Thursday, 19 May 2011

team-bhp Live to Drive

ത്‌ വാഹനങ്ങളെ സ്‌നേഹിക്കുന്നവരുടെ ലോകമാണ്‌. ഇവിടെ നിങ്ങളുടെ ഇഷ്‌ട വാഹനത്തെക്കുറിച്ച്‌ മതിവരുവോളം സംസാരിക്കാം. വിദഗ്‌ധരോട്‌ വാഹനസംബന്ധമായ അഭിപ്രായങ്ങള്‍ ചോദിക്കാം. നിങ്ങളുടെ പ്രിയ കാറിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം. വാഹനസംബന്ധമായി നിങ്ങള്‍ക്ക്‌ എന്തെങ്കിലും തിക്താനുഭവം ഉണ്ടായോ അതും ഇവിടെ ചര്‍ച്ച ചെയ്യാം. ഇത്‌ ടീം ബി.എച്ച്‌.പി. വീട്ടിലെ ഒരംഗത്തെപ്പോലെ വാഹനത്തെ കരുതുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ കൂട്ടായ്‌മ.

ഇതിലൊക്കെ എന്ത്‌ കാര്യമെന്ന്‌ വിചാരിക്കണ്ട. അതതു വാഹന കമ്പനികളിലെ ഉന്നത അധികാരികള്‍ വരെ ഇതില്‍ അംഗമാണ്‌. പുതിയ വാഹനത്തിന്റെ ലോഞ്ച്‌ സംബന്ധിച്ച്‌ എവിടെയും കിട്ടാത്ത വിശ്വസനീയമായ വിവരങ്ങള്‍ക്കായി ഓട്ടോമൊബീല്‍ രംഗത്തുള്ളവര്‍പോലും ഉറ്റുനോക്കുന്നത്‌ ഈ പോര്‍ട്ടലാണ്‌. ഒപ്പം തങ്ങള്‍ ഇഷ്‌ടപ്പെടുന്ന കാറുകളെക്കുറിച്ച്‌ തികച്ചും `പാഷണേറ്റാ'യി അംഗങ്ങള്‍ എഴുതിയിരിക്കുന്ന പോസ്റ്റുകള്‍ കാണാം.

തങ്ങളുടെ കമ്പനിയുടെ സര്‍വീസ്‌ സെന്ററില്‍ നിന്ന്‌ ഉപഭോക്താവിന്‌ തിക്താനുഭവം ഉണ്ടായെന്ന്‌ അറിഞ്ഞ്‌ കമ്പനിയുടെ മേലധികാരി തന്നെ നേരിട്ട്‌ അവരോട്‌ സംസാരിച്ച ഒരുപാട്‌ കഥകള്‍ ടീം ബി.എച്ച്‌.പി അംഗങ്ങള്‍ക്ക്‌ പറയാനുണ്ട്‌.
കേരളത്തിലും ടീം ബി.എച്ച്‌.പിയില്‍ അംഗങ്ങളായ വാഹനപ്രേമികള്‍ ധാരാളമുണ്ട്‌.

അംഗത്വം വേണോ?
കേള്‍ക്കുന്നപോലെ അത്ര എളുപ്പമല്ല, ഇതില്‍ അംഗത്വം നേടല്‍. എന്തുകൊണ്ട്‌ മെമ്പര്‍ഷിപ്പ്‌ എടുക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ എഴുതിക്കൊടുക്കുന്ന ഉത്തരങ്ങള്‍ പരിശോധിച്ച്‌ യഥാര്‍ത്ഥ വാഹനപ്രേമിയാണെന്ന്‌ മനസിലായാല്‍ മാത്രമേ ടീം ബി.എച്ച്‌.പിയിലേക്ക്‌ പ്രവേശനമുള്ളു. ഇനി അംഗത്വം ലഭിച്ചാല്‍ തന്നെ `ന്യൂ ബീ' എന്ന വിഭാഗത്തിലേ നിങ്ങളെ ഉള്‍പ്പെടുത്തൂ. ഇക്കൂട്ടരുടെ `പോസ്റ്റു'കള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ വിശദമായി നോക്കിയതിനു ശേഷമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂ. മറ്റ്‌ അംഗങ്ങളെ കാണാനോ സ്വന്തം കാറിന്റെ പടം അപ്‌ലോഡ്‌ ചെയ്യാനോ ഒന്നും സാധിക്കില്ല ഇക്കൂട്ടര്‍ക്ക്‌. 25 പോസ്റ്റ്‌ അയച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ യഥാര്‍ത്ഥ `ബിഎച്ച്‌പിയന്‍' ആയി. 1000ത്തിന്‌ മുകളില്‍ പോസ്റ്റ്‌ ചെയ്‌താല്‍ `സീനിയര്‍ ബി.എച്ച്‌.പിയനും' ആകും. അതും കഴിഞ്ഞാല്‍ `ഡിസ്റ്റിംഗ്വിഷ്‌ഡ്‌ ബിഎച്ച്‌പിയന്‍' എന്ന മറ്റൊരു വിഭാഗവുമുണ്ട്‌.

നിബന്ധനകള്‍ ഏറെ 
പോസ്റ്റുകള്‍ എഴുതുന്നതിലും വ്യക്തമായ നിഷ്‌കര്‍ഷകളുണ്ട്‌. നല്ല ഇംഗ്ലിഷ്‌, മാന്യമായ ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ നിര്‍ബന്ധം. കമ്യൂണിറ്റിയുടെ നിലവാരം കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രതയിലാണ്‌ മോഡറേറ്റര്‍മാരുടെ ടീം.

എളിയ തുടക്കം
തങ്ങളുടെ വാഹനപ്രണയം അല്‍പ്പം ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യാന്‍ കുറച്ചു വാഹനപ്രേമികള്‍ ചേര്‍ന്ന്‌ എം.എസ്‌.എന്‍ കമ്യൂണിറ്റീസില്‍ `ഫോര്‍മുല ഇന്ത്യ' എന്ന ഫോറം തുടങ്ങി. സത്യത്തില്‍ ഇതായിരുന്നു ടീം ബി.എച്ച്‌.പിയുടെ പ്രാഥമിക ഘട്ടം. ഏറിയാല്‍ പത്തോ പതിനഞ്ചോ അംഗങ്ങള്‍ മാത്രം. പിന്നീടത്‌ ഒരു ഓട്ടോമോട്ടീവ്‌ പോര്‍ട്ടല്‍ ആയി വളരുകയായിരുന്നു.
2004 ഫെബ്രുവരിയിലാണ്‌ ടീം ബി.എച്ച്‌.പിയുടെ ഡൊമെയ്‌ല്‍ രജിസ്റ്റര്‍ ചെയ്‌തത്‌. കൂടുതല്‍ ഊര്‍ജ്ജം കമ്യൂണിറ്റിക്കും അംഗങ്ങള്‍ക്കും വേണമെന്നതിനാലാണ്‌ ഈ പേര്‌ തെരഞ്ഞെടുത്തത്‌. രജിസ്റ്റര്‍ ചെയ്‌ത്‌ നാല്‌ ദിവസം കൊണ്ട്‌ ആക്‌റ്റീവായിക്കഴിഞ്ഞു ഈ കമ്യൂണിറ്റി. ഇന്ന്‌ ഒരു ദശലക്ഷത്തോളം പോസ്റ്റുകള്‍, 10,000ത്തോളം അംഗങ്ങള്‍, ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ എന്നിവയൊക്കെയായി കൂടുതല്‍ ഉയരങ്ങളിലേക്ക്‌ കുതിക്കുകയാണ്‌ ഈ കമ്യൂണിറ്റി. അംഗങ്ങള്‍ക്ക്‌ ഓണ്‍ലൈനിലൂടെ ടീം ബി.എച്ച്‌.പിയുടെ സ്റ്റിക്കറുകള്‍ വാങ്ങാം. ഇത്‌ വാഹനത്തില്‍ ഒട്ടിച്ചാല്‍ വാഹനം എവിടെയെങ്കിലും ബ്രേക്ക്‌ ഡൗണ്‍ ആയാല്‍ മറ്റേതെങ്കിലും ടീം ബി.എച്ച്‌.പി അംഗം ആ വഴി പോയാല്‍ അവര്‍ക്ക്‌ സഹായിക്കാതിരിക്കാനാകില്ലത്രെ! അത്തരം കഥകള്‍ പല അംഗങ്ങളും പങ്കുവെക്കുന്നുണ്ട്‌.

വിശ്വസനീയമായ ലേഖനങ്ങള്‍, വാഹനത്തെ സംബന്ധിച്ച ടിപ്‌സ്‌, അപൂര്‍വ്വമായ വിവരങ്ങള്‍, പുതിയ വാഹനങ്ങളുടെ ടെസ്റ്റ്‌ ഡ്രൈവ്‌ തുടങ്ങിയവ കൊണ്ടൊക്കെ വേറിട്ട്‌ നില്‍ക്കുകയാണ്‌ ഈ കൂട്ടായ്‌മ.

No comments:

Post a Comment