Thursday, 19 May 2011

റിയല്‍ എസ്റ്റേറ്റ്‌ മേഖല വീണ്ടും വില വര്‍ധനയുടെ പാതയില്‍

സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗം മയക്കം വിട്ടുണരുന്നതിന്റെ സൂചന നല്‍കി കൊണ്ട്‌ വില വര്‍ധനയുടെ പാതയില്‍. സാമ്പത്തിക മാന്ദ്യത്തെയും സര്‍ക്കാര്‍ നയങ്ങളെയും തുടര്‍ന്ന്‌ മരവിപ്പിലായിരുന്ന ഭൂമി ക്രയവിക്രയങ്ങളും ഏറുന്നതിന്റെ സൂചനയാണ്‌ സംസ്ഥാനത്തെമ്പാടും നിന്ന്‌ ലഭിക്കുന്നത്‌.

സ്‌മാര്‍ട്ട്‌ സിറ്റി അടക്കമുള്ള പദ്ധതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങുകയും ഒപ്പം സാമ്പത്തിക മാന്ദ്യം കടന്നുവരുകയും ചെയ്‌തതോടെ റിയല്‍ എസ്റ്റേറ്റ്‌ ക്രയവിക്രയങ്ങളില്‍ മാന്ദ്യം അനുഭവപ്പെട്ടിരുന്ന കൊച്ചിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ അപ്പാര്‍ട്ട്‌മെന്റ്‌ വില്‍പ്പനയില്‍ 22 മുതല്‍ 25 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ മാത്രം 10 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും ഭവന നിര്‍മാണ രംഗത്തുള്ളവര്‍ അവകാശപ്പെടുന്നു. സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ അനക്കം വെച്ചതും വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌തതും കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയ്‌ക്ക്‌ ഉണര്‍വ്‌ പകര്‍ന്നിട്ടുണ്ട്‌.

തെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ അധികാര കൈമാറ്റം ഉണ്ടാകുമെന്നും അതിനെ തുടര്‍ന്ന്‌ കെട്ടിട നിര്‍മാണച്ചട്ടം അടക്കമുള്ള നിയമങ്ങളില്‍ മാറ്റമുണ്ടണ്ടാകുമെന്നുമുള്ള കണക്കുക്കൂട്ടലിലാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖല. ഇതും ഉണര്‍വിന്‌ കാരണമായി.

കൊച്ചിയിലെ സ്ഥലവിലയും ഉയരുകയാണ്‌. നഗരത്തിലെ ഹോട്ട്‌ സ്‌പോട്ടായി ഇപ്പോള്‍ മാറിയിരിക്കുന്നത്‌ ഇടപ്പള്ളിയാണ്‌. ലുലു ഷോപ്പിംഗ്‌ മാള്‍, രാജ്യാന്തര നിലവാരത്തിലുള്ള റീറ്റെയ്‌ല്‍ സ്റ്റോറുകള്‍, ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിന്റെ സാമീപ്യം എന്നിവയെല്ലാമുള്ള ഇടപ്പള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കും അന്വേഷണങ്ങള്‍ ഏറെയാണെന്ന്‌ ജിയോജിത്‌ പ്രോപ്പര്‍ട്ടി സര്‍വീസസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ നിവിന്‍ വ്യക്തമാക്കുന്നു. ഇടപ്പള്ളിയുടെ പരിസരപ്രദേശത്തായി ഏതാനും നാളുകള്‍ക്ക്‌ മുമ്പുവരെ സെന്റിന്‌ എട്ട്‌ ലക്ഷം രൂപ വില പറഞ്ഞിരുന്ന സ്ഥലത്തിന്‌ ഇപ്പോള്‍ 10-12 ലക്ഷമാണ്‌ പറയുന്നത്‌. കലൂര്‍, വൈറ്റില, ഇടപ്പള്ളി, തൃപ്പൂണിത്തുറ എന്നീ ഭാഗങ്ങളിലെ സ്ഥലങ്ങള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഡിമാന്റേറെയാണ്‌.

സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടതോടെ കാക്കനാട്ടെ ആയിരം ചതുരശ്രയടിയില്‍ കുറവുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ വില ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടരലക്ഷത്തോളം ഉയര്‍ന്നത്രേ.
മറൈന്‍ഡ്രൈവില്‍ പുറവങ്കരയുടെ ഗ്രാന്‍ഡ്‌ ബേയില്‍ അപ്പാര്‍ട്ട്‌മെന്റ്‌ വില ചതുരശ്ര അടിക്ക്‌ 3750 രൂപയില്‍ തുടങ്ങുമ്പോള്‍ തൊട്ടടത്തുള്ള ഡി.എല്‍.എഫിന്റെ ബേ വ്യൂ അപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്ലൂസിവ്‌ എയര്‍ കണ്ടീഷന്‍ഡ്‌ ഫ്‌ളാറ്റുകളുടെ വില ഒരു കോടി മുതല്‍ 2.8 കോടി രൂപ വരെയാണ്‌.

മരട്‌, തേവര എന്നിവിടങ്ങളില്‍ പടുത്തുയര്‍ത്തുന്ന സ്‌കൈവില്ലയ്‌ക്ക്‌ സമാനമായ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ വില 1.5-2 കോടി രൂപയാണ്‌. പ്രവാസി മലയാളികളെയും ആഡംബരത്തെ ഇഷ്‌ടപ്പെടുന്നവരെയും ലക്ഷ്യമിട്ടുള്ള ഇത്തരം പദ്ധതികള്‍ക്കെല്ലാം നല്ല സ്വീകരണമാണ്‌ ലഭിക്കുന്നതെന്ന്‌ ഭവന നിര്‍മാണ രംഗത്തുള്ളവര്‍ പറയുന്നു.

തലസ്ഥാനത്തും വില ഉയരുന്നു
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും സ്ഥലവിലയും അപ്പാര്‍ട്ട്‌മെന്റ്‌ വിലയും ഉയരുകയാണ്‌. ഒരു വര്‍ഷത്തിനിടെ അപ്പാര്‍ട്ട്‌മെന്റ്‌ വിലയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന്‌ ഭവനനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെട്ടിട നിര്‍മാണ ചട്ടത്തില്‍ വരുത്തിയ ഭേദഗതികളും നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വന്ന വര്‍ധനയും വേതന വര്‍ധനയുമെല്ലാം വില വര്‍ധനയ്‌ക്കിടയാക്കിയിട്ടുണ്ട്‌. കെട്ടിട നിര്‍മാണ ചട്ട ഭേദഗതി വന്നതോടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെയായി. ഇതോടെ വിപണിയിലെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അനുപാതവും തെറ്റി. ഇത്‌ വില വര്‍ധനയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌, ആര്‍ടെക്‌ ഗ്രൂപ്പിന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസറായ ടി.എസ്‌ അശോക്‌ പറയുന്നു.

ഒരു വര്‍ഷം മുമ്പ്‌ വരെ ചതുരശ്രയടിക്ക്‌ 2000-3000 രൂപ വരെയായിരുന്നു അപ്പാര്‍ട്ട്‌മെന്റുകളുടെ വില. ഇപ്പോഴത്‌ 3500-5000 രൂപയായി വര്‍ധിച്ചിട്ടുണ്ട്‌.
സ്ഥലവിലയും ഉയരുന്ന പ്രവണതയാണ്‌ ഇപ്പോഴുള്ളത്‌. ഒരു വര്‍ഷത്തിനുള്ളില്‍ 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധന സ്ഥലവിലയിലും പ്രകടമായിട്ടുണ്ട്‌.

തിരുവനന്തപുരത്തെ റെസിഡന്‍ഷ്യല്‍ മേഖലകളായ കവടിയാര്‍, വഴുതക്കാട്‌, ശാസ്‌തമംഗലം എന്നീ മേഖലകളില്‍ വില ഉയര്‍ന്നിട്ടുണ്ട്‌. ഒരുപോലെ വാണിജ്യ കേന്ദ്രവും റെസിഡന്‍ഷ്യല്‍ ഏരിയയും ആയതാണ്‌ പട്ടത്തെ വില വര്‍ധിപ്പിക്കുന്നത്‌. എന്നാല്‍ ടെക്‌നോപാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്ത്‌ വന്‍ തോതില്‍ വില വര്‍ധന പ്രകടമല്ല. സാമ്പത്തിക മാന്ദ്യകാലത്ത്‌ തലസ്ഥാന നഗരിയില്‍ ഏറ്റവും കൂടുതല്‍ വിലയിടവ്‌ ഉണ്ടായത്‌ കഴക്കൂട്ടം പ്രദേശത്താണ്‌. ഇതില്‍ നിന്നിപ്പോഴും ഇവിടം മോചിതമായിട്ടില്ല, തിരുവനന്തപുരത്തെ ഭവന നിര്‍മാണ ഗ്രൂപ്പായ മാന്‍ഷന്‍സിന്റെ മാനേജിംഗ്‌ പാര്‍ട്‌ണറായ ആര്‍. രാജേഷ്‌ പറയുന്നു. ഇവിടെ ചതുരശ്രയടിക്ക്‌ 1800 രൂപ മുതലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ഇപ്പോഴും ലഭ്യമാണ്‌. പുതിയ കെട്ടിട നിര്‍മാണ ചട്ടം വന്നതോടെ അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണത്തിന്‌ സ്ഥല പരിധി നിശ്ചയിച്ചതിനാല്‍ കുറഞ്ഞത്‌ 40സെന്റിന്‌ മുകളിലേക്കുള്ള വലിയ പ്ലോട്ടുകള്‍ക്കും ഡിമാന്റ്‌ ഏറുകയാണ്‌. അതിനാല്‍ വില വര്‍ധനയും പ്രകടമാണ്‌. എന്നാല്‍ ചെറിയ പ്ലോട്ടുകള്‍ക്ക്‌ കാര്യമായ വില വര്‍ധനയുണ്ടായിട്ടില്ലെന്ന്‌ തിരുവനന്തപുരത്തെ എസ്‌.ഐ പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എസ്‌.എന്‍ രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

തലസ്ഥാന നഗരിയെ സംബന്ധിച്ചിടത്തോളം ടെക്‌നോ സിറ്റി, വിഴിഞ്ഞം എന്നീ മെഗാ പദ്ധതികളാകും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ അടുത്ത കുതിപ്പിന്‌ വഴിയൊരുക്കുകയെന്നാണ്‌ പൊതുവെയുള്ള നിഗമനം.

മധ്യതിരുവിതാംകൂറിലും വിലവര്‍ധന
എന്‍.ആര്‍.ഐ സ്വാധീനമേറെയുള്ള മധ്യ തിരുവിതാംകൂര്‍ മേഖലയില്‍ തോട്ടങ്ങളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌. തിരുവല്ലയില്‍ മാത്രം ഇപ്പോള്‍ എട്ടോളം അപ്പാര്‍ട്ട്‌മെന്റ്‌ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്‌. ഇവിടെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ ചതുരശ്രയടിക്ക്‌ 3000-4000 രൂപ വരെയാണ്‌ വില. തിരുവല്ല പട്ടണത്തില്‍ സ്ഥലവില സെന്റിന്‌ 20 ലക്ഷവും അതിനു മുകളിലുമാണ്‌. റബറിന്റെ ഉയര്‍ന്ന വില മൂലം പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ റബര്‍ തോട്ടങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടെങ്കിലും വില്‍ക്കാന്‍ ആരും തയ്യാറല്ലെന്നതാണ്‌ സ്ഥിതി. ബാങ്ക്‌ പലിശ നിരക്കുകള്‍ താഴ്‌ന്നു നിന്ന വേളയില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചവര്‍ക്ക്‌ നിലവില്‍ 200 ശതമാനത്തോളം മൂല്യ വര്‍ധന നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ തിരുവല്ല കേന്ദ്രീകരിച്ചുള്ള സൗത്ത്‌ ഇന്ത്യന്‍ ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സിന്റെ ഡയറക്‌റ്റര്‍ ബിജു മാത്യു ചെറിയാന്‍ ചൂണ്ടിക്കാട്ടുന്നു.

തൃശൂരില്‍ സെന്റിന്‌ 25 ലക്ഷം
തൃശൂര്‍ ജില്ലയിലും റിയല്‍ എസ്റ്റേറ്റ്‌ ക്രയവിക്രയങ്ങളും വിലയും ഉയരുന്ന പ്രവണതയാണ്‌ കാണുന്നത്‌. തൃശൂര്‍ നഗരത്തില്‍ സെന്റിന്‌ 25 ലക്ഷത്തിന്‌ മുകളിലാണ്‌ വില. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമായ അത്താണി, ജൂബിലി മിഷന്‍ ഹോസ്‌പിറ്റല്‍ പരിസരം, ചേറൂര്‍, അയ്യന്തോള്‍ എന്നിവിടങ്ങളിലെല്ലാം റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും നല്ല ഡിമാന്റുണ്ട്‌.

അയ്യന്തോളില്‍ ഈയടുത്ത നാളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒരു അപ്പാര്‍ട്ട്‌മെന്റ്‌ ചതുരശ്രയടിക്ക്‌ 5000 രൂപ നിരക്കിലാണ്‌ വില്‍പ്പന നടന്നത്‌. ജൂബിലി മിഷന്‍ ഹോസ്‌പിറ്റല്‍ പരിസരത്ത്‌ നിര്‍മാണം പുരോഗമിക്കുന്ന ഭവന പദ്ധതിയിലെ അപ്പാര്‍ട്ട്‌മെന്റിന്‌ ചതുരശ്രയടിക്ക്‌ 3200-3500 രൂപ നിരക്കിലാണ്‌ വില. ശോഭ സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റ്‌ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്‌. ക്ഷേത്ര നഗരിയായ ഗുരുവായൂരില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വില ചതുരശ്രയടിക്ക്‌ 3000-3200 രൂപയാണ്‌.

ഗതാഗത സൗകര്യമുള്ള, എന്നാല്‍ പട്ടണങ്ങളുടെ മധ്യത്തിലല്ലാത്ത പ്രദേശത്ത്‌ വന്‍തോതില്‍ ഭൂമി വാങ്ങി ഡെവലപ്‌ ചെയ്‌ത്‌ പ്ലോട്ടുകളാക്കി വില്‍ക്കുന്ന പ്രവണതയും തൃശൂരില്‍ വ്യാപകമാണ്‌. ഇത്തരത്തില്‍ വന്‍തോതില്‍ എടുക്കുന്ന സ്ഥലം ചുറ്റുമതിലും പ്ലോട്ടുകള്‍ക്കിടയിലൂടെ റോഡും വൈദ്യുതിയും വെള്ളവുമെല്ലാമൊരുക്കി പ്ലോട്ടുകളായി വില്‍ക്കുമ്പോള്‍ വിലയില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടാകുന്നുണ്ട്‌. ഈ ചെറു പ്ലോട്ടുകളില്‍ നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ മുതല്‍ രംഗത്തുണ്ടെന്നതാണ്‌ ശ്രദ്ധേയം. ബൈബാക്ക്‌ ഗ്യാരണ്ടി അടക്കമുള്ള സൗകര്യവും ഇവയ്‌ക്ക്‌ ഡെവലപ്പര്‍മാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്‌.

മലബാറിലും വിലവര്‍ധന
പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ ചതുരശ്രയടിക്ക്‌ 2200 രൂപ മുതല്‍ 2500 രൂപ വരെയാണ്‌ വില. എന്നാല്‍ വിലപേശിയാല്‍ 2000ത്തില്‍ താഴെ ലഭിക്കുമെന്നും ഇവിടെയുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്‌ ജില്ലയില്‍ മലമ്പുഴ, അകത്തേത്തറ, പുത്തൂര്‍ എന്നീ മേഖലകളില്‍ ചതുരശ്രയടിക്ക്‌ വില 2500 രൂപ മുതലാണ്‌.

ഈ വര്‍ഷാദ്യം മുതലാണ്‌ പാലക്കാട്ടെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ ഉണര്‍വ്‌ പ്രകടമായി തുടങ്ങിയതെന്ന്‌ പഴേരി പ്രോപ്പര്‍ട്ടീസിന്റെ സാരഥി അബ്‌ദുള്‍ കരീം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട അവസരത്തില്‍ ഇവിടെ ചതുരശ്രയടിക്ക്‌ വില 1500 രൂപ വരെയെത്തിയിരുന്നു. പ്രവാസി മലയാളികള്‍ വീണ്ടും നിക്ഷേപം നടത്താന്‍ തുടങ്ങിയതോടെയാണ്‌ വിലകള്‍ ഉയര്‍ന്നു തുടങ്ങിയത്‌.

പാലക്കാട്‌ അപ്പാര്‍ട്ട്‌മെന്റ്‌ വാങ്ങുന്നവരില്‍ 50 ശതമാനം പേരും പ്രവാസി മലയാളികളാണ്‌. 35 ശതമാനം പേര്‍ കേരളത്തിന്‌ പുറത്ത്‌ താമസിക്കുന്നവരും. 15 ശതമാനം മാത്രമാണ്‌ തദ്ദേശവാസികള്‍. അപ്പാര്‍ട്ട്‌മെന്റ്‌ വാങ്ങുന്നവരില്‍ എന്‍.ആര്‍.ഐകള്‍ 60 ശതമാനം പേരും സ്ഥിരതാമസത്തിനായാണ്‌ വാങ്ങുന്നത്‌. നിക്ഷേപമായി കരുതുന്നവര്‍ 40 ശതമാനം മാത്രമാണെന്നും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട്ട്‌ ഗതാഗത സൗകര്യമുള്ള പ്ലോട്ടുകള്‍ക്ക്‌ സംസ്ഥാനത്തെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ വില കുറവാണ്‌ എന്നതാണ്‌ ഒരു സവിശേഷത. നഗരത്തോടു ചേര്‍ന്നുള്ള പ്രദേശത്ത്‌ റോഡും ഗതാഗതസൗകര്യവുമുള്ള പ്ലോട്ടിന്‌ സെന്റിന്‌ 50,000 രൂപ വരെയാണ്‌ വില. തോട്ടങ്ങളുടെ വിലയും ഉയരുകയാണ്‌. മുമ്പ്‌ സെന്റിന്‌ 7000 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത്‌ 40,000 രൂപ വരെയായിട്ടുണ്ട്‌. കുറഞ്ഞ വില 30,000 രൂപയും. തെങ്ങിന്‍ തോപ്പുകള്‍ക്ക്‌ സെന്റിന്‌ 15,000-20,000 രൂപയാണ്‌ വില.

തോട്ടങ്ങളിലും അപ്പാര്‍ട്ട്‌മെന്റുകളിലും നിക്ഷേപം നടത്താന്‍ മടികാട്ടുന്നവരാണ്‌ മലബാറിലെ പ്രവാസികളിലേറെയും. കൊമേഴ്‌സ്യല്‍ പ്ലോട്ടുകള്‍ വാങ്ങിയിടുകയും കെട്ടിടങ്ങള്‍ നിര്‍മിച്ച്‌ വാണിജ്യാവശ്യത്തിനായി നല്‍കുകയുമാണ്‌ കൂടുതലാളുകളും ചെയ്യുന്നത്‌. കോഴിക്കോട്ടും, മലപ്പുറത്തും, കണ്ണൂരിലും സ്ഥിതി ഇതാണെങ്കില്‍ കാസര്‍കോട്ട്‌ വാണിജ്യേതര പ്ലോട്ടുകളും പ്രവാസികള്‍ വാങ്ങിക്കൂട്ടുന്നുണ്ട്‌.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ കോഴിക്കോട്‌ നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 2500 രൂപ മുതല്‍ 3700 രൂപ വരെയാണ്‌ ഈടാക്കുന്നത്‌. ഇതിന്റെ വിലയില്‍ സമീപകാലത്ത്‌ വന്‍ കുതിച്ചു ചാട്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ്‌ ഈ രംഗത്തുള്ളവര്‍ പറയുന്നത്‌.

വാണിജ്യാവശ്യത്തിനുള്ള സ്ഥലത്തിന്റെ വില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്‌ണ്ട. ഏതാനും വര്‍ഷം മുമ്പു വരെ സെന്റിന്‌ അഞ്ചു ലക്ഷം രൂപ വരെയുണ്ടായിരുന്ന സ്ഥലത്തിന്‌ ഇന്ന്‌ 35 ലക്ഷം രൂപയോളം നല്‍കേണ്ട സ്ഥിതിയാണ്‌. മാവൂര്‍ റോഡിലാണ്‌ സ്ഥലത്തിന്‌ കൂടുതല്‍ വില. പത്തു സെന്റിന്‌ ആറു കോടി രൂപ വരെ ആവശ്യപ്പെട്ട സം?വവും ഇവിടെയുണ്ട്‌. ബൈപ്പാസില്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ്‌ വില.

മലപ്പുറം ജില്ലയില്‍ മലപ്പുറം ടൗണിലും കോട്ടപ്പുറത്തും വളാഞ്ചേരിയിലുമാണ്‌ സ്ഥലത്തിന്‌ കൂടുതല്‍ വിലയുള്ളത്‌. സെന്റിന്‌ 15 ലക്ഷം രൂപ വരെയാണ്‌ ഇവിടെ വില. വയനാട്ടിലെ മാനന്തവാടി അടക്കമുള്ള ടൗണുകളിലും കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌, കാസര്‍കോട്‌ ടൗണുകളിലും സ്ഥിതി ഇതു തന്നെയാണ്‌.

തോട്ടങ്ങള്‍ക്കും തീവില
കാഞ്ഞങ്ങാടിനടുത്ത്‌ ഇരിയയില്‍ ഏഴു വര്‍ഷം മുമ്പ്‌ സെന്റിന്‌ അഞ്ഞൂറു രൂപയ്‌ക്ക്‌ തരിശുനിലം ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന്‌ അതിന്റെ വില 15,000ത്തിനു മുകളിലാണ്‌. മലയോരങ്ങളിലെ റബ്ബര്‍ തോട്ടങ്ങള്‍ക്ക്‌ ഏക്കറിന്‌ 12 മുതല്‍ 20 ലക്ഷം വരെയാണ്‌ വില. എന്നാല്‍ കവുങ്ങിന്‍ തോട്ടത്തിന്‌ കുറവുണ്ട്‌. ആറു മുതല്‍ എട്ടു ലക്ഷം വരെ.

കോഴിക്കോട്‌ ജില്ലയില്‍ ബാലുശ്ശേരി, കൂരാച്ചില്‍ ഭാഗങ്ങളില്‍ റബ്ബര്‍ തോട്ടങ്ങള്‍ക്ക്‌ ഏക്കറിന്‌ 30 ലക്ഷം രൂപവരെ വിലയുണ്ട്‌. റോഡ്‌ സൗകര്യം കുറഞ്ഞ സ്ഥലങ്ങള്‍ 25 ലക്ഷം രൂപയ്‌ക്കും ലഭ്യമാകും. 3-4 വര്‍ഷം മുമ്പ്‌ പത്തു ലക്ഷം രൂപ വരെയുണ്ടായിരുന്ന സ്ഥാനത്താണിത്‌. കണ്ണൂരില്‍ ചെറുപുഴ, പയ്യന്നൂര്‍ ഭാഗങ്ങളില്‍ റബ്ബര്‍ തോട്ടങ്ങളുടെ വില സെന്റിന്‌ 20,000 രൂപ വരെയാണ്‌. പതിനായിരത്തിലും താഴെ വിലയുണ്ടായിരുന്ന സ്ഥാനത്താണിത്‌. മറ്റു തോട്ടങ്ങള്‍ക്ക്‌ 3000ല്‍ നിന്ന്‌ വര്‍ധിച്ച്‌ 12,000 രൂപ വരെയായി. മലപ്പുറത്ത്‌ നിലമ്പൂര്‍, കരുവാരക്കുണ്ട്‌, കാളികാവ്‌ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ തോട്ടങ്ങള്‍ക്ക്‌ സെന്റിന്‌ 8,000 മുതല്‍ 30,000 രൂപവരെയാണ്‌ വില.

No comments:

Post a Comment