Thursday, 19 May 2011

ബ്രാന്‍ഡിനെ മനസില്‍ കുടിയിരുത്താനുള്ള വഴികള്‍


 ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടി അവരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ `കോസ്‌ ബ്രാന്‍ഡിംഗ്‌' സഹായിക്കും
-ഹരീഷ്‌ ബി
പഭോക്താക്കളുടെ ക്രയശേഷി കുറഞ്ഞിരിക്കുന്ന ഈ മാന്ദ്യകാലത്ത്‌ ബ്രാന്‍ഡുകള്‍ക്ക്‌ വലിയ പരിപാലനം ഒന്നും ആവശ്യമില്ലെന്ന്‌ കരുതുന്ന സംരംഭകനാണോ നിങ്ങള്‍? വിപണിയില്‍ ബ്രാന്‍ഡിംഗിനുവേണ്ടി ഇപ്പോള്‍ എന്തുചെയ്‌താലും വലിയ പ്രയോജനമൊന്നും ഇല്ലാത്തതുകൊണ്ട്‌ നിശബ്‌ദരായിരിക്കാമെന്നും കരുതുന്നുണ്ടോ നിങ്ങള്‍? എങ്കിലിതാ രാജ്യത്തെ ചില വമ്പന്‍ ബ്രാന്‍ഡുകള്‍ നടത്തിയ ചുവടുവെപ്പുകള്‍ കാണൂ.
l ദന്തക്ഷയം രാജ്യത്ത്‌ ഇല്ലാതാക്കാന്‍ ഒക്‌റ്റോബറില്‍ കോള്‍ഗേറ്റ്‌ `ഓറല്‍ ഹെല്‍ത്ത്‌ മാസം' ആചരിച്ചുl മൊബീല്‍ റീസൈക്ലിംഗ്‌ എന്ന ആശയം പ്രചാരത്തിലാക്കാന്‍ ഉപയോഗശൂന്യമായ മൊബീലുകള്‍ നോക്കിയ തിരിച്ചെടുത്തു.
കോസ്‌ ബ്രാന്‍ഡിംഗ്‌ (Cause Branding) അല്ലെങ്കില്‍ കോസ്‌ റിലേറ്റഡ്‌ ബ്രാന്‍ഡിംഗ്‌ എന്ന ഇത്തരം നടപടികള്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രചരണത്തിനായി നിരവധി കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്‌. പ്രത്യക്ഷാ ലാഭേച്ഛയില്ലാത്ത സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ്‌ ഇവയെങ്കിലും ഇതുവഴി ബ്രാന്‍ഡുകള്‍ക്ക്‌ ലഭിക്കുന്നത്‌ ദീര്‍ഘകാല നേട്ടങ്ങളാണ്‌. പക്ഷെ ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട്‌ ഉടനടി വില്‍പ്പന വര്‍ധിക്കണമെന്നില്ല.
കോസ്‌ ബ്രാന്‍ഡിംഗിന്‌ പ്രാധാന്യം കൊടുക്കുന്ന കമ്പനികളോടും അവയുടെ ഉല്‍പ്പന്നങ്ങളോടും ഉപഭോക്താക്കള്‍ക്ക്‌ ഒരു അനുകൂല മനോഭാവം ഉണ്ടാകും. ടാറ്റ തങ്ങളുടെ ബ്രാന്‍ഡ്‌ ഇമേജ്‌ സൃഷ്‌ടിച്ചെടുത്തതിന്‌ പിന്നില്‍ സാമൂഹിക കാര്യങ്ങളില്‍ ബ്രാന്‍ഡ്‌ പുലര്‍ത്തിയ അര്‍പ്പണബോധത്തിന്‌ വലിയ പങ്കുണ്ട്‌. കേരളത്തില്‍ മേളം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ഉദാഹരണം.
കമ്പനിയുടെ ലാഭത്തിലോ വില്‍പ്പനയിലോ നേരിട്ട്‌ വലിയ മാറ്റം സൃഷ്‌ടിക്കാന്‍ കഴിയാത്ത ഇത്തരം നടപടികള്‍ക്കായി വിലപ്പെട്ട വിഭവങ്ങള്‍ ചെലവഴിക്കേണ്ടതുണ്ടോ എന്ന ചോദ്യം നിങ്ങള്‍ ചോദിച്ചേക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബ്രാന്‍ഡിനെ വളര്‍ത്തിയെടുത്ത്‌ ലാഭം കൊയ്യണമെന്ന്‌ ചിന്തിക്കുന്നവരോട്‌ പറയാനുള്ളത്‌ ഇതാണ്‌: നിങ്ങളുടെ ബ്രാന്‍ഡ്‌ ഉപഭോക്താവിന്റെ മനസില്‍ കൂടി വളരേണ്ടതില്ലേ? അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിനെ അവര്‍ സ്‌നേഹിക്കില്ലേ?
ബ്രാന്‍ഡുകള്‍ക്ക്‌ ഇത്തരം പോസിറ്റീവ്‌ ഇമേജ്‌ സൃഷ്‌ടിച്ചെടുക്കാന്‍ കോസ്‌ ബ്രാന്‍ഡിംഗ്‌ ഏറെ സഹായിക്കും. ഒരേ പോലെയുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും അനവധി പേര്‍ നല്‍കുന്ന സാഹചര്യത്തില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ എതിരാളികളുടെ ബ്രാന്‍ഡില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്താന്‍ കോസ്‌ ബ്രാന്‍ഡിംഗ്‌ സഹായിക്കും.
ചെറിയ കാലയളവിനുള്ളില്‍ ചെയ്യുന്ന നടപടികളെ കോസ്‌ മാര്‍ക്കറ്റിംഗ്‌ എന്നും ദീര്‍ഘകാല നടപടികളെ കോസ്‌ ബ്രാന്‍ഡിംഗ്‌ എന്നും പറയും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിശ്ചിത തുക സംഭാവന നല്‍കുന്നത്‌ കോസ്‌ മാര്‍ക്കറ്റിംഗിന്‌ ഉദാഹരണമാണ്‌. ഒരു കിലോയുടെ ഓരോ സര്‍ഫ്‌ പായ്‌ക്ക്‌ വില്‍ക്കുമ്പോഴും നിശ്ചിത തുക പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന ഹിന്ദുസ്ഥാന്‍ ലിവറിന്റെ പ്രചരണം ഇത്തരത്തിലൊന്നാണ്‌. സമൂഹത്തില്‍ കുറച്ചുനാളത്തേക്ക്‌ ബ്രാന്‍ഡിന്‌ ഒരു പോസിറ്റീവ്‌ പ്രതികരണം ഉണ്ടാക്കിയെടുക്കുന്നതിന്‌ ഇത്തരം പ്രചാരണങ്ങള്‍ സഹായിക്കും.
ദീര്‍ഘകാലത്തേക്ക്‌ ഉദ്ദേശിച്ചും കോസ്‌ മാര്‍ക്കറ്റിംഗ്‌ നടത്താം. ആഗോള കോസ്‌മെറ്റിക്‌ വമ്പനായ എവോണ്‍ 1993 മുതല്‍ നടത്തുന്ന സ്‌തനാര്‍ബുദത്തിനെതിരെയുള്ള അവബോധ പരിപാടികള്‍ ഉദാഹരണം. കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗ്രാമീണരില്‍ അവബോധം സൃഷ്‌ടിക്കാന്‍ ലൈഫ്‌ബോയ്‌ ബ്രാന്‍ഡ്‌ നടത്തിയ പ്രചരണ പരിപാടി ദീര്‍ഘകാല കോസ്‌ ബ്രാന്‍ഡിംഗിന്‌ ഉദാഹരണമാണ്‌.

കോസ്‌ ബ്രാന്‍ഡിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വിഷയം തിരിച്ചറിയുക: തെരഞ്ഞെടുക്കുന്ന വിഷയം ബ്രാന്‍ഡിന്റെ ഉപഭോക്താക്കളില്‍ താല്‍പ്പര്യമുണ്ടാക്കുന്നതും പ്രസക്തവുമായിരിക്കണം. കൂടാതെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ ശക്തമായിരിക്കണം.
ഭാഗഭാക്കാകുക: ആരുമായി ചേര്‍ന്നാണ്‌ പരിപാടി നടത്തുന്നത്‌ എന്നത്‌ ഉദ്യമത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണ്‌. പരിപാടി സ്‌പോണ്‍സര്‍ ചെയ്യുക എന്നതിനപ്പുറം ബ്രാന്‍ഡ്‌ പൂര്‍ണമായും ഉദ്യമത്തില്‍ പങ്കാളികളാകണം. ഇതിനായി ജീവനക്കാരുടെ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തി മികച്ച ടീം കെട്ടിപ്പടുക്കുക.
പ്രചരണം പ്രധാനം: നിങ്ങള്‍ നടത്തുന്ന ഉദ്യമം എല്ലാ മാര്‍ഗത്തിലൂടെയും പ്രചരിപ്പിക്കുക. വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍ അതിന്‌ ഉപയോഗിക്കുക.
ഉദ്യമത്തോട്‌ വിശ്വസ്‌തത കാണിക്കുക: കോസ്‌ ബ്രാന്‍ഡിംഗ്‌ എന്നത്‌ ഇരുതല മൂര്‍ച്ചയുള്ള ഒരു ആയുധമാണ്‌. ബ്രാന്‍ഡിന്‌ തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഉദ്യമത്തോട്‌ എത്ര ആത്മാര്‍ത്ഥതയുണ്ടെന്ന്‌ ഉപഭോക്താക്കള്‍ പരിശോധിച്ചെന്ന്‌ വരും. നിങ്ങളുടേത്‌ വെറുമൊരു മാര്‍ക്കറ്റിംഗ്‌ തന്ത്രമാണെങ്കില്‍ അത്‌ ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ തന്നെ ബാധിച്ചേക്കാം.

(ഐ.ബി.എസ്‌ കൊച്ചിയില്‍ മാര്‍ക്കറ്റിംഗ്‌ വിഭാഗത്തില്‍ ഫാക്കല്‍ട്ടിയാണ്‌ മാര്‍ക്കറ്റിംഗ്‌ രംഗത്ത്‌ 12 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ലേഖകന്‍. Marketingpractice.blogspot.com

No comments:

Post a Comment