവും മുന്‍ ആധാരവും പരിശോധിച്ചാല്‍ മതി. ചിലപ്പോള്‍ വില്‍ക്കുന്നയാളിന് മാത്രമല്ല അയാളുടെ സഹോദരീ സഹോദരന്മാര്‍ക്കും ആ ഭൂമിയില്‍ അവകാശം ഉണ്ടായേക്കും. വസ്‌തു അയാളുടെ പേരിലാണെങ്കിലും ചിലപ്പോള്‍ മാതാപിതാക്കന്മാരുടെ കാലശേഷമേ ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഇത്തരം സാഹചര്യത്തില്‍ വസ്‌തു വില്‍ക്കുന്നതിന് അതിലെ എല്ലാ അവകാശികളുടെയും പൂര്‍ണ സമ്മതം അനിവാര്യമാണെന്നും ഏതെങ്കിലും വ്യക്തിക്ക് മാത്രമായി അത് വില്‍ക്കാന്‍ അധികാരമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോള്‍ വസ്‌തു ബാങ്കിലോ മറ്റ് സ്ഥാപനങ്ങളിലോ പണയപ്പെടുത്തിയിട്ടുണ്ടാകും. എങ്കില്‍ വില്‍ക്കുന്ന വ്യക്തിയുടെ കൈവശം ഒറിജിനല്‍ ആധാരത്തിന് പകരം ഫോട്ടോകോപ്പി മാത്രമേ ഉണ്ടാകുകയുള്ളൂ.
രേഖകള്‍ പരിശോധിക്കണം
വില്‍ക്കുന്നയാളിന് ഭൂമിയുടെ കൈവശാവകാശം ഉണ്ടെന്ന് ഉറപ്പിക്കലാണ് അടുത്ത നടപടി. ഇതിനായി വില്ലേജ് ഓഫീസില്‍ നിന്നുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് നോക്കുക. കൂടാതെ വസ്‌തുവിന്റെ കരം തീര്‍ത്ത രസീത് വാങ്ങി അതില്‍ പട്ടയക്കാരന്റെ (ഉടമയുടെ) പേര്, ഭൂമിയുടെ വിസ്‌തീര്‍ണം, സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍ എന്നിവ ആധാരത്തില്‍ കാണിച്ചിട്ടുളളവയാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. വാങ്ങാനുദ്ദേശിക്കുന്ന വസ്‌തുവിന് എന്തെങ്കിലും ബാധ്യതകളുണ്ടോയെന്നും അത് പണയപ്പെടുത്തിയിട്ടുണ്ടോയെന്നും അറിയാനായി സബ് രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ബാധ്യതാ (കുടിക്കിട) സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കാവുന്നതാണ്. കുറഞ്ഞത് 13 വര്‍ഷത്തെയെങ്കിലും ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതാണ് അഭികാമ്യം. വാങ്ങാനുദ്ദേശിക്കുന്ന വസ്‌തു മുമ്പ് ഇതേ വ്യക്തി തന്നെ വില്‍പന നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഇത് ഉപകരിക്കും. നിയമപ്രകാരം പണയപ്പെടുത്തിയതോ ബാധ്യതകള്‍ ഉള്ളതോ ആയ വസ്‌തു വില്‍ക്കാനാകില്ല. എന്നാല്‍ വില്‍ക്കുന്നയാള്‍ അത്തരം ബാധ്യതകള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആ വസ്‌തു വാങ്ങുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതിനാല്‍ ഇത്തരം രേഖകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
വാങ്ങാനുദ്ദേശിക്കുന്ന വസ്‌തുവില്‍ സര്‍ക്കാര്‍ ഭൂമി, പുറമ്പോക്ക് ഭൂമി, മിച്ച ഭൂമി എന്നിവയൊന്നും ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പാക്കണം. കൂടാതെ ഭൂമി ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്ന് അറിയുന്നതും നല്ലതാണ്. കാരണം അത് നിലമാണോ പുരയിടമാണോ എന്നൊക്കെയുള്ള വസ്‌തുത അടിസ്ഥാന ഭൂമി നികുതി രജിസ്റ്ററില്‍ നിന്നും മനസിലാക്കാനാകും. വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണോയെന്നതും അന്വേഷിച്ചറിയണം. വസ്‌തു വാങ്ങിയതിനുശേഷമുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാകും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ് നിര്‍ബന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.
കെട്ടിടം/വീട് വാങ്ങുന്ന സ്ഥലത്തുണ്ടെങ്കില്‍ അവയുടെയും വിശദാംശങ്ങള്‍ പരിശോധിക്കണം. ഉദാഹരണമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ചിട്ടുണ്ടോ, കെട്ടിട നികുതിയില്‍ കുടിശിക വരുത്തിയിട്ടുണ്ടോ തുടങ്ങിയ രേഖകള്‍ പരിശോധിക്കണം. ഇത്തരം രേഖകള്‍ യാതൊന്നുമില്ലെങ്കില്‍ അത് അനധികൃത നിര്‍മാണമാണോയെന്ന് സംശയിക്കേണ്ടതാണ്. എന്നാല്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടമാണെങ്കില്‍ അതിന്റെ പ്ലാനിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ഇതിനുപുറമെ വാങ്ങുന്ന വസ്‌തുവിലേക്കുള്ള വഴി ആധാരത്തില്‍ പറഞ്ഞിട്ടുണ്ടോയെന്ന് നോക്കുകയും അല്ലെങ്കില്‍ പൊതുവഴി ഉണ്ടോയെന്നത് നേരിട്ട് പരിശോധിക്കുകയും വേണം. അനേകം പേര്‍ക്ക് സംഭവിക്കുന്ന ഒരു പ്രധാന അബദ്ധമാണിത്. വസ്‌തു വാങ്ങും, പക്ഷേ അതിലേക്ക് പോകാന്‍ വഴി കാണില്ല. വാങ്ങുന്ന വസ്‌തുവിന്റെ യഥാര്‍ത്ഥ വിസ്‌തീര്‍ണം അളന്ന് നോക്കുകയാണ് അടുത്ത നടപടി. ഇത്രയും കാര്യങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ വസ്‌തു വാങ്ങുന്നതിനായി ആവശ്യമെങ്കില്‍ കരാര്‍ എഴുതുകയോ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാം.
പുതിയ നിബന്ധന പ്രകാരം കരാറുകളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 50 രൂപ മുദ്രപത്രത്തില്‍ ആധാരം എഴുത്തുകാരെക്കൊണ്ടാണ് കരാര്‍ എഴുതിക്കേണ്ടത്. കരാറില്‍ പറയുന്ന തീയതിക്കകം വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ നടത്താന്‍ ഇരുകക്ഷികളും ബാധ്യസ്ഥരാണ്. ആധാരം രജിസ്റ്റര്‍ നടത്താന്‍ ഇരുകക്ഷികളും ബാധ്യസ്ഥരാണ്. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും ഫോട്ടോ അതില്‍ ഒട്ടിക്കേണ്ടതുണ്ട്. സാക്ഷിയായി ഒപ്പിടുന്നതും ഇവരെ അടുത്തറിയാവുന്നവര്‍ ആയിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഓരോ പ്രദേശത്തെയും ന്യായവില നിശ്ചയിച്ചുകൊണ്ട് ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ അതത് സ്ഥലത്ത് നിശ്ചയിച്ചിട്ടുള്ള തുകയ്‌ക്ക് അനുസരണമായി സ്റ്റാംപ് ഡ്യൂട്ടി നല്‍കേണ്ടതുണ്ട്. കൂടാതെ ആധാരത്തില്‍ വെക്കുന്ന വിലയുടെ രണ്ട് ശതമാനം തുക രജിസ്‌ട്രേഷന്‍ ചാര്‍ജായി നല്‍കുകയും വേണം.
പോക്കുവരവ് നടത്തണം
വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വാങ്ങിയ ആളിന്റെ പേരില്‍ വില്ലേജ് ഓഫീസില്‍ നിന്നും പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇക്കാര്യത്തില്‍ കാലതാമസം പാടില്ല. കാരണം ഇതുകൂടി പൂര്‍ത്തിയാക്കിയാലേ വസ്‌തുവിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം വാങ്ങിയ ആള്‍ക്ക് ലഭിക്കുകയുള്ളൂ. അതോടൊപ്പം എല്ലാ വര്‍ഷവും കരം അടയ്‌ക്കുന്നതിനും വസ്‌തു വാങ്ങിയ വ്യക്തി ശ്രദ്ധിക്കണം. സ്വന്തം കുടുബാംഗങ്ങളുടെയും അയല്‍വാസികളുടെയുമൊക്കെ വസ്‌തു വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാമെങ്കില്‍ ഇത്രയും വിശദമായൊരു പരിശോധന ഒരുപക്ഷേ ആവശ്യമായിരിക്കില്ല. എന്നാല്‍ അന്യരില്‍ നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നുമൊക്കെ വസ്‌തു വാങ്ങുമ്പോള്‍ സൂക്ഷ്‌മമായ പരിശോധനയും നടപടിക്രമങ്ങളും പാലിക്കുന്നതിലൂടെ തട്ടിപ്പുകള്‍ ഒഴിവാക്കാനാകും.
No comments:
Post a Comment