ഇതാ അഞ്ച് പേര്‍. വ്യത്യസ്‌ത മേഖലകളില്‍ വിജയം വരിച്ചവര്‍. പക്ഷെ ഇവര്‍ക്ക് പരാജയത്തിന്റെ ഒരു ഭൂതകാലവുമുണ്ട്.
പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ കേരളത്തിന്റെ അഭിമാനമായ എസ്.സി.എം.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി.പി.സി നായര്‍ ഒരിക്കല്‍ പരാജയത്തിന്റെ കാണാക്കയത്തിലേക്ക് വീണിട്ടുണ്ട്. രജത ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന തിരുവനന്തപുരത്തെ ടെറുമോ പെന്‍പോളിന്റെ മാനേജിംഗ് ഡയറക്‌റ്റര്‍ സി. ബാലഗോപാലിന് മനംമടുപ്പിക്കുന്ന അനുഭവങ്ങളേറെയുണ്ടായിട്ടുണ്ട്. ഇന്ന് ഫൈബര്‍ ബോട്ട് നിര്‍മാണ മേഖലയില്‍ മുന്‍നിരക്കാരായ സമുദ്ര ഷിപ്പ്‌യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ.എസ് ജീവനും അഗ്നിപരീക്ഷണത്തിന്റെ പാതകളേറെ താണ്ടിയിട്ടുണ്ട്. തകര്‍ച്ചയുടെ അഗാധ ഗര്‍ത്തത്തില്‍ നിന്ന് ഉദിച്ചുയര്‍ന്ന ചരിത്രമാണ് ചോയ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റ്റര്‍ ജോസ് തോമസിനുള്ളത്. ദുബായ് നഗരത്തില്‍ പുതിയൊരു അടയാളമിടാന്‍ തയാറെടുക്കുന്ന `സിറ്റിമാന്‍' സന്തോഷെന്ന സന്തോഷ് ജോസഫിനും പങ്കുവെയ്‌ക്കാന്‍ പരാജയപാഠങ്ങളേറെയുണ്ട്. ഇതാ അവരുടെ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് സ്‌ഫുടം ചെയ്‌തെടുത്ത ചില കാര്യങ്ങള്‍.
അറിയാത്ത മേഖലയില്‍ കൈവെക്കരുത്
അറിയാത്ത മേഖലയില്‍ കൈവെച്ചാല്‍ പൊള്ളുമെന്ന് മനസിലാക്കിയവരാണ് ഇതിലെ ഭൂരിഭാഗം സംരംഭകരും. ഇനി അറിയാത്ത രംഗത്ത് സംരംഭം തുടങ്ങാന്‍ തീരുമാനിച്ചാല്‍ തന്നെ ആ മേഖലയോട് നിങ്ങള്‍ക്ക് അതിയായ പാഷനുണ്ടാകണമെന്ന് ഈ സംരംഭകരുടെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന്റെ പബ്ലിക് റിലേഷന്‍സ് മാനേജരായിരുന്ന കാലത്ത് ജോലി രാജിവെച്ചാണ് ഡോ.ജി.പി.സി നായര്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് തുടങ്ങുന്നത്. ജോലിക്കൊപ്പം വളരെ വിജയകരമായി അദ്ദേഹം പബ്ലിക് റിലേഷന്‍സ് കോഴ്‌സുകളും നടത്തിയിരുന്നു. പക്ഷെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ മേഖല ജി.പി.സിക്ക് തികച്ചും അന്യമായ രംഗമായിരുന്നു. ഒരു ബിസിനസ് കിട്ടിയാല്‍ത്തന്നെ അതിന് എത്ര തുക ക്വോട്ട് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥ. എന്‍ജിനീയറുടെ സഹായം തേടിയാല്‍ തന്നെ അയാള്‍ പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാന്‍ അറിയില്ല. ഭാവിയില്‍ ഇത് വന്‍ ബിസിനസായി മാറുമെന്ന വിശ്വാസത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അത്യാധുനിക മെഷിനറികളാണ് വാങ്ങിയത്. പക്ഷെ ബിസിനസ് ക്ലിക്കായില്ല. ഈ അനുഭവത്തോടെ വിദ്യാഭ്യാസമാണ് തന്റെ മേഖലയെന്ന് ജി.പി.സി നായര്‍ തിരിച്ചറിഞ്ഞു.
കാര്യങ്ങള്‍ മനസിലാക്കിയശേഷം ബിസിനസിലേക്ക് ഇറങ്ങുക

ഐ.എ.എസ് ഉപേക്ഷിച്ച് വ്യവസായത്തിലേക്ക് ഇറങ്ങിയ ടെറുമോ പെന്‍പോളിന്റെ സാരഥി സി.ബാലഗോപാലിന് അടിതെറ്റിയത് അവിടെയാണ്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നാഷണല്‍ ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ അതിലേക്ക് ബ്ലഡ് ബാഗുകള്‍ നിര്‍മിച്ച് കൊടുക്കാമെന്ന ലക്ഷ്യത്തിലാണ് ബ്ലഡ് ബാഗ് നിര്‍മാണം ആരംഭിക്കുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സാങ്കേതികവിദ്യ ലഭിച്ചു. ഫാക്‌റ്ററിയടക്കം എല്ലാം സജ്ജമാക്കി ആരോഗ്യവകുപ്പിലെത്തി, തന്റെ ഉല്‍പ്പന്നം സര്‍ക്കാര്‍ വാങ്ങാന്‍ എന്ത് നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത് എന്ന് അന്വേഷിച്ചു. പക്ഷെ നാഷണല്‍ ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ സര്‍വീസിനെ കുറിച്ച് അവര്‍ക്ക് കേട്ടുകേള്‍വി പോലുമില്ല. ഉല്‍പ്പന്നം മുഴുവന്‍ സര്‍ക്കാര്‍ വാങ്ങുമെന്ന പ്രതീക്ഷയിലാണ് സംരംഭം തുടങ്ങിയതുതന്നെ.
മാത്രമല്ല, ബ്ലഡ് ബാഗ് നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് പ്രശ്‌നങ്ങളെ അദ്ദേഹത്തിന് നേരിടേണ്ടണ്ടി വന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പൈലറ്റ് പ്ലാന്റ് പഠനം നടത്താതെ ഇറങ്ങിത്തിരിച്ചതാണ് ഏറ്റവും വലിയ മണ്ടത്തരമായതെന്ന് സി.ബാലഗോപാല്‍.

എന്നാല്‍ ജോസ് തോമസിന് സംഭവിച്ചത് മറ്റൊന്നാണ്. തന്നെ വിസ്‌മയിപ്പിച്ച എല്ലാ രംഗത്തേക്കും പ്രതികൂല സാഹചര്യങ്ങളുമായി പടവെട്ടി കടന്നെത്തി ആ മേഖലയില്‍ വെന്നിക്കൊടി പാറിച്ച പാരമ്പര്യമാണ് ജോസ് തോമസിനുള്ളത്. പക്ഷേ ഇദ്ദേഹത്തിന് ചുവടു പിഴച്ചത് ഒന്നില്‍ മാത്രം. എയര്‍ലൈന്‍ ബിസിനസില്‍. സത്യത്തില്‍ അതില്‍ കഴിവ് തെളിയിക്കാനുള്ള അവസരം പോലും ജോസ് തോമസിന് ലഭിച്ചില്ലെന്നതാണ് വാസ്‌തവം. ചോയ്‌സ് എയര്‍ എന്ന എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കാന്‍ 40 കോടി രൂപയോളമാണ് ജോസ് തോമസ് ഒഴുക്കിയത്. പക്ഷേ ആവശ്യമായ ലൈസന്‍സ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഈ കോടികള്‍ വൃഥാവിലായി. ലൈസന്‍സ് ലഭിക്കുമെന്ന വിശ്വാസത്തില്‍ ചോയ്‌സ് എയര്‍ എന്ന പദ്ധതിയുമായി ജോസ് തോമസ് ഏറെ മുന്നോട്ടു പോയിരുന്നു. ഇങ്ങനെയൊരു പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ബാക്കിവരുന്ന സ്റ്റോക്ക് എന്തുചെയ്യുമെന്ന് പ്ലാന്‍ ചെയ്യാത്തതായിരുന്നു ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ പച്ചമീന്‍ വില്‍ക്കുന്ന ഏഴ് സ്റ്റോറുകള്‍ തുറന്ന സമുദ്ര ഗ്രൂപ്പിന്റെ ഡോ. എസ് ജീവന് തിരിച്ചടിയായത്. ഔട്ട്‌ലെറ്റുകളില്‍ ബാക്കി വരുന്ന സ്റ്റോക്ക് തിരികെ എടുക്കുമെന്ന കരാര്‍ ഫ്രാഞ്ചൈസി ഉടമകളുമായി വെച്ചിരുന്നെങ്കിലും അത് എന്തുചെയ്യണമെന്ന ഒരു രൂപവും ജീവനുണ്ടായിരുന്നില്ല. കുറച്ച് ഏറ്റുമാനൂര്‍ ചന്തയില്‍ കൊണ്ടു പോയി വിറ്റഴിച്ചു. പിന്നെ കുറെ കുഴിവെട്ടി മൂടി. ഈ വിധം പാഴായി പോയത് ബിസിനസിന്റെ ലാഭമായിരുന്നുവെന്ന് ജീവന്‍ പിന്നീട് തിരിച്ചറിഞ്ഞു. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ വന്നത് പരാജയത്തിന് കാരണമായി.
ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിലേ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളില്‍ ഏര്‍പ്പെടാവൂ

സമുദ്ര ഗ്രൂപ്പിന്റെ ഡോ. എസ് ജീവന്‍ നാല് ബിസിനസുകളിലാണ് ഏകദേശം ഒരേ സമയം കൈവെച്ചത്. പച്ചമീന്‍ റീറ്റെയ്‌ല്‍ സ്റ്റോര്‍, അക്വാ സമുദ്ര ഫ്‌ളോട്ടിംഗ് ലോഡ്‌ജസ് ആന്‍ഡ് റിസോര്‍ട്ട് എന്ന ടൂറിസം സംരംഭം, ടര്‍ബോ ഫിഷ് മീല്‍ എന്ന കോഴിത്തീറ്റ ഉല്‍പ്പാദന സംരംഭം, ഓഷ്യന്‍ ഡിലൈറ്റ് ഡ്രൈ ഷാര്‍ക്ക് എന്ന സ്രാവ് ഉണക്കിവില്‍ക്കുന്ന പദ്ധതി എന്നിങ്ങനെയുള്ള തികച്ചും വൈവിധ്യമാര്‍ന്ന മേഖലകളായിരുന്നു ഇവയോരോന്നും. ഇവയിലൊന്നും തന്നെ കാര്യമായ അറിവോ അനുഭവസമ്പത്തോ ഉണ്ടായിരുന്നുമില്ല. ``ചെയ്‌തുകൊണ്ടിരിക്കുന്ന പ്രധാന ബിസിനസില്‍ തന്നെ പരമാവധി ശ്രദ്ധ കൊടുക്കുക. നിങ്ങളുടെ പ്രധാന ബിസിനസ് ആവശ്യപ്പെടുന്നത്രയും സമയം അതിനായി നീക്കിവെക്കുക. പിന്നെയും സമയം ബാക്കിയുണ്ടെങ്കില്‍ മാത്രം പരീക്ഷണങ്ങള്‍ക്കായി ചെലവിടുക,'' ജീവന്‍ തന്റെ അനുഭവത്തില്‍ നിന്ന് സംസാരിക്കുന്നു.
ഫണ്ട് എവിടെ നിന്ന്, എങ്ങനെ ലഭിക്കുമെന്ന് ഉറച്ച ബോധ്യമുണ്ടാകണം

സമുദ്ര ഗ്രൂപ്പിന്റെ ശില്‍പ്പിയും ജീവന്റെ പിതാവുമായ സുധാകരന്‍ ഭീമമായ കടക്കെണിയിലേക്ക് നീങ്ങിയതിന്റെ പ്രധാന കാരണം ഒരു ബാങ്കിനെ മാത്രം ഫണ്ടിനായി ആശ്രയിച്ചതാണ്. ഇന്ത്യയിലാദ്യമായി 32 ഫൂട്ടര്‍ ഇരുമ്പുകൊണ്ടണ്ടുള്ള ട്രോളര്‍ നിര്‍മിച്ച് കടലിലിറക്കിയ സുധാകരന് 4.68 കോടിയുടെ ബോട്ട് നിര്‍മാണത്തിനുള്ള കരാര്‍ കൈവശമിരിക്കേ അതിനുള്ള ഫണ്ട് നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചു. ബാങ്കിനെ വിശ്വസിച്ച് മുന്നോട്ടു പോയ സുധാകരന്‍ അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതില്‍ നിന്ന് ജീവന്‍ വിലപ്പെട്ടൊരു കാര്യം പഠിച്ചു. ഒരിക്കലും ഒരു ബാങ്കിനെ മാത്രം ഫണ്ടിനായി ആശ്രയിക്കരുത്. അവരുടെ ഉറപ്പുകളെ അമിതമായി വിശ്വസിക്കുകയുമരുത്.
ജി.പി.സി നായര്‍ക്കും സമാനമായ അനുഭവമുണ്ടായി. കെ.എഫ്.സിയില്‍ നിന്ന് 10 ലക്ഷം രൂപയ്‌ക്കുള്ള വായ്‌പക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയത് ആറര ലക്ഷം രൂപയായിരുന്നു. ബാക്കി ആറ് ലക്ഷം രൂപ വസ്‌തുവകകള്‍ വിറ്റ് കണ്ടെത്തി. കളമശേരി ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റില്‍ സ്ഥലവും ബാക്കിയുള്ള തുകക്ക് അത്യാധുനിക മെഷീനറികളും വാങ്ങി. എല്ലാം സജ്ജമായി പ്രവര്‍ത്തനം തുടങ്ങാന്‍ തയാറായപ്പോള്‍ പ്രവര്‍ത്തന മൂലധനമായി 10 ലക്ഷം രൂപ തരാമെന്ന് ഏറ്റിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ പിന്മാറി. ഏറെ നിയമയുദ്ധത്തിനുശേഷം ലഭിച്ചത് ഒന്നേമുക്കാല്‍ ലക്ഷം രൂപ മാത്രം. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം വ്യവസായത്തെ പിടിച്ചുലച്ചു.
വിപണിയും ഉപഭോക്താവും ആരെന്ന് അറിയുക
മാര്‍ക്കറ്റിംഗിന്റെ ബാലപാഠങ്ങള്‍ സംരംഭകന്‍ മനസിലാക്കാതെ പോകുന്നത് പലപ്പോഴും പരാജയ കാരണമാകാറുണ്ട്. ഏതെങ്കിലും ഒരു ഉപഭോക്താവിനെ മാത്രം കണ്ട് ബിസിനസ് തുടങ്ങുന്നത് തീക്കളിയാണെന്നാണ് സി.ബാലഗോപാലിന്റെ അനുഭവം പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ ബ്ലഡ് ബാഗുകള്‍ വാങ്ങുമെന്ന് പ്രതീക്ഷിച്ചാണ് അദ്ദേഹം ബിസിനസ് ആരംഭിക്കുന്നത്.
ജി.പി.സി നായരുടെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ ഉപഭോക്താക്കള്‍ വന്‍കിട കമ്പനികളായിരുന്നു. അവരുടെ പേമെന്റുകള്‍ വൈകുമെന്ന് ആദ്യമേ തിരിച്ചറിയാനായില്ല.
ലക്ഷ്യം വിജയമാണെങ്കില്‍ മനസില്‍ നിന്ന് ദുരഭിമാനവും ഈഗോയും അകറ്റിനിര്‍ത്തുക
ഒരിക്കല്‍ പരാജയത്തെ മുഖാമുഖം കണ്ടവരടക്കമുള്ള സംരംഭകര്‍ ഏക സ്വരത്തില്‍ പറയുന്ന പാഠങ്ങളിലൊന്നാണിത്. പച്ച മീന്‍ റീറ്റെയ്‌ല്‍ സ്റ്റോറുകളില്‍ നിന്ന് വില്‍ക്കാതെ തിരിച്ചെടുക്കുന്ന സ്റ്റോക്ക് അതിരാവിലെ ഏറ്റുമാനൂര്‍ ചന്തയിലെത്തിക്കാന്‍ സ്വയം ലോറി ഓടിച്ച് പോയിട്ടുണ്ട് ഡോ. എസ് ജീവന്‍. ``എന്റെ അച്ഛന്‍ ഡ്രൈവറെ പോലും `സാറേ'യെന്നാണ് വിളിക്കുക.
ഈഗോ എന്നൊന്ന് സംരംഭകര്‍ക്ക് പാടില്ലെന്ന് പഠിപ്പിച്ചതും അച്ഛനാണ്,? ജീവന്‍ പറയുന്നു.
സഹോദരന് ബിസിനസ് വിഭജിച്ചു നല്‍കി ചോയ്‌സ് എന്ന ബ്രാന്‍ഡ് നാമവും ബാധ്യതകളും മാത്രമായി ഒരു പുനര്‍ ജന്മത്തിന് മാര്‍ഗം തേടി നടന്നപ്പോള്‍ വായ്‌പ അനുവദിച്ചു കിട്ടാനായി ഒരുപാട് നാണക്കേടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജോസ് തോമസ് പറയുന്നു. ദുരഭിമാനം എന്നൊന്ന് മനസില്‍ മുളപൊട്ടും മുമ്പേ അതിനെ നുള്ളിക്കളഞ്ഞതാണ് ജോസ് തോമസിന്റെ ബിസിനസ് വിജയത്തിന് ഒരു കാരണം. ആരുടെ മുന്നിലും മുട്ടുമടക്കാത്ത സ്വഭാവക്കാരനായിരുന്നു ജി.പി.സി നായര്‍. പക്ഷെ വിജയിക്കണമെങ്കില്‍ താഴേണ്ടടത്ത് താഴാന്‍ ബിസിനസുകാരന്‍ തയാറാകണമെന്ന് ജി.പി.സി സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു. സ്‌മോള്‍ ഇന്‍ഡസ്‌ട്രിയാണെങ്കില്‍ നാമും `സ്‌മോള്‍' തന്നെയാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ബിസിനസ് അച്ചടക്കവും സാമ്പത്തിക അച്ചടക്കവും പ്രധാനം
ഏറെ നഷ്‌ടം വരുത്തിവെച്ച സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ജി.പി.സി നായര്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസത്തിലേക്ക് തന്നെ തിരിഞ്ഞു. ലാഭം ഉണ്ടാകുന്നുണ്ടെങ്കിലും കൈയില്‍ ഒന്നും ബാക്കിയില്ല. ഇതെന്തുകൊണ്ടാണെന്ന് അവലോകനം ചെയ്‌തപ്പോള്‍ സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് പ്രശ്‌നമെന്ന് മനസിലായി. സ്വന്തമായ ആവശ്യങ്ങള്‍ക്ക് പണം എടുക്കുമ്പോഴും വൗച്ചര്‍ എഴുതണമെന്ന സുഹൃത്തിന്റെ നിര്‍ദേശം തുണയായി. പണം കയ്യില്‍ ബാക്കിയാകാന്‍ തുടങ്ങിയത് അന്നുമുതലാണ്. ``ഏതെങ്കിലും വിധത്തിലുള്ള വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ അതിനെ ഗൗരവമായി കാണണം. അത് അടച്ചുതീര്‍ക്കുന്നതിന് പ്രാധാന്യം നല്‍കുക.' ജി.പി.സി നായര്‍ പറയുന്നു.
ഒരു വ്യക്തിക്ക് ബിസിനസ് ഡിസിപ്ലിനും സോഷ്യല്‍ ഡിസിപ്ലിനും പേഴ്‌സണല്‍ ഡിസിപ്ലിനും ഉണ്ടായാലേ വിജയിക്കാനാകൂവെന്ന് സന്തോഷ് ജോസഫ്. ഇതില്‍ സന്തോഷ് ജോസഫിന് ഇല്ലാതിരുന്നത് ബിസിനസ് ഡിസിപ്ലിനായിരുന്നു.
``നമ്മള്‍ എന്താണോ യഥാര്‍ത്ഥത്തില്‍ അതിനെക്കാള്‍ വളരെ വേഗം വളരാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ബിസിനസ് ഡിസിപ്ലിന്‍ നഷ്‌ടപ്പെടും. 10 വര്‍ഷം കൊണ്ട് നേടാവുന്നത് മൂന്ന് വര്‍ഷം കൊണ്ട് നേടാന്‍ ശ്രമിക്കുമ്പോള്‍ ഫോക്കസ് നഷ്‌ടമാകും,'' സന്തോഷ് ജോസഫ് പറയുന്നു.
DHANAM MAGAZINE
No comments:
Post a Comment