കലുഷിതമായ ഒരു സാമ്പത്തിക സാഹചര്യത്തിലൂടെയാണ് നമ്മള്‍ ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വിപണി, സ്ഥിരമായി തകിടം മറിയുകയും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും അതേസമയം സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നാം കണ്‍മുന്നില്‍ കാണുന്നത്. വിജയം കാംക്ഷിക്കുന്ന ബിസിനസുകാരെല്ലാം സാഹചര്യങ്ങളെ അനുനിമിഷം വിലയിരുത്തി, അതുമായി പൊരുത്തപ്പെട്ട്, സ്വന്തം ബിസിനസിന് പുതിയ മാനങ്ങള്‍ കണ്ടെത്തുവാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വിവരങ്ങളും അറിവുകളും യഥാസമയം പുതുക്കി മുന്‍നിരയില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുകയാണ് പലരും ചെയ്യുന്നത്. ഭീരുക്കളായി സ്വന്തം ബിസിനസിനെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ മടിക്കുന്നവരും കുറവല്ല.
സംരംഭകര്‍ക്ക് പിശകുകള്‍ സംഭവിക്കാം. പക്ഷേ ചില പിശകുകള്‍ അവരുടെ ബിസിനസിന്റെ തന്നെ അന്ത്യം കുറിച്ചേക്കാം. ചില പിശകുകളില്‍ നിന്ന് ഭാവി വിജയത്തിനുതകുന്ന ഉദാത്ത പാഠങ്ങള്‍ പഠിക്കാനും കഴിയും. സംരംഭകര്‍ക്ക് സംഭവിക്കുന്ന പിശകുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഏഴെണ്ണവും അവയുടെ പരിഹാരങ്ങളും ഇതാ
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിഷന്‍ ഇല്ലാതെ വരുന്നത്‌സംരംഭകര്‍ക്ക് വിജയം കൈവരിക്കാന്‍ ചില ഗുണവിശേഷങ്ങള്‍ അവശ്യം വേണ്ടതുണ്ട്. പക്ഷേ അവയോടുള്ള അമിതാവേശം പലപ്പോഴും ഗൗരവകരമായ പാളിച്ചകള്‍ക്ക് ഇടവരുത്തും. താല്‍ക്കാലിക നേട്ടത്തിനു വേണ്ടി ആവശ്യത്തിലധികം അവസരവാദിത്തം കാണിക്കുക, കൃത്യമായ വിവേചനവും ലക്ഷ്യബോധവും ഇല്ലാതെപോകുക ഇതൊക്കെയാണ് തല്‍ഫലമായി പറ്റുന്ന അബദ്ധങ്ങള്‍. ഇതുമൂലം അപകടസൂചനകള്‍ അവഗണിക്കുവാനുള്ള പ്രേരണയുണ്ടാകുമെന്നു മാത്രമല്ല, എത്രയുംവേഗം ഏറ്റവും കൂടുതല്‍ നേടണമെന്ന ക്ഷമയില്ലായ്‌മ നാശത്തിലേക്കുള്ള ചവിട്ടുപടി
യാകും.
ഭാവിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ കാഴ്‌ചപ്പാടാണ് ദീര്‍ഘകാല വിഷന്‍. മൂടല്‍മഞ്ഞിനിടയിലൂടെ കാര്യങ്ങള്‍ കൃത്യമായി കാണുവാനുള്ള കഴിവാണിത്. ലക്ഷ്യപ്രാപ്‌തിക്കു വേണ്ടി അവസരോചിതവും കാലോചിതവുമായ മാറ്റങ്ങള്‍ക്ക് വിധേയമാകാനാകുന്ന ഒരു പ്ലാനായിരിക്കണം ദീര്‍ഘകാല വിഷന്‍. റിസ്‌കുകളും പ്രതിസന്ധികളും വിദഗ്‌ധമായി കൈകാര്യം ചെയ്യാന്‍ ഉതകുന്ന ഒന്നായിരിക്കണം ബിസിനസിന്റെ ദീര്‍ഘകാല വിഷന്‍. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പരിഹാരങ്ങള്‍ കണ്ടെത്താനാകണം. ഉദാഹരണത്തിന്, Shell പോലുള്ള കമ്പനികള്‍ക്ക് അതീവ ഗൗരവകരമായ വെല്ലുവിളികളുയര്‍ത്തിയ 200ല്‍പ്പരം പ്രതികൂല സാഹചര്യങ്ങളെ സംബന്ധിച്ചും അവയ്‌ക്കു കൈക്കൊണ്ട പരിഹാരങ്ങളെക്കുറിച്ചുമുള്ള ഇന്നും പ്രസക്തമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ഏതെല്ലാം പ്രതിസന്ധികള്‍ക്ക് എന്തെല്ലാം പരിഹാരങ്ങള്‍ സ്വീകരിക്കണം എന്നവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. എത്ര കലുഷിതമായ സാഹചര്യത്തിലും സംയമനത്തോടെയും പതറാതെയും മുന്നോട്ടുപോകുവാന്‍ സ്ഥാപനത്തിലെ എല്ലാവര്‍ക്കും ഇതുമൂലം കഴിയുമെന്നതാണ് ഏറ്റവും വലിയ കാര്യം. ദീര്‍ഘകാല വിഷനാണ് നിരവധി കമ്പനികളെ മുന്‍നിരയില്‍ തുടരുവാന്‍ സഹായിച്ചിട്ടുള്ളത്. ദ്രുതഗതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്‌തമായ ഇത്തരത്തിലുള്ളൊരു ദീര്‍ഘകാല വിഷന്‍ ഇല്ലാത്തതാണ് പല കമ്പനികളുടെയും ദാരുണമായ തകര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്.
എല്ലാ ബിസിനസിനും ഒരു ബിസിനസ് പ്ലാന്‍ ആവശ്യമാണ്. സൂക്ഷ്‌മമായി പ്ലാന്‍ ചെയ്യാന്‍ കഴിയാതെ പോകുന്നതാണ് ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം പറ്റാവുന്ന ഏറ്റവും ഭീമമായ അബദ്ധം. ബിസിനസ് നടത്തുന്നതിന്റെ ആവേശത്തില്‍ കുടുങ്ങി, ബിസിനസ് വളര്‍ത്തിയെടുക്കേണ്ടതെങ്ങനെയെന്ന് പ്ലാന്‍ ചെയ്യാന്‍ മറന്നുപോകുന്നവരാണ് പലരും. സ്വന്തം ബിസിനസ് വളര്‍ത്തിയെടുക്കേണ്ടതിന്റെ ക്ലേശവും സമയവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവരാണിവര്‍. ബിസിനസ് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് കൃത്യമായ പ്ലാന്‍ ഇല്ലാതെ എളുപ്പവഴികള്‍ തെരഞ്ഞെടുക്കുന്നവര്‍ പരാജയപ്പെടുമെന്നുള്ളത് ഉറപ്പാണ്. വെറുതെ ഒരു ബിസിനസ് തുടങ്ങിക്കളയാം എന്നു ചിന്തിക്കുന്നവരെല്ലാം തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു നിലനിര്‍ത്താന്‍ കഴിയാതെ കെടുതിയിലാകും. ആധുനിക ഭവനങ്ങളൊന്നും കൃത്യമായ ഒരു ആര്‍ക്കിടെക്‌ചറില്ലാതെ പണിയുന്നില്ല എന്നോര്‍ക്കുക. ഒരു സെല്‍ ഫോണ്‍ പോലും അതീവ സാങ്കേതികമായ സങ്കീര്‍ണമായ എന്‍ജിനീയറിംഗിനൊപ്പം തന്നെ കലാപരവുമായാണ് ഡിസൈന്‍ ചെയ്യപ്പെടുന്നത്. ആധുനിക റീറ്റെയ്‌ല്‍ സ്റ്റോറുകളെല്ലാം വളരെ പാടുപെട്ട് ഡിസൈന്‍ ചെയ്യുകയും പ്ലാന്‍ ചെയ്യുന്നവയുമാണ്. എന്നാല്‍ പോലും സംരംഭകര്‍ ഒട്ടുമിക്കവരും സ്വന്തം ബിസിനസിന് കൃത്യമായ ഒരു ബിസിനസ് പ്ലാന്‍ ഉണ്ടാക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയാതെയും അതിനു വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കാതെയും പോകുന്നതാണ് ഏറ്റവും സങ്കടകരം. ഈ പാളിച്ചയാണ് വിനാശകരമായ കൂടുതല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്ക് ഒരു ബിസിനസ് വീഴാനിടയാക്കുന്നത്.
ആക്‌റ്റിവിറ്റി ട്രാപ്പ്‌സ്വന്തം തോന്നലുകളിലും കണക്കുകൂട്ടലുകളിലും കണക്കറ്റ് ആത്മവിശ്വാസം പുലര്‍ത്തുന്നവരാണ് സംരംഭകര്‍. അതുകൊണ്ട് മാര്‍ക്കറ്റ് ഫീഡ് ബാക്കും യാഥാര്‍ത്ഥ്യങ്ങളുടെ വിശകലനവും അവഗണിക്കുന്ന വലിയ അബദ്ധം ഇവര്‍ക്ക് സംഭവിക്കുന്നു. ഒരെളുപ്പ വഴിയുണ്ടെങ്കില്‍ അതു മാത്രം പിന്തുടരുന്ന സ്വഭാവം സംരംഭകര്‍ക്ക് ഉണ്ടാകാറുണ്ട്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നമായേക്കാം. പ്രവര്‍ത്തനോന്മുഖരാകുന്നത് നല്ല കാര്യം തന്നെയാണ് പക്ഷേ, പ്രവര്‍ത്തനത്തിന്റെ ഫലത്തില്‍ ഊന്നല്‍ കൊടുക്കാതെ പോയാല്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ നിരന്തരം ചെയ്‌തുകൊണ്ടേയിരിക്കുകയും വ്യത്യസ്‌തമായ ഒരു ഫലവും ലഭിക്കാതെ വരുകയും ചെയ്യും.
എന്റെ സ്വന്തം രീതി അതല്ലെങ്കില്‍ ഇതു മാത്രമാണ് ഏക മാര്‍ഗം, എന്ന ചിന്താഗതി ഒരു സ്വഭാവമായി മാറുകയും ഒരു മെച്ചവും കൈവരിക്കാന്‍ സഹായിക്കാതെ പോകുകയും ചെയ്യും. പ്രവര്‍ത്തനങ്ങളുടെ ഫലത്തിന് ഊന്നല്‍ കൊടുക്കുന്ന സംരംഭകരാണ് കേവലം പ്രവര്‍ത്തനത്തിനു മാത്രം ഊന്നല്‍ കൊടുക്കുന്ന സംരംഭകരേക്കാള്‍ വിജയം കൈവരിക്കുക. ആദ്യം പറഞ്ഞവര്‍ വ്യത്യസ്‌തമായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ നിരന്തരമായി ഒരേ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പരാജയപ്പെടുകയും ചെയ്യുന്നു. നിലവിലുള്ള സംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുക, മികച്ച ബിസിനസ് പ്രാക്‌റ്റീസുകളും സാങ്കേതികവിദ്യകളും നടപ്പിലാക്കുക എന്നീ പരമപ്രധാനമായ കാര്യങ്ങള്‍ അവഗണിക്കുകയെന്ന വീഴ്‌ചയാണ് ഇക്കൂട്ടര്‍ക്ക് സംഭവിക്കുന്നത്. ഉപഭോക്താക്കള്‍ ഏറ്റവും പുതിയതും മികച്ചതുമായത് പ്രതീക്ഷിക്കുന്ന ഇന്നത്തെ മാര്‍ക്കറ്റ് സാഹചര്യത്തില്‍ വിജയിക്കണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യണം. `പത്ത് ഉപഭോക്താക്കളെ നിങ്ങളുടെ ബിസിനസിന് ലഭിക്കണമെങ്കില്‍ ഒരു ഉപഭോക്താവിനെ ലഭിക്കാന്‍ പത്ത് തന്ത്രങ്ങളെങ്കിലും നിങ്ങള്‍ ആവിഷ്‌കരിക്കണ'മെന്നതാണിന്നത്തെ പ്രമാണം.
കേവലം പ്രവര്‍ത്തനോന്മുഖമാകുക എന്നത് ബിസിനസ് പ്ലാന്‍സ് നടപ്പിലാക്കുന്നതിന്റെ പഴഞ്ചന്‍ രീതിയാണ്. അതുകൊണ്ട് വളര്‍ച്ച മുരടിക്കുകയേയുള്ളൂ. ഫലത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു പ്രവര്‍ത്തന സമീപനമാണ് അത്യന്താപേക്ഷിതം. ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്തുവാനും കസ്റ്റമര്‍ ബേസ് ശക്തിപ്പെടുത്താനുമുള്ള പുതു വഴിത്താരകള്‍ കണ്ടെത്തുകയാണ് പ്രധാനം. സ്വന്തം ബിസിനസിന്റെ ഉദ്ദേശ്യലക്ഷ്യമെന്താണെന്നതു പോലും വിസ്‌മരിച്ചുപോകുമ്പോഴാണ് കമ്പനികള്‍ തകരുന്നത്. ഫലത്തിലൂന്നിയുള്ള ഒരു പ്രവര്‍ത്തനശൈലിയുണ്ടായാല്‍ മാത്രമേ ഉപഭോക്താക്കളുടെ തൃപ്‌തിയെ നിരന്തരം കണക്കിലെടുത്തുകൊണ്ട് സംരംഭകര്‍ക്ക് സ്വന്തം ബിസിനസില്‍ വളര്‍ച്ച കൈവരിക്കാനാകൂ.
ആസ്‌തിയെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും ഗ്രാഹ്യമില്ലാതെ പോകുകആസ്‌തിയിലധിഷ്‌ഠിതമായതും ബാധ്യതയിലധിഷ്‌ഠിതവുമായ ബിസിനസുകളുണ്ട്. ആദ്യം പറഞ്ഞത് വരുമാനവും ലാഭവും നേടിത്തരുമ്പോള്‍ രണ്ടാമത്തേത്, മുതലിന്റെ ശോഷണത്തിനും കടങ്ങളുടെ വര്‍ധനയ്‌ക്കും ഇടവരുത്തും. വിജയികളായ പല ബിസിനസുകാരും പുതിയ സംരംഭങ്ങളിലേക്ക് എടുത്തുചാടി അബദ്ധങ്ങളില്‍ വീഴാറുണ്ട്. ലയനം, ഏറ്റെടുക്കല്‍, റെസ്റ്റൊറന്റ്, ഫ്രാഞ്ചൈസി, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്നിങ്ങനെ പുതിയ മേഖലകളിലേക്ക് കടന്നുചെന്ന് പടുത്തുയര്‍ത്തിയ ആദ്യത്തെ ബിസിനസില്‍ നിന്നു നേടിയതൊക്കെ തുലച്ചുകളയുന്ന ദുരവസ്ഥയ്‌ക്കീ എടുത്തുചാട്ടങ്ങള്‍ ഇടവരുത്താറുണ്ട്.
ബിസിനസില്‍ വിജയം നേടിയ ബിസിനസുകാര്‍ സാധാരണഗതിയില്‍ ചെയ്യുന്നത് നിലവിലുള്ള ബിസിനസ് വൈവിധ്യവല്‍ക്കരിക്കുക എന്നതാണ്. ഇത് നല്ല കാര്യം തന്നെയാണ്. പക്ഷേ ഒരൊറ്റ കൊട്ടയില്‍ തന്നെ കൈയിലുള്ള എല്ലാ മുട്ടകളും കൊണ്ടിടുന്നത് (Putting all the eggs in a single basket) ഒരു വലിയ അപകടമാണ്. ഒരു പക്ഷേ ബിസിനസിന്റെ അകാലമായ അന്ത്യത്തിനു വരെ ഇത് വഴിതെളിച്ചേക്കാം.
ബിസിനസ് വൈവിധ്യവല്‍ക്കരിക്കുമ്പോള്‍ പലരും ബിസിനസിനെ മൊത്തത്തിലാണ് കാണുന്നത്. ലാഭകരമായതിനേയും അല്ലാത്തതിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണിവിടെ പറ്റുന്ന പാളിച്ച.
ഒരു ബിസിനസില്‍ നിന്നു ലഭിക്കുന്ന ലാഭം മറ്റൊരു ബിസിനസില്‍ നിക്ഷേപിക്കുമ്പോള്‍, നിക്ഷേപം മുഴുവന്‍ വറ്റി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സ്ഥിതിവിശേഷം സംജാതമാകുമ്പോള്‍ മാത്രമാകാം ഒരു പക്ഷെ അബദ്ധം തിരിച്ചറിയുന്നത്. ഒരു ഗ്രൂപ്പ് ബിസിനസിന്റെ കാര്യമെടുത്താല്‍, ചില ബിസിനസുകള്‍ നന്നായി പ്രവര്‍ത്തിക്കാത്തവയും പണം കാര്‍ന്നു തിന്നുന്നവയുമാകാം. അതുകൊണ്ട് ഓരോ ബിസിനസിനേയും ആനുകാലികമായി പ്രത്യേകം പ്രത്യേകം സ്വതന്ത്രമായി വിലയിരുത്തി അവ മൊത്തം ഗ്രൂപ്പിന്റെ ബാധ്യത എന്തുമാത്രം വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു ബിസിനസിനെയും നന്നായി നടന്നുപോകുന്ന ഇതര ബിസിനസുകളുടെ പരാദജീവി(Parasites) ആയി തുടരാന്‍ അനുവദിക്കരുത്. നഷ്‌ടം മാത്രം ബാക്കിപത്രമായിട്ടുള്ള ഒരു ബിസിനസ് തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ ഒരു ന്യായവുമില്ല. നിങ്ങളുടേത് ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല എന്ന് ഓര്‍ക്കുക.
കാതലായ ബന്ധങ്ങള്‍ അവഗണിക്കുന്നത്‌ഒരു ബിസിനസില്‍ കാതലായ നിരവധി ബന്ധങ്ങള്‍ ഉണ്ടായിരിക്കും. ഏതൊരു ബിസിനസിന്റേയും വിജയം നിശ്ചയിക്കുന്ന മാനുഷികാവശ്യങ്ങളുടെ പരസ്‌പരാശ്രയത്വമാണ്. ഈ നിരവധി പരസ്‌പര പൂരകങ്ങളായ മാനുഷികബന്ധങ്ങളില്‍ പ്രഥമമായത്, ഉടമസ്ഥരും ജീവനക്കാരുമായുള്ളതാണ്. ബിസിനസിന്റെ മികവുറ്റ പ്രകടനത്തിന് അവശ്യം വേണ്ട ഒന്ന് മാനേജ്‌മെന്റും തൊഴിലാളികളുമായിട്ടുള്ള പരസ്‌പര സംവേദനമാണ്. ഇത് പല ബിസിനസിലും അത്ര നന്നായിട്ടല്ല കൈകാര്യം ചെയ്യപ്പെടുന്നത്. കാര്യക്ഷമതയുള്ള, കഴിവുറ്റ, സുപ്രധാന ജീവനക്കാരെ അംഗീകരിക്കുകയും അവരെ പ്രവര്‍ത്തനനിരതരാക്കുകയും ചെയ്യേണ്ടതുണ്ട്. അവരുമായുള്ള പരസ്‌പര സംവേദനത്തിലുണ്ടാകുന്ന പിശകുകള്‍ മൊത്തം ബിസിനസിന്റെ തന്നെ തകര്‍ച്ചയ്‌ക്കു കാരണമായേക്കും.
രണ്ടാമത്തേത് നിങ്ങളുടെ സ്ഥാപനവും ഉപഭോക്താക്കളുമായുള്ള ബന്ധമാണ്. നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആസ്വദിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ധാരാളം ഉപഭോക്താക്കളുണ്ടെങ്കില്‍ മാത്രമേ ബിസിനസ് വിജയത്തിലെത്തൂ. ഈ ബന്ധം അകമഴിഞ്ഞ പിന്തുണയായും കടപ്പാടായും കൂട്ടായ്‌മയായും ആശയപ്പൊരുത്തവുമായി പരിണമിക്കാം. സംതൃപ്‌തരായ ഉപഭോക്താക്കള്‍ വഴി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകും. ആരാണ് നിങ്ങള്‍ക്കേറ്റവും പറ്റിയ ഉപഭോക്താക്കളെന്ന് കണ്ടെത്തുകയും അവരുടെ എണ്ണം കൂട്ടുകയുമായിരിക്കണം ഉപഭോക്തൃബന്ധം കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കേണ്ടത്.
മൊത്തം ഉപഭോക്താക്കളില്‍ അത്തരം ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം മാത്രമാണെങ്കില്‍ പോലും നിങ്ങളുടെ ബിസിനസിന്റെ 80 ശതമാനവും വരുമാനം വരുക അവരില്‍ നിന്നാകും. മറ്റു നിര്‍ണായക ബന്ധങ്ങള്‍, നിങ്ങളുടെ നിക്ഷേപകരുമായും ബാങ്കുകളുമായും ബിസിനസ് പങ്കാളികളുമായും സപ്ലൈയേഴ്‌സുമായും വിപണി ശൃംഖലയുമായും കൂട്ടാളികളും അഫിലിയേറ്റ്‌സുമായുമുള്ളതാണ്. ഈ ബന്ധങ്ങളുടെയെല്ലാം ഗുണമേന്മ നിങ്ങളുടെ ബിസിനസിന്റെ വിജയത്തിന് നിര്‍ണായകമായിരിക്കും. ഒരു ബിസിനസ് നടത്തിപ്പുകാരനെന്ന നിലയില്‍ ഈ ഗ്രൂപ്പിനെല്ലാം നിങ്ങള്‍ പ്രിയങ്കരനാകണം. വ്യക്തികള്‍ അവര്‍ക്കിഷ്‌ടപ്പെടുന്നവരുമായേ ബിസിനസ് ചെയ്യുകയുള്ളൂ എന്നു മനസിലാക്കണം. നിങ്ങളെ ഇഷ്‌ടപ്പെടണമെങ്കില്‍, നിങ്ങളുടെ കമ്പനിയില്‍ എല്ലാവര്‍ക്കും വിശ്വാസവും നിങ്ങളുടെ വാക്കുകള്‍ വിശ്വസനീയവുമാകണം. ഇതാണ് ബിസിനസിലെ വിശ്വാസ്യത. വിശ്വസനീയമായ പരസ്‌പരബന്ധമാണ് ഏതു ബിസിനസിന്റേയും വിജയത്തിന്റെ നാന്ദി.
മോശം മാര്‍ക്കറ്റിംഗും വില്‍പ്പനയുംമാര്‍ക്കറ്റിംഗ് / സെയ്‌ല്‍സ് യന്ത്രം വരുമാനമുണ്ടാകുന്നതില്‍ പരാജയപ്പെട്ടാല്‍ ബിസിനസും പരാജയപ്പെടും. ``ഉല്‍പ്പന്നം തനിയെ വിറ്റുപൊയ്‌ക്കൊള്ളും'', ``ഉല്‍പ്പന്നത്തിന്റെ വിലയിലാണ് കാര്യം'' അല്ലെങ്കില്‍ ``ഞങ്ങളുടെ സെയ്‌ല്‍സ് റെപ്രസെന്റേറ്റീവ് ഇനിയും മെച്ചമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്'' എന്ന് ഏതെങ്കിലും ബിസിനസുകാരന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നതു തീര്‍ച്ചയാണ്. മോശപ്പെട്ട മാര്‍ക്കറ്റിംഗിന്റേയും മോശം സെയ്‌ല്‍സിന്റേയും ലക്ഷണങ്ങളാണിത്. ഫലവത്തായ മാര്‍ക്കറ്റിംഗ് എന്നു പറയുന്നത് നിങ്ങളുടെ ഉല്‍പ്പന്നത്തിനും സേവനത്തിനും വേണ്ട എക്‌സ്‌പോഷര്‍ ഉണ്ടാകുക എന്നതാണ്. മികച്ച വില്‍പ്പന തന്ത്രം എന്നു പറയുന്നതാകട്ടെ, നിങ്ങളുടെ കസ്റ്റമര്‍ ബേസില്‍ നിന്ന് മതിയായ `കണ്‍വെര്‍ഷന്‍' (conversion) ഉണ്ടാവുക എന്നതും. ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും മാത്രം ഊന്നല്‍ കൊടുക്കുകയും സെയ്‌ല്‍സിലും മാര്‍ക്കറ്റിംഗിലും ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്യുന്ന കമ്പനികള്‍ നേരിടുന്ന ദുരവസ്ഥയെയാണ് ഇന്‍വെന്റേഴ്‌സ് ഡിലമ (Inventer?s dilema) എന്നു പറയുന്നത്. തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നത്തെക്കുറിച്ച് ഉപജ്‌ഞാതാക്കള്‍ക്ക് ആവേശമുണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ വേണ്ടത്ര മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തി ഉല്‍പ്പന്നത്തിന്റെ വിപണന സാധ്യത വിശകലനം ചെയ്‌ത് മികച്ചതും വിശ്വസനീയവുമായ ഒരു വില്‍പ്പന തന്ത്രം രൂപപ്പെടുത്തുന്നതില്‍ ഉപജ്ഞാതാക്കള്‍ പലപ്പോഴും പരാജയപ്പെടുകയാണ് ഉണ്ടാകുന്നത്. എന്താണ് ഒരു സെയ്‌ല്‍സ് മോഡല്‍? യാഥാര്‍ത്ഥ്യങ്ങളിലധിഷ്‌ഠിതമായ അവസരങ്ങളുടെ വാതില്‍ തുറക്കുന്ന അളക്കാവുന്നതും വിശേഷിപ്പിക്കാവുന്നതുമായ നല്ലവണ്ണം ഗവേഷണം നടത്തിയ ഒരു ഫോര്‍മുലയെ മാത്രമെ ഒരു സെയ്‌ല്‍സ് മോഡലായി കണക്കാക്കാനാകൂ.
വിജയകരമായ ഒരു സെയ്‌ല്‍സ്, മാര്‍ക്കറ്റിംഗ് മോഡലിനു മാത്രമെ ബിസിനസില്‍ ലാഭം നേടിക്കൊടുക്കാനാകൂ. ഗവേഷണത്തിനും വികസനത്തിനും (R&D) വേണ്ടി വന്‍ തുകകള്‍ മുടക്കുന്ന കമ്പനികള്‍ പുത്തന്‍ രീതികളില്‍ അവയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതിനു കൂടിയും മുതല്‍ മുടക്കേണ്ടതാണ്.
സംരംഭകര്‍ക്കു സംഭവിക്കുന്ന സാധാരണ പാളിച്ചകളില്‍ ഒന്ന് വിഭവശേഷികള്‍ പ്രയോജനകരമായി ഉപയോഗപ്പെടുത്തുവാന്‍ അറിയാതെ പോകുന്നതാണ്. മാനവ വിഭവശേഷി, മറ്റുള്ളവരുടെ ആശയങ്ങള്‍ അവരുടെ അനുഭവസമ്പത്ത്, അവരുടെ ബന്ധങ്ങള്‍, സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, ബ്രാന്‍ഡഡ് മൂല്യം, സമയം ഇവയൊക്കെ പരമാവധി ബിസിനസിന് പ്രയോജനപ്പെടുത്തുവാനുതകുന്ന ഒരു മാര്‍ക്കറ്റിംഗ് പ്ലാനാണ് കമ്പനികള്‍ക്കാവശ്യം.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍കൊണ്ട് ശ്രദ്ധ തിരിഞ്ഞുപോകുന്നത്‌വ്യക്തിപരമായ പ്രശ്‌നങ്ങള്‍, ഉടമസ്ഥന്റെയായാലും മാനേജ്‌മെന്റിന്റെയായാലും സ്റ്റാഫിന്റെ ആയാലും ബിസിനസിന്റെ നടത്തിപ്പിനെ സാരമായി ബാധിക്കാം. ചിലപ്പോള്‍ അവ ഗൗരവകരമാകുന്നതു വരെ അവഗണിക്കുകയാകും ചെയ്യുക. മനുഷ്യര്‍ വളരെ ദുര്‍ബലമനസ്‌കരായതുകൊണ്ട് പലപ്പോഴും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ജോലിസ്ഥലത്തും അലോസരം സൃഷ്‌ടിക്കാറുണ്ട്. പക്ഷേ, ജോലി സമയം, ജോലി സംബന്ധമായ കാര്യങ്ങള്‍ക്കല്ലാതെ ഒന്നിനും നീക്കിവെക്കരുത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്യുകയാണ് വേണ്ടത്. വ്യക്തിപരമായ പ്രശ്‌നങ്ങളും ജോലിസമയവുമായി കൂട്ടിക്കുഴച്ചാല്‍ ഇരു രംഗത്തും കുഴപ്പങ്ങള്‍ മാത്രമാണുണ്ടാവുക.
കുടുംബ ബിസിനസുകളുടെ കാര്യത്തിലാണ് പക്ഷപാതമെന്ന വൈതരണി മൂലം കുടുംബ പ്രശ്‌നങ്ങള്‍ ബിസിനസിന്റെ വിജയത്തിന് തടസങ്ങള്‍ സൃഷ്‌ടിക്കുന്നത്. ബിസിനസും വ്യക്തിജീവിതവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ സംരംഭകന് കഴിയണം. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ വ്യത്യസ്‌ത ചുമതലകള്‍ നിര്‍വഹിക്കേണ്ടവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ എല്ലാം വേറിട്ടു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയണം.
കാര്യങ്ങള്‍ താമസിപ്പിക്കാനുള്ള പ്രവണത
കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകാനുള്ള പ്രവണതയുള്ള സംരംഭകര്‍ യഥാര്‍ത്ഥത്തില്‍ അവരുടെ വിജയവും നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. വിശകലനം ചെയ്‌ത് എന്തെങ്കിലും ഫലവത്തായ നടപടിയെടുക്കാനുള്ള കഴിവുകേടു കൊണ്ടാണ് പലപ്പോഴും കാര്യങ്ങള്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്. ഒരു കാലത്ത് ഒന്നുമാകാന്‍ കഴിയാതെ പോയതോര്‍ത്ത് തിരിഞ്ഞുനോക്കുമ്പോള്‍ നിങ്ങളുടെ നിശബ്‌ദ കാലനായി മാറിയത് കാര്യങ്ങള്‍ വൈകിച്ചതാണെന്ന് ബോധ്യമാകും. ഉല്‍ക്കണ്‌ഠയെ അതിജീവിക്കാന്‍ തീരുമാനങ്ങള്‍ വൈകിക്കുകയെന്നത് വളരെ സൗകര്യപ്രദമായ ഒരു മെക്കാനിസമാണ്. ഗൗരവകരമായ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ചെയ്യേണ്ടതു ചെയ്യാതെ കൂടുതല്‍ ഉല്ലാസം തരുന്ന മറ്റു പലതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും.
പല സംരംഭകരും ദിവസമാരംഭിക്കുന്നത് ഒരു ?To Do? ലിസ്റ്റുമായിട്ടാണെങ്കിലും ദിവസം അവസാനിപ്പിക്കുന്നത് അതില്‍ പലതും പൂര്‍ത്തിയാക്കാതെയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് സ്വയം ചോദിക്കുകയും കാരണം കണ്ടെത്തുകയും വേണം. എന്തെങ്കിലും ചെയ്‌തുതീര്‍ക്കാന്‍ മതിയായ കാരണങ്ങളില്ലാതെ പോകുന്നതുകൊണ്ടാണ് പലരെ സംബന്ധിച്ചിടത്തോളം ഈ ദുര്‍ഗതി വന്നുചേരുന്നത്. ഒരു കാര്യം ചെയ്യാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ എന്തു വൈതരണികളെയും മറികടന്ന് നമ്മള്‍ അത് ചെയ്‌തിരിക്കും. മതിയായ കാരണങ്ങളുണ്ടെങ്കിലേ പ്രതിബദ്ധതയുണ്ടാകൂ. പ്രതിബദ്ധതയുള്ളവര്‍ക്ക് കാര്യങ്ങള്‍ മാറ്റിവെക്കാനാകില്ല. അവര്‍ സമയബന്ധിതമായി കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്‌തുതീര്‍ത്തിരിക്കും. കാര്യങ്ങള്‍ മാറ്റിവെക്കുന്ന പ്രകൃതമുള്ളവര്‍ നല്ല സമയം വരാന്‍ അനിശ്ചിതമായി കാത്തിരുന്ന് വിലപ്പെട്ട സമയം ദുര്‍വിനിയോഗം ചെയ്യുന്നവരാണ്. അതുകൊണ്ട് അടിയന്തര ലക്ഷ്യങ്ങള്‍ക്ക് ഏറ്റവും മുന്‍തൂക്കം കൊടുക്കുക. ഒരു കാര്യത്തില്‍ നിന്ന് മറ്റൊരു കാര്യത്തിലേക്ക് എടുത്തുചാടിക്കൊണ്ടിരിക്കരുത്. തുടങ്ങിയ കാര്യം ആദ്യം പൂര്‍ത്തീകരിക്കുക. ഒരു ചെറിയ ഇടവേള കണ്ടെത്തുക, അതിനു ശേഷം അടുത്ത കാര്യത്തിലേക്കു കടക്കുക.
Just do it! Next time you can catch yourself saying ?I can do this lates? Nike കമ്പനിയുടെ സ്ലോഗന്‍ ഓര്‍ക്കുക: ?Just do it?!
പോള്‍ റോബിന്സണ്വ്യക്തിയുടെയും ബിസിനസിന്റെയും വളര്‍ച്ചയ്‌ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രശസ്‌ത മോട്ടിവേഷണല്‍ ട്രെയ്‌നര്‍. `പോസിറ്റീവ് റെവലൂഷ'ന്റെ സ്ഥാപകന്‍ കൂടിയാണ്
No comments:
Post a Comment