Thursday, 19 May 2011

വിഖ്യാത നിക്ഷേപകരുടെ നിക്ഷേപ സൂക്തങ്ങള്‍


1.
ഫിലിപ്‌ ഫിഷറില്‍ നിന്നും 15 മന്ത്രങ്ങള്‍
ധുനിക കാലത്തെ അറിയപ്പെടുന്ന ആദ്യത്തെ നിക്ഷേപ ചിന്തകനാണ്‌ ഫിലിപ്‌ ആര്‍തര്‍ ഫിഷര്‍. 1907ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ്‌ അദ്ദേഹം ജനിച്ചത്‌. സ്റ്റാന്‍ഫോര്‍ഡ്‌ ബിസിനസ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നതിനു മുമ്പേ തന്നെ പഠനം ഉപേക്ഷിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആംഗ്‌ളോ-ലണ്ടന്‍ ബാങ്കില്‍ സെക്യൂരിറ്റീസ്‌ അനലിസ്റ്റായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പിന്നീട്‌ കുറച്ചുകാലം സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്‌ത അദ്ദേഹം 1931ല്‍ ഫിഷര്‍ & കമ്പനി എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചു. 91 വയസ്‌ ആകുന്നതു വരെ അദ്ദേഹം കമ്പനിയുടെ നേതൃത്വത്തില്‍ തുടര്‍ന്നു. നിക്ഷേപ സാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കായി എണ്ണപ്പെടുന്ന `കോമണ്‍ സ്റ്റോക്ക്‌സ്‌ ആന്‍ഡ്‌ അണ്‍കോമണ്‍ പ്രോഫിറ്റ്‌സ്‌' എന്ന പുസ്‌തകം 1958ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. വാറന്‍ ബുഫേയും മറ്റു പല വിഖ്യാത നിക്ഷേപകരും ഫിഷറിനെ തങ്ങളുടെ ഗുരുവായാണ്‌ കണക്കാക്കുന്നത്‌.

ഗവേഷണങ്ങളിലൂടെ പുതിയ മികച്ച കമ്പനികളെ കണ്ടെത്താന്‍ അദ്ദേഹത്തിന്‌ പ്രത്യേക പ്രാഗത്ഭ്യം തന്നെയുണ്ടായിരുന്നു. ടെക്‌നോജി ഒരു പ്രധാന മേഖലയാകുന്നതിനു മുമ്പേ തന്നെ അദ്ദേഹം ടെക്‌നോളജി ഓഹരികളില്‍ നിക്ഷേപം നടത്തിയിരുന്നു. 1955ല്‍ മോട്ടോറോളയില്‍ നിക്ഷേപം നടത്തിയ അദ്ദേഹം 2004ല്‍ മരിക്കുന്നതു വരെ മോട്ടോറോളയുടെ ഓഹരികള്‍ വിറ്റിരുന്നില്ല.

ഒരു കമ്പനിയുടെ ബിസിനസിനെ വിശകലനം ചെയ്യാന്‍ 15 സൂത്രങ്ങളാണ്‌ ഫിഷര്‍ തന്റെ `കോമണ്‍ സ്റ്റോക്ക്‌സ്‌ ആന്‍ഡ്‌ അണ്‍കോമണ്‍ പ്രോഫിറ്റ്‌സ്‌' എന്ന പുസ്‌തകത്തില്‍ നിര്‍ദേശിക്കുന്നത്‌. നിക്ഷേപകര്‍ക്ക്‌ ഓഹരി നിക്ഷേപാവസരങ്ങളെ വിശകലനം ചെയ്യാനുള്ള തങ്ങളുടെ കഴിവ്‌ മെച്ചപ്പെടുത്താന്‍ ഈ നിര്‍ദേശങ്ങള്‍ പിന്തുടരാവുന്നതാണ്‌.

1. കുറഞ്ഞത്‌ ഏതാനും വര്‍ഷത്തേക്കെങ്കിലും വില്‍പ്പന ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന, വിപണിയില്‍ മികച്ച സാധ്യതയുള്ള ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ കമ്പനിക്ക്‌ ഉണ്ടായിരിക്കണം.
2. ഇപ്പോഴത്തെ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചാ സാധ്യത ഗണ്യമായി ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ മൊത്തം വില്‍പ്പനയെ വര്‍ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷി കമ്പനിക്ക്‌ ഉണ്ടായിരിക്കണം.
3. കമ്പനിയുടെ വലിപ്പത്തിന്‌ അനുസരിച്ച്‌ ഗവേഷണ, വികസന ശ്രമങ്ങള്‍ ഫലപ്രദമായിരിക്കണം.
4. കമ്പനിക്ക്‌ ശരാശരിക്ക്‌ മുകളിലുള്ള വില്‍പ്പനാ സംവിധാനം ഉണ്ടായിരിക്കണം.
5. കമ്പനിക്ക്‌ മതിയായ പ്രോഫിറ്റ്‌ മാര്‍ജിന്‍ ഉണ്ടായിരിക്കണം.
6. പ്രോഫിറ്റ്‌ മാര്‍ജിന്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും കമ്പനി പ്രവര്‍ത്തിക്കണം.
7. കമ്പനിക്ക്‌ മികച്ച തൊഴില്‍ ബന്ധങ്ങളുണ്ടായിരിക്കണം.
8. കമ്പനിക്ക്‌ മികച്ച എക്‌സിക്യൂട്ടിവ്‌ ബന്ധങ്ങളുണ്ടായിരിക്കണം.
9. ഗുണനിലവാരമുള്ളവരെ മാനേജ്‌മെന്റില്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കണം.
10. ചെലവുകള്‍ വിലയിരുത്തുന്നതിലും കണക്കുകള്‍ നിയന്ത്രിക്കുന്നതിലും മികച്ച സംവിധാനമുണ്ടാകണം.
11. എതിരാളികളായ മറ്റ്‌ കമ്പനികളില്‍ നിന്ന്‌ എന്തുമാത്രം വേറിട്ടുനില്‍ക്കുന്നുവെന്നതിനെ കുറിച്ച്‌ സൂചന നല്‍കുന്ന ബിസിനസ്‌ ഘടകങ്ങളെ വിലയിരുത്തണം.
12. ഹ്രസ്വകാലാടിസ്ഥാനത്തിലെയും ദീര്‍ഘകാലാടിസ്ഥാനത്തിലെയും ലാഭം സംബന്ധിച്ച്‌ കമ്പനിക്ക്‌ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കണം.
13. കമ്പനിയുടെ വളര്‍ച്ചയ്‌ക്കു വേണ്ടി ഓഹരികള്‍ വിറ്റ്‌ ഫണ്ട്‌ ആര്‍ജിക്കുന്ന സ്ഥിതി ഉണ്ടാകരുത്‌.
14. വിജയത്തിന്റെ ഘട്ടത്തിലായാലും പരാജയത്തിന്റെ ഘട്ടത്തിലായാലും കമ്പനിക്ക്‌ ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കണം.
15. ചോദ്യം ചെയ്യപ്പെടാത്ത അന്തസ്‌ കമ്പനിക്ക്‌ ഉണ്ടായിരിക്കണം.
2ബെഞ്ചമിന്‍ ഗ്രഹാം: സെക്യൂരിറ്റി  അനാലിസിസിന്റെ പിതാവ്‌
ഹരികള്‍ വാങ്ങുന്നത്‌ പെര്‍ഫ്യൂമുകള്‍ വാങ്ങുന്നതു പോലെയാകരുത്‌, ഗ്രോസറി വാങ്ങുന്നതു പോലെയാകണം- സെക്യൂരിറ്റി അനാലിസിസിന്റെ പിതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ബെഞ്ചമിന്‍ ഗ്രഹാമിന്റെ വാക്കുകളാണ്‌ ഇത്‌.

1894ല്‍ ലണ്ടനിലാണ്‌ ബെഞ്ചമിന്‍ ഗ്രഹാം ജനിച്ചത്‌. ഗ്രഹാമിന്‌ ഒരു വയസ്‌ ആയപ്പോള്‍ മാതാപിതാക്കള്‍ ന്യൂയോര്‍ക്കിലേക്ക്‌ താമസം മാറ്റി. ഗ്രഹാമിന്റെ ഒന്‍പതാമത്തെ വയസില്‍ പിതാവ്‌ മരിച്ചു. സാമ്പത്തികപ്രതിസന്ധി മൂലം 1907ല്‍ ഗ്രഹാമിന്റെ മാതാവിന്റെ സകലസമ്പാദ്യവും നഷ്‌ടമായി. കടുത്ത ദാരിദ്ര്യത്തിലും സാമ്പത്തിക അരക്ഷിതത്വത്തിലുമാണ്‌ ഗ്രഹാം വളര്‍ന്നത്‌. ഇരുപതാമത്തെ വയസില്‍ കൊളംബിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു നിക്ഷേപ സ്ഥാപനത്തില്‍ ചേര്‍ന്നു. 25 വയസായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ സമ്പാദ്യം അഞ്ച്‌ ലക്ഷം ഡോളറായിരുന്നു! 1926ല്‍ ഗ്രഹാം ന്യൂമാന്‍ എന്ന പേരില്‍ അദ്ദേഹം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങി. 1929ലുണ്ടായ ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സകലസമ്പാദ്യങ്ങളും നഷ്‌ടമായി. എങ്കിലും ചില സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം തന്റെ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്‌ തുടര്‍ന്നു. അതിനു ശേഷം ഒരിക്കലും നിക്ഷേപകരുടെ പണം നഷ്‌ടപ്പെടാന്‍ അദ്ദേഹം ഇടവരുത്തിയിട്ടില്ല. 1956ല്‍ വിരമിക്കുന്നതു വരെ 17 ശതമാനം വാര്‍ഷിക നേട്ടം നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.
1934ല്‍ ഡേവിഡ്‌ ഓഡുമായി ചേര്‍ന്ന്‌ `സെക്യൂരിറ്റി അനാലിസിസ്‌' എന്ന പുസ്‌തകം അദ്ദേഹം എഴുതി. ഇന്‍വെസ്റ്റ്‌മെന്റ്‌ അനാലിസിസിനുള്ള ബൈബിളായി മാറിയ ഈ പുസ്‌തകം ലോകത്തെ മിക്ക യൂണിവേഴ്‌സിറ്റികളിലും പാഠപുസ്‌തകമാണ്‌. ഭാവിയിലെ ലാഭസാധ്യതയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ഒരു കമ്പനിയുടെ യഥാര്‍ത്ഥമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരിവില ഏറെ താഴെ നില്‍ക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങാനാണ്‌ ബെഞ്ചമിന്‍ ഗ്രഹാം ഉപദേശിക്കുന്നത്‌.

ബെഞ്ചമിന്‍ ഗ്രഹാമിന്റെ മറ്റൊരു വിഖ്യാതഗ്രന്ഥമാണ്‌ `ദി ഇന്റലിജന്റ്‌്‌ ഇന്‍വെസ്റ്റര്‍'. കമ്പനികളുടെ സാമ്പത്തികസ്ഥിതി വിശകലനം ചെയ്യുന്നതിന്‌ നിക്ഷേപകര്‍ സമയം കണ്ടെത്തണമെന്ന്‌ അദ്ദേഹം ഉപദേശിക്കുന്നു. 1976ലാണ്‌ അദ്ദേഹം അന്തരിക്കുന്നത്‌.

യാഥാസ്ഥിതികരായ നിക്ഷേപകര്‍ക്ക്‌ അനുയോജ്യമാണ്‌ ഗ്രഹാമിന്റെ നിക്ഷേപരീതി. അദ്ദേഹത്തിന്റെ നിക്ഷേപ മാനദണ്‌ഡങ്ങള്‍:
1. ഏറെ റിസ്‌കുള്ള മേഖലകളിലെ നിക്ഷേപം ഒഴിവാക്കുക.
2. മതിയായ വലുപ്പമുള്ള കമ്പനികളില്‍ വേണം നിക്ഷേപം. 10 കോടി ഡോളറില്‍ കൂടുതല്‍ വാര്‍ഷികവില്‍പ്പനയുള്ള കമ്പനികളായിരിക്കണം അവ.
3. നിക്ഷേപിക്കുന്ന കമ്പനികളുടെ കറന്റ്‌ റേഷ്യോ (കറന്റ്‌ അസറ്റ്‌സിനെ കറന്റ്‌ ലയബിലിറ്റീസ്‌ കൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്നത്‌) രണ്ടോ അതില്‍ കൂടുതലോ ആയിരിക്കണം. ഇത്തരം കമ്പനികള്‍ സാമ്പത്തികമായി സുരക്ഷിതമായിരിക്കും.
4. കമ്പനികളുടെ ദീര്‍ഘകാല കടം നെറ്റ്‌ കറന്റ്‌ അസറ്റി(കറന്റ്‌ അസറ്റില്‍ നിന്നും കറന്റ്‌ ലയബിലിറ്റീസ്‌ കിഴിച്ചാല്‍ കിട്ടുന്നത്‌)നേക്കാള്‍ കൂടുതലാകരുത്‌. ഇത്തരം കമ്പനികള്‍ സാമ്പത്തികമായി സുരക്ഷിതമായിരിക്കും.
5. 10 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഇ.പി.എസ്‌ (ഏര്‍ണിംഗ്‌ പെര്‍ ഷെയര്‍) 30 ശതമാനമെങ്കിലും വര്‍ധിച്ചിരിക്കണം. കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലത്തിനിടയില്‍ ഒരു വര്‍ഷം പോലും ഇ.പി.എസ്‌ നെഗറ്റീവ്‌ ആയിരിക്കരുത്‌.
6. കഴിഞ്ഞ 20 വര്‍ഷക്കാലമെങ്കിലും എല്ലാ വര്‍ഷവും ഡിവിഡന്‍ഡ്‌ നല്‍കിയിട്ടുള്ള കമ്പനികളെ മാത്രമേ യാഥാസ്ഥിതിക നിക്ഷേപകര്‍ നിക്ഷേപത്തിന്‌ പരിഗണിക്കാവൂ.
7. പ്രൈസ്‌/ഏണിംഗ്‌ (പി/ഇ) റേഷ്യോ 15ല്‍ കൂടുതലാകരുത്‌. പി/ഇ ഏറെ ഉയര്‍ന്നുനില്‍ക്കാത്ത ഓഹരികള്‍ക്ക്‌ പ്രതിരോധ സ്വഭാവമുണ്ടാകും.
8. പ്രൈസ്‌/ബുക്ക്‌ റേഷ്യോയും യുക്തിസഹമാകണം. ഓഹരിവില ബുക്ക്‌ വാല്യുവിന്റെ 1.2 ഇരട്ടിയില്‍ താഴെയല്ലെങ്കില്‍ ആ ഓഹരി വാങ്ങരുത്‌.


3വാറന്‍ ബുഫേ ദീര്‍ഘകാല നിക്ഷേപകരുടെ വഴികാട്ടി
വാറന്‍ ബുഫേ 11 വയസുള്ളപ്പോഴാണ്‌ തന്റെ ആദ്യത്തെ നിക്ഷേപം നടത്തുന്നത്‌. സിറ്റി സര്‍വീസിന്റെ മൂന്ന്‌ ഓഹരികള്‍ 38 ഡോളറിന്‌ അദ്ദേഹം വാങ്ങി. ഓഹരി വില 27 ഡോളറിലേക്ക്‌ താഴ്‌ന്നപ്പോള്‍ അസ്വസ്ഥനായെങ്കിലും നഷ്‌ടം സഹിച്ച്‌ ഓഹരികള്‍ വില്‍ക്കാന്‍ അദ്ദേഹം തയാറായില്ല. വില 40 ഡോളറായപ്പോള്‍ അദ്ദേഹം ഓഹരികള്‍ വിറ്റുമാറി. പിന്നീട്‌ സിറ്റി സര്‍വീസിന്റെ വില 200 രൂപയിലേക്ക്‌ കുതിച്ചുകയറിയപ്പോള്‍ അദ്ദേഹം അതിശയിച്ചുപോയി. അതോടെ ബുഫേ ഒരു പാഠം പഠിച്ചു-ക്ഷമയാണ്‌ പരമപ്രധാനം. പിന്നീട്‌ മികച്ച കമ്പനികളുടെ ഓഹരികള്‍ അദ്ദേഹം വളരെ വില കുറഞ്ഞ വിലയില്‍ വാങ്ങി. വര്‍ഷങ്ങളോളം ആ ഓഹരികള്‍ അദ്ദേഹം വില്‍ക്കാതെ കൈവശം വെച്ചു.

കൊളംബിയ ബിസിനസ്‌ സ്‌കൂളില്‍ ബെഞ്ചമിന്‍ ഗ്രഹാമിന്റെ (കഴിഞ്ഞ ലക്കത്തില്‍ ഗ്രഹാമിന്റെ നിക്ഷേപസൂക്തങ്ങളെ കുറിച്ചാണ്‌ നാം ചര്‍ച്ച ചെയ്‌തത്‌) കീഴിലാണ്‌ വാറന്‍ ബുഫേ പഠിച്ചത്‌. ഫിലിപ്‌ ഫിഷറിനെയും ബെഞ്ചമിന്‍ ഗ്രഹാമിനെയുമാണ്‌ വാറന്‍ ബുഫേ തന്റെ ഗുരുക്കന്‍മാരായി കണ്ടിരുന്നത്‌. ഫിഷറാണ്‌ അദ്ദേഹത്തെ കൂടുതല്‍ സ്വാധീനിച്ചത്‌. ബാലന്‍സ്‌ ഷീറ്റും ഇന്‍കം സ്റ്റേറ്റ്‌മെന്റും മാത്രം നോക്കിയായിരുന്നു ഗ്രഹാമിന്റെ നിക്ഷേപം. അതേ സമയം ബുഫേ ഒരു കമ്പനി എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ താല്‍പ്പര്യമെടുത്തു. നിക്ഷേപം നടത്തുമ്പോള്‍ കമ്പനിയുടെ മാനേജ്‌മെന്റിന്റെ ട്രാക്ക്‌ റെക്കോഡ്‌ എങ്ങനെയാണെന്ന്‌ അദ്ദേഹം പ്രത്യേകം പരിശോധിച്ചിരുന്നു.

1962ല്‍ നഷ്‌ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെക്‌സ്റ്റൈല്‍ കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേയുടെ ഓഹരികള്‍ രണ്ട്‌ ഡോളറിലെത്തിയപ്പോള്‍ വാറന്‍ ബുഫേ വാങ്ങാന്‍ തുടങ്ങി. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അദ്ദേഹം വാങ്ങി. പില്‍ക്കാലത്ത്‌ നിക്ഷേപങ്ങള്‍ മാനേജ്‌ ചെയ്യുന്ന അദ്ദേഹത്തിന്റെ പതാക വാഹക കമ്പനിയായി ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേമാറി. 2007ല്‍ ബെര്‍ക്‌ഷെയറിന്റെ ഓഹരി വില 1.5 ലക്ഷമായി ഉയര്‍ന്നു. 44 വര്‍ഷമായി നിക്ഷേപകര്‍ക്ക്‌ 20.3 ശതമാനം പ്രതിവര്‍ഷ നേട്ടം നല്‍കിയിട്ടുള്ള കമ്പനിയാണ്‌ ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ.

ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങുമ്പോള്‍ ആ കമ്പനിയെ സ്വന്തമാക്കാന്‍ പോവുകയാണെന്ന വിചാരത്തോടെ വേണം അത്‌ ചെയ്യാനെന്ന്‌ വാറന്‍ ബുഫേ പറയുന്നു. അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ ഓഹരി വിപണി അടച്ചിടുകയാണെങ്കില്‍ ഓഹരികള്‍ സന്തോഷത്തോടെ കൈവശം വെക്കാന്‍ തയ്യാറാണെന്ന മനോഭാവത്തോടെ മാത്രമേ ഓഹരികള്‍ വാങ്ങാവൂ. വാറന്‍ ബുഫേ ഇതുവരെ ഒരു പുസ്‌തകം പോലും എഴുതിയിട്ടില്ല. റോജര്‍ ഹാഗ്‌സ്റ്റോംസിന്റെ `വാറന്‍ ബുഫേയുടെ രീതി' എന്ന പുസ്‌തകം അദ്ദേഹത്തിന്റെ നിക്ഷേപതത്വങ്ങളുടെ അന്തസാരം വ്യക്തമാക്കുന്നതാണ്‌. നിക്ഷേപത്തിലൂടെ ഓരോ വര്‍ഷം കഴിയുന്തോറും ഉയര്‍ന്ന നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്‌തകമാണ്‌ അത്‌.

റോക്കറ്റ്‌ സയന്‍സ്‌ പോലെ സങ്കീര്‍ണമായ ഒന്നേ അല്ല ഓഹരി വാങ്ങല്‍ എന്നാണ്‌ വാറന്‍ ബുഫേ നമ്മെ പഠിപ്പിക്കുന്നത്‌. എപ്പോഴും സാമാന്യബോധം പുലര്‍ത്തണമെന്നും സങ്കീര്‍ണ സ്വഭാവമുള്ള കമ്പനികള്‍ അന്വേഷിച്ചുപോവേണ്ടതില്ലെന്നും അദ്ദേഹം ഉപദേശിക്കുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ എന്നും പിന്തുടരാവുന്നതാണ്‌ അദ്ദേഹത്തിന്റെ നിക്ഷേപ തത്വങ്ങള്‍.
Warren Buffet
1. ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി റേഷ്യോ ഉള്ള, അതില്‍ സ്ഥിരത പുലര്‍ത്തുന്ന കമ്പനി ആയിരിക്കണം.
2. കടമെടുക്കാതെ തന്നെ മികച്ച റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി നേടിയെടുക്കാന്‍ കമ്പനിക്ക്‌ സാധിക്കണം.
3. മാനേജ്‌മെന്റിന്‌ വില്‍പ്പന ലാഭമായി മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ വലിയ ബിസിനസുകളിലെ നിക്ഷേപം മികച്ചതാകണമെന്നില്ല.
4. ഓഹരിയുടമകളുടെ പണം യുക്തിയോടെ വിനിയോഗിക്കാന്‍ മാനേജര്‍മാര്‍ക്ക്‌ സാധിക്കണം. പുനര്‍നിക്ഷേപം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ ഒന്നുകില്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കുകയോ ഓഹരികള്‍ തിരിച്ചുവാങ്ങുകയോ ചെയ്യണം.
5. യഥാര്‍ത്ഥ മൂല്യത്തില്‍ (ഇന്‍ട്രിന്‍സിക്‌ വാല്യു) നിന്നും 25 ശതമാനം താഴെയായിരിക്കണം ഓഹരിയുടെ നിലവിലുള്ള വില.
6. ഓയ്‌ല്‍, ഗ്യാസ്‌, കെമിക്കല്‍സ്‌, മെറ്റല്‍സ്‌, പേപ്പര്‍, ഓട്ടോമൊബീല്‍സ്‌, എയര്‍ലൈന്‍സ്‌ തുടങ്ങിയ കമോഡിറ്റി ഓഹരികളില്‍ നിന്നും ബുഫേ മാറിനില്‍ക്കാനാണ്‌ താല്‍പ്പര്യപ്പെടുന്നത്‌.
7. ഭാവിയിലെ പണത്തിന്റെ വരവ്‌ കണക്കാക്കാന്‍ ബുദ്ധിമുട്ടുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതിനോട്‌ ബുഫേ എതിരാണ്‌.
8. പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായിട്ട്‌ 10 വര്‍ഷത്തില്‍ താഴെയേ ആയിട്ടുള്ളൂവെങ്കില്‍ അത്തരം കമ്പനികളെ ഒഴിവാക്കുക


4
പീറ്റര്‍ ലിഞ്ച്‌: എക്കാലത്തെയും മികച്ച ഫണ്ട്‌ മാനേജര്‍
അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള ജനറല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടായിരുന്ന ഫിഡെലിറ്റി മഗെല്ലന്‍ ഫണ്ടിന്റെ നേതൃത്വം 13 വര്‍ഷക്കാലം പീറ്റര്‍ ലിഞ്ചിനായിരുന്നു. 1969ല്‍ കരിയര്‍ തുടങ്ങിയ അദ്ദേഹം 1977ല്‍ ഫിഡെലിറ്റി മഗെല്ലന്‍ ഫണ്ടിന്റെ തലവനായി. 1977ല്‍ മഗെല്ലന്‍ ഫണ്ടില്‍ നിക്ഷേപിച്ച 1000 ഡോളര്‍ പീറ്റര്‍ ലിഞ്ച്‌ മഗെല്ലന്‍ ഫണ്ടില്‍ നിന്നും വിരമിക്കുന്ന സമയത്ത്‌ 28,000 ഡോളറിന്‌ തുല്യമായിരുന്നു.

പീറ്റര്‍ ലിഞ്ച്‌ തന്റെ പല മികച്ച ഓഹരികളും കണ്ടെത്തിയത്‌ ഓഫീസില്‍ ഇരുന്നായിരുന്നില്ല. കുടുംബത്തോടൊപ്പം പുറത്തുപോകുമ്പോഴോ ഷോപ്പിംഗ്‌ മാളില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴോ ഒക്കെയാണ്‌ മികച്ച നിക്ഷേപ സാധ്യതകളായ കമ്പനികളെ അദ്ദേഹം കണ്ടെത്തിയത്‌. ഓഹരികള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സിദ്ധാന്തം സാമാന്യബോധത്തെ അടിസ്ഥാനമാക്കി മാത്രമുള്ളതായിരുന്നു: ഒരു ഓഹരി വാങ്ങുന്നതിന്‌ മുമ്പ്‌ ആ കമ്പനിക്ക്‌ പിന്നിലുള്ള `കഥ'യെ കുറിച്ച്‌ മനസിലാക്കുക. നിത്യജീവിതത്തിനിടയില്‍ കാണുന്ന ഒരു കമ്പനിയുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ എന്തുമാത്രം വിറ്റുപോകുന്നുവെന്ന്‌ നിരീക്ഷിക്കുക. വിജയകരമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പുറത്തിറക്കുന്ന കമ്പനികളെ അങ്ങനെ തിരിച്ചറിയാം.
20 ശതമാനം മുതല്‍ 50 ശതമാനം വരെ വാര്‍ഷിക ലാഭവളര്‍ച്ചയുള്ള, കാര്യമായി കടമില്ലാത്ത ചെറുകിട കമ്പനികളെയാണ്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നത്‌. `വണ്‍ അപ്പ്‌ ഓണ്‍ വാള്‍സ്‌ട്രീറ്റ്‌' (1989), `ബീറ്റിംഗ്‌ ദി സ്‌ട്രീറ്റ്‌' (1994) എന്നിവയാണ്‌ പീറ്റര്‍ ലിഞ്ചിന്റെ പുസ്‌തകങ്ങള്‍. `വണ്‍ അപ്പ്‌ ഓണ്‍ വാള്‍സ്‌ട്രീറ്റ്‌' എന്ന പുസ്‌തകത്തില്‍ നിക്ഷേപകര്‍ക്ക്‌ അദ്ദേഹത്തിന്റെ വിജയം ആവര്‍ത്തിക്കാനായി പിന്തുടരാവുന്ന നിക്ഷേപതന്ത്രങ്ങളാണ്‌ വിശദമാക്കിയിട്ടുള്ളത്‌.

വളരുന്ന വ്യവസായങ്ങളിലെ കമ്പനികളില്‍ നിക്ഷേപകര്‍ അതീവ താല്‍പ്പര്യമെടുക്കുകയും ഉയര്‍ന്ന വിലയിലേക്ക്‌ ഇത്‌ ഈ കമ്പനികളുടെ ഓഹരികളെ നയിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വളര്‍ച്ചയില്ലാത്ത മേഖലയിലെ വേഗത്തില്‍ വളരുന്ന കമ്പനികളെയാണ്‌ ലിഞ്ച്‌ ഇഷ്‌ടപ്പെടുന്നത്‌.

നിക്ഷേപയോഗ്യമായ കമ്പനികളെ പരിഗണിക്കുന്നതില്‍ ലിഞ്ചിന്റെ മറ്റു ചില മാനദണ്‌ഡങ്ങള്‍: ഒരു എതിരാളിക്ക്‌ കടന്നുവരാന്‍ പ്രയാസകരമാം വിധം വിപണിയുടെ ഭൂരിഭാഗത്തെയും നിയന്ത്രിക്കുന്ന കമ്പനികള്‍, നല്ല സമയത്തും ചീത്ത സമയത്തും ഒരു പോലെ ആളുകള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ (ഉദാ: മരുന്ന്‌, ശീതളപാനീയങ്ങള്‍) ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍ക്ക്‌ കുറഞ്ഞ ശതമാനം നിക്ഷേപമുള്ളതും അനലിസ്റ്റുകള്‍ കാര്യമായി പരിഗണിക്കാത്തതുമായ കമ്പനികള്‍.

കമ്പനിക്ക്‌ ഉള്ളിലുള്ളവര്‍ ഓഹരികള്‍ വാങ്ങുന്നതിനെ നല്ല സൂചനയായാണ്‌ ലിഞ്ച്‌ കാണുന്നത്‌. കമ്പനിയുടെ ഭാവി വളര്‍ച്ചാ സാധ്യതയെ കുറിച്ച്‌ ഏറ്റവും അടുത്തറിയുന്നത്‌ ആ കമ്പനിക്ക്‌ അകത്തുള്ളവര്‍ ആയിരിക്കുമല്ലോ. ഓഹരികള്‍ തിരിച്ചുവാങ്ങുന്ന കമ്പനികളെയും ലിഞ്ച്‌ ഇഷ്‌ടപ്പെടുന്നു. ഒരു കമ്പനിയുടെ ഓഹരി കുറഞ്ഞ വിലയിലാണെന്ന്‌ മാനേജ്‌മെന്റിന്‌ ബോധ്യപ്പെടുന്നത്‌ തീര്‍ച്ചയായും നിലവിലുള്ള വില നിക്ഷേപയോഗ്യമാണെന്നതിന്റെ സൂചനയാണല്ലോ.

വലിയ പദ്ധതികളുള്ള, അതേ സമയം ഇതുവരെ അതിന്റെ വിജയം തെളിയിക്കാന്‍ സാധിച്ചിട്ടില്ലാത്ത കമ്പനികളെ ഒഴിവാക്കണം എന്നാണ്‌ ലിഞ്ച്‌ പറയുന്നത്‌. വൈവിധ്യവല്‍ക്കരണത്തില്‍ ഊന്നിയുള്ള ഏറ്റെടുക്കല്‍ നടത്തുന്ന കമ്പനികളെയും അദ്ദേഹം ഇഷ്‌ടപ്പെടുന്നില്ല. പീറ്റര്‍ ലിഞ്ചിന്റെ പ്രധാന നിക്ഷേപ സൂക്തങ്ങള്‍ താഴെപ്പറയുന്നു:

1. കമ്പനിക്ക്‌ സ്ഥിരതയാര്‍ന്ന, വാര്‍ഷിക വളര്‍ച്ചയുണ്ടായിരിക്കണം.
2. പി/ഇ റേഷ്യോ ഇതുവരെയുള്ള ഹിസ്റ്റോറിക്കല്‍ ആവറേജിന്റെ താഴെയായിരിക്കണം.
3. പി/ഇ റേഷ്യോ ആ കമ്പനി ഉള്‍പ്പെടുന്ന മേഖലയുടെ ഇന്‍ഡസ്‌ട്രി ആവറേജിന്റെ താഴെയായിരിക്കണം.
4. കമ്പനിയുടെ ബാലന്‍സ്‌ ഷീറ്റ്‌ ശക്തമായിരിക്കണം. ഓഹരികള്‍ വിറ്റ്‌ ശേഖരിക്കുന്ന ഫണ്ടിനേക്കാള്‍ താഴ്‌ന്ന നിലയിലായിരിക്കണം കമ്പനി കടമെടുക്കുന്ന പണം.
5. നെറ്റ്‌ കാഷ്‌ പെര്‍ ഷെയര്‍ ഓഹരി വിലയേക്കാള്‍ ഉയര്‍ന്നതായിരിക്കണം.
6. ലാഭവിഹിതം നല്‍കുന്ന കമ്പനികളെയാണ്‌ പരിഗണിക്കുന്നതെങ്കില്‍ കുറഞ്ഞ പേഔട്ട്‌ റേഷ്യോ (ഏണിംഗ്‌ പെര്‍ ഷെയറിനെ ഡിവിഡന്റ്‌ പെര്‍ ഷെയര്‍ കൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്നത്‌) ഉള്ളതും 20-30 വര്‍ഷമായി സ്ഥിരമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളാകണം നിക്ഷേപം. 
5
തോമസ്‌ റോവ്‌ പ്രൈസ്‌: ചിട്ടയായ നിക്ഷേപത്തിന്‌ മാര്‍ഗദര്‍ശി
പഴയകാല നിക്ഷേപകരില്‍ ഒരാളായ തോമസ്‌ റോവ്‌ പ്രൈസ്‌ (ടി റോവ്‌ പ്രൈസ്‌) തന്റേതായ നിക്ഷേപരീതിയിലൂടെയാണ്‌ വ്യത്യസ്‌തനാകുന്നത്‌. വരുമാനത്തില്‍ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ളതും വിവിധ ബിസിനസ്‌ ചക്രങ്ങളിലൂടെ തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കുന്നതുമായ കമ്പനികളെയാണ്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നത്‌.

1898ല്‍ ജനിച്ച ടി റോവ്‌ പ്രൈസ്‌ 1920ലാണ്‌ ഓഹരി വിപണിയിലേക്ക്‌ കടക്കുന്നത്‌. 1937ല്‍ അദ്ദേഹം ടി റോവര്‍ പ്രൈസ്‌ അസോസിയേറ്റ്‌സ്‌ എന്ന സ്ഥാപനം തുടങ്ങി. ഒരു ഓഹരി എപ്പോള്‍ വാങ്ങണമെന്നും വില്‍ക്കണമെന്നുമുള്ള കാര്യത്തില്‍ വളരെ ചിട്ടയായ സമീപനമാണ്‌ അദ്ദേഹം കൈകൊണ്ടിരുന്നത്‌.

അറുപതുകളുടെ അവസാനത്തോടെ അദ്ദേഹത്തിന്റെ ഗ്രൂപ്പ്‌ കമ്പനികളുടെ വില അസംബന്ധകരമാം വിധം ഉയര്‍ന്നതു കണ്ടതോടെ 1971ല്‍ അദ്ദേഹം തന്റെ ബിസിനസ്‌ അസോസിയേറ്റുകള്‍ക്ക്‌ വിറ്റു. പിന്നീട്‌ ഏറെ കരുതലോടെ നീങ്ങിയ അദ്ദേഹം ബോണ്ടുകളിലും എനര്‍ജി, കമ്മോഡിറ്റി മേഖലകളിലെ ഓഹരികളിലും നിക്ഷേപം നടത്തി. 1973-74ല്‍ ബെയര്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ തീരുമാനം ശരിയാണെന്ന്‌ തെളിയിക്കപ്പെട്ടു. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിലും വാങ്ങുന്നതിലും വില്‍ക്കുന്നതിലും അദ്ദേഹത്തിന്റെ സമീപനരീതികള്‍ ഇവയായിരുന്നു:

1. തുടര്‍ച്ചയായ വരുമാന വളര്‍ച്ചയുള്ള കമ്പനികളിലാകണം നിക്ഷേപം. അത്‌ വിപണിയുടെ ശരാശരി വരുമാന വളര്‍ച്ചക്ക്‌ മുകളിലായിരിക്കണം.
2. റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ കുറഞ്ഞത്‌ 10 ശതമാനമായിരിക്കണം.
3. ഓഹരിയുടെ പ്രോഫിറ്റ്‌ മാര്‍ജിന്‍ ഉയര്‍ന്നതായിരിക്കണം.
4. മേല്‍പ്പറഞ്ഞ റേഷ്യോകള്‍ തുടര്‍ച്ചയായി മെച്ചപ്പെടുന്നുണ്ടെങ്കില്‍ അത്‌ കമ്പനിയുടെ വളര്‍ച്ചാഘട്ടത്തിലാണെന്നതിന്റെ മികച്ച സൂചനയാണ്‌.
5. വിപണിയുടെ പി/ഇ റേഷ്യോക്ക്‌ തുല്യമായ നിലയിലേക്ക്‌ ഓഹരികളുടെ പി/ഇ ഇടിയുമ്പോള്‍ ഓഹരി വാങ്ങുന്നത്‌ പരിഗണിക്കാം.
6. ഓഹരി വാങ്ങിയ ഏറ്റവും ഉയര്‍ന്ന വിലയുടെ 30 ശതമാനം ഉയര്‍ന്ന സ്ഥിതിയിലാകുമ്പോള്‍ ഓഹരികള്‍ വിറ്റുതുടങ്ങാം. വില ഉയരുന്നതിന്‌ അനുസരിച്ച്‌ ഓഹരികള്‍ വില്‍ക്കുന്നത്‌ തുടരുക. ഓഹരി വില ഓരോ തവണ 10 ശതമാനം ഉയരുമ്പോഴും 10 ശതമാനം ഓഹരികള്‍ വില്‍ക്കുകയാണ്‌ ടി റോവ്‌ പ്രൈസ്‌ ചെയ്‌തിരുന്നത്‌. ചെറുകിട നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഓരോ തവണ 20 ശതമാനം ഉയരുമ്പോഴും 25-33 ശതമാനം ഓഹരികള്‍ വില്‍ക്കുന്ന രീതിയാകും അഭികാമ്യം.
7. ബുള്‍ മാര്‍ക്കറ്റ്‌ അതിന്റെ ഉച്ചിയിലെത്തിയിരിക്കുമ്പോഴും കമ്പനി അതിന്റെ വളര്‍ച്ചയുടെ ഉയരത്തിലെത്തിയെന്ന്‌ തോന്നുമ്പോഴും കമ്പനി മോശം വാര്‍ത്തകള്‍ പുറത്തു വിടുമ്പോഴും വ്യാപകമായ വിറ്റഴിക്കല്‍ മൂലം ഓഹരി വിലകള്‍ തകരുമ്പോഴും ഓഹരികള്‍ വിറ്റുമാറാം. 

No comments:

Post a Comment