Thursday, 19 May 2011

പരാജയത്തില്‍ നിന്ന്‌ വിജയത്തിലേക്ക്‌


``ഒരു മനുഷ്യായുസില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ അല്‍ഭുതവും വിസ്‌മയവും തന്നെക്കൊണ്ട്‌ ചെയ്യാന്‍ സാധിക്കില്ല എന്ന്‌ ഒരു മനുഷ്യന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവന്‌ സാധിക്കുന്നു എന്നതാണ്‌''
-ഹെന്‍റി ഫോര്‍ഡ്‌


 ജോബിന്‍ എസ്‌.കൊട്ടാരം
2400 പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട്‌ ഒടുവിലാണ്‌ തോമസ്‌ ആല്‍വാ എഡിസണ്‍ വൈദ്യുതി ബള്‍ബ്‌ കണ്ടുപിടിച്ചത്‌. ഇന്ന്‌ വൈദ്യുതി ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും നമുക്കാകില്ല. പക്ഷെ 2400 പരീക്ഷണങ്ങള്‍ പരാജപ്പെട്ടപ്പോള്‍ ഇടക്കുവെച്ച്‌ എഡിസണ്‍ പിന്തിരിഞ്ഞിരുന്നുവെങ്കില്‍ മനുഷ്യഗതിയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
മേരി കേയ്‌ ആഷ്‌ എന്ന എഴുത്തുകാരി ജീവിതത്തെ ഉപമിച്ചിരിക്കുന്നത്‌ ഒരിക്കലും പാടാതെ പോകുന്ന ഒരു പാട്ടിനോടാണ്‌. പാടാന്‍ ആഗ്രഹമുണ്ടെങ്കിലും ഒരിക്കല്‍
പ്പോലും പാടാന്‍ ശ്രമിക്കാതെ എങ്ങനെയാണ്‌ പാടാന്‍ കഴിയുക? ഇതുപോലെയാണ്‌ ആഗ്രഹങ്ങളും. നമുക്ക്‌ ഒരുപാട്‌ ആഗ്രഹങ്ങളുണ്ട്‌. പക്ഷെ ഈ ആഗ്രഹങ്ങളിലൊന്നിന്റെയെങ്കിലും പൂര്‍ത്തീകരണത്തിനായി തീവ്രമായി നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ?
നിങ്ങളുടെ വ്യവസായ സ്ഥാപനം കൂടുതല്‍ വലുതാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടി ഒരു ചെറുവിരല്‍പോലും അനക്കാതെ ഈ ആഗ്രഹപൂര്‍ത്തീകരണം അസാധ്യമാണെന്ന്‌ പറയുന്നതില്‍ എന്തെങ്കിലും ന്യായീകരണമുണ്ടോ? ദൃഢനിശ്ചയമുള്ളവര്‍ക്കേ അസാധ്യമെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കൂ. പരാജയങ്ങളുടെ കുപ്പത്തൊട്ടിലില്‍ നിന്ന്‌ വിജയങ്ങളുടെ പറുദീസയിലേക്ക്‌ വഞ്ചി തുഴയുമ്പോള്‍ നിങ്ങള്‍ക്ക്‌ കൂട്ടിനുണ്ടാകേണ്ടത്‌ ദൃഢനിശ്ചയത്തിന്റെ കരുത്താണ്‌. എന്തുവന്നാലും ഞാന്‍ പതറില്ല. ലക്ഷ്യം നേടുംവരെ ഞാന്‍ പൊരുതും. എന്ന മനോഭാവമാണ്‌ വിജയിക്കുണ്ടാകേണ്ടത്‌.
മാതൃകയാക്കാം കൊളംബസിനെ
അമേരിക്ക കണ്ടുപിടിച്ച കൊളംബസിനെ ഏവര്‍ക്കുമറിയാം. കൊളംബസിന്റെ പര്യാവേക്ഷണം വളരെയധികം ചെലവുള്ളതായിരുന്നു. യാത്രയ്‌ക്ക്‌ അനുമതി തേടി സ്‌പെയിനിലെ ഫെര്‍ഡിനാന്റ്‌ രാജാവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം കൊളംബസിനോട്‌ ചോദിച്ചു? ``ഈ യാത്ര പരാജയപ്പെട്ടാല്‍ സ്‌പെയ്‌നിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്‌ താങ്കള്‍ ബോധവാനാണോ?'' എന്നാല്‍ ഈ യാത്ര വിജയമായാല്‍ സ്‌പെയ്‌നിനുണ്ടാകുന്ന നേട്ടത്തെക്കുറിച്ച്‌ മാത്രമാണ്‌ തന്റെ ചിന്ത എന്നായിരുന്നു കൊളംബസിന്റെ മറുപടി.
19 നാവികരെയും കൂട്ടി ഒരു ചെറു പായ്‌ക്കപ്പലിലാണ്‌ കൊളംബസ്‌ പസഫിക്‌ മഹാസമുദ്രത്തിലൂടെ യാത്ര ആരംഭിച്ചത്‌. പുതിയ ഭൂഖണ്ഡം തേടിയുള്ള യാത്രയില്‍ 24 ദിവസം പിന്നിട്ടിട്ടുംഅവര്‍ക്ക്‌ കര കാണാന്‍ സാധിച്ചില്ല. എങ്ങും വിശാലമായ കടല്‍ മാത്രം. കപ്പലിലുള്ള ഭക്ഷണവും കുടിവെള്ളവും തീരാനും തുടങ്ങി. കപ്പല്‍ തിരികെ വിടുകയാണെങ്കില്‍ 24 ദിവസംകൊണ്ട്‌ തിരികെ ജീവനോടെ സ്‌പെയ്‌നിലെത്താം. അല്ലാത്തപക്ഷം ഭക്ഷണവും വെള്ളവും കിട്ടാതെ കടലിന്‌ നടുവില്‍ കിടന്ന്‌ മരിക്കേണ്ടിവരും. കൊളംബസ്‌ ഒഴികെ ബാക്കിയുള്ള 19 പേരും ഒറ്റക്കെട്ടായി കപ്പല്‍ തിരികെ വിടാന്‍ തീരുമാനിച്ചു. ഇതിനെ എതിര്‍ത്ത കൊളംബസിനെ അവര്‍ ബന്ധനസ്ഥനാക്കിവഞ്ചി പിന്നിലേക്ക്‌ എടുത്തു.അപ്പോള്‍ കൊളംബസ്‌ പറഞ്ഞു. ``എന്റെ 24 ദിവസത്തേക്കുള്ള ഭക്ഷണം ബാക്കി 19 പേര്‍ക്ക്‌ ഒരു ദിവസത്തേക്ക്‌ തികയും. കപ്പല്‍ പഴയ ദിശയില്‍തന്നെ ഒരു ദിവസം കൂടി നയിക്കൂ. എന്നിട്ടും കര കണ്ടില്ലെങ്കില്‍ എന്നെ കടലിലെറിഞ്ഞ ശേഷം നിങ്ങള്‍ തിരിച്ചു പൊയ്‌ക്കൊള്ളു.'' സഹനാവികര്‍ക്ക്‌ അദ്ദേഹം പറഞ്ഞ കണക്ക്‌ ബോധ്യപ്പെട്ടു. കൊളംബസിനെ ബന്ധനവിമുക്തനാക്കി അവര്‍ പഴയ ദിശയില്‍ മുന്നോട്ട്‌ നീങ്ങി. വെറും 20 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കപ്പല്‍ കര കണ്ടു. അതായിരുന്നു അമേരിക്ക.
വേണ്ടത്‌ ദൃഢനിശ്ചയം
സുഹൃത്തേ, ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലും ജീവിതം വഴിമുട്ടി എന്നു തോന്നുന്ന സമയങ്ങളുണ്ടാകാം. പക്ഷേ അപ്പോഴൊന്നും പതറാതെ സധൈര്യം മുന്നോട്ട്‌ നീങ്ങുക. അദൃശ്യമായ ഒരു ശക്തിയുടെ താങ്ങ്‌ പ്രതീക്ഷിക്കാത്ത നേരത്ത്‌ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്നത്‌ അനുഭവിച്ചറിയുക.
നമ്മുടെ ബുദ്ധിമണ്ഡലങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറത്ത്‌ ആ അദൃശ്യശക്തി നമ്മുടെ ജീവിതത്തിന്‌ മുന്നോട്ട്‌ നീങ്ങുന്നതിനുള്ള വഴി നമുക്ക്‌ കാണിച്ചുതരും. അപ്പോള്‍ നമ്മുടെ വിഷമങ്ങള്‍ സന്തോഷത്തിന്‌ വഴിമാറും. നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും ലക്ഷ്യം അസാധ്യമാണെന്ന്‌ നിങ്ങള്‍ കരുതുന്നുവെങ്കില്‍ ആ ചിന്തയെ കത്തിച്ച്‌ ചാമ്പലാക്കി നിങ്ങളുടെ ചവറ്റുകുട്ടയിലേക്ക്‌ എറിയുക.
മനുഷ്യജീവിതം ആരുടെയും നിയന്ത്രണത്തിലല്ല. നാം എന്താകാന്‍ ആഗ്രഹിക്കുന്നുവോ, അവിടെയെത്തിച്ചേരാനുള്ള ശക്തി നമ്മുടെയോരോരുത്തരുടെയും ഉള്ളിലുണ്ട്‌. ആ ശക്തിയെ കണ്ടെത്തേണ്ടത്‌ നിങ്ങളോരോരുത്തരുമാണ്‌.
നിങ്ങള്‍ ഏതെങ്കിലും ബിസിനസിലേര്‍പ്പെട്ട്‌ പരാജയപ്പെടുകയാണെങ്കില്‍ തേനീച്ചയെ ഓര്‍ക്കുക. 500 മില്ലിഗ്രാം തേന്‍ ശേഖരിക്കുന്നതിനായി രണ്ട്‌ മില്യണ്‍ പൂക്കളാണ്‌ ഒരു തേനീച്ച സന്ദര്‍ശിക്കുന്നത്‌. തേനീച്ചയുടെ ഈ നിരന്തര പരിശ്രമമാണ്‌ ഓരോ പരാജയത്തിലും ഒരു ബിസിനസുകാരനിലുണ്ടാകേണ്ടത്‌. ഒരിക്കല്‍ പരാജയപ്പെട്ടു എന്നു കരുതി മാറിനില്‍ക്കുകയല്ല മറിച്ച്‌ അടിത്തറ ബലപ്പെടുത്തി വീണ്ടും പോരാട്ടത്തിനിറങ്ങാനുള്ള കരുത്താണ്‌ നിങ്ങള്‍ക്ക്‌ വേണ്ടത്‌.
(മോട്ടിവേഷണല്‍ സ്‌പീക്കറും, കോര്‍പ്പറേറ്റ്‌ ട്രെയ്‌നറുമാണ്‌ നിരവധി സെല്‍ഫ്‌ ഹെല്‍പ്‌ ബുക്കുകളുടെ രചയിതാവായ ലേഖകന്‍)

No comments:

Post a Comment