Thursday, 19 May 2011

Women Entrepreneur



റെമി തോമസ്‌ മുത്തൂറ്റ്‌ഓരോ നിമിഷവും ആസ്വദിച്ച്‌ (Featured inOnam Special 2009)

ബിസിനസിന്റെ തിരക്കുകള്‍ക്കിടയില്‍ വ്യക്തിജീവിതത്തിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി മാറ്റിവെക്കാന്‍ എവിടെ സമയം എന്നു ചോദിക്കുന്നവരോട്‌ റെമി തോമസിന്‌ ചൂണ്ടിക്കാണിച്ചുകൊടുക്കാനുള്ളത്‌ സ്വന്തം ജീവിതം തന്നെയാണ്‌. രാവിലെ ഏഴു മണിക്ക്‌ കുട്ടികളെ സ്‌കൂളിലേക്ക്‌ യാത്രയാക്കിയ ശേഷം വീട്ടിലെ ജോലികള്‍ തീര്‍ത്ത്‌ എട്ടു മണിക്ക്‌ ജിമ്മിലേക്ക്‌ തിരിക്കും റെമി. അതിനുശേഷം 10 മണി മുതല്‍ 2.30 വരെ ഓഫീസില്‍ സജീവം. വീട്ടിലെത്തി കുട്ടികളോടൊപ്പം ഉച്ചഭക്ഷണം. മൂന്നു മണി മുതല്‍ റെമിയുടെ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്നു. അതിനിടയില്‍ തന്റെ ഹോബിയും പാഷനുമായ ഇന്റീരിയര്‍ ഡിസൈനിംഗിനായി അല്‍പ്പസമയം... ജീവിതത്തിലെ ഓരോ നിമിഷവും പ്രയോജനപ്പെടുത്തുകയാണ്‌ റെമി, അതും സ്‌മാര്‍ട്ടായി.

ഹോണ്ടയുടെ ബ്രാന്‍ഡ്‌ ഇമേജ്‌, മുത്തൂറ്റിന്റെ സല്‍പ്പേര്‌... രണ്ടും ചേര്‍ന്നുവന്നത്‌ തന്റെ ഭാഗ്യവും ഒപ്പം വിജയഘടകവുമായി വിലയിരുത്തുന്നു റെമി തോമസ്‌. ബിസിനസിന്റെ ഓരോ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന റെമി ഉപഭോക്തൃ സംതൃപ്‌തിക്ക്‌ ഏറെ പ്രാധാന്യം കൊടുക്കുന്നു. മികച്ച പ്രവര്‍ത്തന സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതു കൊണ്ടു തന്നെ വലിയ പ്രതിസന്ധികള്‍ തനിക്ക്‌ ഉണ്ടാകാറില്ലെന്ന്‌ റെമി പറയുന്നു.

ദക്ഷിണേന്ത്യയില്‍ ഹോണ്ടയില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ബെസ്റ്റ്‌ ഡീലര്‍ അവാര്‍ഡ്‌ ലഭിച്ച നിമിഷവും കേരളത്തിലെ ഹോണ്ട ഡീലര്‍മാരില്‍വെച്ച്‌ ഏറ്റവും വില്‍പ്പനയും സര്‍വീസും കൈവരിച്ചതും ബിസിനസ്‌ ജീവിതത്തില്‍ റെമി തോമസിന്‌ മറക്കാനാകാത്തതാണ്‌.

ബിസിനസിലെ പ്രതിസന്ധികളെ സധൈര്യം നേരിടുന്നതും സ്വന്തം ടീമിലുള്ള വിശ്വാസവും ഗുണമേന്മയിലുള്ള നിഷ്‌കര്‍ഷയുമാണ്‌ തന്റെ കരുത്തായി റെമി കാണുന്നത്‌. തെറ്റുപറ്റിയാല്‍ അത്‌ സമ്മതിക്കാനും അറിയാത്ത കാര്യങ്ങള്‍ ആരില്‍ നിന്നായാലും ചോദിച്ച്‌ മനസിലാക്കാനുമുള്ള മനസും തനിക്കുണ്ടെന്ന്‌ റെമി പറയുന്നു.

മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ വിശ്വസിക്കുന്ന മൂല്യങ്ങളില്‍ അടിയുറച്ച്‌ നിന്നുകൊണ്ടു തന്നെ വില്‍പ്പനയിലും ഉപഭോക്തൃ സംതൃപ്‌തിയിലുമുള്ള മുത്തൂറ്റ്‌ ഹോണ്ടയുടെ മേല്‍ക്കോയ്‌മ നിലനിറുത്തുകയെന്നതുതന്നെയാണ്‌ റെമിയുടെ ആഗ്രഹം.

``വിജയത്തിനായി കുറുക്കുവഴികളില്ല. എന്തു പ്രതിസന്ധിയും ആത്മവിശ്വാസത്തോടെ നേരിടുക... എങ്കില്‍ വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്ര എളുപ്പമായിരിക്കും,'' റെമി തോമസിന്‌ പുതുതലമുറ വനിതാസംരംഭകര്‍ക്ക്‌ നല്‍കാനുള്ള സന്ദേശമിതാണ്‌.

കമ്പനി: മുത്തൂറ്റ്‌ ഹോണ്ട, കൊച്ചി
പദവി: ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍
കരുത്ത്‌: പ്രതിസന്ധികളെ നേരിടാനുള്ള അസാമാന്യധൈര്യം
കുടുംബം: ഭര്‍ത്താവ്‌: തോമസ്‌ മുത്തൂറ്റ്‌, മക്കള്‍: സൂസന്‍, ഹന്ന



DHANAM

No comments:

Post a Comment