Thursday, 19 May 2011

അണിഞ്ഞൊരുങ്ങൂ, തിളങ്ങാം കോര്‍പ്പറേറ്റ്‌ രംഗത്ത്‌

പരിചിതനായ ഒരു വ്യക്തിക്ക്‌ നമ്മെക്കുറിച്ചുള്ള മതിപ്പ്‌ അതായത്‌ ഇംപ്രഷഷന്‍ ആദ്യമായി കാണുന്ന 20-30 സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലഭിക്കുന്നുവെന്നാണ്‌ ഈയിടെ നടന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍. ഇംപ്രഷന്റെ 58 ശതമാനം ഒരു വ്യക്തി കാഴ്‌ചയില്‍ എങ്ങനെ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. 33 ശതമാനം നമ്മുടെ ശബ്‌ദത്തെയും ഏഴ്‌ ശതമാനം നാം എന്തു പറയുന്നുവെന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്‌. ഇവിടെയാണ്‌ നാം എന്ത്‌ ധരിക്കുന്നുവെന്നതിന്റെ പ്രസക്തി.
നമ്മുടെ ശരീരത്തിന്റെ 90 ശതമാനവും മൂടുന്നത്‌ വസ്‌ത്രമാണെന്നതുകൊണ്ടുതന്നെ മികച്ച ഇംപ്രഷന്‍ സൃഷ്‌ടിക്കുന്നതില്‍ ഇവയുടെ പങ്ക്‌ വളരെ കൂടുതലാണ്‌. ഇതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി `പവര്‍ ഡ്രസിംഗ്‌' രീതി കോര്‍പ്പറേറ്റ്‌ രംഗത്തെ മലയാളി വനിതകള്‍ക്കിടയില്‍ പ്രചാരം നേടിയിരിക്കുകയാണ്‌. അധികാരത്തിന്റെ ശക്തിയും കരുത്തും വിളിച്ചോതുന്ന വിധത്തിലുള്ള വസ്‌ത്രങ്ങളാണ്‌ പവര്‍ ഡ്രസിംഗിന്റെ ഗണത്തില്‍പ്പെടുന്നത്‌. 1970കളിലെ Dress for Success, The Womens dress for success എന്നീ ഗ്രന്ഥങ്ങളാണ്‌ പവര്‍ ഡ്രസിംഗ്‌ രീതിക്ക്‌ പാശ്ചാത്യരാജ്യങ്ങളില്‍ പ്രചാരം കൊടുത്തതെന്ന്‌ കരുതുന്നു.
ഇന്ത്യയില്‍ സ്‌ത്രീകളുടെ ഏക കോര്‍പ്പറേറ്റ്‌ വസ്‌ത്രം സാരിയായിരുന്നെങ്കില്‍ ഇന്ന്‌ പാശ്ചാത്യ വസ്‌ത്രങ്ങളും ഇന്‍ഡോ-വെസ്റ്റേണ്‍ വസ്‌ത്രങ്ങളും ഈ ശ്രേണിയിലുണ്ട്‌. സ്യൂട്ട്‌, സ്‌കര്‍ട്ട്‌, പാന്റ്‌സ്‌ എന്നീ പാശ്ചാത്യ വസ്‌ത്രങ്ങള്‍ കൂടാതെ സല്‍വാര്‍ കമ്മീസ്‌, കുര്‍ത്ത എന്നിവയേയും പവര്‍ ഡ്രസിംഗ്‌ ശ്രേണിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ സമൂഹം.
ഔദ്യോഗികമായി വസ്‌ത്രം ധരിച്ചുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വം വിളിച്ചോതുന്ന രീതിയില്‍ മറ്റുള്ളവരില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്ന വസ്‌ത്രധാരണ രീതി തെരഞ്ഞെടുത്താല്‍ കോര്‍പ്പറേറ്റ്‌ രംഗത്ത്‌ തിളങ്ങാമെന്ന്‌ എറണാകുളത്തെ മന്ത്രയുടെ സാരഥി ശാലിനി ജെയിംസ്‌ പറയുന്നു.
കോര്‍പ്പറേറ്റ്‌ രംഗത്തെ വനിതകള്‍ക്കായി മാത്രം വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന പ്രമുഖ
ഡിസൈനര്‍മാര്‍ പോലും ഇന്ത്യയിലുണ്ട്‌. കേരളത്തില്‍ ഇവയ്‌ക്ക്‌ അത്രയധികം പ്രാധാന്യം ലഭിച്ചിട്ടില്ലെങ്കിലും പ്രമുഖ ബ്രാന്‍ഡുകള്‍ കേരളത്തില്‍ സ്‌ത്രീകള്‍ക്കായി ഔദ്യോഗിക വസ്‌ത്രങ്ങള്‍ വിപണിയിലിറക്കുന്നു. അലന്‍ സോളി, പാര്‍ക്‌ അവന്യൂ തുടങ്ങിയ ബ്രാന്‍ഡുകളുടെ ശേഖരത്തില്‍ സ്‌ത്രീകള്‍ക്കായുള്ള ഫോര്‍മല്‍, കാഷ്വല്‍ വെയറുകളുണ്ട്‌. ബിസിനസ്‌ പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പറ്റിയ വസ്‌ത്രങ്ങളും പാര്‍ക്ക്‌ അവന്യൂ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മുപ്പതിന്‌ മുകളിലുള്ള സ്‌ത്രീകളാണ്‌ കൊച്ചിയിലെ പാര്‍ക്ക്‌ അവന്യൂ-വുമണില്‍ നിന്ന്‌ കൂടുതലായി സ്യൂട്ടുകള്‍ തെരഞ്ഞെടുക്കുന്നതെന്ന്‌ ഷോറൂം അധികൃതര്‍
പറയുന്നു. ഇരുപതുകളില്‍ പ്രായമുള്ളവരേറെയും തെരഞ്ഞെടുക്കുന്നത്‌ ഷര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന സെമി ഫോര്‍മല്‍ വസ്‌ത്രങ്ങളാണ്‌. ഇക്കൂട്ടത്തില്‍ വിദ്യാര്‍ത്ഥിനികളും പ്രൊഫഷണലുകളുമുണ്ട്‌.
ആക്‌സസറികളിലും ശ്രദ്ധ വേണം
മികച്ച വസ്‌ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പവര്‍ ഡ്രെസിംഗ്‌ എന്ന സങ്കല്‍പ്പം. അണിയുന്ന ജൂവല്‍റി, ബാഗ്‌, ചെരുപ്പ്‌ എന്തിന്‌ കണ്ണടകള്‍ പോലും അണിയുന്നയാളുടെ അധികാരവും കരുത്തും എടുത്തുകാണിക്കുന്നതായിരിക്കണം. ആക്‌സസറികള്‍ക്കൊപ്പം തന്നെ മേക്കപ്പിലും പ്രത്യേക ശ്രദ്ധ വേണം.  ബ്രാന്‍ഡഡ്‌ വാച്ചുകളും സ്‌ത്രീകള്‍ക്കിടയില്‍ ഏറെ പ്രാധാന്യം നേടിയിരിക്കുന്നു. പഴയകാലത്തേപ്പോലെ സ്‌ത്രീകള്‍ക്കിന്ന്‌ ഒരു വാച്ചല്ല ഉള്ളത്‌. പല അവസരങ്ങളില്‍ അണിയാന്‍ പല തരത്തിലുള്ള വാച്ചുകള്‍ ഇവര്‍ തെരഞ്ഞെടുക്കുന്നതായി എറണാകുളത്തെ വേള്‍ഡ്‌ ഓഫ്‌ ടൈറ്റാന്റെ ഷോറൂം മാനേജര്‍ മനോഹരന്‍ നായര്‍ പറയുന്നു.
വലിയ മാറ്റമാണ്‌ കണ്ണടകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്‌. ഓഫീസില്‍ പോകാന്‍ ഒന്ന്‌, പാര്‍ട്ടിക്ക്‌ പോകാന്‍ മറ്റൊന്ന്‌, യാത്രകള്‍ക്കുപോകാന്‍ വേറെ, ബിസിനസ്‌ കോണ്‍ഫറന്‍സുകള്‍ക്ക്‌ പോകാന്‍ മുന്തിയ ബ്രാന്‍ഡിന്റെ ഒഫീഷ്യല്‍ ലുക്ക്‌ തരുന്ന കണ്ണട... ഇങ്ങനെ പോകുന്നു കണ്ണടകളുടെ ലോകം. പാര്‍ട്ടിക്ക്‌ പോകുമ്പോള്‍ ജുവല്‍റി അല്ലെങ്കില്‍ ഡിസൈനര്‍ ബ്രാന്‍ഡ്‌, ഔട്ട്‌ഡോര്‍ മീറ്റിംഗിന്‌ അല്ലെങ്കില്‍ കളിക്കാന്‍ പോകുമ്പോള്‍ സ്‌പോര്‍ട്‌സ്‌ ബ്രാന്‍ഡ്‌... ഇത്തരം കാര്യങ്ങളില്‍ സ്‌ത്രീകള്‍ മുമ്പത്തേക്കാളും ശ്രദ്ധിക്കുന്നതായി ലെന്‍സ്‌ ആന്‍ഡ്‌ ഫ്രെയിംസിന്റെ പാര്‍ട്‌ണര്‍ മുഹമ്മദ്‌ ഷെരീഫ്‌ ചൂണ്ടിക്കാട്ടുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം?
പവര്‍ ഡ്രസിംഗില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്‌ വിവിധ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.
l വ്യക്തിയുടെ പദവിയും ജോലിയുടെ സ്വഭാവവും പ്രായവും ശരീരപ്രകൃതിയുമൊക്കെ വസ്‌ത്രങ്ങളും മറ്റ്‌ ആക്‌സസറികളും തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
l ചുരിദാര്‍ ഹൈനെക്ക്‌ ആക്കിയും മറ്റും അവയെ പവര്‍ ഡ്രെസില്‍ ഉള്‍പ്പെടുത്താം. സാരിയാണെങ്കില്‍ പ്ലീറ്റുകള്‍ പിന്‍ ചെയ്‌തുവെക്കണം.
l കുര്‍ത്തയാണെങ്കില്‍ മുട്ടിന്‌ അധികം മുകളിലായോ താഴെയായോ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുര്‍ത്തയോടൊപ്പം പാന്റ്‌സ്‌ അല്ലെങ്കില്‍ ലളിതമായ സല്‍വാര്‍ ധരിക്കാം. ഔദ്യോഗിക കാര്യങ്ങളില്‍ ജീന്‍സ്‌ ഒഴിവാക്കുക.
l വലിയ അലങ്കാരപ്പണികളും കസവുകളുമൊന്നും വസ്‌ത്രങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
l സിന്തറ്റിക്‌ വസ്‌ത്രങ്ങളും വലിയ പ്രിന്റിലുള്ള വസ്‌ത്രങ്ങളും ഒഴിവാക്കുക. കോട്ടണ്‍ വസ്‌ത്രങ്ങള്‍ ഏത്‌ സന്ദര്‍ഭത്തിനും യോജിക്കും.
l സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ക്കുള്ള നിറങ്ങളില്‍ പുരുഷന്മാരെപ്പോലെ വലിയ നിഷ്‌കര്‍ഷകളില്ലെങ്കിലും കണ്ണില്‍ കുത്തുന്ന നിറങ്ങള്‍ ഒഴിവാക്കുക. ഗൗരവമേറിയ ബിസിനസ്‌ കോണ്‍ഫറന്‍സുകളിലും മറ്റും കഴിയുന്നതും ഇളം നിറങ്ങള്‍ ഉപയോഗിക്കുക.
l വസ്‌ത്രങ്ങളുടെ നെക്ക്‌ലൈന്‍ അധികം താഴെയാകാതിരിക്കാന്‍ ശ്രദ്ധിക്കുക. വസ്‌ത്രങ്ങള്‍ ഏറെ ഇറുകിയതും തീരെ അയഞ്ഞതുമാകരുത്‌.
l അലങ്കാരപ്പണികളില്ലാത്ത ബാഗുകള്‍ തെരഞ്ഞെടുക്കുക. ലെതര്‍ ബാഗുകള്‍ ഉപയോഗിക്കുന്ന വ്യക്തിക്ക്‌ ആഢ്യത്വം നല്‍കുമെന്ന്‌ ഫാഷന്‍ രംഗത്തുള്ളവര്‍ പറയുന്നു
l സ്യൂട്ട്‌, സ്‌കര്‍ട്ട്‌ എന്നിവയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ പാദം മൂടുന്ന ഷൂസ്‌ തന്നെ ധരിക്കണം. ഇന്ത്യന്‍ വസ്‌ത്രങ്ങള്‍ക്ക്‌ ലെതര്‍ ചെരുപ്പുകള്‍ ധരിക്കാം. ഹീലുകള്‍ ഉപയോഗിക്കാമെങ്കിലും വലിയ ഹീലുള്ളവ ഒഴിവാക്കുക
l മേക്കപ്പ്‌ മിതമായിരിക്കണം. ഒന്നും എടുത്ത്‌ നില്‍ക്കാന്‍ പാടില്ല. നീണ്ട മുടിയാണെങ്കില്‍ അഴിച്ചിടാതിരിക്കുക. ഇളം നിറങ്ങളിലുള്ള ലിപ്‌സ്റ്റിക്‌, എടുത്തുനില്‍ക്കാത്ത നെയില്‍ പോളിഷ്‌, ക്ലിപ്പിട്ട മുടി, മിതമായ മേക്കപ്പ്‌ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന്‌ തൃശൂരിലെ ഫെമ്മെ ഫെറ്റേയ്‌ലിന്റെ സാരഥി ശശികല മേനോന്‍ പറയുന്നു.
l പാശ്ചാത്യ വസ്‌ത്രങ്ങളാണ്‌ ധരിക്കുന്നതെങ്കില്‍ പൊട്ട്‌ ഒഴിവാക്കണം. സാരി, ചുരിദാര്‍ എന്നിവയുടെ കൂടെ പൊട്ട്‌ ധരിക്കാമെങ്കിലും വലുപ്പം കൂടിയത്‌ ഒഴിവാക്കുക.
l കട്ടി കുറഞ്ഞ മാല, ലളിതമായ കമ്മലുകള്‍ എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന പ്രൊഫഷണലുകളില്‍ നല്ലൊരു ശതമാനം ചെറിയ ഡയമണ്ട്‌ സെറ്റ്‌ തേടിയെത്താറുണ്ടെന്ന്‌ വി.എന്‍.എം ജൂവല്‍ ക്രാഫ്‌റ്റിന്റെ ഡിസൈനര്‍ സുരേഖ ശ്രീജിത്ത്‌ പറയുന്നു

No comments:

Post a Comment