25 വര്‍ഷം മുമ്പ് ഇന്ത്യയിലെ എഫ്.എം.സി.ജി വിപണിയിലേക്ക് എം.പി രാമചന്ദ്രന്‍ എന്ന മലയാളി ഒരു യാഗാശ്വത്തെ അഴിച്ചുവിട്ടു. രാജ്യത്തെ തുള്ളി നീല വിപണിയുടെ 75 ശതമാനത്തോളം ഉജാല എന്ന ആ യാഗാശ്വം കൈയടക്കുകയായിരുന്നു. അന്ന് ജ്യോതി ലബോറട്ടറീസിലൂടെ രാമചന്ദ്രന്‍ ആരംഭിച്ച തേരോട്ടം നിരവധി ഉല്‍പ്പന്നങ്ങളിലൂടെ ഇന്നും തുടരുന്നു. ഇന്ത്യയിലെ വാഷിംഗ് പൗഡര്‍, കൊതുക് നാശിനി വിപണികളില്‍ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ ജ്യോതി ലബോറട്ടറീസ് വീണ്ടും ഒരു അശ്വമേധത്തിന് ഒരുങ്ങുകയാണ്. രണ്ടും സവിശേഷ സാങ്കേതിക വിദ്യകളുടെ പിന്‍ബലമുള്ളത്. പുതിയ അശ്വമേധത്തിന്റെ ഫലം എന്താകും എന്നറിയാന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
അലക്കിയ വെള്ള വസ്‌ത്രങ്ങളിലെ അവശേഷിക്കുന്ന അഴുക്കിനെ അകറ്റി വെണ്‍മ കൂട്ടാനാണ് രാമചന്ദ്രന്‍ ഉജാല കണ്ടുപിടിച്ചത്. അതിനുശേഷം അഴുക്കിനെ തുരത്താന്‍ സോപ്പും സോപ്പുപൊടിയും പിന്നീട് വസ്‌ത്രത്തിന്റെ വടിവ് നില നിര്‍ത്താന്‍ സ്റ്റിഫ് ആന്‍ഡ് ഷൈനും വിപണിയിലിറക്കി. കേവലം ഒരു സ്വയം തൊഴില്‍ സംരംഭമായി തുടങ്ങിയ ജ്യോതി ലബോറട്ടറീസ് ഇന്ന് ഇന്ത്യയിലെ 33 ലക്ഷം കടകളില്‍ വില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ്. നാല് ലക്ഷം കടകളില്‍ കൂടി ഉല്‍പ്പന്നങ്ങളെത്തിയാല്‍ വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഹിന്ദുസ്ഥാന്‍ ലിവറിനൊപ്പമെത്തും ജ്യോതി ലാബ്. കേവലം 5000 രൂപയുടെ മുടക്കുമുതലില്‍ ഉജാലയെന്ന 3.25 രൂപ വിലയുള്ള ഉല്‍പ്പന്നവുമായി 1983ല്‍ എം.പി രാമചന്ദ്രനെന്ന ഒരു മലയാളി തുടക്കമിട്ട ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ മുന്‍നിര എഫ്.എം.സി.ജി കമ്പനികളിലൊന്നാണ്. 1800 സെയ്‌ല്‍സ് സ്റ്റാഫ് ഉള്‍പ്പടെ 5000ത്തിലേറെ ജീവനക്കാര്‍, 4000ത്തോളം വിതരണക്കാര്‍, 24ഓളം ഉല്‍പ്പാദന കേന്ദ്രങ്ങള്‍, 20ലേറെ ഉല്‍പ്പന്നങ്ങള്‍... ജ്യോതി ലബോറട്ടറീസിന്റെ നേട്ടങ്ങള്‍ക്ക് തിളക്കമേറെയാണ്.
എന്താണ് അടുത്ത ഉല്‍പ്പന്നം? ഏതെല്ലാം പുതിയ മേഖലകളില്‍ ഉജാലയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രതീക്ഷിക്കാം? ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ധനം സീനിയര്‍ കറസ്‌പോണ്ടന്റ് എന്‍.എസ് വേണുഗോപാലുമായുള്ള അഭിമുഖത്തില്‍
എം.പി രാമചന്ദ്രന്‍ മനസ് തുറക്കുന്നു
? ഉജാലയിലൂടെ വിപണിയില്‍ സൃഷ്ടിച്ച വിപ്ലവം പുതിയ ഉല്‍പ്പന്നങ്ങളിലൂടെ ആവര്‍ത്തിക്കാമെന്നാണോ പ്രതീക്ഷ?
നാനോ എന്‍സൈം ടെക്‌നോളജി ഉപയോഗിച്ചുള്ള പുതിയൊരു വാഷിംഗ് പൗഡര്‍ ഉജാല ടെക്‌നോ ബ്രൈറ്റ് എന്ന പേരില്‍ ഞങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. രാജ്യത്താകമാനം അതിന്റെ പരസ്യപ്രചാരണം തുടങ്ങിക്കഴിഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഉജാലയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അദ്ദേഹമായിരിക്കും. വിവിധ കമ്പനികളുടെ വാഷിംഗ് പൗഡറുകളേക്കാള്‍ കുറഞ്ഞ, പൊതുജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്‌ക്ക് ഇത് ലഭ്യമാക്കുകയെന്നതാണ് ജ്യോതി ലാബിന്റെ മുദ്രാവാക്യം. അതിനാല്‍ കിലോക്ക് 140 രൂപ ഈടാക്കുന്നതിന് പകരം വെറും 90 രൂപയ്‌ക്കാണ് ഞങ്ങള്‍ ടെക്‌നോബ്രൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ചവരൊക്കെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടെക്‌നോബ്രൈറ്റ് ദേശീയതലത്തില്‍ ലോഞ്ച് ചെയ്‌തുകഴിഞ്ഞെങ്കിലും എല്ലാ വിപണിയിലും അത് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
മറ്റ് പുതിയ ഉല്‍പ്പന്നങ്ങള്‍ എന്തൊക്കെയാണ്?ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ജ്യോതി ലാബിന് മാത്രമായി നല്‍കിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് കൊതുകുകളെ പ്രതിരോധിക്കാനായി ഞങ്ങള്‍ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ്. വീട്ടിനുള്ളില്‍ കൊതുകുകളുടെ ഉപദ്രവം കുറയ്‌ക്കാനായി കൊതുകുതിരികള്‍, ലിക്വിഡ് വേപ്പറൈസറുകള്‍ തുടങ്ങിയവയുണ്ട്. എന്നാല്‍ വീടിന് പുറത്ത് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും റബര്‍, ടീ, കോഫി എസ്റ്റേറ്റുകളിലും കൊതുകിന്റെ ഉപദ്രവം രൂക്ഷമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കൊതുകില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ നിലവിലില്ല. എന്നാല്‍ ആര്‍.ഡി.ഡി.ഒയുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങള്‍ വിപണിയിലെത്തിച്ചിട്ടുള്ള മാക്‌സോ മിലിട്ടറി വെറ്റ് വൈപ്, മാക്‌സ് മിലിട്ടറി ക്രീം എന്നിവ കൊതുകില്‍ നിന്നും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഔട്ട്‌ഡോറിലും സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ്.
കൂടുതല്‍ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ജ്യോതി ലാബില്‍ നിന്നും ഈ വര്‍ഷം ഉണ്ടാകുമോ?
ഈ വര്‍ഷം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പകരം ഈ രണ്ട് ഉല്‍പ്പന്നങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് ലക്ഷ്യം.
രാജ്യത്തെ എഫ്.എം.സി.ജി മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?കാര്യമായ വെല്ലുവിളികളൊന്നും ഇല്ലെന്നു പറയാം. എന്നാല്‍ അവസരങ്ങള്‍ അനന്തമാണ്. ജനസംഖ്യയില്‍ മുന്നിലായതിനാല്‍ പാവപ്പെട്ടവര്‍ മുതല്‍ എല്ലാ വിഭാഗം ജനങ്ങളും അടങ്ങുന്ന വിപുലമായ വിപണി ഇവിടെയുണ്ട്. ഇവര്‍ക്കെല്ലാം വ്യത്യസ്‌ത തരത്തിലുള്ള ആവശ്യങ്ങളുമുണ്ട്. അക്കാരണത്താല്‍ തന്നെ ഈ രംഗത്ത് വെല്ലുവിളികളല്ല, അവസരങ്ങളാണുള്ളത്.
റീറ്റെയ്‌ല്‍ രംഗത്തെ പുതിയ പ്രവണതകള്‍?
പുതിയ ട്രെന്‍ഡുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കും. അത് എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കണം. റീറ്റെയ്‌ല്‍ മേഖല കുറേക്കൂടി സംഘടിതമായി മാറുകയാണ്. അത് തീര്‍ച്ചയായും ഗുണകരമാണ്. മല്‍സരം ഉണ്ടാകും.
പക്ഷെ മല്‍സരത്തെ ഭയപ്പെടാതെ അതിനെ നേരിടാനായി നമ്മുടെ കാര്യക്ഷമത വര്‍ധിപ്പിക്കണം. ഉപഭോക്താക്കള്‍ക്കും അത് ഗുണകരമാകും. കാരണം കുറഞ്ഞ വിലയ്‌ക്ക് മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. എന്നാല്‍ മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ നല്‍കാനാകണം ഉല്‍പ്പാദകരുടെ ശ്രമം. അതിനാല്‍ മല്‍സരത്തെ ഭയക്കാതെ അതിനെ നേരിടാന്‍ സജ്ജരാകുകയാണ് ആവശ്യം.
എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും വില ഭീമമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. താങ്കള്‍ എങ്ങനെയാണ് ഇതിനെ വീക്ഷിക്കുന്നത്?
വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ പ്രതിഭാസമാണ് വിലക്കയറ്റം. കാലാവസ്ഥ വ്യതിയാനംകൊണ്ട് കാര്‍ഷികോല്‍പ്പാദനം കുറയുന്നത് അത്തരം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല അത് മറ്റെല്ലാത്തിനെയും തകര്‍ക്കുകയും ചെയ്യും. എന്നാല്‍ മറ്റ് ഉല്‍പ്പാദന മേഖലകളില്‍ വിലക്കയറ്റമുണ്ടാകുമ്പോള്‍ ഉല്‍പ്പാദന ചെലവ് വര്‍ധിക്കുകയും അത് ഉപഭോക്താക്കളിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യും. ഉപഭോക്താവിന്റെ ക്രയശേഷി കുറയുമെങ്കിലും അത് തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം വര്‍ധിക്കാന്‍ സഹായിക്കും. അതിനാല്‍ വിലക്കയറ്റം വേണം. അതിനെ പേടിക്കേണ്ടതില്ല. സ്ഥിരമായൊരു വില നിലവാരമോ സമ്പദ്‌ഘടനയോ ഒരിക്കലുമുണ്ടാകില്ല. മറിച്ച് വില കുറഞ്ഞുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും ഉല്‍പ്പാദനം കുറയും, തൊഴിലില്ലായ്‌മ വര്‍ധിക്കും, ഉപഭോഗശേഷി കുറയുകയും ചെയ്യും. അത് സാമ്പത്തികമാന്ദ്യത്തിന് വഴിയൊരുക്കുന്നതാണ്. അതാണ് അപകടകരമായ സ്ഥിതിവിശേഷം.
കേരളത്തിലെ ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകാത്തത് എന്തുകൊണ്ടാണ്?
ഉല്‍പ്പാദനരംഗത്തെ പോരായ്‌മകളെ അവസരമാക്കി മാറ്റുന്നതിനായി ഉല്‍പ്പാദകരും തൊഴില്‍ അന്വേഷകരുമൊക്കെ കേരളത്തിന് പുറത്തേക്ക് പോകാന്‍ തയാറാകണം. 1983ലാണ് ഞാനിവിടെ സംരംഭം തുടങ്ങിയത്. 1993ല്‍ യൂണിയന്‍ നിലവില്‍ വന്നു. തൊഴിലാളി യൂണിയനുകള്‍ക്ക് ഞാന്‍ എതിരല്ല.
പക്ഷെ അവര്‍ നശീകരണ സ്വഭാവം പ്രകടിപ്പിക്കുകയാണെങ്കില്‍ അതില്‍ തളര്‍ന്നുപോകാതെ പകരം മറ്റ് പോംവഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. അങ്ങനെ ഞങ്ങള്‍ കേരളത്തിന് പുറത്തേക്ക് പോയി. കേരളം ദോഷകരമാണ് എന്നല്ല ഇതിനര്‍ത്ഥം. കേരളം മികച്ച ഒരു സംസ്ഥാനമാണ്. പക്ഷെ ഇവിടെ അസൂയാധിഷ്‌ഠിത ഭൗതികവാദം കൂടുതലാണ്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അങ്ങനെ വരുമ്പോള്‍ ഇവിടെനിന്നും പുറത്തേക്ക് പോയിക്കഴിഞ്ഞാല്‍ ഇന്ത്യയൊട്ടാകെ നമുക്ക് വിപണി നേടാനാകും. അത് കണ്ടെത്താനും കെട്ടിപ്പടുക്കാനുമുള്ള കഴിവും മാനസികാവസ്ഥയും കൂടി നമ്മള്‍ ആര്‍ജിക്കണമെന്നുമാത്രം. രാജ്യത്തെ ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രമേ ഇവിടെയുള്ളൂ.
ബാക്കി 97 ശതമാനവും കേരളത്തിന് പുറത്താണ്. അതൊരു സാധ്യതയായി കാണണം. അതിനാല്‍ ഇവിടെയുള്ള ഒരു പോരായ്‌മയെ ഞങ്ങള്‍ അവസരമാക്കി മാറ്റിയതിലൂടെയാണ് ജ്യോതി ലാബിന് വളര്‍ച്ച കൈവരിക്കാനായത്.
എന്തൊക്കെയാണ് അടുത്ത 10 വര്‍ഷത്തെ താങ്കളുടെ സുപ്രധാന ലക്ഷ്യങ്ങള്‍?
ഇന്ത്യയിലെ എഫ്.എം.സി.ജി മേഖലയിലുള്ള അഞ്ച് സുപ്രധാന കമ്പനികളില്‍ ഒന്നായിത്തീരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. റീറ്റെയ്‌ല്‍ ഔട്ട്‌ലെറ്റുകളിലൂടെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുടെ അടുത്ത് എത്തുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ ജ്യോതി ലാബിന് രണ്ടാം സ്ഥാനമാണുള്ളത്. ലിക്വിഡ് ഫാബ്രിക് വൈറ്റ്‌നര്‍ വിഭാഗത്തില്‍ ദേശീയതലത്തില്‍ തന്നെ ഏകദേശം 75 ശതമാനം വിപണി വിഹിതവും ഉജാലയ്‌ക്കാണ്. ഈ വിഭാഗത്തില്‍ കേരളത്തില്‍ ഉജാലയുടെ വിപണി വിഹിതം 99.99 ശതമാനമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനകം തന്നെ എഫ്.എം.സി.ജി മേഖലയിലെ അഞ്ച് മുന്‍നിര കമ്പനികളില്‍ ഒന്നാകാനാണ് ഞങ്ങളുടെ ശ്രമം. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളുമൊക്കെ ഞങ്ങള്‍ക്കുണ്ട്. 15 സംസ്ഥാനങ്ങളിലായി 28 ഉല്‍പ്പാദന കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്. എന്തായാലും 2020 ഓടെ ഞങ്ങളീലക്ഷ്യം കൈവരിക്കുകതന്നെ ചെയ്യും.
ഉല്‍പ്പാദന-സേവനരംഗത്ത് കേരളത്തിലെ വളര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക് എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങളാണ് താങ്കള്‍ക്ക് നല്‍കാനുള്ളത്.
ഉല്‍പ്പാദനരംഗത്ത് കേരളത്തിലെ സംരംഭങ്ങള്‍ക്ക് വളര്‍ച്ച നേടാനുള്ള അവസരങ്ങള്‍ വളരെ കുറവാണ്. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ ചെറിയ തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍പോലും നമുക്ക് അംഗീകരിക്കാനാവില്ല. യാതൊരു മലിനീകരണവും ഇല്ലാത്ത വ്യവസായങ്ങളും കുറവാണ്. എന്നാല്‍ ഐ.റ്റി, ടൂറിസം മേഖലയിലെ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ട്. അഭ്യസ്‌തവിദ്യര്‍ കൂടുതലായുള്ളത് ഐറ്റി മേഖലക്ക് ഗുണകരമാണ്. ടൂറിസം രംഗത്ത് കേരളത്തിന് സല്‍പ്പേര് നേടണമെങ്കില്‍ മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് ജനങ്ങളില്‍ മികച്ച ഒരുഅവബോധം മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
കൂടാതെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാലിന്യസംസ്‌കരണത്തിന് വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ടൂറിസത്തിന് കേരളം പോലെ അനുയോജ്യമായ മറ്റൊരു സംസ്ഥാനമില്ല. പക്ഷെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യത്തിലും നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഐ.റ്റിയിലെയും ടൂറിസത്തിലെയും അവസരങ്ങള്‍ പരമാവധി വിനിയോഗിക്കാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്
താങ്കളിലെ സംരംഭകനെ ഇപ്പോഴും പ്രചോദിപ്പിക്കുന്ന ഘടകങ്ങള്‍?
ഏകദേശം 6000ത്തോളം ജീവനക്കാരാണ് ജ്യോതി ലാബിലുള്ളത്. അവരുടെ ഓരോരുത്തരുടെയും ഉന്നമനവും കുടുംബത്തിന്റെ സംരക്ഷണവുമൊക്കെ എന്റെ ഉത്തരവാദിത്തമായിട്ടാണ് ഞാന്‍ കാണുന്നത്. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അവരെല്ലാം തന്നെ സന്തോഷത്തോടെ ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം. അക്കാരണത്താല്‍ തന്നെ ജ്യോതി ലാബിന് കൂടുതല്‍ വളര്‍ച്ചയും വിജയവും നേടിയേടുക്കേണ്ടതുണ്ട്. അതാണ് എന്റെ പ്രചോദനം.
No comments:
Post a Comment