Thursday, 19 May 2011

NRIs Driving Kerala


കേരളം പല രീതിയില്‍ ദേശീയതലത്തില്‍ അടയാളമിട്ടിട്ടുണ്ട്‌. വികസിത രാജ്യങ്ങള്‍ക്കു തുല്യം ആരോഗ്യ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്‌ മുന്നേറ്റം നേടിയെടുത്ത കേരള മോഡല്‍ വികസനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്‌. എന്നാല്‍ അപൂര്‍വമായ ഒരു ബിസിനസ്‌ മോഡല്‍ അവതരിപ്പിച്ച്‌ വിജയിപ്പിച്ച സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനുണ്ട്‌. നെടുമ്പാശ്ശേരിയിലെ രാജ്യാന്തര വിമാനത്താവളം സാക്ഷാല്‍ക്കരിച്ചതോടെ കേരളം ദേശീയ, രാജ്യാന്തര തലത്തില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത്‌ ശ്രദ്ധേയമായ ഒരു ബിസിനസ്‌ മോഡലിന്റെ സൃഷ്‌ടാക്കളാകുകയായിരുന്നു. ഇതിന്‌ ചുക്കാന്‍ പിടിച്ചതോ കേരളത്തില്‍ നിന്ന്‌ ലോകത്തിന്റെ വിവിധ കോണുകളിലെത്തി അവിടുത്തെ വെല്ലുവിളികളെ നേരിട്ട്‌ വിജയം കൊയ്‌ത പ്രവാസി മലയാളികളും.

പ്രവാസി മലയാളികള്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിന്റെ ഒരു സൂചകം മാത്രമാണ്‌ കൊച്ചി രാജ്യാന്തര വിമാനത്താവളം. പക്ഷേ ഇതൊന്നു മതി കേരള വികസനത്തില്‍ പ്രവാസി മലയാളികളുടെ ശക്തമായ സാന്നിധ്യം വെളിവാകാന്‍. എം.കെഗ്രൂപ്പ്‌ സാരഥി എം.എ യൂസഫലി, ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ പി. മുഹമ്മദാലി തുടങ്ങിയവര്‍ക്കെല്ലാം പുറമേ 30ഓളം വിദേശരാജ്യങ്ങളിലെ 10000ത്തോളം പേരുടെ നിക്ഷേപമാണ്‌ നെടുമ്പാശ്ശേരി വിമാനത്താവള
മെന്ന സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കിയത്‌. 2010 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്‌തതില്‍ ഇന്ത്യയിലെ തന്നെ നാലാം സ്ഥാനത്തായിരുന്നു കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ (സിയാല്‍) സ്ഥാനം. കേരളത്തില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നം വലിയൊരളവോളം പരിഹരിച്ച സിയാല്‍ പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ സമ്പദ്‌മേഖലയെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. ട്രാവല്‍, ടൂറിസം മേഖലയ്‌ക്ക്‌ കുതിപ്പുപകര്‍ന്ന സിയാല്‍ ആയുര്‍വേദം, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി, ഫ്‌ളോറി കള്‍ച്ചര്‍, മെഡിക്കല്‍ ടൂറിസം എന്നീ മേഖലയ്‌ക്കെല്ലാം ഉണര്‍വ്‌ പകര്‍ന്നു.

തീര്‍ത്തും അപരിചിതമായ നാട്ടില്‍, അപരിചിതമായ സാഹചര്യങ്ങളോട്‌ പടവെട്ടി പ്രവാസി മലയാളി കൊയ്‌തെടുത്തിരിക്കുന്ന വിജയം ഇത്തരത്തില്‍ മാറ്റിയെഴുതിയിരിക്കുന്നത്‌ കേരളത്തിന്റെ മുഖച്ഛായയാണ്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനം, ഹോസ്‌പിറ്റാലിറ്റി, റീറ്റെയ്‌ല്‍, ഐ.റ്റി, റിയല്‍ എസ്റ്റേറ്റ്‌, മാധ്യമരംഗം, ട്രാവല്‍ എന്നു തുടങ്ങി കേരള സമൂഹത്തെ സ്‌പര്‍ശിക്കുന്ന ഓരോ മേഖലയിലും മുന്നേറ്റം കൊയ്‌തതിന്റെ പി
ന്നില്‍ പ്രവാസി മലയാളിയുടെ വിയര്‍പ്പുണ്ട്‌, ദീര്‍ഘവീക്ഷണമുണ്ട്‌.

ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ മുന്നേറ്റം
ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ രാജ്യാന്തര തലത്തില്‍ കേരളത്തിന്‌ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ നന്ദി പറയേണ്ടത്‌ പ്രവാസി മലയാളികളോടാണ്‌. കൊച്ചിയില്‍ ലെ മെറിഡിയന്‍ ബ്രാന്‍ഡില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചുകൊണ്ട്‌ പി.മുഹമ്മദാലി കേരളത്തെ MICE (മീറ്റിംഗ്‌സ്‌, ഇന്‍സെന്റീവ്‌സ്‌, കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ എക്‌സിബിഷന്‍) ടൂറിസം രംഗത്ത്‌ ശക്തമായ സാന്നിധ്യമാക്കുകയായിരുന്നു. ലെ മെറിഡിയന്‍ രാജ്യാന്തര കണ്‍വെന്‍ഷനുകള്‍ക്ക്‌ ആതിഥ്യം വഹിച്ചപ്പോള്‍ നേട്ടം കൊയ്‌തവരില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോം സ്റ്റേ ഉടമകളുമെല്ലാമുണ്ട്‌. തൃശൂര്‍ പുഴയ്‌ക്കല്‍പാടത്ത്‌ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചു കൊണ്ട്‌ എം.എ യൂസഫലിയും നടത്തിയത്‌ ഇത്തരത്തിലുള്ള വിപ്ലവം തന്നെയാണ്‌. അടുത്തതായി ബോള്‍ഗാട്ടിയില്‍ ഏഷ്യയിലെ തന്നെ മികച്ച രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ യൂസഫലി. 600 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇപ്പോള്‍ ഇതിനായി കണക്കാക്കപ്പെടുന്നത്‌.
രാജ്യാന്തര ഹോസ്‌പിറ്റാലിറ്റി ബ്രാന്‍ഡുകളെയെല്ലാം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക്‌ ആനയിച്ചതിനു പിന്നിലുള്ളതും പ്രവാസി മലയാളികള്‍ തന്നെയാണ്‌. ജെ. സുഗതന്‍ നേതൃത്വം നല്‍കുന്ന ഇന്‍ഡ്രോയല്‍ ഗ്രൂപ്പിന്റെ ഹോളിഡേ ഇന്‍ ബ്രാന്‍ഡിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ കൊച്ചിയിലെ ബൈപ്പാസില്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. കെ.ജി ഏബ്രഹാം നേതൃത്വം നല്‍കുന്ന കെ.ജി.എല്‍ ഗ്രൂപ്പ്‌ പടുത്തുയര്‍ത്തുന്ന ക്രൗണ്‍ പ്ലാസ ബ്രാന്‍ഡിലെ ആഡംബര ഹോട്ടലിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സെവന്‍ സ്റ്റാറിന്റെ ആഡംബരവുമായി മാരിയറ്റ്‌ ഹോട്ടലെത്തുന്നത്‌ ഇടപ്പള്ളിയില്‍ യൂസഫലി പടുത്തുയര്‍ത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ബൃഹത്തായ ലുലു മാളിലാണ്‌.

കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള ഹോട്ടല്‍, റിസോര്‍ട്ട്‌, ആയുര്‍വേദ സ്‌പാ, ബീച്ച്‌ റിസോര്‍ട്ട്‌ തുടങ്ങിയവയെല്ലാം എടുത്താല്‍ അതില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം വ്യക്തമാകും. ടൂറിസം മേഖലയിലുള്ള കേരളത്തിന്റെ സാധ്യതകള്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ടെത്തി വന്‍തോതില്‍ നിക്ഷേപം നടത്താന്‍ പ്രവാസി മലയാളികള്‍ തയ്യാറായി എന്നതാണ്‌ ഇതില്‍ ശ്രദ്ധേയം. ഇതില്‍ പല പദ്ധതികളും വിഭാവനം ചെയ്‌തപ്പോഴും നിര്‍മാണം പുരോഗമിച്ചപ്പോഴും ഇത്തരം പദ്ധതികള്‍ക്ക്‌ കേരളത്തില്‍ സാധ്യതയില്ലെന്ന സാമാന്യ വീക്ഷണമാണ്‌ പൊതുവേ ഉയര്‍ന്നുകേട്ടത്‌. എന്നാല്‍ ഇത്തരത്തിലുള്ള പിന്തിരിപ്പിക്കലുകളെ കൂസാതെ ഇവര്‍ മുന്നേറുകയും ഈ രംഗത്ത്‌ നേട്ടം കൊയ്യാന്‍ കേരളത്തെ പ്രാപ്‌തമാക്കുകയും ചെയ്‌തു.

ഐ.റ്റി മേഖലയിലും പ്രവാസികള്‍ മുന്നില്‍
ഐ.റ്റി രംഗത്ത്‌ കേരളം തലയുയര്‍ത്തി നില്‍ക്കുന്നത്‌ പ്രവാസി മലയാളികളുടെ സംരംഭകത്വ മികവില്‍ പടുത്തുയര്‍ത്തപ്പെട്ട സംരംഭങ്ങളുടെ കരുത്തില്‍ കൂടിയാണ്‌. കൊച്ചി കേന്ദ്രമായുള്ള നെസ്റ്റിന്റെ സാരഥി ജാവേദ്‌ ഹസന്‍, ട്രാവല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ്‌ രംഗത്ത്‌ ഐ.ടി സൊലൂഷനുകള്‍ നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭമായ ഐ.ബി.എസിന്റെ സാരഥി വി.കെ മാത്യൂസ്‌ എന്നിവര്‍ സംസ്ഥാനത്തിന്റെ ഐ.റ്റി മേഖലയുടെ കുതിപ്പിനു കൂടിയാണ്‌ വഴിതെളിയിച്ചത്‌. കേരളത്തില്‍ നിന്നുള്ള ഐ.റ്റി കയറ്റുമതിയെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതും ഇവരാണ്‌. ഈ രംഗത്ത്‌ ചെറുതും വലുതുമായ നിരവധി പ്രവാസി മലയാളി സംരംഭങ്ങളുണ്ട്‌.

അത്യാധുനിക ചികിത്സ തൊട്ടരുകില്‍
ആരോഗ്യപരിരക്ഷാ രംഗത്ത്‌ കേരളം ഏറെ മുന്നേറിയിരുന്നെങ്കിലും സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ കൂടുതല്‍ പേരിലേക്ക്‌ എത്തിക്കാന്‍ സംസ്ഥാനത്തിന്‌ പരിമിതിയുണ്ടായിരുന്നു. ഈ പരിമിതികളെ ഒരു പരിധി വരെ മറികടക്കാന്‍ പ്രവാസി മലയാളികളുടെ നിക്ഷേപം പര്യാപ്‌തമായി. കോഴിക്കോട്‌ ഡോ.ആസാദ്‌ മൂപ്പന്‍ മിംസ്‌ സ്ഥാപിച്ചതോടെ മലബാറില്‍ തന്നെ വന്‍ മാറ്റത്തിനാണ്‌ അത്‌ വഴിവെച്ചത്‌. കോട്ടക്കലിലും പിന്നീട്‌ മിംസ്‌ എത്തി. തൃശൂരിലെ വെസ്റ്റ്‌ ഫോര്‍ട്ട്‌ ഹോസ്‌പിറ്റല്‍, ഹാര്‍ട്ട്‌ ഹോസ്‌പിറ്റല്‍, വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ഹോസ്‌പിറ്റല്‍, കൊച്ചിയിലെ ലേക്ക്‌ഷോര്‍ ഹോസ്‌പിറ്റല്‍, കൊല്ലത്തെ ഉപാസന ഹോസ്‌പിറ്റല്‍, തിരുവനന്തപുരത്തെ കിംസ്‌ ഹോസ്‌പിറ്റല്‍, അനന്തപുരി ഹോസ്‌പിറ്റല്‍, ചെങ്ങന്നൂരിലെ സെഞ്ച്വറി ഹോസ്‌പിറ്റല്‍ എന്നു തുടങ്ങി ചികിത്സാരംഗത്ത്‌ പ്രവാസികള്‍ ചെറുതും വലുതുമായി നടത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍ കേരളത്തിന്റെ ആതുരശുശ്രൂഷാ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി.

ഉന്നത വിദ്യാഭ്യാസം എവിടെയും
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എന്‍ജിനീയറിംഗ്‌ കോളെജ്‌ കാണുന്നുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രവാസികളുടെ ശ്രമമുണ്ട്‌. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുടെയെല്ലാം നട്ടെല്ലായി നില്‍ക്കുന്നതും പ്രവാസി മലയാളി സമൂഹമാണ്‌. ഇന്ന്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ തമിഴ്‌നാട്‌, കര്‍ണാടക മുതലായ സംസ്ഥാനങ്ങളോട്‌ ഒരു പരിധിവരെ മത്സരിച്ച്‌ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന്‌ സാധിക്കുന്നത്‌ പ്രവാസികളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനങ്ങളുടെ കരുത്തിലാണ്‌.

ഒരു കാലത്ത്‌ ക്രൈസ്‌തവ സഭകളും എന്‍.എസ്‌.എസ്‌ പോലുള്ള സംഘടനകളുമാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കേരളത്തിലുണ്ടായിരുന്നതെങ്കില്‍ ഇന്ന്‌ ഏതാണ്ടെല്ലാ സമുദായങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സാധിച്ചതും പ്രവാസികളുടെ പിന്തുണയാലാണ്‌.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ മുണ്ടശ്ശേരി സെന്റര്‍ ഫോര്‍ കമ്യൂണിക്കേഷന്‍ സ്റ്റഡീസ്‌ ആരംഭിക്കാന്‍ അഞ്ച്‌ കോടി രൂപ സംഭാവന നല്‍കിയത്‌ മുണ്ടശ്ശേരിയുടെ മകനും പ്രവാസിയുമായ ജോസ്‌ ജെ.മുണ്ടശ്ശേരിയാണ്‌.വിദ്യാഭ്യാസരംഗത്ത്‌ പല പുതുമകളും കേരളത്തില്‍ അവതരിപ്പിച്ചതും പ്രവാസികളാണ്‌. ഉദാഹരണത്തിന്‌ ഒമാനില്‍ കണ്‍സ്‌ട്രക്ഷന്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്‌ എം. തോമസാണ്‌ മാനേജ്‌മെന്റ്‌ രംഗത്ത്‌ മികച്ച ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ നടത്തുന്ന ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ സ്‌കൂളായ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവ തിരുവനന്തപുരത്ത്‌ സ്ഥാപിച്ചത്‌.

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ എന്‍ജിനീയറിംഗ്‌ ബിരുദം വരെ ഒരേ കാംപസില്‍ തന്നെ ലഭ്യമാക്കുന്ന തൃശൂരിലെ ഐ.ഇ.എസ്‌, മലപ്പുറത്ത്‌ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റത്തിന്‌ വഴിതെളിക്കാവുന്ന നോളജ്‌ സിറ്റി എന്നിവയിലെല്ലാം തന്നെ പ്രവാസി മലയാളികളുടെ പങ്കാളിത്തമുണ്ട്‌.

വ്യാപാരരംഗത്ത്‌ പുതുമകള്‍
റീറ്റെയ്‌ല്‍ രംഗത്ത്‌ പുതുമകള്‍ കൊണ്ടുവന്നതിലും പ്രവാസികള്‍ പിന്നിലല്ല. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ മാളുകള്‍ വരെ ഇവര്‍ കേരളത്തില്‍ അവതരിപ്പിച്ചു. വിദേശത്തു നിന്നു ലഭിച്ച അനുഭവ സമ്പത്തിന്റെ കരുത്തില്‍ ഉപഭോക്തൃസേവനത്തിലും വിപണനശൈലിയിലും റീറ്റെയ്‌ല്‍ സ്റ്റോറുകളിലെ കെട്ടിലും മട്ടിലും സൗകര്യത്തിലുമെല്ലാം ഇവര്‍ കൊണ്ടുവന്നത്‌ പുതിയ മുഖമായിരുന്നു.കോഴിക്കോട്‌, കൊച്ചി എന്നിവിടങ്ങളില്‍ മാള്‍ സംസ്‌കാരം വ്യാപകമാക്കിയതിനു പിന്നിലും പ്രവാസികളുണ്ട്‌. കൊമേഴ്‌സ്യല്‍ കോംപ്ലെക്‌സുകള്‍ കെട്ടിയുയര്‍ത്തുന്നതിലും പ്രവാസികള്‍ പിന്നിലല്ല.
പ്രവാസികളുടെ പിന്തുണയാല്‍ കേരളത്തില്‍ കുതിച്ചുയര്‍ന്ന മറ്റൊരു മേഖല റിയല്‍ എസ്റ്റേറ്റാണ്‌. വിദേശത്ത്‌ അധ്വാനിച്ചു നേടുന്ന പണം അപ്പാര്‍ട്ട്‌മെന്റിലും ഭൂമിയിലും നിക്ഷേപിക്കാന്‍ പ്രവാസികള്‍ മടി കാണിച്ചില്ല. റിയല്‍ എസ്റ്റേറ്റ്‌ ബൂം കാലയളവില്‍ അച്ചടിച്ച ബ്രോഷറുമായി ബില്‍ഡര്‍മാര്‍ നേരെ പറന്നിരുന്നത്‌ ഗള്‍ഫ്‌ നാടുകളിലേക്കും മലയാളികള്‍ ഏറെയുള്ള രാജ്യങ്ങളിലേക്കുമായിരുന്നു. ഇവരുടെ പണത്തിന്റെ ബലത്തിലാണ്‌ ഭൂരിഭാഗം ഭവന പദ്ധതികളും പടുത്തുയര്‍ത്തപ്പെട്ടത്‌.

അപ്പാര്‍ട്ട്‌മെന്റ്‌ സ്വന്തമാക്കിയിരുന്നവരില്‍ 60 ശതമാനം പേരും പ്രവാസികളായിരുന്നു. വിദേശത്തുനിന്ന്‌ മടങ്ങിയെത്തി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലേക്ക്‌ കടന്നവരും നിരവധി. പ്രവാസികളുടെ പദ്ധതികളും പണവും തന്നെയാണ്‌ സംസ്ഥാനത്തിന്റെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ വളര്‍ച്ചയിലേക്ക്‌ നയിച്ചതെന്ന്‌ കാണാന്‍ സാധിക്കും. സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയ തൃശൂരിലെ ശോഭ സിറ്റിയുടെ പ്രൊമോട്ടര്‍ പ്രവാസി മലയാളിയായ പി.എന്‍.സി മേനോനാണ്‌. കൊച്ചിയില്‍ ഇദ്ദേഹം വിഭാവനം ചെയ്യുന്നത്‌ ഒട്ടേറെ സവിശേഷതകളുള്ള ശോഭ ഹൈടെക്‌ സിറ്റി എന്ന ബൃഹത്‌ പദ്ധതിയാണ്‌. 
മാധ്യമരംഗത്തും പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാണ്‌. കേരളത്തില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്ന ഐ.ബി.സി, റിപ്പോര്‍ട്ടര്‍, ജനപ്രിയ തുടങ്ങിയ ചാനലുകളുടെ നിക്ഷേപകരില്‍ ഭൂരിഭാഗവും പ്രവാസികളാണ്‌. കൂടാതെ അമേരിക്ക കേന്ദ്രീകരിച്ചുള്ള പ്രവാസി മലയാളി സമൂഹം ദേശീയ സ്വഭാവമുള്ള ഒരു ചാനലിനായി ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. കേരളത്തിലെ പത്ര-മാധ്യമ രംഗത്തും പ്രവാസി മലയാളികള്‍ സജീവമാണ്‌. പല പത്രങ്ങളെയും നിലനിര്‍ത്തുന്നതും ഇവരാണെന്ന്‌ പറയാം.

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ രാജ്യാന്തര നിലവാരത്തിലുള്ള യൂണിറ്റ്‌ നെല്ലാട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിച്ചത്‌ പ്രവാസി സംരംഭകനായ ജോര്‍ജ്‌ പൗലോസാണ്‌.

വിനോദ മേഖലയിലും സജീവം
വിനോദ മേഖലയിലും സജീവമാണ്‌ പ്രവാസികള്‍. മാക്‌ അലി, സി. കരുണാകരന്‍ പോലുള്ള നിരവധി പ്രവാസികള്‍ സിനിമാനിര്‍മാണ രംഗത്തും ശ്രദ്ധേയരാണ്‌. വാട്ടര്‍ തീം പാര്‍ക്ക്‌ അടക്കമുള്ള വിനോദകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിലും പ്രവാസികള്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്‌. വ്യവസായ വകുപ്പിന്റെ ഇന്‍ഫ്രാസ്‌ട്രക്‌ചേഴ്‌സ്‌ കേരള ലിമിറ്റഡ്‌ (ഇന്‍കെല്‍) പ്രവാസികളുടെ പണമുപയോഗിച്ച്‌ ആരംഭിച്ചിരിക്കുന്ന കമ്പനിയാണ്‌. മലപ്പുറത്തെ യെന്‍കെ കോംപ്ലെക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, കൊച്ചിയില്‍ ലോജിസ്റ്റിക്‌സ്‌ മേഖലയില്‍ നിര്‍ണായക സ്ഥാനം നേടിയിരിക്കുന്ന ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌, വയനാട്ടിലെ അസെറ്റ്‌സ്‌ ഗ്ലോബല്‍ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നിവയെല്ലാം പ്രവാസി മലയാളി സംരംഭങ്ങളാണ്‌. 



`പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍
കേരളം മറ്റൊരു ജമ്മു-കാശ്‌മീര്‍ ആയേനെ'


ഡോ.എസ്‌. ഋദയരാജന്‍

വിദേശ മലയാളികള്‍ കേരളത്തിലേക്ക്‌ അയക്കുന്ന പണം അവരുടെ ജീവിത നിലവാരത്തില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.. ഇപ്പോഴത്തെ കണക്ക്‌ പ്രകാരം പ്രതിവര്‍ഷം 50,000 കോടി രൂപയാണ്‌ വിദേശ മലയാളികള്‍ കേരളത്തിലേക്ക്‌ അയക്കുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ 25 ശതമാനത്തോളം വരുന്ന ഭീമമായ തുകയാണിത്‌. 2008ല്‍ 43,288 കോടി രൂപയാണ്‌ കേരളത്തിലേക്ക്‌ അവര്‍ അയച്ചത്‌. ഇത്‌ സംസ്ഥാനത്തെ റെവന്യൂ വരുമാനത്തിന്റെ 1.74 ഇരട്ടിയും ബജറ്റ്‌ സപ്പോര്‍ട്ടായി കേന്ദ്രം നല്‍കുന്ന തുകയുടെ 5.5 ഇരട്ടിയുമാണ്‌ എന്നത്‌ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കശുവണ്ടി കയറ്റുമതി, സമുദ്രോല്‍പ്പന്ന കയറ്റുമതി എന്നിവയില്‍ ഓരോന്നിലൂടെയും കേരളം നേടിയ വരുമാനത്തിന്റെ 30 ഇരട്ടിയിലധികമാണ്‌ ഈ തുക. കൂടാതെ 2008ലുള്ള സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ 70 ശതമാനവും തീര്‍ക്കാന്‍ പ്രസ്‌തുത തുക പര്യാപ്‌തമാണെന്നതാണ്‌ ശ്രദ്ധേയം.

കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ ആരോഗ്യസംരക്ഷണം, ഭവന നിര്‍മാണം തുടങ്ങിയവ ഉള്‍പ്പടെ കുടുംബത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്‌ വേണ്ടിയാണ്‌ വിദേശ മലയാളികളുടെ പണം കൂടുതലായി ചെലവഴിക്കപ്പെടുന്നത്‌. ഉല്‍പ്പാദന മേഖലയിലേക്ക്‌ അവരുടെ പണം കൂടുതലായി നിക്ഷേപിക്കപ്പെടുന്നില്ലെന്ന വാദം തികച്ചും അര്‍ത്ഥശൂന്യമാണ്‌. അത്തരത്തില്‍ നേരിട്ടുള്ള മൂലധന നിക്ഷേപത്തെക്കാള്‍ കേരളത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള ശക്തമായ ഇടപെടലുകള്‍ നടത്താന്‍ എല്ലാ വിദേശ മലയാളികള്‍ക്കും സാധിച്ചിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. ഭവന നിര്‍മാണം, പാര്‍പ്പിട സമുച്ചയങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, എന്‍ജിനീയറിംഗ്‌ കോളെജുകള്‍, ഉന്നത നിലവാരമുള്ള ആശുപത്രികള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ സമസ്‌ത മേഖലകളും കൂടുതല്‍ വളര്‍ച്ച നേടിയത്‌ വിദേശ മലയാളികള്‍ അയക്കുന്ന പണത്തിന്റെ സഹായത്താലാണ്‌. കേരളത്തില്‍ മാത്രമല്ല ഗള്‍ഫ്‌ രാജ്യങ്ങളില്‍പ്പോലും ജൂവല്‍റികള്‍ ഇവരെ ലക്ഷ്യമിട്ടുകൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ കുറയ്‌ക്കുന്നതിന്‌ മാത്രമല്ല ഇവിടെ നിന്നുള്ള ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ വളര്‍ച്ച നേടുന്നതിനും വിദേശ മലയാളികള്‍ കാരണമായിത്തീര്‍ന്നു.

ഇന്ന്‌ ഗള്‍ഫ്‌ എയര്‍, ഖത്തര്‍ എയര്‍വേസ്‌, എയര്‍ അറേബ്യ, എമിറേറ്റ്‌സ്‌ തുടങ്ങിയവ ഇവിടെ വന്നുപോകുന്നതിന്‌ കാരണം വിദേശ മലയാളികളാണ്‌. ഇന്ത്യയിലെ ഒമ്പത്‌ നഗരങ്ങളിലേക്ക്‌ മാത്രം എമിറേറ്റ്‌സ്‌ സര്‍വീസ്‌ നടത്തുന്നതില്‍ മൂന്ന്‌ നഗരങ്ങളും കേരളത്തിലേതാണ്‌. മണി ട്രാന്‍സ്‌ഫര്‍ സെന്ററുകളാകട്ടെ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ വ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ആളോഹരി ഉപഭോഗം ഉയര്‍ത്തിയ ഒരു പ്രധാന ഘടകം വിദേശ മലയാളികള്‍ അയക്കുന്ന പണമാണ്‌. സംസ്ഥാനത്ത്‌ ഭൂവില കുതിച്ചുയര്‍ന്നതും കാറുകളുടെ വില്‍പ്പന വര്‍ധിക്കുന്നതുമൊക്കെ അതിന്റെ വ്യക്തമായ സൂചകങ്ങളാണ്‌.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ്‌ റെമിറ്റന്‍സില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌. 21 ലക്ഷം മലയാളികളാണ്‌ വിദേശ രാജ്യങ്ങളില്‍ പണിയെടുക്കുന്നത്‌. കേരളത്തിലെ കുടുംബങ്ങളില്‍ ഏകദേശം 20 ശതമാനത്തോളം നേരിട്ടും മറ്റുള്ളവര്‍ അല്ലാതെയും വിദേശ മലയാളികള്‍ അയക്കുന്ന പണത്തിന്റെ ഗുണഭോക്താക്കളാണ്‌. ഈയൊരു അവസരം ലഭ്യമല്ലായിരുന്നെങ്കില്‍ കേരളം ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെടുമായിരുന്നെന്ന്‌ മാത്രമല്ല സംസ്ഥാനം മറ്റൊരു ജമ്മു കാശ്‌മീരായി മാറിയേനെ. പഴയ നക്‌സലിസവും തീവ്രവാദവുമൊക്കെ ഇവിടെ കൂടുതല്‍ ശക്തമാകാന്‍ അതിടയാക്കുമായിരുന്നു. തൊഴിലില്ലായ്‌മ കാരണം യുവതലമുറ ഇത്തരത്തില്‍ വഴി തെറ്റുകയും ചെയ്‌തേനെ. എന്നാല്‍ ഗള്‍ഫ്‌ കുടിയേറ്റവും തുടര്‍ന്നുണ്ടായ വിദേശ പണത്തിന്റെ ഒഴുക്കും സംസ്ഥാനത്തെ മാത്രമല്ല കേരളീയ ജനതയെ ഒന്നടങ്കം രക്ഷപ്പെടുത്തുകയാണുണ്ടായത്‌. 

No comments:

Post a Comment