സുരക്ഷയും നിക്ഷേപവുമാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ ലക്ഷ്യംവെക്കുന്നത് എന്ന് പൊതുവെ പറയാം. ജീവന്റെ `റിസ്‌ക്' അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ആകര്‍ഷകമായ പദ്ധതികളുമായി വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ മല്‍സരിക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായ പോളിസികള്‍ തെരഞ്ഞെടുക്കുക പലപ്പോഴും ബുദ്ധിമുട്ടാണ്. മാത്രമല്ല പല പോളിസികളും ഉദ്ദേശിക്കുന്നത്ര ഫലപ്രദമാകണമെന്നുമില്ല. നിലവില്‍ പോളിസി എടുത്തിട്ടുണ്ടെങ്കില്‍, കൂടിയ പരിരക്ഷ നേടാനായി ഒരു പോളിസി കൂടി എടുക്കേണ്ടി വന്നാല്‍ പ്രീമിയം ഇനത്തില്‍ ചെലവ് കൂടുകയും ചെയ്യും. ഇത് ഒഴിവാക്കാനായി ആദ്യമേ തന്നെ കൃത്യമായ പ്ലാനിംഗ് നടത്തേണ്ടതുണ്ട്.
ദീര്‍ഘകാലത്തെ പരിരക്ഷ ലഭിക്കുന്നതും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക തിരികെ ലഭിക്കുന്നതുമായ പോളിസിക്കാണ് എപ്പോഴും മുന്‍തൂക്കം നല്‍കേണ്ടത്. പോളിസിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറവായാലും ദീര്‍ഘകാലത്തെ പരിരക്ഷ ഉറപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ തന്ത്രം. ഇക്കാര്യങ്ങള്‍ ഉറപ്പ് നല്‍കുന്നതുകൊണ്ടാണ് യാഥാസ്ഥിതിക പോളിസികള്‍ക്ക് നിക്ഷേപകര്‍ക്കിടയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ഇത്തരം പോളിസികളില്‍ അടയ്‌ക്കുന്ന പ്രീമിയം തുക നഷ്ടമാകുന്നില്ല മറിച്ച് അത് പോളിസി എടുക്കുന്നയാള്‍ക്ക് തന്നെ ഉറപ്പുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം തിരികെ ലഭിക്കുന്നു. എന്‍ഡോവ്‌മെന്റ് പദ്ധതികള്‍, മണിബാക്ക് പദ്ധതികള്‍, ലൈഫ് അഷ്വറന്‍സ് പദ്ധതികള്‍ എന്നിവ ഇപ്രകാരമുള്ളതാണ്.
പോളിസി എടുക്കുന്നയാള്‍ മരിച്ചാല്‍ അയാളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നതാണ് ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രാഥമിക ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒരു ടേം പദ്ധതിയാണ് ഇതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വന്‍ തുക ലഭിക്കില്ലെന്ന് മാത്രം. ഇത്തരം പദ്ധതികള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യക്കാര്‍ അണ്ടര്‍ ഇന്‍ഷുര്‍ ചെയ്യുന്നു!യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ കുറഞ്ഞ തുകയ്‌ക്ക് ഇന്‍ഷുര്‍ ചെയ്യുന്നതിനെ `അണ്ടര്‍ ഇന്‍ഷുര്‍' എന്ന് പറയുന്നു. ഇന്ത്യയില്‍ ഇന്‍ഷുര്‍ ചെയ്‌തിരിക്കുന്നവരില്‍ ഭൂരിഭാഗവും അണ്ടര്‍ ഇന്‍ഷുര്‍ഡ് ആണ്. ഇതിന് ഒരു പ്രധാന കാരണം പലരും ഇന്‍ഷുറന്‍സ് പദ്ധതികളിലെ നിക്ഷേപം എന്ന ഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ്. എന്നാല്‍ അന്തിമ വിശകലനത്തില്‍ ലൈഫ് അഷ്വറന്‍സ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നല്‍കുന്ന നേട്ടം പ്രതിവര്‍ഷം ഏഴ് ശതമാനം മാത്രമാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലും ഇതില്‍ കൂടുതല്‍ നേട്ടം നല്‍കുന്നുണ്ട്. ജീവിതത്തില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനായി പോളിസി എടുക്കുന്നവരെ സംബന്ധിച്ച് യാഥാസ്ഥിതിക പോളിസികള്‍ തന്നെയാണ് നല്ലത്. റിസ്‌ക് ഇല്ല, തുക ഉറപ്പ് നല്‍കുകയും ചെയ്യും. ഉദാഹരണത്തിന് കുട്ടിയുടെ വിദ്യാഭ്യാസമാണ് ലക്ഷ്യമെങ്കില്‍ എന്‍ഡോവ്‌മെന്റ്, മണി ബാക്ക് തുടങ്ങിയ യാഥാസ്ഥിതിക പോളിസികള്‍ എടുക്കുന്നതാണ് ഉചിതം. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തതും എന്നാല്‍ ഇന്‍ഷുറന്‍സ് വേണ്ടതുമായ നിക്ഷേപകര്‍ക്ക് ഈ പദ്ധതികള്‍ ഏറെ ഫലപ്രദമാണ്. ഇതിന്റെകൂടെ ഒരു ടേം പ്ലാന്‍ കൂടി എടുത്താല്‍ ആവശ്യമായ പരിരക്ഷയും ലഭിക്കും. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ചെലവുകള്‍കൂടി വഹിക്കാന്‍ ഇതുകൊണ്ട് സാധിക്കണം.
ഒരാളുടെ വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടി എന്നതാണ് പരിരക്ഷയുടെ പൊതുവെയുള്ള ആഗോള മാനദണ്ഡം. ഉദാഹരണത്തിന് നിങ്ങളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയാണെങ്കില്‍ നിങ്ങള്‍ 20 ലക്ഷത്തിന്റെ പോളിസി എടുക്കണം. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ ഉയര്‍ന്ന തുകയ്‌ക്ക് ഇന്‍ഷുര്‍ ചെയ്യേണ്ടത് അത്യാവശ്യമാണത്രേ!
ബോണസ് നല്‍കുന്നുണ്ടോ?
ഇന്‍ഷുറന്‍സ് പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് കമ്പനി ബോണസ് നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. യാഥാസ്ഥിതിക പോളിസികള്‍ പലപ്പോഴും ഉറപ്പുള്ള ബോണസ് നല്‍കാറുണ്ട്. എന്നാല്‍ മിക്കപ്പോഴും കമ്പനികളുടെ സാമ്പത്തിക പ്രകടനത്തിന് അനുസരിച്ചായിരിക്കും ബോണസ് പ്രഖ്യാപിക്കുക. ഇത് ഉറപ്പിക്കാനാവില്ല എന്ന് സാരം. ഇക്കാര്യത്തില്‍ ചെയ്യേണ്ടത് കമ്പനികളുടെ പഴയകാല പ്രകടനം വിലയിരുത്തുകയാണ്. മുമ്പ് ബോ
ണസ് നല്‍കിയ കമ്പനിയാണെങ്കില്‍ ഭാവിയിലും അത് തുടരാന്‍ സാധ്യത കൂടുതലാണ്.
By arrangement with Money Today
പോളിസി എടുക്കേണ്ടതിന്റെ ആവശ്യകതവിദ്യാര്‍ത്ഥികള്‍
ഇപ്പോള്‍ മിക്ക വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്ക് വായ്‌പകളെയാണ് ആശ്രയിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയതിനുശേഷം ഈ വായ്‌പ തിരിച്ചടയ്‌ക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ വിദ്യാര്‍ത്ഥി മരിക്കുകയോ അംഗഭംഗം വരുകയോ ചെയ്‌താല്‍ വായ്‌പ തിരിച്ചടയ്‌ക്കേണ്ട ബാധ്യത രക്ഷിതാക്കളുടെ ചുമലില്‍ വരും. ഇതൊഴിവാക്കാനായി അപകട സുരക്ഷ കൂടി ഉറപ്പാക്കുന്ന `ടേം ഇന്‍ഷുറന്‍സ്' പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ എടുക്കേണ്ടത് ആവശ്യമാണ്. വായ്‌പ തുകയും പലിശയും ചേര്‍ത്ത് അടയ്‌ക്കേണ്ട മുഴുവന്‍ തുകയ്‌ക്ക് അല്‍പ്പം കൂടുതല്‍ തുകയ്‌ക്കുള്ള പോളിസിയാണ് എടുക്കേണ്ടത്.
പഠനച്ചെലവ് വഹിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണെങ്കിലും കുട്ടിയുടെ പേരില്‍ ഒരു `ഡിസെബിലിറ്റി ഇന്‍ഷുറന്‍സ്' എടുക്കുക. അപ്പോള്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉപകരിക്കും. മിക്ക ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും കുറഞ്ഞ ചെലവില്‍ ഇത്തരം പോളിസികള്‍ നല്‍കുന്നുണ്ട്.
വീട്ടില്‍ ഒരാള്‍ക്കുമാത്രം വരുമാനം ഉള്ളവര്‍
കരിയര്‍ തുടങ്ങുന്ന ഒരാളെ സംബന്ധിച്ച് അംഗഭംഗത്തിനെതിരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്. ഇത് അംഗഭംഗം സംഭവിക്കുന്ന കാലത്തെ വരുമാനം ഉറപ്പിക്കുന്നത് കൂടിയായാല്‍ വളരെ നന്ന്. ഇതിനായി അംഗഭംഗത്തിനെതിരെയുള്ള സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കേണ്ടത്. എന്നാല്‍ രക്ഷിതാക്കളെക്കൂടി നോക്കുന്ന ആളെ സംബന്ധിച്ച് ഒരു ടേം പ്ലാന്‍ എടുക്കുന്നതാണ് നല്ലത്. യുവാക്കളായ പ്രൊഫഷണലുകളെ സംബന്ധിച്ച് ഏതെങ്കിലും എന്‍ഡോവ്‌മെന്റ് പദ്ധതികള്‍ എടുക്കുന്നതിനെക്കാള്‍ നല്ലത് ബാങ്ക് ഡിപ്പോസിറ്റുകളെ ആശ്രയിക്കുന്നതാണ്. ഹ്രസ്വകാല ലക്ഷ്യങ്ങളായ കാര്‍ വാങ്ങല്‍, ബൈക്ക് വാങ്ങല്‍ എന്നിവക്ക് ഇവയെ ആശ്രയിക്കുന്നതാണ് ബുദ്ധി.
നവദമ്പതികള്‍
അടുത്തിടെ വിവാഹം കഴിച്ചവരെ സംബന്ധിച്ച് ഒരാളുടെ കൂടെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നു. പൂര്‍ണമായല്ലെങ്കിലും ഭാഗികമായി മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ വിവാഹശേഷം സംജാതമാകുന്നു. ഇതില്‍ ഒരാള്‍ക്ക് മാത്രമേ വരുമാനം ഉള്ളൂ എങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മറ്റേയാളുടെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാവും. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് എന്‍ഡോവ്‌മെന്റ് പോളിസി, പുതുതായി വിവാഹം കഴിക്കുന്നവര്‍ എടുക്കണം. ഇത്തരം പോളിസികളില്‍ നിന്നുള്ള വാര്‍ഷിക റിട്ടേണ്‍ കുറവാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ആദായം
ലഭിക്കും.
യുവ മാതാപിതാക്കള്‍
സാമ്പത്തിക ബാധ്യതകള്‍ കൂടുന്നു എന്നതിനാല്‍ ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ തുകയ്‌ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസമാണ് ബജറ്റിലെ പ്രധാന സംഗതി. ലൈഫ് ഇന്‍ഷുറന്‍സിന് ഒരു ടേം ഇന്‍ഷുറന്‍സ് എടുക്കുക. അപകട സുരക്ഷ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയും അത്യാവശ്യമാണ്. യുവാക്കളായ രക്ഷിതാക്കള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 10-20 ഇരട്ടിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വേണ്ടിവരുമ്പോള്‍, മുതിര്‍ന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 3.5 - 7 ശതമാനത്തിന്റെ കവര്‍ മതി. പോളിസി തുക നിങ്ങളുടെ കടങ്ങളും ഭവനവായ്‌പയും, ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകളും കവര്‍ ചെയ്യാന്‍ പര്യാപ്‌തമായിരിക്കണം.
മധ്യവയസ്‌കര്‍
ഇത്തരക്കാര്‍ പ്രധാന പരിഗണന നല്‍കേണ്ടത് കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്. നിലവില്‍ ടേം പ്ലാനുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരേണ്ടി വരില്ല. എന്നാല്‍ തുടര്‍ച്ചയായി പോളിസികളുടെ പുനര്‍ വിലയിരുത്തല്‍ നടത്തുന്നത് നല്ലതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏതെങ്കിലും വിദ്യാഭ്യാസ പോളിസികള്‍ എടുക്കുക. കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യം വരാനിരിക്കുന്ന സമയത്തിന് പത്ത് വര്‍ഷം മുമ്പ് ഇതിനായുള്ള സമ്പാദ്യം തുടങ്ങുന്നവര്‍ മണിബാക്ക് പദ്ധതികളില്‍ തുടരുന്നതാണ് നല്ലത്. തുടര്‍ച്ചയായ ഇടവേളകളില്‍ ഇത്തരം പദ്ധതികള്‍ മികച്ച റിട്ടേണ്‍ നല്‍കും. ഇതോടൊപ്പം തന്നെ രക്ഷിതാക്കള്‍ റിട്ടയര്‍മെന്റ് പദ്ധതികളില്‍ ചേരുന്നതും നല്ലതാണ്. പെന്‍ഷന്‍ പദ്ധതികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതിനാല്‍ എന്‍ഡോവ്‌മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.
റിട്ടയര്‍ ചെയ്‌തവര്‍
ഇത്തരക്കാര്‍ പ്രധാന പരിഗണന നല്‍കേണ്ടത് മാസാമാസം വരുമാനം ലഭിക്കുന്നതിനാണ്. എടുത്തിട്ടുള്ള ടേം പ്ലാനുകള്‍ നിലനിര്‍ത്താം. നികുതിയിളവ് ലഭിക്കും എന്നതിനാല്‍ ഘട്ടംഘട്ടമായി പണം തിരികെ ലഭിക്കുന്ന എന്‍ഡോവ്‌മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കാം. റിട്ടയര്‍മെന്റിനുശേഷം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് അത്ര പ്രധാന്യം കൊടുക്കേണ്ടതില്ല. ആനുവിറ്റി പദ്ധതികളില്‍ മാത്രമായി പണം നിക്ഷേപിക്കുന്നതിനെക്കാള്‍ നല്ലത് നിക്ഷേപ പദ്ധതികളിലും ഇന്‍ഷുറന്‍സ് പദ്ധതികളിലും പണം വിഭജിച്ച് നിക്ഷേപിക്കലാണ്.
No comments:
Post a Comment