ബാംഗ്ലൂരിലെ പീനിയ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സമി ലാബ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് മന്ദിരം... സ്വീകരണമുറി കഴിഞ്ഞ് വിശാലമായ ഗവേഷണ വികസന വിഭാഗം കടന്നു വേണം ചെയര്‍മാനും മാനേജിംഗ് ഡയറക്‌റ്ററുമായ ഡോ. മുഹമ്മദ് മജീദിന്റെ രണ്ടാം നിലയിലുള്ള ഓഫീസിലെത്താന്‍. ഇടനാഴിക്കിരുവശവും ഗ്ലാസ് ചുവരിനുള്ളില്‍ പരീക്ഷണ നിരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ശാസ്‌ത്രജ്ഞരുടെയും ഗവേഷകരുടെയും നീണ്ട നിര... ഡോ. മജീദിന്റെ ഓഫീസിലേക്ക് കടന്നുചെല്ലുമ്പോഴാകട്ടെ ഗൃഹാന്തരീക്ഷത്തിന്റെ ഊഷ്‌മളത. വിശാലമായ ഓഫീസിന്റെ ചുവരുകളില്‍ അവിടവിടെയായി നിരവധി കുടുംബചിത്രങ്ങള്‍... ഡോ. മജീദിന്റെ മാതാപിതാക്കളും കൊച്ചുമക്കളുമെല്ലാം ഉണ്ട് അവയില്‍... അമേരിക്കയിലും ഇന്ത്യയിലും ലഭിച്ച പ്രശസ്‌തമായ അംഗീകാരപത്രങ്ങളുടെയും അവാര്‍ഡ് സ്വീകരണത്തിന്റെയും ചിത്രങ്ങളുമുണ്ട്... ഊഷ്‌മളതയും ലാളിത്യവും തുളുമ്പുന്ന സ്വതസിദ്ധമായ ശൈലിയില്‍ ഡോ. മജീദ് പറഞ്ഞു തുടങ്ങിയത് ഗവേഷണത്തെക്കുറിച്ചാണ്:
'നിങ്ങള്‍ വരുമ്പോള്‍ കണ്ടില്ലേ, ഗവേഷണശാല' ഞാന്‍ ഒരു സംരംഭകനായെങ്കിലും എന്റെ ആദ്യ പ്രണയം ഗവേഷണത്തോടാണ്. അതാണ് ഗവേഷണ വിഭാഗം എന്റെ ഓഫീസിനൊപ്പം തന്നെ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മറ്റൊരു കമ്പനിക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം 65 രാജ്യാന്തര പേറ്റന്റുകള്‍ ഡോ. മജീദ് നേടിയിരിക്കുന്നു എന്നറിയുമ്പോള്‍ ഈ ഗവേഷണ പ്രിയത്തിന്റെ അര്‍ത്ഥവും വ്യാപ്‌തിയും കൂടുതല്‍ ബോധ്യമാകും. അമേരിക്കയില്‍ നിന്നും വിവിധ വികസിത രാജ്യങ്ങളില്‍ നിന്നുമായി ഇത്രയധികം പേറ്റന്റുകള്‍ സ്വന്തമായുള്ള മലയാളി വേറെയില്ലതന്നെ. രണ്ട് ഇന്ത്യന്‍ പേറ്റന്റുകളും ഒരു ചൈനീസ് പേറ്റന്റും സമി ലാബ്‌സിന് സ്വന്തം. ഫലപ്രദമായ പ്രതിവിധികളൊന്നും ലഭ്യമല്ലാതിരുന്ന സോറിയാസിസിന്റെയും ഗ്ലൗക്കോമയുടെയും ചികില്‍സയ്‌ക്കായി വികസിപ്പിച്ചെടുത്ത ഔഷധങ്ങളാണ് സമി ലാബ്‌സിന്റെ സമീപകാല നേട്ടങ്ങളില്‍ ഏറെ ശ്രദ്ധേയം. ?സിംഗിള്‍ മോളിക്കുലാര്‍ അലോപ്പതിക് മെഡിസിന്‍? എന്ന നിലയില്‍ വികസിപ്പിച്ചെടുത്ത സോറിയാസിസിന്റെ മരുന്ന് (സോര്‍നിപ്) ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ വമ്പന്‍ കമ്പനിയായ സിപ്ലയാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നത്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അനുമതി നേടി അമേരിക്കന്‍ വിപണിയില്‍ ഈ മരുന്നുകള്‍ എത്തിക്കാനായി അവിടത്തെ വമ്പന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കവും നടക്കുന്നു. ഇതാദ്യമായി ഇന്ത്യയില്‍ നിന്നും അലോപ്പതി മരുന്ന് വികസിപ്പിച്ചെടുത്ത് - അതും രാസവസ്‌തുക്കളില്‍ നിന്നല്ലാതെ, സസ്യജാലങ്ങളില്‍ നിന്ന് - ലോക വിപണിയിലെത്തിക്കുന്നതിലൂടെ ഡോ. മജീദും സമി ലാബ്‌സും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ചരിത്രം സൃഷ്‌ടിക്കുകയാണ്.
ആഗോള തലത്തിലേക്ക്
ശാസ്‌ത്ര ഗവേഷകന്‍ സംരംഭകനായി മാറി വിസ്‌മയകരമായ നേട്ടങ്ങള്‍ കൈവരിച്ച അപൂര്‍വ കഥയാണ് ഡോ. മുഹമ്മദ് മജീദിന്റേത്. ആയുര്‍വേദത്തിലെ അമൂല്യമായ അറിവുകള്‍ അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുനിന്നാര്‍ജിച്ച ആധുനിക സാങ്കേതിക പാഠങ്ങളുമായി സമന്വയിപ്പിച്ചാണ് 23 വര്‍ഷം മുമ്പ് അദ്ദേഹം തന്റെ വ്യവസായ സാമ്രാജ്യത്തിന് അടിത്തറയിട്ടത്. അമേരിക്കന്‍ മണ്ണില്‍ നേടിയെടുത്ത വ്യവസായ വിജയം മാതൃരാജ്യത്തേക്കും മറ്റു രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ഡോ. മജീദിന് പ്രേരണയായി.
ഇന്ത്യയില്‍ ഗവേഷണ, വികസനത്തിനും ഉല്‍പ്പാദനത്തിനുമായി നിരവധി യൂണിറ്റുകളുടെ ശൃംഖല സ്ഥാപിച്ച ഡോ. മജീദ് യൂറോപ്പ്, യു.എ.ഇ, സൗത്ത് ആഫ്രിക്ക, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കെല്ലാം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അമേരിക്കയിലെ സബിന്‍സ കോര്‍പ്പറേഷനു പുറമെ സമി ലാബ്‌സ് ലിമിറ്റഡ്,
എഡ്‌കല്‍ ബിസിനസ് സൊലൂഷന്‍സ്, അമേരിക്കന്‍ ഫോര്‍മുലേറ്ററി ഇന്‍കോര്‍പ്പറേറ്റഡ്, സമി ഡയറക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലിന്‍ വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, ഹാന്‍ബറി എഫ്.ഇസെഡ്.ഇ, സമി ലാബ്‌സ് ലിമിറ്റഡ് കൊച്ചിന്‍ (സ്‌പൈസസ് ഡിവിഷന്‍) എന്നീ കമ്പനികളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്‌റ്ററുമാണ് ഡോ. മജീദ്. ബാംഗ്ലൂരിലെ ഓര്‍ഗാനിക് അരോമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും ഗ്രൂപ്പിന്റെ ഭാഗമാണ്.
സൗത്ത് അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ഗ്രൂപ്പിന്റെ യത്‌നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡോ. മജീദിന്റെ പുത്രന്‍ ഷഹീന്‍ മജീദാണ്. ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഡയറക്‌റ്ററായ അദ്ദേഹം അമേരിക്കയിലെ എം.ബി.എ പഠനത്തിനു ശേഷമാണ് പിതാവിന്റെ ബിസിനസിലേക്കെത്തുന്നത്.
പോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന ന്യൂട്രസ്യൂട്ടിക്കല്‍സ്, സൗന്ദര്യസംരക്ഷണത്തിനായുള്ള കോസ്‌മെസ്യൂട്ടിക്കല്‍സ്, സ്റ്റാന്റേഡൈസ് ചെയ്‌ത സത്തുകള്‍ (എക്‌സ്‌ട്രാക്‌റ്റ്‌സ്), ന്യൂട്രീഷണല്‍ ഫൈന്‍ കെമിക്കല്‍സ്, സ്‌പെഷാലിറ്റി കെമിക്കല്‍സ് എന്നിവയെല്ലാമടങ്ങുന്നതാണ് ഗ്രൂപ്പിന്റെ സവിശേഷമായ ഉല്‍പ്പന്നനിര.
അപൂര്‍വ വിജയം
കേവലം എട്ടു ഡോളറുമായി 1973ല്‍ അമേരിക്കയിലെത്തിയ 23കാരനായ മുഹമ്മദ് മജീദ് ശതകോടികളുടെ വിറ്റുവരവുള്ള വലിയ വ്യവസായ സാമ്രാജ്യത്തിന് ഉടമയായതെങ്ങനെ? അക്കഥ അദ്ദേഹത്തില്‍ നിന്നു തന്നെ കേള്‍ക്കാം:
കൊല്ലം ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കുടുംബപാരമ്പര്യം പിന്തുടരുകയാണെങ്കില്‍ ഏഴാം ക്ലാസില്‍ വെച്ചേ പഠനം അവസാനിപ്പിക്കേണ്ടതായിരുന്നു. കുടുംബ ബിസിനസായ വാഴക്കുലക്കച്ചവടത്തിലേക്ക് കടക്കാന്‍ എഴുത്തും വായനയും കണക്കുകൂട്ടാനുള്ള കഴിവുമെല്ലാം ധാരാളം! പക്ഷേ പഠിച്ച് വലിയ ആളാകണമെന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കാന്‍ ഒരാളുണ്ടായിരുന്നു - ഇളയ പുത്രനായ എന്നെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തിയ എന്റെ ഉമ്മ, ഫാത്തിമ. ഉമ്മ നല്‍കിയ പ്രോല്‍സാഹനമാണ് എന്റെ നേട്ടങ്ങള്‍ക്കെല്ലാം ആധാരം.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ കോളെജ് ഓഫ് ഫാര്‍മസിയില്‍ നിന്ന് 1973ല്‍ ബി.ഫാം പാസായപ്പോള്‍ സഹപാഠികളില്‍ പലരും ജോലിക്കായി ഗള്‍ഫിലേക്ക് പറന്നു. പക്ഷേ എനിക്ക് അമേരിക്കയില്‍ എത്താനായിരുന്നു ആഗ്രഹം. ജോലിയോടൊപ്പം ഗവേഷണം നടത്താനാകുമല്ലോ എന്നാണ് ഞാന്‍ കരുതിയത്. ജോലി അന്വേഷണം തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. എന്റെ ബി.ഫാം ഡിഗ്രിക്ക് അവിടെ വലിയ വിലയൊന്നുമില്ല. എങ്കിലും ഞാന്‍ പതറിയില്ല. ഉപജീവനത്തിനായി ഏതെങ്കിലും ജോലി തരപ്പെടുത്തണം. ഷിക്കാഗോയിലെ ഒരു ഇടത്തരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ എന്റെ വിദ്യാബലത്തേക്കാള്‍ പേശീബലത്തിന് പ്രാധാന്യം നല്‍കുന്നതായിരുന്നു ആദ്യത്തെ ജോലി. ഫാര്‍മസിയില്‍ രാവും പകലും ഗുളികകളെണ്ണി ശിഷ്‌ടകാലം കഴിക്കേണ്ടെങ്കില്‍ ഉന്നത പഠനത്തിന് പോവുക മാത്രമാണ്
പോംവഴിയെന്ന് ഞാന്‍ മനസിലാക്കിയെങ്കിലും ജോലിയില്‍ പൂര്‍ണ ശ്രദ്ധയും നല്‍കി. മെയ്‌ന്റനന്‍സ് വിഭാഗത്തില്‍ ജോലിക്കു കയറിയ എനിക്ക് മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പ്പാദനത്തിന്റെ മൊത്തം ചുമതല വഹിക്കുന്ന പദവിയിലേക്ക് ഉയരാന്‍ കഴിഞ്ഞു.
കഠിനാധ്വാനത്തിന്റെ നാളുകള്‍
പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ ഗവേഷണ - വികസന വിഭാഗത്തില്‍ ജോലി കിട്ടിയ ഞാന്‍ ന്യൂജേഴ്‌സിയിലേക്ക് താമസം മാറ്റി. ജോലിയോടൊപ്പം ഉന്നത പഠനത്തിന് ചേരാം എന്നതായിരുന്നു ഞാന്‍ കണ്ട നേട്ടം. അങ്ങനെ ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ ഇന്‍ഡസ്‌ട്രിയല്‍ ഫാര്‍മസി കോഴ്‌സിന് ചേര്‍ന്നു. പകല്‍ മുഴുവന്‍ ജോലി, രാത്രിയില്‍ പഠനം. താമസിക്കുന്നിടത്തുനിന്ന് ജോലിക്കു പോകാന്‍ 80 മൈല്‍ സഞ്ചരിക്കണം. പഠിക്കാന്‍ പോകാന്‍ എതിര്‍ദിശയില്‍ വീണ്ടും 80 മൈല്‍. കഠിനാധ്വാനത്തിന്റെ ആ നാളുകള്‍ പിന്നിട്ട് 1980ല്‍ ഞാന്‍ ഇന്‍ഡസ്‌ട്രിയല്‍ ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് കാര്‍ട്ടര്‍ വാലസില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ കമ്പനിയുടെ സ്‌പെഷല്‍ പ്രോജക്‌റ്റുകളുടെ ചുമതലക്കാരനായിരുന്നു ഞാന്‍. 1984ല്‍ ഉല്‍പ്പന്ന വികസനത്തിന്റെ പരിപൂര്‍ണ നേതൃത്വം അവരെന്നെ ഏല്‍പ്പിച്ചു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഗവേഷണ ബിരുദമില്ലാത്ത ഒരാളെ ആ ചുമതല ഏല്‍പ്പിക്കുന്നത്. പിന്നീട് 1986ല്‍ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണ ബിരുദം നേടിയ ശേഷം ജോലി ചെയ്‌ത പെയ്‌കോ ഫാര്‍മസ്യൂട്ടിക്കല്‍സിലെ പശ്ചാത്തലമാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലേക്ക് കടക്കാന്‍ എനിക്ക് ധൈര്യം പകര്‍ന്നത്.
എളിയ തുടക്കം
അങ്ങനെ 1988ല്‍ സബിന്‍സ കോര്‍പ്പറേഷന്‍ എന്ന സ്വന്തം സംരംഭം തുടങ്ങി. വീടിന്റെ ബേസ്‌മെന്റിലായിരുന്നു ഓഫീസും ഗവേഷണവും ഉല്‍പ്പാദനവുമെല്ലാം. ഒന്നിനു പുറകെ മറ്റൊന്നായി മനം മടുപ്പിക്കുന്ന വിധം ദുരിതങ്ങളും തടസങ്ങളുമായിരുന്നു ആദ്യ രണ്ട് വര്‍ഷങ്ങളില്‍. പതിനഞ്ചു വര്‍ഷക്കാലം ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ച എനിക്ക് ഒരു സംരംഭകനെപ്പോലെ ചിന്തിക്കാന്‍ പഠിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
മയക്കുമരുന്നിന്റെ പിടിയില്‍പ്പെട്ടവരെ മുക്തരാക്കാന്‍ സഹായിക്കുന്ന ഒരു മരുന്നായിരുന്നു ആദ്യം വിപണിയിലിറക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ എഫ്.ഡി.എയുടെ അനുമതിക്കായുള്ള ദീര്‍ഘകാലത്തെ കാത്തിരിപ്പിനിടയില്‍ മൂലധനമെല്ലാം ചോര്‍ന്നു
പോയി. എഫ്.ഡി.എ അനുമതി കൂടാതെ വിറ്റഴിക്കാവുന്ന ഒരു വൈറ്റമിന്‍ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തെങ്കിലും വമ്പന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി മല്‍സരിച്ച് വിപണിയില്‍ മുന്നേറുക ഏറെ ദുഷ്‌കരമായിരുന്നു.
ഈ വേളയിലാണ് എന്റെ ശ്രദ്ധ ആയുര്‍വേദത്തിലേക്ക് തിരിഞ്ഞത്. ആയുര്‍വേദ മരുന്നുകളെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. സ്വാഭാവിക മരുന്നുകളോട് പ്രിയം കൂടുന്ന അമേരിക്കന്‍ വിപണിയില്‍ അവയുടെ വ്യവസായ വാണിജ്യ സാധ്യതകള്‍ അനന്തമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ദീര്‍ഘനാളത്തെ ഗവേഷണ ഫലമായി ഔഷധച്ചെടികള്‍, ഫലമൂലാദികള്‍ എന്നിവയില്‍ നിന്ന് നിരവധി സ്വാഭാവിക ഉല്‍പ്പന്നങ്ങള്‍ - അലോവേദിക് മരുന്നുകള്‍ - വികസിപ്പിച്ചെടുത്തു.
പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ വിപണികള്‍
ശരീരഭാരം കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഫലപ്രദമായ ഗുഗുലിപ്പിഡ്, കരള്‍ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമായ, മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിനോയ്‌ഡ്‌സ്, ശരീരഭാരം നിയന്ത്രിക്കുന്നതില്‍ അല്‍ഭുതകരമായ ഫലങ്ങള്‍ കണ്ടെത്തിയ,
കുടംപുളിയില്‍ നിന്നെടുത്ത സിട്രിന്‍... ഗവേഷണ ഫലങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ വ്യവസായരംഗത്ത് ഞാന്‍ നേടിയ വിജയം നമ്മുടെ തനത് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകമായി.
ഗവേഷണ രംഗത്തെ ദീര്‍ഘകാല അനുഭവം എന്നെ വളരെ വിലയേറിയ ഒരു പാഠം പഠിപ്പിച്ചു:
'നിരന്തര പരിശ്രമം വിജയത്തിലേക്കെത്തിക്കുകതന്നെ ചെയ്യും' വര്‍ഷങ്ങള്‍ നീളുന്ന ഗവേഷണം വിഫലമായിപ്പോയപ്പോഴും വ്യവസായ രംഗത്ത് തിരിച്ചടികള്‍ നേരിട്ടപ്പോഴുമെല്ലാം
നിരാശനാകാതെ അതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് ഞാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ കയറ്റുമതിക്കാരില്‍ നിന്ന് സുസ്ഥിരമായ ഗുണമേന്മയുള്ള വിഭവങ്ങള്‍ യഥാസമയം ലഭിക്കുക ഏറെ ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് ഇന്ത്യയില്‍ സ്വന്തം സംരംഭം ആരംഭിക്കുക എന്ന ആശയം ഉടലെടുത്തത്. 1991ല്‍ ബാംഗ്ലൂരിലാരംഭിച്ച സമി ലാബ്‌സ് ലിമിറ്റഡ് ഇന്ന് കര്‍ണാടകത്തിലെ നിരവധി യൂണിറ്റുകള്‍ക്കു പുറമെ ഹൈദരാബാദിലേക്കും പടര്‍ന്നു പന്തലിച്ചു. പല സംസ്ഥാനങ്ങളിലായി കോണ്‍ട്രാക്‌റ്റ് ഫാമിംഗിലൂടെ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്കും ഉപജീവനമാര്‍ഗമേകാന്‍ സമി ലാബ്‌സിന് കഴിയുന്നുണ്ട്.
'സമി ഡയറക്‌റ്റ്' എന്ന സംരംഭത്തിലൂടെ ഡയറക്‌റ്റ് മാര്‍ക്കറ്റിംഗ് രംഗത്തും ചലനം സൃഷ്‌ടിക്കുന്ന ഗ്രൂപ്പ് വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ്. അതിനായി പ്രൈവറ്റ് ഇക്വിറ്റി ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയിലെത്തി പൊതുജന പങ്കാളിത്തത്തോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് സമി ലാബ്‌സിന്റെ ലക്ഷ്യം.
അവാര്‍ഡുകള്‍, ബഹുമതികള്‍ 2004ല്‍ അമേരിക്കയിലെ ഏറ്റവും വിശിഷ്‌ട ബഹുമതികളിലൊന്നായ എല്ലിസ് ഐലന്റ് മെഡല്‍ ഓഫ് ഓണര്‍ (Ellis Island Medal of Honour) ഡോ. മജീദിനു ലഭിച്ചു. അമേരിക്കന്‍ സമൂഹത്തിനും സ്വന്തം നാടിനും ഒരു വ്യക്തി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്, യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ നാഷണല്‍ എത്‌നിക് കോയലിഷന്‍ ഓഫ് ഓര്‍ഗനൈസേഷന്‍സ് ആണ് ഈ ബഹുമതി നല്‍കുന്നത്. ജെറാള്‍ഡ് ഫോര്‍ഡ്, ജിമ്മി കാര്‍ട്ടര്‍, ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റന്‍, മുഹമ്മദ് അലി തുടങ്ങിയ പ്രമുഖര്‍ ഈ ബഹുമതി നേടിയവരുടെ പട്ടികയില്‍ പെടുന്നു. അമേരിക്കയിലെ ന്യൂ ജേഴ്‌സി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തോമസ് ആല്‍വാ എഡിസന്‍ പേറ്റന്റ് അവാര്‍ഡ് ഡോ. മജീദിന്റെ സബിന്‍സ കോര്‍പ്പറേഷന് രണ്ട് തവണ ലഭിച്ചിട്ടുണ്ട്. 2004ല്‍ ഫോഴ്‌സ് ലീന്‍ (ForsLean) എന്ന ഉല്‍പ്പന്നത്തിനും 2005ല്‍ ടെട്രാഹൈഡ്രോപൈപ്പെറിന്‍ എന്ന ഉല്‍പ്പന്നത്തിനും കിട്ടിയ പേറ്റന്റുകളുടെ മികവിനായിരുന്നു അവാര്‍ഡുകള്‍. ടെട്രാഹൈഡ്രോ പൈപ്പെറിന്‍ സംസ്‌കരിച്ചെടുത്തത് കേരളത്തിലെ കുരുമുളകില്‍ നിന്ന്. ഫോഴ്‌സ്‌ലീന്‍ ഉണ്ടണ്ടാക്കിയത് കോളിയസ് എന്ന ചെടിയുടെ കിഴങ്ങില്‍ നിന്നും. ശരീരവടിവും ഭംഗിയും നിലനിര്‍ത്തിക്കൊണ്ടുതന്നെ തടിയും അമിതഭാരവും കുറയ്‌ക്കാന്‍ കഴിയും എന്നതാണ് ഫോഴ്‌സ്‌ലീന്‍ എന്ന അല്‍ഭുത മരുന്നിന്റെ ഗുണം. കരാര്‍ കൃഷിയിലൂടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു കര്‍ഷകരാണ് കോളിയസ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ണാടക സര്‍ക്കാരിന്റെയും സ്‌പൈസസ് ബോര്‍ഡിന്റെയും നിരവധി എക്‌സ്‌പോര്‍ട്ട് അവാര്‍ഡുകളും ഡോ.മജീദ് നേടിയിട്ടുണ്ട്. |
യുവ നേതൃത്വം സ്വന്തം സംരംഭം വളര്‍ത്തി വലുതാക്കാനായി കഠിനാധ്വാനം ചെയ്യുന്ന പിതാവിനെ കണ്ടാണ് അമേരിക്കയില്‍ ന്യൂജേഴ്‌സിയിലെ വീട്ടില്‍ ഷഹീന്‍ മജീദ് വളര്‍ന്നത്. തന്നാലാവുംവിധം അദ്ദേഹത്തെ സഹായിക്കാന്‍ ബാലനായ ഷഹീന് വലിയ ഉല്‍സാഹമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ ഷഹീന്‍ സബിന്‍സയിലെത്തി. കമ്പനിയുടെ വെയര്‍ഹൗസിലായിരുന്നു ജോലിയുടെ തുടക്കം. പിന്നീട് കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍. സെയ്‌ല്‍സ് വിഭാഗത്തില്‍ നിരവധി പദവികള്‍ വഹിച്ചുകൊണ്ടണ്ട് മികവു തെളിയിച്ച ഷഹീന്‍ ഇപ്പോള്‍ മാര്‍ക്കറ്റിംഗ് ഡയറക്‌റ്റര്‍ പദമലങ്കരിക്കുമ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ ബിസിനസ് ഡെവലപ്‌മെന്റിന്റെ ചുമതലയും വഹിക്കുന്നു. ഇതിനിടെ ന്യൂജേഴ്‌സിയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടിയ ഷഹീന്‍ കെല്ലര്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കി. പ്രവര്‍ത്തനമേഖലയില്‍ ഇതിനകം തന്നെ നിരവധി അംഗീകാരങ്ങളും ഷഹീനെ തേടിയെത്തി. അമേരിക്കയിലെ നാച്ചുറല്‍ ഫുഡ്‌സ് മെര്‍ക്കന്‍ ഡൈസര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച 40 വയസിനു താഴെയുള്ള ശ്രദ്ധേയ വ്യക്തികളുടെ പട്ടികയില്‍ ഷഹീന്‍ സ്ഥാനം പിടിച്ചു. അമേരിക്കന്‍ ഹെര്‍ബല്‍ പ്രൊഡക്‌റ്റ്‌സ് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിതാവ് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം കൂടുതല്‍ വിപുലമാക്കാനും പുതിയ ഉയരങ്ങളില്‍ എത്തിക്കാനും അദ്ദേഹത്തിന് പിന്തുണയേകുകയാണ് ഷഹീന്‍. |
'Stepping Out of the Brain Drain'
ഉന്നത വിദ്യാഭ്യാസം നേടിയ സമര്‍ത്ഥരായ പ്രൊഫഷണലുകള്‍ മറുനാടുകളിലേക്ക് ചേക്കേറുന്നത് നമ്മുടെ രാജ്യത്തിന് നഷ്‌ടമാണെന്ന് ഏവരും സമ്മതിക്കും. എന്നാല്‍ അമേരിക്കയിലെ വിഖ്യാതമായ ലെക്‌സിന്‍ടണ്‍ ബുക്‌സ് 2007ല്‍ പ്രസിദ്ധീകരിച്ച 'Stepping Out of the Brain Drain' എന്ന പുസ്‌തകം ഇതിന്റെ ശോഭനമായ പരിണിത ഫലത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.
ഡോ. മുഹമ്മദ് മജീദിനെക്കുറിച്ചും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിസിനസ് സംരംഭങ്ങളെക്കുറിച്ചും വിശകലനം ചെയ്‌ത് ഇക്കാര്യം സമര്‍ത്ഥിക്കുകയാണ് അമേരിക്കക്കാരായ ഗ്രന്ഥകര്‍ത്താക്കള്‍. വിദേശത്തേക്ക് കുടിയേറുന്നവര്‍ ആ രാജ്യത്തിനും മാതൃരാജ്യത്തിനും എപ്രകാരം സംഭാവന ചെയ്യുന്നുവെന്നതിന് ഉദാഹരണമായിട്ടാണ് ഡോ. മജീദിന്റെ വിജയകഥ പരാമര്‍ശിക്കുന്നത്. അമേരിക്കക്കാര്‍ക്കിടയില്‍ ആയുര്‍വേദം പരിചയപ്പെടുത്തിയതിന്റെയും ഔഷധസസ്യങ്ങളുടെ കരാര്‍ കൃഷിയിലൂടെ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടണ്ടാക്കിക്കൊടുത്തതിന്റെയും ക്രെഡിറ്റ് ഗ്രന്ഥകര്‍ത്താക്കള്‍ ഡോ. മജീദിന് നല്‍കുന്നു. മസ്‌തിഷ്‌ക ശോഷണ (Brain Drain)മെന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം എങ്ങനെ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായെന്നും ഗ്രന്ഥം വിശകലനം ചെയ്യുന്നു.
മഞ്ഞള്‍ വെളുപ്പിച്ച മലയാളി
മഞ്ഞനിറം നീക്കംചെയ്‌ത് മഞ്ഞളിനെ വെളുപ്പിച്ച് മികച്ച സൗന്ദര്യവര്‍ധക വസ്‌തുവാക്കിയത് ഡോ. മജീദിന്റെ മറ്റൊരു വലിയ നേട്ടം. മഞ്ഞളിന്റെ അതിവിപുലമായ സിദ്ധികളിലേക്കു വെളിച്ചം വീശിയ ഡോ. മജീദിന്റെ ഗവേഷണങ്ങള്‍ ലോകത്തെ പ്രമുഖ ഗവേഷണകേന്ദ്രങ്ങളും സര്‍വകലാശാലകളും പ്രത്യേകം ശ്രദ്ധിച്ചു. മഞ്ഞളിന്റെ അത്യല്‍ഭുതകരമായ കാന്‍സര്‍ പ്രതിരോധശേഷിയെക്കുറിച്ചു നടക്കുന്ന ഗവേഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിലേക്കാവശ്യമായ മഞ്ഞളിന്റെ സത്ത് (കുര്‍ക്കുമിന്‍-Curcumin) വന്‍കിട ഗവേഷണ കേന്ദ്രങ്ങള്‍ക്കെത്തിച്ചു കൊടുക്കുന്നത് സമി ലാബ്‌സും. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും മഞ്ഞളിന്റെ വില കുതിച്ചുയരുന്നതിന്റെ കാരണം ഇതുതന്നെ.
No comments:
Post a Comment