ലോകമാകെ പടര്‍ന്ന ഫാസ്റ്റ് ഫുഡ് ചെയ്‌നായ മക് ഡൊണാള്‍ഡിന്റെ ശില്‍പ്പി റേ റോക്കിന് (Ray Kroc) അതീവ ദരിദ്രമായ ഒരു ഭൂതകാലമുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും ഗതിയില്ലാതെ അലഞ്ഞ നാളുകള്‍. കൈയിലെ അവസാന നാണയവും കൊടുത്ത് വാങ്ങിയ ഒരു റൊട്ടിക്കഷണവും കഴിച്ച് ഒരു ദിവസം അദ്ദേഹം ഒരു പാര്‍ക്കിലെ ബഞ്ചില്‍ വന്നിരുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷം അല്‍പ്പം ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അയാള്‍ ഒന്നുമയങ്ങിപ്പോയി. ആ മയക്കത്തിനിടയില്‍ അയാള്‍ ഒരു സ്വപ്‌നം കണ്ടു. താനൊരു വലിയ ഹോട്ടലിന്റെ ഉടമയായി മാറുന്നതായിരുന്നു സ്വപ്‌നം. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന്, കണ്ടത് വെറും സ്വപ്‌നമാണെന്ന് മനസിലായപ്പോള്‍ സങ്കടമല്ല അത്യധികം സന്തോഷമാണ് അദ്ദേഹത്തിന് തോന്നിയത്. കൈയിലൊരു നാണയം പോലും ഇല്ലാത്ത അവസ്ഥയിലും ഇങ്ങനെയൊരു സ്വപ്‌നം കാണാന്‍ കഴിഞ്ഞെങ്കില്‍ തനിക്ക് അത് യാഥാര്‍ത്ഥ്യമാക്കാനും കഴിയും എന്ന് അയാള്‍ക്ക് മനസിലായി. മക്‌ഡൊണാള്‍ഡ് എന്ന ബ്രാന്‍ഡിന്റെ ഉദയം അങ്ങനെയാണ്. സ്വപ്‌നം കാണുന്നതിന്റെ ശക്തിയാണ് ഇതിന് കാരണം. ഇന്നിതാ സന്തോഷ് ജോസഫ് എന്ന സംരംഭകനും പറയുന്നു. സ്വപ്‌നം കാണാന്‍ കഴിഞ്ഞാല്‍ പകുതി വിജയിച്ചു.
`സ്വപ്‌നം കാണുന്നതിന് നമ്മള്‍ ആര്‍ക്കും നികുതി നല്‍കേണ്ടതില്ലല്ലോ. നിങ്ങള്‍ക്ക് വ്യക്തമായ കാഴ്‌ചപ്പാടും ധൈര്യവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍, അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്‌തിട്ടുണ്ടെങ്കില്‍ ബാക്കിയെല്ലാം നിങ്ങളെ തേടിവരും എന്ന് ഞാന്‍ വിശ്വസിക്കുന്നു,'' അദ്ദേഹം പറയുന്നു.
നിങ്ങള്‍ക്ക് മനസില്‍ എന്തിനെക്കുറിച്ചെങ്കിലും സംശയമുണ്ടെങ്കില്‍ ഒന്നും ചെയ്യരുത്. പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ല എന്നും സന്തോഷ് ചൂണ്ടിക്കാട്ടുന്നു.
വലിയ ഒരു സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിലാണ് ഇന്ന് സന്തോഷ് ജോസഫ്. ദുബായില്‍ 26000 കോടി രൂപയുടെ ആഡംബരത്തിന്റെയും ഉല്ലാസത്തിന്റെയും ഒരു പുതിയ ലോകം തീര്‍ത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ബുര്‍ജ് ഖലീഫയും പാം ജുമൈറയും വിസ്‌മയം സൃഷ്‌ടിക്കുന്ന നഗരത്തിന്റെ പുതിയ സെന്‍സേഷനായ ദുബായ് പേള്‍ എന്ന ഈ പദ്ധതിയുടെ അമരത്ത് 47 കാരനായ ഈ ചങ്ങനാശേരിക്കാരനാണ്.
ഇന്ന് ദുബായിയെ വിസ്‌മയിപ്പിക്കുന്ന സന്തോഷ് ഏകദേശം 10 വര്‍ഷം മുമ്പ് മലയാളികളെയും ഇതേപോലെ വിസ്‌മയിപ്പിച്ചതാണ്.
ബ്രാന്‍ഡഡ് ഷര്‍ട്ടുകളുമായി മലയാളികളുടെ വസ്‌ത്രധാരണ ശൈലിയില്‍ മാറ്റത്തിന് തിരികൊളുത്തിയ സിറ്റിമാന്‍ ഷര്‍ട്ടിലൂടെയാണ് അദ്ദേഹം അന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സന്തോഷ് ജോസഫിന്റെ കഥയ്‌ക്ക് സംഭവ ബഹുലമായ അഞ്ച് അധ്യായങ്ങളുണ്ട്.
അധ്യായം 1-ഒന്നുമില്ലായ്‌മയില്‍ നിന്നുള്ള തുടക്കം
അധ്യായം 2-വിസ്‌മയിപ്പിക്കുന്ന വളര്‍ച്ച
അധ്യായം 3-അവിശ്വസനീയമായ തകര്‍ച്ച
അധ്യായം 4-പ്രതിസന്ധികളെ ഉള്ളിലൊതുക്കിയ പ്രവാസ ജീവിതം
അധ്യായം 5-ഉയിര്‍ത്തെഴുന്നേല്‍പ്പ്
അധ്യായം 1
ഒന്നുമില്ലായ്‌മയില്‍ നിന്നുള്ള തുടക്കം
ബിസിനസ് ചെയ്യുന്ന ബന്ധുക്കള്‍ സന്തോഷിന് ഉണ്ടായിരുന്നു. അവര്‍ പക്ഷേ വ്യാപാര രംഗത്തായിരുന്നു. ആ വഴി ഒരിക്കലും സന്തോഷിനെ ആകര്‍ഷിച്ചില്ല. സന്തോഷിന്റെ ശ്രദ്ധ മുഴുവന്‍ വ്യവസായ ലോകത്തായിരുന്നു. സന്തോഷിന് 11 വയസ് ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. കോളെജ് പഠനത്തിനിടയില്‍ തന്നെ ചെറിയ ചെറിയ ബിസിനസുകള്‍ സന്തോഷ് ചെയ്‌തിരുന്നു. വീട്ടിലുണ്ടാക്കിയ ജ്യൂസിന്റെ വില്‍പ്പന, പോള്‍ട്രി ഫാം അങ്ങനെ പലതും.
പഠനശേഷം ഡയോഡ് ടെയ്‌ലേഴ്‌സ് എന്ന പേരില്‍ 1984ല്‍ കോട്ടയത്ത് ഒരു ടെയ്‌ലറിംഗ് യൂണിറ്റ് തുടങ്ങുന്നതോടെയാണ് സന്തോഷിന്റെ സംഭവ ബഹുലമായ ബി സിനസ് ജീവിതം ആരംഭിക്കുന്നത്. വെറുതെയൊരു ടെയ്‌ലറിംഗ് യൂണിറ്റായിരുന്നില്ല അത്.
നൂതാനാശയങ്ങളുടെ പണിശാല കൂടി ആയിരുന്നു. തുണിത്തരങ്ങള്‍ വാങ്ങി പാകത്തിന് തയ്‌ച്ച് കൊറിയറില്‍ വീട്ടിലെത്തിക്കും. നാല് പേരുമായിട്ടായിരുന്നു തുടക്കം. അത് ഇപ്പോഴും കോട്ടയത്ത് പ്രവര്‍ത്തിക്കുന്നു. 50 പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇതിന്റെ 25ാം വാര്‍ഷികമായിരുന്നു. ടെയ്‌ലറിംഗ് യൂണിറ്റിന്റെ വളര്‍ച്ച
ബിസിനസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സന്തോഷിനെ പ്രേരിപ്പിച്ചു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ വസ്‌ത്ര നിര്‍മാണ സ്ഥാപനമായ സിറ്റിമാന്‍ എന്ന കമ്പനി ഏറ്റെടുത്തുകൊണ്ട് 1988ല്‍ സന്തോഷ് വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.ആദ്യം കമ്പനിയുടെ കേരളത്തിലെയും പിന്നീട് ദക്ഷിണേന്ത്യയിലെയും ഒടുവില്‍ ഇന്ത്യയൊട്ടാകെയുമുള്ള അവകാശം ഏറ്റെടുത്തുകൊണ്ട് പടിപടിയായാണ് സന്തോഷ് സിറ്റിമാന്‍ എന്ന ബ്രാന്‍ഡിന്റെ ഉടമയായത്. ഒരു ലക്ഷം രൂപയായിരുന്നു അന്ന് സന്തോഷിന്റെ മുടക്കുമുതല്‍. കേരളത്തിലെ കോര്‍പ്പറേറ്റ് ലോകത്തെ ശ്രദ്ധേയമായ ഈ ചുവടുവെപ്പിന് ചുക്കാന്‍ പിടിക്കുമ്പോള്‍ സന്തോഷിന് പ്രായം വെറും 23 വയസ്.
അധ്യായം 2
വിസ്‌മയിപ്പിക്കുന്ന വളര്‍ച്ച
1992ല്‍ സിറ്റിമാന്‍ ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി സ്ഥാപിച്ചുകൊണ്ട് കോര്‍പ്പറേറ്റ് ബിസിനസ് മാനായി സന്തോഷ് വളര്‍ന്നു. 1994ല്‍ കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുകയും ഓഹരികള്‍ അന്ന് ഇന്ത്യയിലുള്ള എല്ലാ സ്റ്റോക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യുകയും ചെയ്‌തു. കമ്പനിക്ക് കോട്ടയത്തും ബാംഗ്ലൂരിലും നിര്‍മാണ ശാലകള്‍. ഇന്ത്യയിലും യു.എ.ഇയിലുമായി 20 എക്‌സ്‌ക്ലൂസിവ് ഷോറൂമുകള്‍. വസ്‌ത്രങ്ങളുടെ കയറ്റുമതിയിലേക്കും കടന്ന സന്തോഷ് യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സപ്ലയറായി. പിന്നീട് വൈവിധ്യവല്‍ക്കരണത്തിലായി ശ്രദ്ധ.
അങ്ങനെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കും ഐ.റ്റി മേഖലയിലേക്കും കടന്നു. 1996ല്‍ ബാംഗ്ലൂരില്‍ 70 ഏക്കര്‍ സ്ഥലത്ത് സിറ്റിസ്‌കേപ് എന്ന പേരില്‍ ഭവന സമുച്ചയ പദ്ധതി നടപ്പിലാക്കി. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ ബിസിനസിലെ സാധ്യത പ്രയോജനപ്പെടുത്താനായി മെറിഡിയന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസിന് തുടക്കമിട്ടു.
അധ്യായം 3
അവിശ്വസനീയമായ തകര്‍ച്ച
ഒന്നിലേറെ ബിസിനസ് ഒരേസമയം സന്തോഷ് വളരെ വേഗത്തില്‍ ചെയ്യാന്‍ തുടങ്ങി. 1996-97 ആയപ്പോഴേക്കും സിറ്റിമാന്‍ ഗ്രൂപ്പിന്റെ വിറ്റുവരവ് 20 കോടി കവിഞ്ഞു. അതോടെ തകര്‍ച്ചയുടെ ലക്ഷണങ്ങളും കണ്ടു തുടങ്ങി. അക്കാലത്തെക്കുറിച്ച് സന്തോഷ് തന്നെ പറയുന്നു:
``ഒരു ബിസിനസ് സ്ഥാപനത്തിന്റെ ഉടമ എന്ന നിലയില്‍ നിന്ന് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ തലവന്‍ എന്ന നിലയിലേക്ക് ഒറ്റ ദിവസം കൊണ്ട് മാറാന്‍ കഴിയില്ല. ഞാന്‍ ശ്രമിച്ചത് അതിനായിരുന്നു. പബ്ലിക് ഇഷ്യു നടത്തുന്നതിന് മുമ്പ് ബിസിനസിലെ എല്ലാ കാര്യങ്ങളും എന്റെ നിയന്ത്രണത്തിലായിരുന്നു. പക്ഷേ അതിനുശേഷം കാര്യങ്ങള്‍ വഷളായി. ഞാന്‍ അധികാരം പങ്കുവെക്കാതെ ഉത്തരവാദിത്തങ്ങള്‍ മാത്രം മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി. എല്ലാം സ്വയം നിയന്ത്രിക്കണമെന്ന ഉടമസ്ഥ മനോഭാവം മൂലമാണ് എനിക്ക് ഈ തെറ്റ് സംഭവിച്ചത്. ഇതിന്റെ ചീത്ത ഫലങ്ങള്‍ കണ്ടുതുടങ്ങാന്‍ നാല് വര്‍ഷമെടുത്തു. അതുകൊണ്ട് തുടക്കത്തിലേ പ്രശ്‌നം എന്തെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. മനസിലാക്കി വന്നപ്പോഴേക്കും കമ്പനി വലിയ പ്രതിസന്ധിയിലായി. തൊഴില്‍ കുഴപ്പങ്ങളും പൊട്ടിപ്പുറപ്പെട്ടു. 1998 ആയപ്പോഴേക്ക് പ്രതിസന്ധി രൂക്ഷമായി.
1000 പേരോളം അന്ന് ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തൊഴില്‍കുഴപ്പം മൂലം കയറ്റുമതി ബിസിനസ് തടസപ്പെട്ടു. ആഭ്യന്തര വിപണിയിലാകട്ടെ മറ്റു ബ്രാന്‍ഡുകള്‍ കടുത്ത മല്‍സരവും സൃഷ്‌ടിച്ചു. ഒടുവില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസും പ്രതിസന്ധിയിലായി. അതോടെ സ്ഥാപനം അടച്ചുപൂട്ടി. കോടിക്കണക്കിന് രൂപയുടെ കടക്കാരനുമായി.
അധ്യായം 4
പ്രതിസന്ധികളെ ഉള്ളിലൊതുക്കിയ
പ്രവാസ ജീവിതം
ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് 20 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കാന്‍ തനിക്ക് കഴിയുമെങ്കില്‍ ഇതിനേക്കാള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇതിന്റെ ഇരട്ടി ആസ്‌തി ഉണ്ടാക്കാനും തനിക്ക് കഴിയുമെന്ന് സന്തോഷ് ഉറച്ചുവിശ്വസിച്ചു. നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനായി 2000ത്തില്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റി.
ദോഹയിലും ദുബായിലും ഒരു ബിസിനസ് ഗ്രൂപ്പിന്റെ സഹായത്തോടെ കോള്‍ സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ട് സന്തോഷ് തന്റെ ബിസിനസ് ജീവിതം പുനരാരംഭിച്ചു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരസ്യം, മെഡിക്കല്‍, ലീഗല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ തുടങ്ങിയവയ്‌ക്കായുള്ള ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ് ചെയ്‌ത് നല്‍കുന്ന കമ്പനിയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആരംഭിച്ചു. റെസ്റ്റൊറന്റ് ചെയ്‌ന്‍, ലൈഫ് സ്റ്റൈല്‍ മാനേജ്‌മെന്റ് കമ്പനി തുടങ്ങിയവയും സന്തോഷിന്റെ യു.എ.ഇയിലെ സംരംഭങ്ങളില്‍ പെടുന്നു. 2004ഓടെ സിറ്റിമാനുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും തീര്‍ത്തു.
എങ്ങനെയാണ് ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തെ സന്തോഷ് നേരിട്ടത്? സന്തോഷ് തരണം ചെയ്‌ത വെല്ലുവിളികളുടെ ആഴം മനസിലാക്കുന്ന ആരും ആദ്യം അന്വേഷിക്കുക അതാണ്. സന്തോഷ് തന്നെ പറയട്ടെ-
``യാഥാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിച്ചു. അതിനെതിരെ പോരാടാന്‍ ഉറച്ചു. എന്തുകൊണ്ട് തകര്‍ച്ചയുണ്ടായി എന്ന് ആലോചിച്ചിരിക്കാനല്ല പ്രശ്‌നത്തെ പോസിറ്റീവായി കണ്ട് അതിനെ നേരിടാനാണ് ഞാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ആദ്യത്തെ അഞ്ച് വര്‍ഷക്കാലം യാതൊരു ആത്മപരിശോധനയും ഇല്ലായിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ എന്തുകൊണ്ടാണ് പിഴച്ചു പോയത് എന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചുള്ളൂ. അതിനെ ഒരു പ്രതിസന്ധി ഘട്ടത്തേക്കാള്‍ പഠനഘട്ടമായിട്ടാണ് ഞാന്‍ കരുതുന്നത്. അക്കാലം വലിയ പ്രതിസന്ധി ഘട്ടം തന്നെ ആയിരുന്നു. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു ആ തിരിച്ചടി എന്ന് തോന്നുന്നു. അതൊരു അനുഗ്രഹമായിരുന്നു. ആ തിരിച്ചടിയാണ് വലുതായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എന്നെ പ്രേരിപ്പിച്ചത്?. അന്നത്തെ പ്രതിസന്ധിയില്‍ നിന്ന് സന്തോഷ് പല പാഠങ്ങളും പഠിച്ചു.
``ബിസിനസില്‍ ആറ് കാര്യങ്ങളാണ് ഏറ്റവും നിര്‍ണായകമായുള്ളത്. വിഷന്‍, അര്‍പ്പണ മനോഭാവം, കഠിനാധ്വാനം, ഫോക്കസ്, ക്ഷമ, അച്ചടക്കം എന്നിവയാണവ. ഇതില്‍ അച്ചടക്കം ഏറ്റവും പ്രധാനമാണ്. ഒരു വ്യക്തിക്ക് ബിസിനസ് ഡിസിപ്ലിനും സോഷ്യല്‍ ഡിസിപ്ലിനും പേഴ്‌സണല്‍ ഡിസിപ്ലിനും ഉണ്ടായാലേ ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ. എനിക്ക് പേഴ്‌സണല്‍ ഡിസിപ്ലിനും സോഷ്യല്‍ ഡിസിപ്ലിനും ഉണ്ടായിരുന്നു. ബിസിനസ് ഡിസിപ്ലിന്‍ ഇല്ലായിരുന്നു. നമ്മള്‍ എന്താണോ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ വളരെ വേഗം വളരാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ബിസിനസ് ഡിസിപ്ലിന്‍ നഷ്‌ടപ്പെടുന്നു. 10 വര്‍ഷം കൊണ്ട് നേടാവുന്നത് മൂന്ന് വര്‍ഷം കൊണ്ട് നേടാന്‍ ശ്രമിക്കുമ്പോള്‍ ഫോക്കസ് നഷ്‌ടപ്പെടും. ഇന്ന് ഞാന്‍ പൂര്‍ണമായും ഫോക്കസ്‌ഡ് ആണ്. ദുബായിലേത് വളരെ വലിയ പ്രോജക്‌റ്റ് ആണ്. മുകളില്‍ പറഞ്ഞ എല്ലാ ഘടകങ്ങളും ഈ പദ്ധതിയില്‍ പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പദ്ധതിയില്‍ വളരെയേറെ മൂല്യവര്‍ധന കൊണ്ടുവരാന്‍ കഴിഞ്ഞു.''
ക്ഷമയ്‌ക്ക് ബിസിനസില്‍ വളരെ വലിയ പങ്കുണ്ടെന്നതാണ് താന്‍ പഠിച്ച ഏറ്റവും വലിയ പാഠമെന്നു സന്തോഷ്. ``യുവാക്കള്‍ ഇന്ന് ബിസിനസിലായാലും ജീവിതത്തിലായാലും അടിസ്ഥാനം ഉറപ്പിക്കാതെ തന്നെ പതിന്മടങ്ങ് വളര്‍ച്ച വളരെ വേഗത്തില്‍ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ആകരുത്. ഇങ്ങനെ ചെയ്യുന്നവരില്‍ പലരും വിജയിക്കുന്നില്ലേ എന്ന്‌് ചോദിച്ചേക്കാം. 10000 പേരില്‍ ഇങ്ങനെ വിജയിക്കുന്നവര്‍ ഒന്നോ രണ്ടോ പേരാകാം, പക്ഷേ വിജയിക്കുന്നവരെ മാത്രമേ എല്ലാവരും കാണുന്നുള്ളൂ. പരാജയങ്ങളുടെ കഥ ആരും അറിയുന്നില്ല,`` സന്തോഷ് പറയുന്നു
അധ്യായം 5
ഉയിര്‍ത്തെഴുന്നേല്‍പ്പ്
ബാധ്യതകള്‍ തീര്‍ത്ത് ബിസിനസ് പഴയ നിലയിലെത്തിച്ച സന്തോഷ് തന്റെ പഴയ സിറ്റിമാന്റെ ലോകത്തേക്ക് തിരിച്ചുവരുകയാണ്.
``2010ല്‍ റീലോഞ്ചിംഗ് പ്ലാന്‍ ചെയ്‌തിരുന്നതാണ്. എന്നാല്‍ ദുബായ് പേളിന്റെ ജോലികളുടെ തിരക്കില്‍ അതിന് കഴിഞ്ഞില്ല. ഏതായാലും അടുത്തവര്‍ഷം സിറ്റിമാന്‍ ഷര്‍ട്ട് ഇന്ത്യന്‍ വിപണിയിലെത്തും. മറ്റെന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാം എന്നതിനെക്കുറിച്ച് റിസര്‍ച്ച് നടക്കുകയാണ്. ബാംഗ്ലൂരിലായിരിക്കും ആസ്ഥാനം. സിറ്റിമാന്റെ ഓഹരികള്‍ റീലിസ്റ്റ് ചെയ്യാന്‍ സെബിക്ക് മുമ്പാകെ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. അഞ്ച് കോടി രൂപയായിരുന്നു കമ്പനിയുടെ മൂലധനം. പക്ഷേ ബാധ്യതകള്‍ തീര്‍ക്കാന്‍ 20 കോടിയോളം രൂപയാണ് ഞാന്‍ സ്വരൂപിച്ചത്. ഞങ്ങളുടെ ഇന്ത്യയിലെ പദ്ധതികളെല്ലാം ഇനി സിറ്റിമാന്‍ കമ്പനി വഴി ആയിരിക്കും. സിറ്റിമാന്റെ ഓഹരികളെല്ലാം തിരിച്ച് വാങ്ങാനുള്ള ഓഫര്‍ നല്‍കാന്‍ എനിക്ക് ഇന്ന് പറ്റും. പക്ഷേ ഞാന്‍ അതല്ല ചെയ്യുന്നത്. പകരം അവര്‍ക്ക് ആ ഓഹരികളുടെ യഥാര്‍ത്ഥ മൂല്യം മടക്കി നല്‍കാന്‍ ആഗ്രഹിക്കുന്നു. അതോടെ എന്റെ ഒരു ദൗത്യം പൂര്‍ത്തിയാകുമെന്ന് കരുതുന്നു.''
സിറ്റിമാന്‍ ഇന്ത്യയില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ ബിസിനസ് മോഡല്‍ സെബിക്കു മുമ്പാകെ അവതരിപ്പിക്കാനും ഒരുങ്ങുന്നു. ``സിറ്റിമാന്‍ എന്ന കമ്പനി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കും. സിറ്റിമാന്‍ എസ്റ്റേറ്റ്‌സ് എന്ന സ്ഥാപനം ഇപ്പോള്‍ ബാംഗ്ലൂരില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവമാണ്. ലിസ്റ്റ് ചെയ്‌ത കമ്പനി ഗാര്‍മെന്റ് മേഖലയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ,'' സന്തോഷ് വ്യക്തമാക്കുന്നു.
ദുബായ് പേള്‍ എന്ന സ്വപ്‌ന പദ്ധതിയുടെ പണിപ്പുരയിലാണ് സന്തോഷ് ഇപ്പോള്‍.
``ഒരു സിംഗിള്‍ ബില്‍ഡിംഗ് ആയി പരിഗണിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായിരിക്കും ഇത്. 2005ല്‍ ടീകോം ആണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്. ആ സമയം മുതല്‍ ഞാന്‍ ഇതിനൊപ്പം ഉണ്ട് എന്നുതന്നെ പറയാം. 2007ല്‍ ഞാന്‍ പേള്‍ ദുബായ് എഫ്.ഇസെഡ് എല്‍.എല്‍.സി എന്ന കമ്പനി രൂപീകരിച്ച് ടീകോമില്‍ നിന്ന് ഈ പദ്ധതി ഏറ്റെടുത്തു. ദുബായിലെ പ്രശസ്‌ത ബിസിനസ് കുടുംബമായ അല്‍ ഫാഹിം ഗ്രൂപ്പ് ആണ് ഈ കമ്പനിയുടെ മറ്റൊരു പാര്‍ട്‌ണര്‍,`` സന്തോഷ് പറയുന്നു.
ടീകോം വിഭാവനം ചെയ്‌ത പദ്ധതിയെ ഈ രീതിയില്‍ ആക്കിയത് സന്തോഷാണ്. ``റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും മനസും ശരീരവും ആത്മാവുമുണ്ട്. കെട്ടിടം പദ്ധതിയുടെ ശരീരമാണെങ്കില്‍ അതില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന സേവനമാണ് മനസ്. ആത്മാവ് താമസസ്ഥലത്തിനു ചുറ്റുപാടുമുള്ള `ആംബിയന്‍സ്' ആണ്,'' സന്തോഷ് പറയുന്നു. പദ്ധതിക്ക് ആത്മാവ് നല്‍കാനായി സന്തോഷ് ഇവിടെ ഒരുക്കിയിരിക്കുന്നതില്‍ ചിലത് ഇവയൊക്കെയാണ്
- എന്റര്‍ടെയ്‌ന്‍മെന്റ്, ഹോട്ടല്‍, ഫുഡ് ആന്‍ഡ് ബെവറിജ്, വെല്‍നെസ്, മള്‍ട്ടിപ്പിള്‍ ബ്രാന്‍ഡഡ് റെസിഡന്‍സ്, ഇന്റലിജെന്റ് ഓഫീസുകള്‍.... ഇവയെല്ലാം ഇവിടെ ഒരുക്കുന്നതും സേവനം ലഭ്യമാക്കുന്നതും ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളാണ്. ഇവിടെ നിങ്ങള്‍ക്ക് ജോലി ചെയ്യാം, കലാ-കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം, താമസിക്കാം, ജീവിക്കാം. ഒന്നിനും നിങ്ങള്‍ക്ക് പുറത്തുപോകേണ്ടി വരില്ല.
ദുബായ് നഗരത്തിന്റെ പുതിയ `സെന്‍സേഷന്‍'
ഏകദേശം 40 ഏക്കറോളം സ്ഥലത്ത് ആറ് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (26000 കോടി രൂപ) മുടക്കുമുതലില്‍ പണികഴിപ്പിക്കുന്ന പാര്‍പ്പിട സമുച്ചയമാണ് ദുബായ് പേള്‍. ഇതിനെ വെറുമൊരു പാര്‍പ്പിട സമുച്ചയമെന്ന് വിശേഷിപ്പിക്കുന്നത് ശരിയായിരിക്കില്ല. മറ്റെന്തെല്ലാം ഇതിലുണ്ട് എന്ന് അന്വേഷിക്കുന്നതിനേക്കാള്‍ എളുപ്പം ഇതില്‍ ഇല്ലാത്തത് എന്തൊക്കെയാണ് എന്ന് അറിയുകയായിരിക്കും. സ്‌കൈ പാലസുകള്‍, പാര്‍പ്പിടങ്ങള്‍, പെന്റ് ഹൗസുകള്‍, ലക്ഷ്വറി ഹോട്ടലുകള്‍, ലിഷര്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, ഇന്റെലിജെന്റ് ഓഫീസുകള്‍ ദുബായ് പേളിന്റെ ആകര്‍ഷണീയതകള്‍ നിരവധിയാണ്. ദുബായ് ടെക്‌നോളജി ആന്‍ഡ് മീഡിയ ഫ്രീ സോണിന്റെ ഹൃദയ ഭാഗത്ത് പണികഴിപ്പിക്കുന്ന ദുബായ് പേള്‍ `പാം ജുമൈറ'യുടെ ഏറ്റവും മനോഹരമായ ആകാശ വീക്ഷണം ഒരുക്കുന്നു. കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ ടവര്‍ ഓഫീസുകള്‍,
പോഡിയം ഓഫീസുകള്‍, കോണ്‍ഫറന്‍സ്, കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍ സെന്ററുകള്‍ എന്നിവയുണ്ടാകും. റീറ്റെയ്‌ല്‍ വിഭാഗത്തില്‍ 20 കഫെകളും ബാറുകളും, 40 സ്‌പെഷാലിറ്റി റെസ്റ്റൊറന്റുകള്‍, 200 റീറ്റെയ്‌ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുമുണ്ടാാകും.
ഹോളിസ്റ്റിക് വെല്‍നെസ് ആന്‍ഡ് സ്‌പാ, അറേബ്യന്‍ ജിം ആന്‍ഡ് ഫിറ്റ്‌നെസ് സെന്റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പ്രൈവറ്റ്, അര്‍ബന്‍ ബീച്ച് ക്ലബുകള്‍, മെഡിറ്റേഷന്‍ സെന്റര്‍, 1800 സീറ്റുകളുള്ള എം.ജി.എം റോയല്‍ ഹാള്‍, 10 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ്, ആര്‍ട്ട് ഗാലറികള്‍, സിനിമാ സ്റ്റുഡിയോകള്‍, പാര്‍ട്ടി സോണുകള്‍, കിഡ്‌സ് കിംഗ്‌ഡം തുടങ്ങിയവ അടങ്ങിയതാണ് ലിഷര്‍ ആന്‍ഡ് എന്റര്‍ടെയ്‌ന്‍മെന്റ്. ബക്കറാറ്റ്, ബെല്ലാജിയോ, എം.ജി.എം ഗ്രാന്‍ഡ് ഹോട്ടലുകള്‍, വെല്‍നെസ് ലൈഫ്‌സ്റ്റൈല്‍ ഹോട്ടലുകള്‍,ഫാഷന്‍ ഹോട്ടലുകള്‍ തുടങ്ങിയവയാണ് ഹോസ്‌പിറ്റാലിറ്റി വിഭാഗത്തില്‍ ഉണ്ടായിരിക്കുക.
ബ്രാന്‍ഡഡ് റെസിഡന്‍സ് വിഭാഗത്തില്‍ സ്റ്റൈല്‍, ബക്കാററ്റ്, ഫാഷന്‍, സ്‌പീഡ്, ആര്‍ട്ട് റെസിഡന്‍സുകള്‍, സ്‌കൈ പാലസുകള്‍ തുടങ്ങിയവ ഉണ്ടാകും. കമ്യൂണിറ്റി വിഭാഗത്തില്‍ സ്റ്റാര്‍ട്ട് സ്‌മാര്‍ട് (നഴ്‌സറി ആന്‍ഡ് കിന്റര്‍ഗാര്‍ടന്‍), ദുബായ് പേള്‍ ക്രിയേറ്റിവ് സൊസൈറ്റി, സ്‌കൈ ഒബ്‌സര്‍വേറ്ററി ഡെക്ക് ആന്‍ഡ് ലോഞ്ച്, മെഡിക്കല്‍ സെന്റര്‍, ലൈബ്രറി ലോഞ്ച്, സെന്‍ട്രല്‍ പാര്‍ക്ക്, കണ്‍വീനിയന്‍സ് സ്റ്റോര്‍ തുടങ്ങിയവയാണ് ഉള്ളത്.

ഏത് പ്രതിസന്ധിയിലും തികഞ്ഞ ശുഭാപ്‌തി വിശ്വാസത്തോടെ മുന്നേറുന്ന ക്രാന്തദര്‍ശിയായ ബിസിനസുകാരനാണ് സന്തോഷ്. ഒരു പ്രതിസന്ധിക്ക് മുമ്പിലും കീഴടങ്ങാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന സന്തോഷ് തന്റെ ടീം അംഗങ്ങളെയും ഇതേ ദിശയില്‍ നയിക്കുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍ വിജയങ്ങളുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമായി പങ്കുവെയ്‌ക്കുകയും ചെയ്യുന്നു. ഉന്നതമായ സ്വപ്‌നങ്ങള്‍ കാണുകയും അത് സാക്ഷാല്‍ക്കരിക്കാന്‍ കഠിനമായി അധ്വാനിക്കുകയും ചെയ്യണമെന്ന് സന്തോഷ് പറയുന്നു.
സന്തോഷ് നടന്നുകയറിയ ഓരോ വഴികളും സംരംഭകര്‍ക്കുള്ള അമൂല്യമായ പാഠങ്ങളാണ്. ``ബിസിനസില്‍ എന്തുചെയ്യണം എന്ന് പറഞ്ഞുകൊടുക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്തുചെയ്യരുത് എന്ന് പറയാന്‍ അധികമാരും ഉണ്ടാകില്ല, ബിസിനസില്‍ ചെയ്യാന്‍ പാടില്ലെന്ന് സന്തോഷ് വിശ്വസിക്കുന്നവ.
l ഒരു കാര്യത്തിലും തിരക്ക് കൂട്ടരുത്, സ്വയം വിഡ്‌ഢിയാകരുത്. ബിസിനസില്‍ നിങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള സിസ്റ്റം തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാകരുത്. പകരം തെറ്റിനെ തടയാന്‍ കഴിയുന്നതാകണം.
l കുറച്ചുകാലം മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി നോക്കാതെ സ്വന്തം ബിസിനസ് തുടങ്ങരുത്.
l സമര്‍ത്ഥനാണ് നിങ്ങളെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ ചെയ്യാം. എല്ലാം നന്നായി പോകുകയാണെങ്കില്‍ നിങ്ങള്‍ ശരിയായ ദിശയിലാണ്. ഏതെങ്കിലും ഒന്ന് തെറ്റിത്തുടങ്ങിയാല്‍ പിന്നെ പലതും തെറ്റാന്‍ തുടങ്ങും. പ്രശ്‌നങ്ങള്‍ കന്യാസ്‌ത്രീകളെപ്പോലെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ഒരിക്കലും തനിച്ച് വരില്ല. വരുമ്പോള്‍ കൂട്ടമായിട്ടേ വരുകയുള്ളൂ. ഒരു പ്രശ്‌നം ഉണ്ടായാല്‍ അടിസ്ഥാനം ശരിയല്ലെങ്കില്‍ ഏതെല്ലാം മേഖലയില്‍ നിങ്ങളുണ്ടോ അവിടെയെല്ലാം ആ പ്രശ്‌നം ഉണ്ടാകും.
l നിങ്ങളാണ് കമ്പനിയുടെ ഉടമസ്ഥനെങ്കില്‍ വിജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്തം നിങ്ങള്‍ക്ക് ഉണ്ട്. ബിസിനസില്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ എല്ലാവരെയും കുറ്റപ്പെടുത്തും. സിസ്റ്റത്തെയും രാഷ്‌ട്രീയക്കാരെയും ജീവനക്കാരെയും എല്ലാത്തിനെയും. നിങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ 99.99 ശതമാനം ഉത്തരവാദിത്തവും നിങ്ങള്‍ക്ക് തന്നെയാണ്.
l പലതും ശരിയായല്ല പലരും ചെയ്‌തത് എന്നാണെങ്കില്‍ അതിന് അനുവദിച്ചത് നിങ്ങളല്ലേ? ധാര്‍മിക ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. അത്തരം നിലപാട് എടുത്താല്‍ കുറെക്കൂടി കരുത്ത് ആര്‍ജിക്കും. നിങ്ങളുടെ തെറ്റിന് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങുന്നതോടെ ഉള്ള കരുത്ത് കൂടി നഷ്‌ടപ്പെടും.
No comments:
Post a Comment