കേവലം യാദൃച്ഛികതയില്‍ നിന്നും അതോടൊപ്പം ഒരു മനുഷ്യന്റെ സ്വപ്‌നഭ്രംശങ്ങളില്‍ നിന്നും ഒരു മഹാപ്രസ്ഥാനം പിറക്കുക - ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആരും മൂക്കത്തു വിരല്‍ വെച്ചുപോകുന്ന ചരിത്രം ഇന്ത്യയിലെ ഭീമന്‍ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന്റേതാണ്. കമ്മ്യൂണിസത്തെക്കുറിച്ച് അല്‍പം ആശങ്കയോടെയെങ്കിലും സുന്ദര സ്വപ്‌നങ്ങള്‍ മെനഞ്ഞിരുന്ന ഒരു സാധാരണക്കാരനായ എന്‍.ആര്‍.നാരായണമൂര്‍ത്തിയെ സ്വന്തം ജീവിതത്തിലെ അതിതീവ്രമായ ചില അനുഭവങ്ങള്‍ വല്ലാതെ പിടിച്ചുലയ്‌ക്കുന്നേടത്താണു ഇന്‍ഫോസിസിന്റെ വിത്തു മുളയ്‌ക്കുന്നത്.
യാദൃച്ഛികതയിലാണു തുടക്കം. 1968ലെ ഒരു ഞായറാഴ്‌ച. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ കണ്‍ട്രോള്‍ തിയറി വിദ്യാര്‍ത്ഥിയായാണു മൂര്‍ത്തി. പ്രഭാത ഭക്ഷണ സമയത്ത് ഒരു പ്രമുഖ കംപ്യൂട്ടര്‍ ശാസ്‌ത്രജ്ഞനെ കണ്ടുമുട്ടി. യു.എസിലെ പ്രമുഖ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം അവധിക്കാലം ചെലവിടാന്‍ എത്തിയതായിരുന്നു. കംപ്യൂട്ടര്‍ സയന്‍സ് മേഖലയിലെ പുരോഗതികളെ കുറിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികളോടു സംവദിക്കുകയായിരുന്ന അദ്ദേഹം തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റവും സ്വാധീനിച്ചതു മൂര്‍ത്തിയെ തന്നെ. പ്രാതല്‍ കഴിച്ച ഉടന്‍ ലൈബ്രറിയിലെത്തി അദ്ദേഹം വായിക്കാന്‍ നിര്‍ദേശിച്ച നാലോ അഞ്ചോ പ്രബന്ധങ്ങള്‍ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ത്ത മൂര്‍ത്തി പുറത്തേക്കിറങ്ങിയത് നിശ്ചയ ദാര്‍ഢ്യത്തോടെ തന്നെയായിരുന്നു. അങ്ങനെ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചു.
ആ കാലത്തേക്കു തിരിച്ചുപോകുമ്പോള്‍ ഒരു മാതൃകാ പുരുഷനു നമ്മെ എത്രമാത്രം സ്വാധീനിക്കാന്‍ സാധിക്കുമെന്നു താന്‍ ചിന്തിച്ചുപോകുന്നുവെന്നാണ് ഈ സംഭവത്തെ കുറിച്ചു മൂര്‍ത്തി പിന്നീടു പ്രതികരിച്ചിട്ടുള്ളത്. ഗുണകരമായ ഉപദേശങ്ങള്‍ ലഭിക്കുക പലപ്പോഴും അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാകാമെന്നും, ചില അപ്രതീക്ഷിത സംഭവങ്ങള്‍ പുതിയ വാതിലുകള്‍ തുറന്നുതന്നേക്കാമെന്നും ഈ സംഭവത്തിലൂടെ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ആ 72 മണിക്കൂറുകള്‍മറക്കാനാവാത്ത മറ്റൊരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായത് 1974ലാണ്. പഴയ യുഗോസ്ലാവിയയുടെയും ഇപ്പോഴത്തെ സെര്‍ബിയയുടെയും ബള്‍ഗേറിയയുടെയും അതിര്‍ത്തിഗ്രാമത്തിലൂടെ ഒരു യാത്രയിലായിരുന്നു നാരായണ മൂര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ നിസ് റെയില്‍വേ സ്റ്റേഷനിലെത്തി. ഭക്ഷണശാല അടച്ചിരുന്നതിനാല്‍ ഭക്ഷണം ലഭിച്ചില്ല. അടുത്ത ദിവസമാകട്ടെ ബാങ്ക് അവധിയായിരുന്നു. കയ്യില്‍ പ്രാദേശിക കറന്‍സി ഇല്ലാതിരുന്നതിനാല്‍ ഒന്നും വാങ്ങിക്കഴിക്കാനായില്ല. രാത്രി 8.30ന് ട്രെയിന്‍ വരുന്നതുവരെ പ്‌ളാറ്റ്‌ഫോമില്‍ കിടന്നുങ്ങുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. കംപാര്‍ട്ട്‌മെന്റില്‍ മൂര്‍ത്തിക്കുപുറമേ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂര്‍ത്തി പെണ്‍കുട്ടിയുമായി ഫ്രഞ്ച് ഭാഷയില്‍ സംസാരം തുടങ്ങി. ബള്‍ഗേറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ ഉദ്ദേശിച്ച്, ഇരുമ്പുമറയ്‌ക്കുള്ളില്‍ കഴിഞ്ഞു മടുത്തുവെന്ന് അവള്‍ പറഞ്ഞു. ഒരു പോലീസുകാരനെത്തി ചോദ്യം ചെയ്യുന്നതുവരെ അവര്‍ ചര്‍ച്ച തുടര്‍ന്നു. കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന യുവാവാണ് പൊലീസിനെ വിളിച്ചുവരുത്തിയതെന്നു പിന്നീടു വ്യക്തമായി. മൂര്‍ത്തിയും പെണ്‍കുട്ടിയും ബള്‍ഗേറിയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന തോന്നലാണു യുവാവിനെ പ്രകോപിപ്പിച്ചത്.
പൊലീസ് പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തുകയും ബാഗുകള്‍ പിടിച്ചെടുത്തശേഷം മൂര്‍ത്തിയെ പ്‌ളാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു വളരെ ചെറിയ ഒരു മുറിയില്‍ കൊണ്ടുചെന്നു തള്ളുകയും ചെയ്‌തു. പ്രാഥമികാവശ്യങ്ങള്‍ക്കായി മൂലയില്‍ ഒരു കുഴി മാത്രമുള്ള ആ മുറിയില്‍ അദ്ദേഹത്തെ 72 മണിക്കൂറിലേറെ പാര്‍പ്പിച്ചു. പുറംലോകം കാണാന്‍ ഇനി അവസരം ലഭിക്കില്ലെന്നു മൂര്‍ത്തി സംശയിച്ചുതുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായാണ് വാതില്‍ തുറക്കപ്പെട്ടത്. പിന്നെയും വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഒരു ചരക്കുവണ്ടിയിലെ ഗാര്‍ഡിന്റെ കംപാര്‍ട്ട്‌മെന്റിലേക്കു തള്ളിയിട്ടു. 20 മണിക്കൂര്‍ കൊണ്ട് വണ്ടി ഇസ്‌താന്‍ബൂളില്‍ എത്തുമെന്നും അവിടെ വച്ചു സ്വതന്ത്രനാക്കുമെന്നും അറിയിച്ചു. സുഹൃദ് രാഷ്‌ട്രമായ ഇന്ത്യയില്‍ നിന്നുള്ള ആളായതു കൊണ്ടു മാത്രം വിട്ടയയ്‌ക്കുന്നു- ഗാര്‍ഡിന്റെ വാക്കുകള്‍ എപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്നു മൂര്‍ത്തി.
വഴിത്തിരിവ്‌ഇസ്‌താന്‍ബൂളിലേക്കുള്ള യാത്രയില്‍ തനിച്ചായിരുന്നു. വിശന്നു വലഞ്ഞു. കമ്മ്യൂണിസത്തെ കുറിച്ചുള്ള മോഹന സങ്കല്‍പങ്ങളെ കുറിച്ചു പുനരാലോചന നടത്താന്‍ ഈ യാത്ര അദ്ദേഹത്തെ വല്ലാതെ നിര്‍ബന്ധിച്ചു. 108 മണിക്കൂര്‍ നീണ്ട പട്ടിണിയും ഒറ്റപ്പെട്ട യാത്രയും കമ്മ്യൂണിസത്തെ പൂര്‍ണമായി വെറുക്കുന്ന ഒരാളായി നാരായണ മൂര്‍ത്തിയെ മാറ്റി.
ഏറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുതകുന്ന സ്വയം സംരംഭകത്വം മാത്രമാണു ദാരിദ്ര്യം തുടച്ചുനീക്കാനുള്ള വഴിയെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്‌തു.
കമ്മ്യൂണിസത്തോട് അടുത്തുനില്‍ക്കുകയായിരുന്ന ഒരു പ്രതിഭയെ മുതലാളിത്ത ചിന്താഗതിക്കാരനാക്കിയ ബള്‍ഗേറിയന്‍ പോലീസിനു നന്ദി. സത്യത്തില്‍ ഇതാണ് 1981ല്‍ ഇന്‍ഫോസിസിനു തുടക്കമിടാന്‍ പ്രേരകമായത്.
മേല്‍പറഞ്ഞ രണ്ടു സംഭവങ്ങള്‍ ഇന്‍ഫോസിസ് തുടങ്ങുന്നതിലേക്കു നയിച്ച അപ്രതീക്ഷിത സംഭവങ്ങളാണെങ്കില്‍ ഇനി പറയാന്‍ പോകുന്നതു മൂര്‍ത്തി വ്യക്തമായി ആസൂത്രണം ചെയ്‌ത രണ്ടു കാര്യങ്ങളാണ്.
ബാംഗ്‌ളൂരില്‍ 1990ലെ കുളിര്‍കാലം. ഒരു ശനിയാഴ്‌ച രാവിലെ ഇന്‍ഫോസിസിന്റെ സ്ഥാപകരായ ഏഴു പേരില്‍ മൂര്‍ത്തി ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ ഇന്‍ഫോസിസിന്റെ ചെറിയ ഓഫീസില്‍ കൂടിയിരുന്നു. ഒരു മില്യന്‍ ഡോളറിന് ഇന്‍ഫോസിസ് കൈമാറുന്നതിനെ കുറിച്ചു തീരുമാനമെടുക്കാനായിരുന്നു യോഗം. സ്വയംസംരഭകത്വത്തിനു തീരെ വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ ഒന്‍പതു വര്‍ഷം പയറ്റിയിട്ടും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍, കിട്ടാന്‍ പോകുന്ന പണത്തിന് അവര്‍ കല്‍പ്പിച്ച വില ചെറുതല്ല.
കൂട്ടത്തിലുള്ള ചെറുപ്പക്കാരുടെ അഭിപ്രായമാണ് ആദ്യം തേടിയത്. അവര്‍ പലതും പറഞ്ഞു, ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമൊക്കെ. നാരായണ മൂര്‍ത്തി ഒന്നും മിണ്ടാതിരുന്നതേയുള്ളൂ. ഒടുക്കം അദ്ദേഹത്തിന്റെ ഊഴമെത്തി. മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തുടക്കമിട്ട ഇന്‍ഫോസിസിനെ കുറിച്ചു മൂര്‍ത്തി ഏറെ സംസാരിച്ചു. പ്രഭാതത്തിലേക്കു വഴുതിവീഴാനിരിക്കുന്ന രാവിന്റെ അന്ത്യയാമങ്ങളിലാണു നാമെന്നും ഈ അവസരത്തില്‍ സ്ഥാപനം കൈമാറുന്നതു ബുദ്ധിയല്ലെന്നും അഭിപ്രായപ്പെട്ടു. കീശയില്‍ കാലണ പോലും ഉണ്ടായിരുന്നില്ലെങ്കിലും, നിങ്ങളുടെയൊക്കെ ഇന്‍ഫോസിസ് പങ്കാളിത്തം പണം നല്‍കി സ്വയം ഏറ്റെടുത്തുകൊള്ളാമെന്നു പ്രസംഗത്തില്‍ വ്യക്തമാക്കി.
ചെയര്‍മാന്റെ മണ്ടത്തരത്തെക്കുറിച്ച് കുറിച്ച് ആലോചിച്ച് ഒന്നും മിണ്ടാതിരിക്കാനേ സഹപ്രവര്‍ത്തകര്‍ക്കായുള്ളൂ. ഏതായാലും തുടര്‍ന്നുണ്ടായ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ അവരെടുത്ത തീരുമാനം കമ്പനിയുമായി മുന്നോട്ടുപോകാനായിരുന്നു. ആത്മവിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തിയാല്‍ മാത്രമേ കമ്പനിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കൂ എന്നു മൂര്‍ത്തി മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ചു.
പിന്മാറി, പിന്നെ മുന്നോട്ട്
ഇന്‍ഫോസിസിനു വഴിത്തിരിവായ തീരുമാനവും നാരായണ മൂര്‍ത്തിയുടെ മനസ്സില്‍ പിറന്നത് ഒരു നിര്‍ണായക നിമിഷത്തിലാണ്. 1995ല്‍ ഒരു ഫോര്‍ച്യൂണ്‍ 10 കമ്പനി ബാംഗ്‌ളൂരിലെ ടാജ് റസിഡന്‍സി ഹോട്ടലില്‍ വിവിധ സോഫ്‌റ്റ്‌വെയര്‍ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്തി. ഏറ്റവും കുറഞ്ഞ തുകയ്‌ക്കു സോഫ്‌റ്റ് വെയര്‍ നേടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇന്‍ഫോസിസിനും ക്ഷണം കിട്ടി. പരസ്‌പരമുള്ള ചര്‍ച്ച ഒഴിവാക്കുന്നതിനായി ഓരോ കമ്പനിയുടെയും പ്രതിനിധികളെ വെവ്വേറെ മുറികളിലായിരുന്നു ഇരുത്തിയിരുന്നത്. ഇന്‍ഫോസിസിന്റെ നിരക്ക് അംഗീകരിക്കാന്‍ കമ്പനി പ്രതിനിധികള്‍ തയാറായിരുന്നില്ല. നിരക്കു കുറച്ചാലേ കരാര്‍ ലഭിക്കൂ എന്നതായി സ്ഥിതി. ഇന്‍ഫോസിസിലെ എല്ലാ ജീവനക്കാരും എന്റെ തീരുമാനത്തിനായി കാതോര്‍ത്തു. പ്രതിസന്ധി നിറഞ്ഞ ഇന്‍ഫോസിസിന്റെ ചരിത്രം മൂര്‍ത്തിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചു - ഇന്‍ഫോസിസ് പിന്‍മാറുന്നു.
ഇന്‍ഫോസിസിന്റെ ആകെ വരവിന്റെ 25 ശതമാനം നല്‍കിയിരുന്ന കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കാനായിരുന്നു ചെയര്‍മാന്റെ തീരുമാനം. ഇന്‍ഫോസിസിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു അത്. ഒരു ഉപഭോക്താവിനെ തന്നെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കത്തക്കവിധം മാത്രം മതി തുടര്‍ന്നുള്ള കരാറുകളെന്നു തീരുമാനമായി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി റിസ്‌ക് മിറ്റിഗേഷന്‍ കൗണ്‍സിലിനു രൂപം നല്‍കുകയും ചെയ്‌തു. ഈ തീരുമാനം ശരിയായിരുന്നുവെന്നു കാലം തെളിയിക്കുകയും ചെയ്‌തു.
(ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി (സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്)യില്‍ നടത്തിയ പ്രസംഗത്തെ ആധാരമാക്കി തയാറാക്കിയത്)
മൂര്‍ത്തിയുടെ ജീവിതപാഠങ്ങള്‍അനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ പ്രസക്തി ഏറെയാണെന്നു മൂര്‍ത്തി വിലയിരുത്തുന്നു. എവിടെ തുടങ്ങുന്നു എന്നതല്ല എന്തു പഠിക്കുന്നു എന്നതും എങ്ങനെ പഠിക്കുന്നു എന്നതുമാണു പ്രധാനം. പഠനത്തിനു മേന്‍മയുണ്ടെങ്കില്‍ പുരോഗതി നമ്മെ അതിവേഗം തേടിയെത്തും. ഇന്‍ഫോസിസിന്റെ വിജയഗാഥ തന്നെയാണ് ഈ വാദത്തിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അനുഭവങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുന്നതു സങ്കീര്‍ണ്ണതകളേറിയ കാര്യമാണെന്നാണു മൂര്‍ത്തിയുടെ പക്ഷം. പരാജയങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുന്നതിലും ബുദ്ധിമുട്ടാണു വിജയങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍. പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ നാം ആത്മാര്‍ഥമായി ശ്രമിക്കും. പക്ഷേ, ജയത്തിന്റെ കാര്യം അങ്ങനെയല്ല. വിജയിച്ച ഒരു പദ്ധതിയിലെ ഓരോ നീക്കവും ജയത്തിലേക്കുള്ള ചവിട്ടുപടിയായി നാം വിലയിരുത്തും.
ആകസ്‌മികതയാണ് അടുത്ത കാര്യം. തന്റെ ജീവിതത്തില്‍ ആകസ്‌മികതയ്‌ക്ക് ആസൂത്രിത സംഭവങ്ങളുടെ അത്രതന്നെ പ്രസക്തിയുണ്ടെന്നു മൂര്‍ത്തി കരുതുന്നു.
ഒരാളുടെ മാനസികാവസ്ഥ, വിജയത്തെ നിര്‍ണയിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ്. പ്രശസ്‌ത മനശാസ്‌ത്രജ്ഞന്‍ കാരള്‍ ഡ്വെക്കിന്റെ പഠനത്തില്‍ തെളിഞ്ഞത് ഒരാള്‍ ജന്മനാ ഉള്ള കഴിവില്‍ വിശ്വസിക്കുന്നുവോ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നുവോ എന്നതാണു നിര്‍ണ്ണായകമെന്നാണ്. ജന്മനാ ഉള്ള കഴിവുകളില്‍ വിശ്വസിക്കുകയും അക്കാരണത്താല്‍ കഴിവ് ആര്‍ജിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി ജീവിതത്തില്‍ പരാജയപ്പെടുകയേ ഉള്ളൂ. സ്വയാര്‍ജ്ജിത കഴിവുകളില്‍ വിശ്വസിക്കുന്നയാള്‍ വെല്ലുവിളികളെ സധൈര്യം നേരിടുകയും ജീവിതത്തില്‍ ജയമുറപ്പിക്കുകയും ചെയ്യും.
ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തിന്റെ കരുത്തായ ആത്മജ്ഞാനമാണ് പരമപ്രധാനമെന്നു മൂര്‍ത്തി കരുതുന്ന മറ്റൊരു സംഗതി. ആത്മജ്ഞാനമാണ് ഏറ്റവും ഔന്നത്യമേറിയ അറിവെന്നു നാരായണ മൂര്‍ത്തി വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ ആത്മാഭിമാനം ഉയര്‍ത്താനും ഒരാളില്‍ ധൈര്യവും നിശ്ചയദാര്‍ഢ്യവും ഉണ്ടാക്കിയെടുക്കാനും ആത്‌മജ്ഞാനം സഹായകമാകുമെന്നും അദ്ദേഹം കരുതുന്നു.
ഒരാളുടെയും ഭാവി നേരത്തേ നിശ്ചയിക്കപ്പെടുന്നതല്ല. അനുഭവങ്ങളില്‍ നിന്നുള്‍ക്കൊള്ളുന്ന പാഠങ്ങളില്‍ നിന്നു നമുക്കു സ്വയം ഭാവി രൂപപ്പെടുത്താന്‍ സാധിക്കും. ഈ ചിന്തയാണ് തന്നെ വളര്‍ത്തിയതെന്നു മൂര്‍ത്തി ഓര്‍മ്മിപ്പിക്കുന്നു.
ജീവിത നേട്ടങ്ങള്‍ എങ്ങനെ നേടാമെന്നു യുവത്വത്തെ ഉപദേശിക്കുന്ന നാരായണ മൂര്‍ത്തി, നേട്ടങ്ങള്‍ കൈവരിച്ച ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ കാഴ്‌ചപ്പാടു വച്ചുപുലര്‍ത്തുന്നുണ്ട്. തങ്ങള്‍ ആര്‍ജ്ജിക്കുന്ന ധനത്തിന്റെയൊന്നും ഉടമ സത്യത്തില്‍ തങ്ങളല്ല. ഭാഗ്യദേവതയാണു ധനദേവതയെ സമ്മാനിക്കുന്നത്. പൂര്‍വികര്‍ നട്ടുനനച്ചു വളര്‍ത്തിയ ചെടികളിലെ പഴങ്ങളാണു നാം തിന്നുന്നത്. ഭാവിതലമുറയ്‌ക്കായി നാം ചെടികള്‍ നട്ടാലേ അവര്‍ക്കു മധുരമുള്ള കനികള്‍ കിട്ടൂ. അവര്‍ക്കായി കരുതിവയ്‌ക്കേണ്ടതു നമ്മുടെ ചുമതലയാണെന്നു വിശ്വസിക്കുന്നു, അദ്ദേഹം.
No comments:
Post a Comment