Thursday, 19 May 2011

ഞങ്ങള്‍ക്ക്‌ വേണ്ടത്‌ ഇതെല്ലാം


ബാങ്കിംഗിലെ മലയാളി സാന്നിധ്യമാകാന്‍
ദേവി എ.ജെ (23)സ്ഥാപനം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌, കോഴിക്കോട്‌റോള്‍ മോഡല്‍: എസ്‌.എ പിള്ള (പിതാവ്‌)ഈ പെണ്‍കുട്ടി 20 വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ കാണുന്നത്‌ ഏതെങ്കിലും പ്രമുഖ ബാങ്കിന്റെ തലപ്പത്തിരിക്കുന്ന തന്നെത്തന്നെയാണ്‌. കോഴിക്കോട്‌ ഐ.ഐ.എമ്മിലെ 2010 ബാച്ചിലെ ഏക മലയാളി പെണ്‍കുട്ടിയായ ദേവി എ.ജെയ്‌ക്ക്‌ തന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ പ്രചോദനം പകരുന്നത്‌ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട്‌ സ്വകാര്യ ബാങ്കുകളെ നയിക്കുന്ന ചന്ദ്ര കൊച്ചാറും ശിഖ ശര്‍മ്മയുമാണ്‌. വലിയ ലക്ഷ്യങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോഴും തന്റെ സംഗീതത്തിലുള്ള കഴിവുകള്‍ വളര്‍ത്തി മികച്ചൊരു ഗായികയായി മാറാനും ദേവി ലക്ഷ്യമിടുന്നു.
വിജ്ഞാനത്തിനുവേണ്ടി ദാഹിക്കുന്ന മനസ്‌ വളര്‍ത്തിയെടുക്കുകയാണ്‌ ജീവിത വിജയത്തില്‍ പ്രധാനമെന്നാണ്‌ തന്റെ റോള്‍ മോഡലായ പിതാവ്‌ എസ്‌.എ പിള്ളയില്‍ നിന്ന്‌ ദേവി പഠിച്ചത്‌.
അനേകം കാര്യങ്ങളില്‍ വ്യാപരിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിവുള്ളതുകൊണ്ടുതന്നെ എല്ലാ സ്‌ത്രീകളും മാനേജര്‍മാരാണെന്നാണ്‌ ദേവിയുടെ അഭിപ്രായം. മാനേജ്‌മെന്റ്‌, സാങ്കേതിക രംഗങ്ങളില്‍ പഠനം നടത്താന്‍ പെണ്‍കുട്ടികള്‍ കൂടുതലായി കടന്നു വരേണ്ടതുണ്ടെന്ന്‌ ദേവി പറയുന്നത്‌ താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ കാര്യം തന്നെ ചൂണ്ടിക്കാട്ടിയാണ്‌. കോഴിക്കോട്‌ ഐ.ഐ.എമ്മില്‍ 270 വിദ്യാര്‍ത്ഥികളില്‍ പെണ്‍കുട്ടികളുടെ എണ്ണം 19 മാത്രമാണ്‌. അതായത്‌ 10 ശതമാനത്തില്‍ താഴെ!

അണിഞ്ഞൊരുങ്ങൂ, തിളങ്ങാം കോര്‍പ്പറേറ്റ്‌ രംഗത്ത്‌

പരിചിതനായ ഒരു വ്യക്തിക്ക്‌ നമ്മെക്കുറിച്ചുള്ള മതിപ്പ്‌ അതായത്‌ ഇംപ്രഷഷന്‍ ആദ്യമായി കാണുന്ന 20-30 സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലഭിക്കുന്നുവെന്നാണ്‌ ഈയിടെ നടന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍. ഇംപ്രഷന്റെ 58 ശതമാനം ഒരു വ്യക്തി കാഴ്‌ചയില്‍ എങ്ങനെ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. 33 ശതമാനം നമ്മുടെ ശബ്‌ദത്തെയും ഏഴ്‌ ശതമാനം നാം എന്തു പറയുന്നുവെന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്‌. ഇവിടെയാണ്‌ നാം എന്ത്‌ ധരിക്കുന്നുവെന്നതിന്റെ പ്രസക്തി.
നമ്മുടെ ശരീരത്തിന്റെ 90 ശതമാനവും മൂടുന്നത്‌ വസ്‌ത്രമാണെന്നതുകൊണ്ടുതന്നെ മികച്ച ഇംപ്രഷന്‍ സൃഷ്‌ടിക്കുന്നതില്‍ ഇവയുടെ പങ്ക്‌ വളരെ കൂടുതലാണ്‌. ഇതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി `പവര്‍ ഡ്രസിംഗ്‌' രീതി കോര്‍പ്പറേറ്റ്‌ രംഗത്തെ മലയാളി വനിതകള്‍ക്കിടയില്‍ പ്രചാരം നേടിയിരിക്കുകയാണ്‌. അധികാരത്തിന്റെ ശക്തിയും കരുത്തും വിളിച്ചോതുന്ന വിധത്തിലുള്ള വസ്‌ത്രങ്ങളാണ്‌ പവര്‍ ഡ്രസിംഗിന്റെ ഗണത്തില്‍പ്പെടുന്നത്‌. 1970കളിലെ Dress for Success, The Womens dress for success എന്നീ ഗ്രന്ഥങ്ങളാണ്‌ പവര്‍ ഡ്രസിംഗ്‌ രീതിക്ക്‌ പാശ്ചാത്യരാജ്യങ്ങളില്‍ പ്രചാരം കൊടുത്തതെന്ന്‌ കരുതുന്നു.
ഇന്ത്യയില്‍ സ്‌ത്രീകളുടെ ഏക കോര്‍പ്പറേറ്റ്‌ വസ്‌ത്രം സാരിയായിരുന്നെങ്കില്‍ ഇന്ന്‌ പാശ്ചാത്യ വസ്‌ത്രങ്ങളും ഇന്‍ഡോ-വെസ്റ്റേണ്‍ വസ്‌ത്രങ്ങളും ഈ ശ്രേണിയിലുണ്ട്‌. സ്യൂട്ട്‌, സ്‌കര്‍ട്ട്‌, പാന്റ്‌സ്‌ എന്നീ പാശ്ചാത്യ വസ്‌ത്രങ്ങള്‍ കൂടാതെ സല്‍വാര്‍ കമ്മീസ്‌, കുര്‍ത്ത എന്നിവയേയും പവര്‍ ഡ്രസിംഗ്‌ ശ്രേണിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ സമൂഹം.
ഔദ്യോഗികമായി വസ്‌ത്രം ധരിച്ചുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വം വിളിച്ചോതുന്ന രീതിയില്‍ മറ്റുള്ളവരില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്ന വസ്‌ത്രധാരണ രീതി തെരഞ്ഞെടുത്താല്‍ കോര്‍പ്പറേറ്റ്‌ രംഗത്ത്‌ തിളങ്ങാമെന്ന്‌ എറണാകുളത്തെ മന്ത്രയുടെ സാരഥി ശാലിനി ജെയിംസ്‌ പറയുന്നു.
കോര്‍പ്പറേറ്റ്‌ രംഗത്തെ വനിതകള്‍ക്കായി മാത്രം വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന പ്രമുഖ
ഡിസൈനര്‍മാര്‍ പോലും ഇന്ത്യയിലുണ്ട്‌. കേരളത്തില്‍ ഇവയ്‌ക്ക്‌ അത്രയധികം പ്രാധാന്യം ലഭിച്ചിട്ടില്ലെങ്കിലും പ്രമുഖ ബ്രാന്‍ഡുകള്‍ കേരളത്തില്‍ സ്‌ത്രീകള്‍ക്കായി ഔദ്യോഗിക വസ്‌ത്രങ്ങള്‍ വിപണിയിലിറക്കുന്നു. അലന്‍ സോളി, പാര്‍ക്‌ അവന്യൂ തുടങ്ങിയ ബ്രാന്‍ഡുകളുടെ ശേഖരത്തില്‍ സ്‌ത്രീകള്‍ക്കായുള്ള ഫോര്‍മല്‍, കാഷ്വല്‍ വെയറുകളുണ്ട്‌. ബിസിനസ്‌ പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പറ്റിയ വസ്‌ത്രങ്ങളും പാര്‍ക്ക്‌ അവന്യൂ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മുപ്പതിന്‌ മുകളിലുള്ള സ്‌ത്രീകളാണ്‌ കൊച്ചിയിലെ പാര്‍ക്ക്‌ അവന്യൂ-വുമണില്‍ നിന്ന്‌ കൂടുതലായി സ്യൂട്ടുകള്‍ തെരഞ്ഞെടുക്കുന്നതെന്ന്‌ ഷോറൂം അധികൃതര്‍
പറയുന്നു. ഇരുപതുകളില്‍ പ്രായമുള്ളവരേറെയും തെരഞ്ഞെടുക്കുന്നത്‌ ഷര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന സെമി ഫോര്‍മല്‍ വസ്‌ത്രങ്ങളാണ്‌. ഇക്കൂട്ടത്തില്‍ വിദ്യാര്‍ത്ഥിനികളും പ്രൊഫഷണലുകളുമുണ്ട്‌.
ആക്‌സസറികളിലും ശ്രദ്ധ വേണം
മികച്ച വസ്‌ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പവര്‍ ഡ്രെസിംഗ്‌ എന്ന സങ്കല്‍പ്പം. അണിയുന്ന ജൂവല്‍റി, ബാഗ്‌, ചെരുപ്പ്‌ എന്തിന്‌ കണ്ണടകള്‍ പോലും അണിയുന്നയാളുടെ അധികാരവും കരുത്തും എടുത്തുകാണിക്കുന്നതായിരിക്കണം. ആക്‌സസറികള്‍ക്കൊപ്പം തന്നെ മേക്കപ്പിലും പ്രത്യേക ശ്രദ്ധ വേണം.  ബ്രാന്‍ഡഡ്‌ വാച്ചുകളും സ്‌ത്രീകള്‍ക്കിടയില്‍ ഏറെ പ്രാധാന്യം നേടിയിരിക്കുന്നു. പഴയകാലത്തേപ്പോലെ സ്‌ത്രീകള്‍ക്കിന്ന്‌ ഒരു വാച്ചല്ല ഉള്ളത്‌. പല അവസരങ്ങളില്‍ അണിയാന്‍ പല തരത്തിലുള്ള വാച്ചുകള്‍ ഇവര്‍ തെരഞ്ഞെടുക്കുന്നതായി എറണാകുളത്തെ വേള്‍ഡ്‌ ഓഫ്‌ ടൈറ്റാന്റെ ഷോറൂം മാനേജര്‍ മനോഹരന്‍ നായര്‍ പറയുന്നു.
വലിയ മാറ്റമാണ്‌ കണ്ണടകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്‌. ഓഫീസില്‍ പോകാന്‍ ഒന്ന്‌, പാര്‍ട്ടിക്ക്‌ പോകാന്‍ മറ്റൊന്ന്‌, യാത്രകള്‍ക്കുപോകാന്‍ വേറെ, ബിസിനസ്‌ കോണ്‍ഫറന്‍സുകള്‍ക്ക്‌ പോകാന്‍ മുന്തിയ ബ്രാന്‍ഡിന്റെ ഒഫീഷ്യല്‍ ലുക്ക്‌ തരുന്ന കണ്ണട... ഇങ്ങനെ പോകുന്നു കണ്ണടകളുടെ ലോകം. പാര്‍ട്ടിക്ക്‌ പോകുമ്പോള്‍ ജുവല്‍റി അല്ലെങ്കില്‍ ഡിസൈനര്‍ ബ്രാന്‍ഡ്‌, ഔട്ട്‌ഡോര്‍ മീറ്റിംഗിന്‌ അല്ലെങ്കില്‍ കളിക്കാന്‍ പോകുമ്പോള്‍ സ്‌പോര്‍ട്‌സ്‌ ബ്രാന്‍ഡ്‌... ഇത്തരം കാര്യങ്ങളില്‍ സ്‌ത്രീകള്‍ മുമ്പത്തേക്കാളും ശ്രദ്ധിക്കുന്നതായി ലെന്‍സ്‌ ആന്‍ഡ്‌ ഫ്രെയിംസിന്റെ പാര്‍ട്‌ണര്‍ മുഹമ്മദ്‌ ഷെരീഫ്‌ ചൂണ്ടിക്കാട്ടുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം?
പവര്‍ ഡ്രസിംഗില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്‌ വിവിധ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.
l വ്യക്തിയുടെ പദവിയും ജോലിയുടെ സ്വഭാവവും പ്രായവും ശരീരപ്രകൃതിയുമൊക്കെ വസ്‌ത്രങ്ങളും മറ്റ്‌ ആക്‌സസറികളും തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
l ചുരിദാര്‍ ഹൈനെക്ക്‌ ആക്കിയും മറ്റും അവയെ പവര്‍ ഡ്രെസില്‍ ഉള്‍പ്പെടുത്താം. സാരിയാണെങ്കില്‍ പ്ലീറ്റുകള്‍ പിന്‍ ചെയ്‌തുവെക്കണം.
l കുര്‍ത്തയാണെങ്കില്‍ മുട്ടിന്‌ അധികം മുകളിലായോ താഴെയായോ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുര്‍ത്തയോടൊപ്പം പാന്റ്‌സ്‌ അല്ലെങ്കില്‍ ലളിതമായ സല്‍വാര്‍ ധരിക്കാം. ഔദ്യോഗിക കാര്യങ്ങളില്‍ ജീന്‍സ്‌ ഒഴിവാക്കുക.
l വലിയ അലങ്കാരപ്പണികളും കസവുകളുമൊന്നും വസ്‌ത്രങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
l സിന്തറ്റിക്‌ വസ്‌ത്രങ്ങളും വലിയ പ്രിന്റിലുള്ള വസ്‌ത്രങ്ങളും ഒഴിവാക്കുക. കോട്ടണ്‍ വസ്‌ത്രങ്ങള്‍ ഏത്‌ സന്ദര്‍ഭത്തിനും യോജിക്കും.
l സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ക്കുള്ള നിറങ്ങളില്‍ പുരുഷന്മാരെപ്പോലെ വലിയ നിഷ്‌കര്‍ഷകളില്ലെങ്കിലും കണ്ണില്‍ കുത്തുന്ന നിറങ്ങള്‍ ഒഴിവാക്കുക. ഗൗരവമേറിയ ബിസിനസ്‌ കോണ്‍ഫറന്‍സുകളിലും മറ്റും കഴിയുന്നതും ഇളം നിറങ്ങള്‍ ഉപയോഗിക്കുക.
l വസ്‌ത്രങ്ങളുടെ നെക്ക്‌ലൈന്‍ അധികം താഴെയാകാതിരിക്കാന്‍ ശ്രദ്ധിക്കുക. വസ്‌ത്രങ്ങള്‍ ഏറെ ഇറുകിയതും തീരെ അയഞ്ഞതുമാകരുത്‌.
l അലങ്കാരപ്പണികളില്ലാത്ത ബാഗുകള്‍ തെരഞ്ഞെടുക്കുക. ലെതര്‍ ബാഗുകള്‍ ഉപയോഗിക്കുന്ന വ്യക്തിക്ക്‌ ആഢ്യത്വം നല്‍കുമെന്ന്‌ ഫാഷന്‍ രംഗത്തുള്ളവര്‍ പറയുന്നു
l സ്യൂട്ട്‌, സ്‌കര്‍ട്ട്‌ എന്നിവയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ പാദം മൂടുന്ന ഷൂസ്‌ തന്നെ ധരിക്കണം. ഇന്ത്യന്‍ വസ്‌ത്രങ്ങള്‍ക്ക്‌ ലെതര്‍ ചെരുപ്പുകള്‍ ധരിക്കാം. ഹീലുകള്‍ ഉപയോഗിക്കാമെങ്കിലും വലിയ ഹീലുള്ളവ ഒഴിവാക്കുക
l മേക്കപ്പ്‌ മിതമായിരിക്കണം. ഒന്നും എടുത്ത്‌ നില്‍ക്കാന്‍ പാടില്ല. നീണ്ട മുടിയാണെങ്കില്‍ അഴിച്ചിടാതിരിക്കുക. ഇളം നിറങ്ങളിലുള്ള ലിപ്‌സ്റ്റിക്‌, എടുത്തുനില്‍ക്കാത്ത നെയില്‍ പോളിഷ്‌, ക്ലിപ്പിട്ട മുടി, മിതമായ മേക്കപ്പ്‌ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന്‌ തൃശൂരിലെ ഫെമ്മെ ഫെറ്റേയ്‌ലിന്റെ സാരഥി ശശികല മേനോന്‍ പറയുന്നു.
l പാശ്ചാത്യ വസ്‌ത്രങ്ങളാണ്‌ ധരിക്കുന്നതെങ്കില്‍ പൊട്ട്‌ ഒഴിവാക്കണം. സാരി, ചുരിദാര്‍ എന്നിവയുടെ കൂടെ പൊട്ട്‌ ധരിക്കാമെങ്കിലും വലുപ്പം കൂടിയത്‌ ഒഴിവാക്കുക.
l കട്ടി കുറഞ്ഞ മാല, ലളിതമായ കമ്മലുകള്‍ എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന പ്രൊഫഷണലുകളില്‍ നല്ലൊരു ശതമാനം ചെറിയ ഡയമണ്ട്‌ സെറ്റ്‌ തേടിയെത്താറുണ്ടെന്ന്‌ വി.എന്‍.എം ജൂവല്‍ ക്രാഫ്‌റ്റിന്റെ ഡിസൈനര്‍ സുരേഖ ശ്രീജിത്ത്‌ പറയുന്നു

ഒരു കിലോ റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ എത്ര രൂപ ചെലവ്‌ വരും?

ഒരു കിലോഗ്രാം റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ എന്ത്‌ ചെലവ്‌ വരും? വിലയിലെ കയറ്റിറക്കങ്ങള്‍ കണ്ട്‌ അന്തംവിടുന്ന അവസരങ്ങളില്‍ റബര്‍ വ്യവസായികളും വ്യാപാരികളും മാത്രമല്ല മലയാളികളില്‍ ഭൂരിഭാഗവും ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്‌. മറ്റ്‌ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും റബറിന്റെ ഉല്‍പ്പാദന ചെലവ്‌ അറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട്‌. ശാസ്‌ത്രീയ മാനദണ്ഡങ്ങള്‍ അവലംബിച്ച്‌ നടത്തുന്ന ഉല്‍പ്പാദന ചെലവിനെക്കുറിച്ചുള്ള പഠനത്തിന്‌ ഇന്ന്‌ ഏറെ പ്രസക്തിയുണ്ട്‌. എന്നാല്‍ അതിനുവേണ്ട സാഹചര്യങ്ങളും വിദഗ്‌ധരുമുള്ള റബര്‍ ബോര്‍ഡുപോലും മൗനം ദീക്ഷിക്കുകയാണ്‌.
2009 (ജനുവരി മുതല്‍ ജൂണ്‍ വരെ) ഒരു കിലോ റബറിന്റെ വില 82 രൂപയായിരുന്നു. ഈ വില വര്‍ധന കര്‍ഷകര്‍ ആവശ്യപ്പെട്ടതുകൊണ്ടോ വ്യവസായികളുടെ ഉദാരസമീപനംകൊണ്ടോ ഉണ്ടായതല്ല. ആഗോളതലത്തിലെന്നതുപോലെ ഇന്ത്യയിലും റബറിന്റെ ആവശ്യം വര്‍ധിക്കുകയും ആവശ്യാനുസരണം ഉല്‍പ്പാദനം ഉയരാതിരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കമ്പോളവില ഉയര്‍ന്നെന്നുമാത്രം. എന്നാല്‍ ഇത്‌ ചരക്കു പൂഴ്‌ത്തിവച്ചതിന്റെ ഫലമാണെന്ന്‌ വ്യവസായ വൃത്തങ്ങളില്‍ പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. റബറിന്റെ ഇപ്പോഴത്തെ ഉല്‍പ്പാദനച്ചെലവ്‌ കിലോഗ്രാമിന്‌ 40 രൂപയില്‍ കൂടില്ലെന്നാണവരുടെ പക്ഷം. അതേസമയം കര്‍ഷകന്‌ കിലോഗ്രാമിന്‌ 100 രൂപ വില കിട്ടണമെന്നാണ്‌ ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ പക്ഷം. രണ്ട്‌ കൂട്ടരും ചെലവുകളെ അടിസ്ഥാനമാക്കിയല്ല നിലപാടെടുത്തത്‌ എന്നതാണ്‌ സത്യം.
ഇത്തരമൊരു സാഹചര്യത്തിലാണ്‌ ധനത്തിന്റെ സഹോദര പ്രസിദ്ധീകരണവും ഏഷ്യയിലെ പ്രമുഖ റബര്‍ മാസികയുമായ റബര്‍ ഏഷ്യ റബറിന്റെ ഉല്‍പ്പാദനച്ചെലവുകളെപ്പറ്റി ഒരു പഠനം നടത്തിയത്‌. പഠനത്തില്‍ ഒരു കിലോ റബറിന്റെ ഉല്‍പ്പാദനചെലവ്‌ 53 രൂപയാണ്‌. അതെങ്ങനെയാണ്‌ എന്ന നോക്കാം. അതിന്‌ ഏതൊക്കെ ഇനത്തിലാണ്‌ ചെലവ്‌ വരുന്നത്‌ എന്ന്‌ പരിശോധിക്കാം.
നിലം ഒരുക്കല്‍ - 2000രൂപ
നിരപ്പുള്ള സ്ഥലങ്ങള്‍ തെങ്ങിനും മറ്റ്‌ കൃഷികള്‍ക്കുമായി ഉപയുക്തമാക്കിയതിനാല്‍ കുന്നിന്‍ചരിവുകളാണ്‌ മുഖ്യമായും റബര്‍ കൃഷിക്ക്‌ കിട്ടിയത്‌. ചെരിവുള്ള പ്രദേശത്ത്‌ വീഴുന്ന മഴവെള്ളം ഭൂമിയില്‍ താഴാനും വളക്കൂറുള്ള മേല്‍മണ്ണ്‌ ഒഴുകി നഷ്ടപ്പെടാതിരിക്കാനും നിരപ്പുതട്ടുകള്‍ വെട്ടിയോ കയ്യാലകള്‍ തീര്‍ത്തോ കൃഷി ചെയ്യുന്നു. താരമ്യേന ചെലവ്‌ കുറഞ്ഞ നിരപ്പുതട്ടുകള്‍ നിര്‍മിച്ചാണ്‌ മിക്ക സ്ഥലങ്ങളിലും റബര്‍ കൃഷി ചെയ്‌തിട്ടുള്ളത്‌. ഒന്നര മീറ്റര്‍ ചതുരത്തില്‍ നിരപ്പുതട്ടുകള്‍ എടുക്കുന്നു.
സ്ഥലത്തെ കുറ്റിച്ചെടികളുംകളകളും നീക്കിയശേഷം ഒരു സര്‍വേയരുടെ സഹായത്തോടെ കൊണ്ടൂര്‍ ലൈനുകള്‍ അടിച്ച്‌ കുഴികള്‍ക്കുള്ള സ്ഥാനം നിര്‍ണയിക്കുന്നു. ഒരു ഹെക്‌റ്ററില്‍ നിശ്ചിത അകലത്തില്‍ ഏകദേശം 450 കുഴികള്‍ തീരും. ക്രോസ്‌ സ്റ്റാഫ്‌ അല്ലെങ്കില്‍ റോഡ്‌ ട്രേസര്‍ ഉപയോഗിച്ച്‌ ലൈന്‍ നിര്‍ണയിക്കുമ്പോള്‍ കയര്‍ പിടിച്ച്‌ കുഴിസ്ഥാനങ്ങള്‍ അടയാളപ്പെടുത്തി ഒരു ഹെക്‌റ്ററില്‍ കുറ്റി അടിക്കാന്‍ സര്‍വേയര്‍ക്ക്‌ രണ്ട്‌ തൊഴിലാളികളുടെ സഹായം ആവശ്യമുണ്ട്‌. കുഴിയുടെ സ്ഥാന നിര്‍ണയത്തിന്‌ 2000 രൂപ ചെലവ്‌ വരും.
കുഴി എടുക്കല്‍ - 10000 രൂപശരിയായ അളവില്‍ കുഴികളെടുക്കേണ്ടത്‌ റബര്‍ തൈകളുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണ്‌. ടാക്‌റ്ററോ ജെസിബിയോ ഉപയോഗിച്ചാണ്‌ കുഴി കുത്തുന്നത്‌. കെുഴികളെടുക്കുന്നതോടെ തന്നെ കൊണ്ടൂര്‍ലൈനില്‍ സ്ഥലത്തിന്റെ ചെരിവിന്‌ കുറുകെ നിരപ്പു തട്ടുകള്‍ തയാറാക്കുന്നതിനും എടുക്കുന്നതിനും കുഴിയില്‍തന്നെ മണ്ണിടുന്നതിനും ജെസിബിക്ക്‌ കഴിയും. 450 കുഴികളെടുക്കാന്‍ 10,000 രൂപ ചെലവ്‌ വരും.
അടിസ്ഥാന വളം - 10570 രൂപ
തൈകള്‍ നടുന്നതിനു മുമ്പ്‌ കുഴികളില്‍ അടിസ്ഥാന വളം ചേര്‍ക്കണം. കുഴി ഒന്നിന്‌ 220 ഗ്രാം റോക്‌ ഫോസ്‌ഫേറ്റും 10 കിലോഗ്രാം ചാണകപ്പൊടിയും വേണം. 450 കുഴികള്‍ക്ക്‌ 100 കിലോഗ്രാം റോക്‌ ഫോസ്‌ഫേറ്റും നാല്‌ ലോറി ചാണകവും വേണ്ടിവരും. ഒരു ലോറി കാലിവളത്തിന്‌ 2000 രൂപ നിരക്കില്‍ 8000 രൂപയും ഒരു ക്വിന്റല്‍ റോക്‌ ഫോസ്‌ഫേറ്റിന്‌ 450 രൂപയും വില വരും. അവ കുഴികളില്‍ ചേര്‍ക്കുന്നതിന്‌ നാല്‌ തൊഴിലാളികള്‍ വേണം. 300 രൂപ ദിവസക്കൂലിയില്‍ അവരുടെ വേതനം 1200 രൂപ. അടിസ്ഥാന വളമിടുന്നതിന്‌ ആകെ ചെലവ്‌ 10,570 രൂപ.
തൈ നടീല്‍ - 21600 രൂപ
റബര്‍ ചെടികള്‍ ഏക രൂപത്തില്‍ വളരുന്നതിന്‌ കൂടത്തൈകള്‍ ഉപയോഗിക്കുന്നു. ഉല്‍പ്പാദശേഷി കൂടിയ RR11105 കൂട തൈകള്‍ക്ക്‌ 2009ലെ വില ഒന്നിന്‌ 35 രൂപ. സാധാരണയായി ഒരു ഹെക്‌റ്ററിന്‌ 500 തൈകള്‍ വാങ്ങാറുണ്ട്‌(450 കുഴികളില്‍ നടാനും ബാക്കി കേടുപോക്കുന്നതിന്‌ കരുതിവെക്കാനും). തൈവില 17,500 രൂപ. അവ സൂക്ഷ്‌മതയോടെ ലോറിയില്‍ കയറ്റി കൃഷി സ്ഥലത്തെത്തിക്കാനും ഇറക്കിവെക്കാനും രണ്ട്‌ തൊഴിലാളികള്‍ വേണം. അവരുടെ വേതനം 600 രൂപ. ലോറി കൂലി 500 രൂപ. തൈകള്‍ നടുന്നതിനും 450 കുഴികളെത്തിക്കുന്നതിനുമായി 10 തൊഴിലാളികള്‍ വേണം. അതിനുള്ള ചെലവ്‌ 3000 രൂപ. എല്ലാം കൂടി 21,600 രൂപ.
കളയെടുപ്പ്‌ - 24000 രൂപ. 
ഒരു ഹെക്‌റ്ററില്‍ 10 തൊഴിലാളികള്‍ ഒരു പ്രാവശ്യത്തെ കളയെടുപ്പിന്‌ വേണ്ടിവരും. ആദ്യ മൂന്ന്‌ വര്‍ഷങ്ങളില്‍ കളയെടുപ്പിനായി വേണ്ടത്‌ 80 തൊഴില്‍ ദിനങ്ങള്‍. 300 രൂപ വേതന നിരക്കില്‍ ചെലവ്‌ 24,000 രൂപ.
തോട്ടപ്പയര്‍ - 4000 രൂപ
തൈ നടുന്നവര്‍ഷം തന്നെ കൃഷി സ്ഥലത്ത്‌ തോട്ടപ്പയര്‍ നട്ടാല്‍ നാലാം വര്‍ഷമാകുമ്പോള്‍ തോട്ടമാകെ പടര്‍ന്നു വ്യാപിക്കുകയും കളകളുടെ വളര്‍ച്ച നിയന്ത്രിക്കുകയും ചെയ്യും. തോട്ടപ്പയര്‍ വിത്തിന്‌ നല്ല ക്ഷാമമുണ്ടിപ്പോള്‍. കിലോഗ്രാമിന്‌ വില 400 രൂപ. ഒരു ഹെക്‌റ്ററില്‍ നാല്‌ കിലോ വിത്ത്‌ വേണ്ടിവരും. പയര്‍ നന്നായി വളരാന്‍ ഹെക്‌റ്ററൊന്നിന്‌ 150 കിലോഗ്രാം റോക്‌ ഫോസ്‌ഫേറ്റ്‌ ഇട്ടുകൊടുക്കണം. സമീപത്തുള്ള തോട്ടങ്ങളില്‍ നിന്നും പയര്‍ വള്ളി ശേഖരിച്ച്‌ നടുകയും ആവാം. പയര്‍വിത്ത്‌/വള്ളിശേഖരണം നടീന്‍ എന്നിവയ്‌ക്കും വളമിടാനുമായി 4000 രൂപ ചെലവ്‌ വരും.
തൈ സംരക്ഷണം - 9000 രൂപ
തൈകളുടെ ചുവട്ടില്‍ വേനല്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഒന്നര മീറ്റര്‍ വ്യാസത്തില്‍ ചവറു നിരത്തണം. മണ്ണിനെ ചൂടില്‍ നിന്ന്‌ രക്ഷിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും കളകളെ നിയന്ത്രിക്കാനും സൂക്ഷ്‌മജീവികളുടെ വളര്‍ച്ചയ്‌ക്കും മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുന്നതിനും ചവര്‍ സഹായിക്കും. കേടുവന്നതോ ശക്തി ഇല്ലാത്തതോ ആയ തൈകള്‍ ആദ്യവര്‍ഷാവസാനം തന്നെ മാറ്റി പകരം നടണം.
വേനല്‍ ചൂടില്‍ തൈകള്‍ ഉണങ്ങാതിരിക്കാന്‍ ഈറക്കൂടയോ മെടഞ്ഞ തെങ്ങോലയോ ഉപയോഗിച്ച്‌ ചൂടല്‍ നല്‍കണം. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തൈത്തണ്ടില്‍ നീറ്റുകക്ക ചുണ്ണാമ്പാക്കി ഉപയോഗിച്ച്‌ വെള്ള പൂശണം. കാറ്റത്ത്‌ തൈകള്‍ വിടര്‍ന്ന്‌ പോകാതിരിക്കാന്‍ മുളയോ ബലമുള്ള കമ്പുകളോ ഉപയോഗിച്ച്‌ തൈകള്‍ക്ക്‌ താങ്ങ്‌ നല്‍കണം. ഇത്തരം വേലകള്‍ക്ക്‌ സാധനവില ഉള്‍പ്പടെ 9000 രൂപ ചെലവാകും.
വളം ചേര്‍ക്കല്‍ - 15500 രൂപ
അടിസ്ഥാന വളത്തിനു പുറമേ റബറിനു രാസവളങ്ങളും നല്‍കേണ്ടതുണ്ട്‌. നൈട്രജന്‍, ഫോസ്‌ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ വളക്കൂട്ടാണ്‌ സാധാരണ ഉപയോഗിക്കുക. . ആണ്ടില്‍ രണ്ടു തവണ വളം ചെയ്യണം. ഓരോ തവണയും തൈ ഒന്നിന്‌ 450 ഗ്രാം തോതില്‍ ഒരു ഹെക്‌റ്ററില്‍ 200 ഗ്രാം വളം വേണം. ആദ്യ നാല്‌ വര്‍ഷം ഈ തോതില്‍ വളം ചെയ്യണം.
തോട്ടപ്പയര്‍ നന്നായി പടര്‍ന്ന തോട്ടങ്ങളില്‍ അഞ്ചാം വര്‍ഷം 300 കിലോഗ്രാം NPK 10:10:10 മതിയാകും. ആദ്യ അഞ്ച്‌ വര്‍ഷങ്ങളിലേക്കായി 1900 കിലോഗ്രാം രാസവളം വേണം. 50 കിലോ ചാക്കിന്‌ 225 രൂപ നിരക്കില്‍ അതിന്റെ വില 8,550 രൂപ. പത്ത്‌ പ്രാവശ്യത്തെ വളം ചേര്‍ക്കലിന്‌ 20 പണിക്കാര്‍ വേണം. ഇതിന്‌ 300 രൂപ ക്രമത്തില്‍ ചെലവ്‌ 6000 രൂപ. വളം തോട്ടത്തിലെത്തിക്കുന്നതിനു മൊത്തമായി 1000 രൂപ കണക്കാക്കാം. അപ്രകാരം അഞ്ച്‌ വര്‍ഷത്തെ വളം ചേര്‍ക്കലിന്‌ ചെലവ്‌ 15,500 രൂപ.
സസ്യരോഗം - 5000 രൂപ
പല തരത്തിലുള്ള സസ്യരോഗങ്ങളും റബറിനെ ബാധിക്കുന്നുണ്ട്‌. വൃക്ഷരോഗങ്ങളെ ചെറുക്കുന്നതിന്‌ ആണ്ടില്‍ 1000 രൂപ ചെലവാകും. അഞ്ച്‌ വര്‍ഷത്തേക്ക്‌ 5,000 രൂപ.
പണിസാധനങ്ങള്‍ - 13000 രൂപ
നിലമൊരുക്കല്‍ ചവറുവെപ്പ്‌, കളനീക്കം എന്നിവയ്‌ക്കും മറ്റുമായി മണ്‍വെട്ടി, വെട്ടുകത്തി, ചൂരല്‍കൊട്ട എന്നിവയ്‌ക്ക്‌ ഏകദേശം 2000 രൂപ ചെലവാകും. ടാപ്പിംഗ്‌ പ്രായമായ മരങ്ങള്‍ മാര്‍ക്ക്‌ ചെയ്യുന്ന ടെംപ്ലേറ്റ്‌, ടാപ്പിംഗ്‌ കത്തി, ബക്കറ്റുകള്‍, പ്ലാസ്റ്റിക്‌ കപ്പുകള്‍, കപ്പുതാങ്ങികള്‍, ചില്ല്‌, ഉറയൊഴിക്കുന്ന അലുമിനിയം പാനുകള്‍, ആസിഡ്‌ എന്നിവയ്‌ക്കും കൂലിച്ചെലവുകള്‍ക്കുമായി 11,000 രൂപ വേണ്ടിവരും.
മേല്‍നോട്ടം - 10000 രൂപ
കൃഷിപ്പണികള്‍ കൃത്യമായി നടക്കുന്നത്‌ ഉറപ്പുവരുത്താന്‍ ഒരു സൂപ്പര്‍വൈസറുടെ സേവനം കാലാകാലങ്ങളില്‍ ആവശ്യമാണ്‌. വിളവെടുപ്പെത്തുന്നതുവരെയുള്ള ചെലവിന്റെ (പണിസാധനങ്ങളുടെതൊഴിച്ച്‌) 10 ശതമാനം അതിനായി ചെലവാകും. ഏകദേശം 10,000 രൂപ. ഇതുകൂടി ചേര്‍ത്താല്‍ ടാപ്പിംഗ്‌ ആരംഭിക്കുന്നതുവരെയുള്ള ചെലവ്‌ 124350.
ടാപ്പ്‌ ചെയ്യുന്ന റബറിനു വളം - 7650 രൂപ
ആറാം വര്‍ഷം തന്നെ ടാപ്പിംഗ്‌ തുടങ്ങാം. 6, 7, 8 വര്‍ഷങ്ങളില്‍ വളത്തിന്റെ അളവ്‌ ആണ്ടില്‍ 300 കിലോഗ്രാം ആയി ചുരുക്കാം. അതായത്‌ 900 കി. അതിനു വില 4,050 രൂപ. ആണ്ടില്‍ രണ്ടു പ്രാവശ്യം വളം ഇടുന്നതിന്‌ ഓരോ വര്‍ഷവും രണ്ട്‌ പണിക്കാര്‍ വേണം. മൂന്ന്‌ വര്‍ഷങ്ങളില്‍ പണിച്ചെലവ്‌ 3,600 രൂപ. അതും ചേര്‍ത്താല്‍ ടാപ്പ്‌ ചെയ്യുന്ന തോട്ടത്തിനു ചെലവ്‌ 7650 രൂപ.
ടാപ്പിംഗ്‌ - 34240 രൂപ
വിളവെടുപ്പിനു സജ്ജമായ ഒരു ഹെക്‌റ്റര്‍ തോട്ടത്തില്‍ കേടുവന്ന മരങ്ങളൊഴികെ 400 എണ്ണം വെട്ടാന്‍ കിട്ടും. അവയ്‌ക്കു ദിവസക്കൂലി(മരമൊന്നിന്‌ 80 പൈസ വീതം) 320 രൂപ. ആര്‍.ആര്‍.ഐ.ഐ 105 പോലുള്ള ഉല്‍പ്പാദനശേഷി കൂടിയ മരങ്ങള്‍ മൂന്ന്‌ ദിവസത്തിലൊരിക്കലാണു വെട്ടുക. ഒരിക്കല്‍ പാലെടുത്തു കഴിഞ്ഞാല്‍ വീണ്ടും റബര്‍ പട്ടയിലുള്ള പാല്‍ കുഴലുകള്‍ നിറയുന്നതിന്‌ 72 മണിക്കൂര്‍ വേണമെന്നാണു കണ്ടെത്തല്‍. ഞായറാഴ്‌ച ഒഴിച്ച്‌ ഒരു വര്‍ഷം നൂറ്‌ ടാപ്പിംഗ്‌ ദിനങ്ങള്‍ കിട്ടും. അവയ്‌ക്കു വേതനം 32000 രൂപ. ടാപ്പര്‍ക്ക്‌ വാര്‍ഷിക ബോണസായി ഏഴ്‌ ദിവസത്തെ കൂലി നല്‍കുന്നു. അതും ചേര്‍ത്താല്‍ ഒരു വര്‍ഷത്തെ ടാപ്പിംഗ്‌ ചെലവ്‌ 34240 രൂപ.
വിള സംസ്‌കരണം - 7250 രൂപ
സാധാരണ ഫോര്‍മിക്കാസിഡാണു റബര്‍ പാല്‍ ഉറ കൂട്ടാനുപയോഗിക്കുന്നത്‌. ഒരു വര്‍ഷം 35 കിലോ ആസിഡ്‌ വേണ്ടിവരും. അതിനു വില 1750 രൂപ. പാല്‍ തരിച്ചു പോകാതിരിക്കാനും റബര്‍ ഷീറ്റുകളില്‍ പൂപ്പല്‍ വരാതിരിക്കാനും പി.എന്‍.പി പോലുള്ള രാസവസ്‌തു ആവശ്യമുണ്ട്‌. അതിനു വാര്‍ഷിക ചെലവ്‌ 500 രൂപ. രണ്ടും ചേര്‍ത്ത്‌ 2,250 രൂപ.
ചെറു കര്‍ഷകര്‍ ഷീറ്റടിക്കാനും ഉണ്ടാക്കാനും വേണ്ടി റോളറും പുകപ്പുരയും നിര്‍മിക്കാറില്ല. അതിനു പകരം ഒരു കിലോഗ്രാം ഷീറ്റിന്‌ ഒരു രൂപ നിരക്കില്‍ ഷീറ്റടിപ്പിച്ചെടുക്കുകയും അവ ഉണക്കുന്നതിന്‌ ഒരു രൂപ നിരക്കില്‍ പുകപ്പുരക്കൂലി നല്‍കുകയും ചെയ്യുന്നു. ആര്‍.ആര്‍.ഐ.ഐ 105 റബര്‍ മേല്‍പ്പറഞ്ഞ കൃഷിപ്പണികള്‍ കൃത്യമായി ചെയ്‌താല്‍ ഒരാണ്ടില്‍ ശരാശരി 2000 കിലോ ഉണക്ക റബര്‍ നല്‍കും. അതിനു സംസ്‌കരണ ചെലവ്‌ 4,000 രൂപ. ഷീറ്റു വിപണിയിലെത്തിച്ചു വില്‍ക്കുന്നതിന്‌ കിലോഗ്രാമിന്‌ 50 പൈസ നിരക്കില്‍ ചെലവ്‌ 1000 രൂപ. അപ്രകാരം ആകെ വിള സംസ്‌കരണ ചെലവ്‌ 7250 രൂപ.
ടാപ്പിംഗ്‌ ആരംഭിക്കുന്നതു വരെയുള്ള ചെലവുകള്‍ 124340 രൂപ എന്നു നാം കണ്ടു. ഇതില്‍ മുഖ്യ ഭാഗവും കടമെടുത്താലേ സമയത്തു പണികള്‍ നടത്താനാകൂ. കാര്‍ഷിക വായ്‌പ ഏഴ്‌ ശതമാനം പലിശയില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു ലഭിക്കും. പതിനഞ്ചു വര്‍ഷത്തെ തിരിച്ചടവു കാലാവധി കണക്കാക്കി മുതലും പലിശയും കൂടി ബാങ്കില്‍ അടയ്‌ക്കേണ്ടത്‌ 280000 രൂപ വരും. ഇതും കൂടി ടാപ്പിംഗ്‌ കാലത്തെ വളമിടീല്‍ ചെലവിനോടും മൊത്തം 15 വര്‍ഷത്തെ ടാപ്പിംഗ്‌ കാലം വരെയുള്ള ചെലവിനോടും ചേര്‍ക്കാം. അത്‌ 411990 രൂപ വരും.
റബര്‍ തോട്ടം 20 വര്‍ഷക്കാലമെങ്കിലും ആദായകരമായ വിളവു നല്‍കാം. മൊത്തം ചെലവിനെ 20 വര്‍ഷത്തേക്കായി വിഭജിച്ചാല്‍ വാര്‍ഷിക വിഹിതം 20,600 രൂപ. ഇതോടുകൂടി 15 വര്‍ഷത്തെ ടാപ്പിംഗിനും വിള സംസ്‌കരണത്തിനും കൂടി വരുന്ന ചെലവ്‌ 41,490 രൂപ ചേര്‍ത്താല്‍ 62,090 രൂപ. ഇനി ലാഭ വിഹിതവും പാട്ടത്തുകയും കൂട്ടണം. കൃഷിച്ചെലവിന്റെ 15 ശതമാനം ലാഭവിഹിതമായി കണക്കാക്കാം. 124340 രൂപയുടെ 15 ശതമാനം. 18651 രൂപ വരും. ഭൂമി വില കൃഷി ചെലവുകളില്‍ കണക്കാക്കാറില്ല. കൃഷി ചെയ്‌ത ഭൂമി മെച്ചപ്പെടുകയും കാലാകാലങ്ങളില്‍ അതിനു വില വര്‍ധന ഉണ്ടാകുകയും ചെയ്യും. അതിനാല്‍ ഭൂമി പാട്ടത്തിനെടുത്താല്‍ നല്‍കേണ്ട തുക ചെലവില്‍ ചേര്‍ക്കാം. ഒരു ഹെക്‌റ്ററിന്‌ ഒരു വര്‍ഷം 25,000 രൂപ പാട്ടത്തുക വരും. നേരത്തെ കണ്ട വാര്‍ഷിക ചെലവായ 62,090 രൂപയോടു കൂടി ലാഭ വിഹിതവും പാട്ടത്തുകയും ചേര്‍ത്താല്‍ 105,741 രൂപ വരും. ഇതാണ്‌ ഒരു ഹെക്‌റ്റര്‍ റബര്‍ കൃഷിയുടെ വിളവെടുപ്പു കാലത്തെ വാര്‍ഷിക വിഹിതം.
ഇനി വിളവു കണക്കാക്കാം. നന്നായി കൃഷി ചെയ്‌ത ആര്‍.ആര്‍.ഐ.ഐ 105 റബര്‍ 20 വര്‍ഷത്തെ വിളവെടുപ്പു കാലത്ത്‌ ശരാശരി 2000 കിലോ എന്ന കണക്കില്‍ ഒരു ഹെക്‌റ്ററില്‍ നിന്നും ആദായം തരും. ഇതുകൊണ്ട്‌ വാര്‍ഷിക ചെലവിനെ വിഭജിച്ചാല്‍ 52.87 രൂപ കിട്ടും. അതായത്‌ ഒരു കിലോഗ്രാം ഉണക്ക്‌ റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട ചെലവ്‌ 53 രൂപയാണ്‌.

ആളുകള്‍ നിങ്ങള്‍ പറയുന്നത്‌ അനുസരിക്കാന്‍ എന്തൊക്കെ ചെയ്യണം?

ലക്ഷപ്രഭു ആകാന്‍ നിങ്ങള്‍ക്ക്‌ എല്ലാ കഴിവുകളും ഉണ്ടാകണമെന്നില്ല. അത്തരം കഴിവുള്ള ആളുകളെ കണ്ടെത്തിയാല്‍ മതി. പക്ഷേ അവരെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ നയിച്ചുകൊണ്ടുപോകാനുള്ള കഴിവ്‌ നിങ്ങള്‍ക്കുണ്ടായേ പറ്റൂ - ഹെന്റി ഫോര്‍ഡ്‌

മറ്റുള്ളവരെ നയിക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുനിറഞ്ഞ പ്രവൃത്തിയാണെന്ന്‌ ഞാന്‍ എപ്പോഴും കേള്‍ക്കാറുള്ളതാണ്‌. പിന്നെ എന്താണ്‌ എളുപ്പമുള്ള വഴി. സംശയമില്ല. മറ്റുള്ളവരെ പിന്തുടരുക എന്നത്‌ തന്നെ! മറ്റുള്ളവരെ പിന്തുടരുക എന്നത്‌ എളുപ്പമുള്ളതാണെങ്കില്‍ എല്ലാവരും ആരെയെങ്കിലുമൊക്കെ പിന്തുടര്‍ന്നുകൊള്ളുമല്ലോ. എല്ലാവരും ആരെയെങ്കിലും പിന്തുടരാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ്‌ അവരെ നയിക്കുക എന്നത്‌ ബുദ്ധിമുട്ടുള്ള പ്രവൃത്തിയാകുന്നത്‌?
നിങ്ങള്‍ ഒരു ബിസിനസ്‌ നടത്തുമ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം നിങ്ങളെ പിന്തുടരും. അവസരം നല്‍കിയാല്‍ ആരാണ്‌ നേതാവ്‌ അയാളെ എല്ലാവരും പിന്തുടര്‍ന്നുകൊള്ളും. ബോംബുകള്‍ കുഴിച്ചിട്ടിട്ടുള്ള യുദ്ധഭൂമിയില്‍ കൂടി സുരക്ഷിതമായി നടക്കാന്‍ ആരുടെയെങ്കിലും പിന്നാലെ നടന്നാല്‍ മതി. ഏറ്റവും മുന്നില്‍ നിന്ന്‌ നയിക്കുന്നയാളാണ്‌ ഏറ്റവും വലിയ വെല്ലുവിളി ഏറ്റടുത്തിരിക്കുന്നത്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. ഓരോ ചുവടും വെയ്‌ക്കുംമുമ്പ്‌ എല്ലാ വരുംവരായ്‌കകളെക്കുറിച്ചും അയാള്‍ ആലോചിച്ചിരിക്കും. അങ്ങേയറ്റം ജാഗരൂകനായിരിക്കും അയാള്‍. പുതിയ ആശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും വേണ്ടി കണ്ണും കാതും കൂര്‍പ്പിക്കും. എന്തെങ്കിലും നീക്കം പാളിയാല്‍ കുറ്റം മുഴുവന്‍ നേതാവിനായിരിക്കും.
ബിസിനസിലാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍. ബിസിനസില്‍ എടുക്കുന്ന ഓരോ തീരുമാനത്തിനും സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഉണ്ട്‌. ഏതെങ്കിലും തീരുമാനം പാളിയാല്‍ നേതൃത്വത്തിലുള്ളയാള്‍ ശിക്ഷിക്കപ്പെടും. ഏത്‌ രീതിയില്‍ ചിന്തിച്ചാലും നയിക്കുന്നതിനെക്കാള്‍ എളുപ്പമാണ്‌ പിന്തുടരുന്നതെന്ന്‌ കാണാം.
അങ്ങനെയാണ്‌ കാര്യങ്ങള്‍ എങ്കില്‍ നിങ്ങളുടെ ടീമംഗങ്ങള്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കാത്തത്‌, നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത്‌ എന്താണ്‌ എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക്‌ ഉയരാന്‍ പറ്റുമെന്ന വിശ്വാസം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാന ചോദ്യം.
ലക്ഷ്യം എന്തെന്ന്‌ അറിയുക
നേതൃശേഷിയെ സംബന്ധിച്ച സുപ്രധാന നിയമം ഇതാണ്‌: `ആളുകള്‍ നിങ്ങള്‍ പറയുന്നത്‌ അനുസരിക്കുകയും നിങ്ങളെ പിന്തുടരുകയും ചെയ്യും. പക്ഷേ അവരെ നിങ്ങള്‍ എങ്ങോട്ടാണ്‌ നയിക്കുന്നതെന്ന്‌ അവര്‍ക്ക്‌ മനസിലായിരിക്കണം'.
കൊച്ചിയില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ നിങ്ങള്‍ ഒരു സൂപ്പര്‍ ലക്ഷ്വറി ബസ്‌ ഓടിക്കുകയാണ്‌ എന്ന്‌ വിചാരിക്കുക. ഏറ്റവും മേന്മയുള്ള ബസാണ്‌ നിങ്ങളുടേത്‌ എങ്കിലും അത്‌ ബാംഗ്ലൂരിലേക്കാണ്‌ പോകുന്നതെന്ന്‌ അറിയാതെ എങ്ങനെയാണ്‌ അതില്‍ ആളുകള്‍ കയറുക? ബാംഗ്ലൂര്‍ എന്ന്‌ എഴുതിയ ബോര്‍ഡ്‌ മാത്രം കണ്ടിട്ട്‌ ആളുകള്‍ അതില്‍ കയറണമെന്നില്ല. അവര്‍ മറ്റുള്ളവരോട്‌ അതേക്കുറിച്ച്‌ അന്വേഷിച്ചെന്നിരിക്കും. നിങ്ങളോട്‌ തന്നെ ചിലപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചേക്കാം: നാളെ എട്ട്‌ മണിക്ക്‌ ഇത്‌ അവിടെ എത്തുമോ? ട്രാഫിക്‌ ബ്ലോക്ക്‌്‌ ഉണ്ടായാലും സമയത്ത്‌ എത്തുമെന്ന്‌ നിങ്ങള്‍ക്ക്‌ ഉറപ്പുണ്ടോ?
ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാനുള്ള ക്ഷമ നിങ്ങള്‍ കാട്ടണം. എവിടേക്കാണ്‌ നിങ്ങള്‍ അവരെ കൊണ്ടുപോകുന്നതെന്ന്‌ അറിഞ്ഞാല്‍ മാത്രം പോര അതിനുള്ള കഴിവ്‌ നിങ്ങള്‍ക്കുണ്ടോ എന്നും അവര്‍ അറിയാന്‍ ശ്രമിക്കും. അതായത്‌ നിങ്ങള്‍ എങ്ങോട്ടാണ്‌ പോകുന്നത്‌, അതിനിടയിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌ എന്നൊക്കെ കൃത്യമായി നിങ്ങള്‍ മനസിലാക്കണം. അതിനെയാണ്‌ `വിഷന്‍' എന്നുപറയുന്നത്‌. നിങ്ങളുടെ സ്ഥാപനം എങ്ങോട്ടാണ്‌ പോകുന്നതെന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ വ്യക്തമായ ധാരണ ഉണ്ടാകണം. അഞ്ച്‌ വര്‍ഷത്തിനും 10 വര്‍ഷത്തിനും ശേഷം സ്ഥാപനം എവിടെ എത്തുമെന്ന്‌ നിങ്ങള്‍ അറിഞ്ഞിരിക്കണം.
കണ്‍സള്‍ട്ടിംഗിനായി എന്റെയടുത്ത്‌ എത്തുന്ന പല ബിസിനസുകാരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌: ``കഴിഞ്ഞ 10 വര്‍ഷമായി ഞാനൊരു ബിസിനസ്‌ സ്ഥാപനം ലാഭകരമായി നടത്തുകയാണ്‌. എന്നാല്‍ എന്താണ്‌ കാരണം എന്നറിയില്ല ജോലിക്കാര്‍ അത്രയ്‌ക്ക്‌ ഊര്‍ജസ്വലരല്ല. മികച്ച ഫലം നല്‍കുന്നില്ല. പലരും മടിയന്മാരാണ്‌. ഞാന്‍ ഒരാഴ്‌ച മാറി നിന്നാല്‍ ബിസിനസ്‌ കണ്ടമാനം ഇടിയും. എനിക്ക്‌ എങ്ങനെയാണ്‌ ഇവരെ കൂടുതല്‍ ചുമതലാബോധമുള്ളവരാക്കി മാറ്റാന്‍ കഴിയുക? എങ്ങനെയാണ്‌ ദൈനംദിന കാര്യങ്ങളുടെ നോക്കിനടത്തിപ്പില്‍ നിന്ന്‌ മാറി ഫലപ്രദമായ മറ്റു കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുക?''. ഞാന്‍ അവരോട്‌ സാധാരണ ആദ്യം ചോദിക്കുക എന്താണ്‌ നിങ്ങളുടെ ബിസിനസ്‌ ലക്ഷ്യം, അഞ്ചു വര്‍ഷത്തിനുശേഷം എത്രയായിരിക്കും നിങ്ങളുടെ വിറ്റുവരവ്‌, എത്ര ജീവനക്കാര്‍ അന്ന്‌ സ്ഥാപനത്തില്‍ ഉണ്ടാകും എന്നൊക്കയാകും. പലര്‍ക്കും ഇതിനൊന്നും ഉത്തരം തന്നെ ഉണ്ടാകില്ല. ലാഭം ഇപ്പോഴത്തേതിനേക്കാള്‍ മൂന്നിരട്ടി ആയിരിക്കും അഞ്ചുവര്‍ഷം കഴിയുമ്പോള്‍ എന്നും പക്ഷേ ഇപ്പോഴത്തെ രീതിയില്‍ മുമ്പോട്ടുപോയാല്‍ അത്രയും ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും എന്നൊക്കെയാകും ചിലര്‍ പറയുക.
വേണം ഒരു `വിഷന്‍'
ഒരിക്കല്‍ ഒരു യോഗത്തില്‍ ഒരു ബിസിനസുകാരന്‍ എന്താണ്‌ വിഷന്‍ എന്ന്‌ ലളിതമായി പറഞ്ഞു തരാമോ എന്നുചോദിച്ചു. എന്തിനാണ്‌ താങ്കള്‍ ബിസിനസ്‌ നടത്തുന്നതെന്ന മറുചോദ്യം ഞാന്‍ ചോദിച്ചപ്പോള്‍ ബാങ്ക്‌ ലോണ്‍ തിരിച്ചടയ്‌ക്കാന്‍ എന്നായിരുന്നു ഉത്തരം. അയാള്‍ പറഞ്ഞത്‌ വളരെ ശരിയായിരുന്നു. പലരും ബിസിനസ്‌ നടത്തുന്നത്‌ ബാങ്കില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനാണ്‌. പലതും ബിസിനസ്‌ തുടങ്ങാന്‍ വേണ്ടി എടുത്ത വായ്‌പയായിരിക്കും. ബാങ്കുകള്‍ക്കുവേണ്ടിയാണ്‌ പലരും ബിസിനസ്‌ ചെയ്യുന്നത്‌. ഒരു വായ്‌പ തിരിച്ചടച്ചാല്‍ ബാങ്ക്‌ അടുത്ത വലിയ വായ്‌പ നല്‍കും.
ഇപ്പോള്‍ മുതല്‍ അടുത്ത അഞ്ചുവര്‍ഷം വരെയുള്ള കാലത്തേക്ക്‌ നിങ്ങളുടെ ബിസിനസിനെ നോക്കികാണാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ? വിപണി വിഹിതം, പുതിയ വിപണി, ജീവനക്കാരുടെ എണ്ണം, സേവന നിലവാരം, ആദായക്ഷമത, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവയുടെ കാര്യത്തില്‍ നിങ്ങളുടെ സ്ഥാപനം എവിടെ ആയിരിക്കും?
പലരും എന്നോട്‌ പറയാറുണ്ട്‌ ഒരു സ്ഥാപനം തുടങ്ങും മുമ്പ്‌ ഇക്കാര്യങ്ങളിലൊന്നും വ്യക്തത ഉണ്ടാകേണ്ട കാര്യമില്ലെന്ന്‌. തുടങ്ങിക്കഴിഞ്ഞ്‌ മാത്രമേ അതെല്ലാം മനസിലാകൂ എന്നാണ്‌ അവരുടെ വാദം. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്ന കാര്യങ്ങളെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിയില്ല എന്നത്‌ ശരി. പക്ഷേ അതേക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാകുന്നത്‌ നല്ലതല്ലേ?
ബാംഗ്ലൂരിലേക്ക്‌ രാത്രിയാണ്‌ നിങ്ങള്‍ വണ്ടി ഓടിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക്‌ ഹെഡ്‌ ലൈറ്റ്‌ ഓണ്‍ ചെയ്യേണ്ടിവരും. എത്ര ദൂരം നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയും? പരമാവധി 100 മീറ്റര്‍ അല്ലേ. നിങ്ങള്‍ക്ക്‌ ബാംഗ്ലൂര്‍ കാണാനേ കഴിയില്ല. ബാംഗ്ലൂരിന്റെ കാര്യം പോട്ടെ 100 മീറ്ററിനപ്പുറമുള്ള ഒന്നും കാണാന്‍ കഴിയുന്നുണ്ടാവില്ല. എന്നിട്ടും നിങ്ങള്‍ വണ്ടി ഓടിച്ചുകൊണ്ടേയിരിക്കും. കാരണം എങ്ങോട്ടാണ്‌ പോകേണ്ടതെന്നും ഈ റോഡ്‌ നിങ്ങളെ അവിടേക്ക്‌ കൊണ്ടുപോകുമെന്നും നിങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. അതില്ലായിരുന്നു എങ്കില്‍ ഓരോ 100 മീറ്റര്‍ കഴിയുമ്പോഴും ഇനി റോഡുണ്ടോ എന്ന്‌ വണ്ടി നിര്‍ത്തി പരിശോധിച്ചേ മുന്നോട്ടു പോകൂ. പക്ഷേ എങ്ങോട്ടാണ്‌ പോകേണ്ടതെന്നും ഈ റോഡ്‌ നിങ്ങളെ അവിടേക്ക്‌ കൊണ്ടുപോകുമെന്നും ഉറപ്പുണ്ടെങ്കില്‍ വെറുമൊരു പാര്‍ക്കിംഗ്‌ ലൈറ്റിന്റെ വെളിച്ചത്തിലായാലും നിങ്ങള്‍ മുന്നോട്ടുപോകും.
ബിസിനസിന്റെ കാര്യവും ഇതേപോലെ തന്നെ. അത്‌ തുടങ്ങുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള എല്ലാ കാര്യങ്ങളും വ്യക്തമായിരിക്കണമെന്നില്ല. എന്നാല്‍ എവിടേക്കാണ്‌ പോകേണ്ടത്‌ എന്ന്‌ അറിയില്ല എങ്കില്‍ അവിടേക്കുള്ള വഴി എങ്ങനെ തെരഞ്ഞെടുക്കും? ദൈനംദിന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മുന്നിലുള്ള ഒരു മാസത്തേക്കുറിച്ചേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകൂ. പക്ഷേ അപ്പോഴും അഞ്ച്‌ വര്‍ഷത്തിനുശേഷം നിങ്ങള്‍ എവിടെ ആയിരിക്കും എന്ന്‌ നിങ്ങള്‍ക്ക്‌ അറിയാം. ആ അറിവ്‌ നിങ്ങളെ പ്രചോദിപ്പിക്കും. അത്തരം വിഷന്‍ നിങ്ങള്‍ക്ക്‌ ഇല്ല എങ്കില്‍ മുന്നോട്ടുള്ള യാത്രയുടെ ഓരോഘട്ടത്തിലും നിങ്ങള്‍ക്ക്‌ സംശയമായിരിക്കും. അത്തരം സംശയങ്ങള്‍ നിങ്ങളെ എവിടെയും എത്തിക്കില്ല. നിങ്ങള്‍ക്ക്‌ തന്നെ സംശയമാണെങ്കില്‍ നിങ്ങളെ പിന്തുടരുന്നവര്‍ക്ക്‌ അതിനേക്കാള്‍ കൂടുതല്‍ സംശയമായിരിക്കും. അവര്‍ പിന്നെ നിങ്ങളെ പിന്തുടരില്ല.

നിങ്ങളുടെ സമ്പത്ത്‌ എങ്ങനെ വര്‍ധിപ്പിക്കാം?

വേണം നിങ്ങള്‍ക്കും ഒരു വെല്‍ത്ത്‌ മാനേജര്‍ 
സതീഷ്‌ രാജന്‍
നിക്ക്‌ ഒരു വെല്‍ത്ത്‌ മാനേജരെ ആവശ്യമാണോ? ഈ ചോദ്യം സ്വയം ചോദിക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ ആദ്യം ഉയരുന്ന ഒരു കാര്യം ഇതായിരിക്കാം- ``ആരാണ്‌ വെല്‍ത്ത്‌ മാനേജര്‍?'' ഒരു വെല്‍ത്ത്‌ മാനേജരുടെ സേവനം ആവശ്യമായി വരുന്ന തരത്തിലുള്ള സമ്പത്ത്‌ എനിക്കുണ്ടോ എന്നും നിങ്ങള്‍ സ്വയം ചോദിച്ചേക്കാം.
എന്താണ്‌ യഥാര്‍ത്ഥത്തില്‍ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌? 
സാമ്പത്തിക ആസൂത്രണം, നിക്ഷേപ മാനേജ്‌മെന്റ്‌ അനുബന്ധിത ധനകാര്യ സേവനങ്ങള്‍ എന്നിവയെയെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടുള്ള നിക്ഷേപ ഉപദേശ സംവിധാനമാണ്‌ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ സര്‍വീസ്‌്‌. ഉയര്‍ന്ന അറ്റമൂല്യമുള്ള വ്യക്തികള്‍, വിദേശ ഇന്ത്യക്കാര്‍, ഡോക്‌ടര്‍മാര്‍, ആര്‍ക്കിടെക്‌റ്റുകള്‍ തുടങ്ങിയ പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസ്‌ ഉടമകള്‍, സാമ്പത്തിക ഉപദേശകരുടെ സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ എന്നിവരാണ്‌ വെല്‍ത്ത്‌ മാനേജരുടെ സേവനം തേടുന്നത്‌.
ആരാണ്‌ വെല്‍ത്ത്‌ മാനേജര്‍? 
വെല്‍ത്ത്‌ മാനേജര്‍ ഒരു സ്വതന്ത്ര സര്‍ട്ടിഫൈഡ്‌ ഫിനാന്‍ഷ്യല്‍ പ്ലാനറോ എം.ബി.എ ബിരുദധാരിയോ ചാര്‍ട്ടേഡ്‌ എക്കൗണ്ടന്റോ പ്രൊഫഷണല്‍ മണി മാനേജരോ ആകാം. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും വരുമാനം വര്‍ധിപ്പിക്കാനും അമിത നികുതിഭാരം ഒഴിവാക്കാനുമുള്ള ആസൂത്രണങ്ങളാണ്‌ വെല്‍ത്ത്‌ മാനേജര്‍ നടത്തുക. നിങ്ങളുടെ സുരക്ഷ, റിസ്‌ക്‌, റിട്ടേണ്‍, ധനലഭ്യത എന്നീ മാനദണ്‌ഡങ്ങള്‍ക്ക്‌ അനുസരിച്ചായിരിക്കും വെല്‍ത്ത്‌ മാനേജരുടെ പ്രവര്‍ത്തനം.
ഒരു വെല്‍ത്ത്‌ മാനേജരുടെ സേവനം നിങ്ങള്‍ക്ക്‌ ആവശ്യമുണ്ടോ?
നിങ്ങള്‍ക്ക്‌ ഒരു വെല്‍ത്ത്‌ മാനേജരുടെ സേവനം ആവശ്യമാം വിധമുള്ള സമ്പത്ത്‌ ഉണ്ടാവാം, ഇല്ലായിരിക്കാം. അതെന്തായാലും എല്ലാ മനുഷ്യര്‍ക്കും അവരുടേതായ വരുമാനമുണ്ട്‌. സമ്പത്ത്‌ സംരക്ഷിക്കാനും വളരാനും തല്‍പ്പരരാണ്‌ എല്ലാവരും. അടിസ്ഥാനപരമായ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ തത്വങ്ങള്‍ എല്ലാവരും പിന്തുടരേണ്ടതുണ്ട്‌. ഈ ചോദ്യത്തിന്‌ കൃത്യമായി ഉത്തരം പറയുകയാണെങ്കില്‍, 10 ലക്ഷം രൂപ കൈവശമുള്ളയാളാണ്‌ നിങ്ങളെങ്കില്‍ ഒരു വെല്‍ത്ത്‌ മാനേജരുടെ സേവനം നിങ്ങള്‍ തേടിയിരിക്കണം. ചുരുങ്ങിയത്‌ നിങ്ങള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, ഇനി എങ്ങനെ മുന്നോട്ടുപോകണം എന്ന രൂപരേഖ ലഭിക്കാനെങ്കിലും ഇത്‌ നിങ്ങളെ സഹായിക്കും.
വെല്‍ത്ത്‌ മാനേജരെ എങ്ങനെ കണ്ടെത്തും?
ഇന്ത്യയില്‍ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ സര്‍വീസ്‌ ഇപ്പോഴും പ്രാഥമികദശയിലാണ്‌. ഇപ്പോള്‍ ചില ബാങ്കുകളും വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ കമ്പനികളും മാത്രമേ ഈ സേവനം നല്‍കുന്നുള്ളൂ. നിങ്ങള്‍ക്ക്‌ ചെറിയ അന്വേഷണം നടത്തിയാല്‍ തന്നെ അനുയോജ്യരായ വെല്‍ത്ത്‌ മാനേജര്‍മാരെ കണ്ടെത്താനാകും.
സമ്പത്തിനെ കുറിച്ച്‌ നിങ്ങളെ ഉപദേശിക്കാനായി എത്രയാളുകളെ ആവശ്യമുണ്ട്‌? 
ഒരു ചാര്‍ട്ടേഡ്‌ എക്കൗണ്ടന്റ്‌, ഒരു ഇന്‍വെസ്റ്റ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌, ഒരു ഓഹരി വിദഗ്‌ധന്‍, ഒരു മ്യൂച്വല്‍ ഫണ്ട്‌ അഡ്‌വൈസര്‍, ഒരു അഭിഭാഷകന്‍, ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റ്‌, ഒരു റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌ അങ്ങനെ പോകുന്നു ആ പട്ടിക. ഒരാള്‍ക്ക്‌ ഈ എല്ലാ കഴിവുകളും ഉണ്ടായിരിക്കുക അസംഭവ്യം. ഇക്കാര്യത്തില്‍ നിങ്ങളുടെ ആവശ്യമനുസരിച്ചാകണം സ്‌പെഷ്യലിസ്റ്റുകളെ കണ്ടെത്തേണ്ടത്‌.
സമ്പത്തിനെ കുറിച്ച്‌ അന്യനോട്‌ പറയാമോ? തന്റെ സമ്പത്തിനെ കുറിച്ച്‌ ഒരു അന്യനോട്‌ പറയുന്നതില്‍ പൊതുവെ ഒരു ഭയമുണ്ട്‌. എന്നാല്‍ ഒരു രോഗിയുടെ എല്ലാ രോഗലക്ഷണങ്ങളും മുന്‍കാല രോഗസ്വഭാവങ്ങളും മനസിലാക്കിയാലേ ഒരു ഡോക്‌ടര്‍ക്ക്‌ ചികിത്സ നടത്താനാകൂ എന്ന കാര്യം മറക്കരുത്‌. രഹസ്യങ്ങള്‍ പുറത്തു പറയാതിരിക്കുക എന്നത്‌ വെല്‍ത്ത്‌ മാനേജര്‍മാര്‍മാരുടെ നിഷ്‌ഠയാണ്‌. അവരെല്ലാം തങ്ങളുടെ ജോലിയില്‍ പ്രൊഫഷണല്‍ എത്തിക്‌സ്‌ സൂക്ഷിക്കുന്നവരാണ്‌.
എത്ര ചാര്‍ജ്‌ നല്‍കേണ്ടിവരും?വെല്‍ത്ത്‌ മാനേജര്‍മാര്‍ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ ഫീസും ഒപ്പം മാനേജ്‌ ചെയ്യുന്ന തുകയുടെ നിശ്ചിത ശതമാനവുമാണ്‌ ഫീസായി ഈടാക്കുന്നത്‌. വെല്‍ത്ത്‌ മാനേജ്‌മെന്റിന്‌ ഈടാക്കുന്ന തുക ഉയര്‍ന്നതാണെന്ന്‌ തോന്നാമെങ്കിലും അതിലൂടെ ലഭിക്കുന്ന വരുമാന വര്‍ധന കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. 10 ലക്ഷം രൂപയുടെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌ ചെയ്യുന്നതിന്‌ 25,000 രൂപ വാര്‍ഷികഫീസായി നല്‍കേണ്ടിവരും.
നിങ്ങളുടെ കൈവശമുള്ള സമ്പത്ത്‌ എത്രയായിരുന്നാലും, നിങ്ങള്‍ ഏതു തരത്തിലുള്ള ആളായിരുന്നാലും വെല്‍ത്ത്‌ മാനേജ്‌മെന്റിനെ കുറിച്ചുള്ള ചില അടിസ്ഥാന തത്വങ്ങള്‍ പിന്തുടരേണ്ടതുണ്ട്‌. അടുത്ത ലക്കങ്ങളില്‍ സമ്പത്ത്‌ മാനേജ്‌ ചെയ്യുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച്‌ വിശദമാക്കാം. 
(ക്ലബ്‌ മില്യണയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌റ്ററാണ്‌ ലേഖകന്‍. 

ആസിയാന്‍ കരാറിനെ കേരളം പേടിക്കണോ?

കേരളത്തെ എങ്ങനെ ബാധിക്കും?
ആസിയാന്‍ കരാറിനോടുള്ള എതിര്‍പ്പ്‌ നമ്മുടെ സ്ഥിരം സമീപനത്തിന്റെ പ്രതിഫലനം മാത്രമാണ്‌. കേരളത്തിന്‌ വെളിയിലുള്ള മലയാളികള്‍ വിജയിച്ച്‌ മുന്നേറുമ്പോള്‍ കേരളത്തില്‍ നാം പൊട്ടക്കിണറ്റില്‍ തന്നെ കഴിഞ്ഞുകൊള്ളാമെന്ന്‌ ശഠിക്കുകയാണ്‌
ഡോ. വി.കെ.വിജയകുമാര്‍
കേരളത്തിലെ ഏറ്റവും പുതിയ വിവാദമാണല്ലോ `ആസിയാന്‍' കരാര്‍. വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു എങ്കിലും കരാറിനെതിരായി രംഗപ്രവേശം ചെയ്‌തവര്‍ക്ക്‌ കരാറിന്റെ രൂക്ഷമായ ദോഷവശങ്ങളെക്കുറിച്ച്‌ സംശയമേയില്ല. ഈ കരാര്‍ നടപ്പാക്കിയാല്‍ അത്‌ `കേരള സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും' എന്ന്‌ അവര്‍ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആണവക്കരാര്‍, സ്‌ത്രീപീഡനം, പരിസ്ഥിതി, ലാവ്‌ലിന്‍ കരാര്‍, സാമ്പത്തിക നയം തുടങ്ങി സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും എഴുതുന്ന മലയാള പത്രലേഖകന്മാര്‍ വരാനിരിക്കുന്ന കൂട്ട ആത്മഹത്യകളെക്കുറിച്ച്‌ മലയാളി സമൂഹത്തിന്‌ അപായ സൂചന നല്‍കിക്കഴിഞ്ഞു.
പല ആശങ്കകളും പ്രവചനങ്ങളും എത്രമാത്രം അസ്ഥാനത്താണ്‌ എന്നറിയാന്‍ കുറച്ചുകാലം പുറകോട്ട്‌ പോയാല്‍ മതി. 1995 ലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ലോക വ്യാപാര സംഘടന (WTO) യുടെ കരാറിനെ പറ്റി ചൂടുള്ള സംവാദം നടക്കുന്ന കാലം. മലയാള പത്രങ്ങളില്‍ WTO ക്കെതിരായി ഒന്നാം പേജില്‍ത്തന്നെ വെണ്ടക്കാവലുപ്പത്തില്‍ വാര്‍ത്തകള്‍ വരുന്നു. അങ്ങനെ വന്ന വാര്‍ത്തകളുടെ ചില സാമ്പിളുകള്‍ ഓര്‍മയില്‍ നിന്നെഴുതട്ടെ.
``ഇന്ത്യന്‍ വിപണി തുറക്കുന്നതിന്റെ ഫലമായി ഇവിടേക്ക്‌ ഇറക്കുമതിയുടെ പ്രളയമായിരിക്കും. അമേരിക്കയില്‍ നിന്ന്‌ കോഴിയിറച്ചി കിലോ എട്ട്‌ രൂപയ്‌ക്കും തായ്‌ലന്റില്‍ നിന്ന്‌ അരി കിലോ മൂന്ന്‌ രൂപയ്‌ക്കും ചൈനയില്‍ നിന്ന്‌ സൈക്കിള്‍ 200 രൂപയ്‌ക്കും ഇറക്കുമതി ചെയ്യാനാകും ഇത്തരത്തിലുള്ള ഇറക്കുമതി പ്രളയം ആഭ്യന്തര ഉല്‍പ്പാദനത്തെയും സമ്പദ്‌വ്യവസ്ഥയെയും തകര്‍ക്കും'' എന്നായിരുന്നു പ്രവചനം. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ വിശദീകരിക്കേണ്ടതില്ലല്ലോ!
അതുപോലെ 1991ല്‍ ഉദാരീകരണ നയമാരംഭിച്ചപ്പോഴും ശക്തമായ എതിര്‍പ്പുകളുണ്ടായി. 1991 മുതല്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഘട്ടം ഘട്ടമായി വെട്ടിക്കുറയ്‌ക്കാന്‍ തുടങ്ങി. 1991ല്‍ ഇറക്കുമതിച്ചുങ്കം 150 ശതമാനമായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക്‌ 330 ശതമാനം എന്ന അസംബന്ധ നിലവാരത്തിലെത്തി എന്നോര്‍ക്കുക! ഇറക്കുമതിച്ചുങ്കം കുറയ്‌ക്കാനാരംഭിച്ചപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ത്തത്‌, വിചിത്രമെന്ന്‌ പറയട്ടെ, ഇന്ത്യയിലെ ചില കുത്തക വ്യവസായികളും ഇടതുകക്ഷികളുമായിരുന്നു. കുത്തക വ്യവസായികള്‍ മത്സരത്തെ ഭയക്കുന്നതുകൊണ്ട്‌ ഉദാരീകരണത്തെ എതിര്‍ത്തു. ഇടതുകക്ഷികള്‍ക്ക്‌ ഉദാരീകരണം സ്വീകാര്യവുമല്ല, കാരണം അത്‌ വിപണിയിലധിഷ്‌ഠിതമാണ്‌. ഉദാരീകരണം തുടര്‍ന്നാല്‍ 10 വര്‍ ഷത്തിനുള്ളില്‍ ഇന്ത്യയുടെ വ്യവസായ മേഖല പരിപൂര്‍ണ്ണമായും തകരും എന്ന്‌ ഇടതുകക്ഷികള്‍ പ്രഖ്യാപിച്ചു.
പ്രവചനങ്ങള്‍ പാളി 
എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌? ഇന്ന്‌ ഇറക്കുമതിച്ചുങ്കം വെറും 10 ശതമാനമാണ്‌. ഉദാരീകരണം തുറന്നുവിട്ട കടുത്ത മത്സരത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല തളരുകയല്ല, മറിച്ച്‌ കുതിച്ചുയരുകയാണുണ്ടായത്‌ എന്നത്‌ സമീപകാല ചരിത്രം. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യാവസായിക-സാമ്പത്തിക വളര്‍ച്ചയുണ്ടായ വികസ്വര രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്‌. മാര്‍ക്‌സിന്റെ പ്രവചനങ്ങളെപ്പോലെ ഇടതുകക്ഷികളുടെ പ്രവചനങ്ങളും പാളിപ്പോയി. യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്‌ത്‌ പഠിക്കാതെ പ്രത്യയശാസ്‌ത്രപരമായി മാത്രം സമീപിക്കുന്നതുകൊണ്ടാണ്‌ ഈ അബദ്ധം പിണയുന്നത്‌. ആസിയാന്‍ കരാറിനെ സംബന്ധിച്ചും ഇടതുകക്ഷികള്‍ അവരുടെ പഴയ സമീപനം തുടരുന്നു.
നമുക്ക്‌ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ആഗോളീകൃതമായ ഒരു ലോകക്രമത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട തുരുത്തായി മാറിനില്‍ക്കാനാകില്ല. അതുകൊണ്ടാണ്‌ WTO കരാറിന്റെ പല നയങ്ങളിലും എതിര്‍പ്പുണ്ടായിട്ടും എല്ലാ രാജ്യങ്ങളും അതില്‍ അംഗങ്ങളായത്‌. `WTO കരാര്‍ സ്വീകാര്യമല്ല, അതുകൊണ്ട്‌ ഞങ്ങള്‍ പുറത്തുപോകുന്നു' എന്ന്‌ ഒരു രാജ്യവും പറഞ്ഞില്ല എന്നോര്‍ക്കുക. പതിനായിരക്കണക്കിന്‌ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച കരാറില്‍ ഏതാനും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ ചില രാജ്യങ്ങള്‍ക്കും ചില പ്രദേശങ്ങള്‍ക്കും നേട്ടവും മറ്റുള്ളവയ്‌ക്ക്‌ കോട്ടവും ഉണ്ടാകും എന്നത്‌ സ്വാഭാവികമാണ്‌. ഒരു രാജ്യത്ത്‌ തന്നെ ചില പ്രദേശങ്ങള്‍ക്ക്‌ ഗുണവും മറ്റുള്ളവയ്‌ക്ക്‌ ദോഷവും സംഭവിക്കും. ഉദാഹരണമായി പാം ഓയ്‌ലിന്റെ കാര്യമെടുക്കാം. ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യയില്‍ വലിയ കമ്മിയുണ്ട്‌. 115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കോടിക്കണക്കിന്‌ പാവപ്പെട്ടവരുടെ മുഖ്യ ഭക്ഷ്യ എണ്ണയാണ്‌ പാം ഓയ്‌ല്‍. അതുകൊണ്ടുതന്നെ അതിന്റെ ഇറക്കുമതി അത്യന്താപേക്ഷിതമാണ്‌. പാം ഓയ്‌ല്‍ ഇറക്കുമതി കേരളത്തിലെ കേര കര്‍ഷകര്‍ക്ക്‌ അല്‍പ്പം ദോഷം ചെയ്യും. അതുകൊണ്ട്‌ പാം ഓയ്‌ല്‍ ഇറക്കുമതി കുറയ്‌ക്കണം എന്ന്‌ നാം ആവശ്യപ്പെടുന്നത്‌ സങ്കുചിതമായ സമീപനമല്ലേ? 115 കോടി ജനങ്ങളുള്ള ഇന്ത്യ ഭരിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്‌ രാജ്യതാല്‍പ്പര്യമാണ്‌. രാജ്യതാല്‍പ്പര്യം ഓഗസ്റ്റ്‌ 15 ലെ പ്രസ്‌താവനകളിലും പ്രഖ്യാപനങ്ങളിലും മാത്രം പ്രതിഫലിച്ചാല്‍ പോരല്ലോ.
മത്സരശേഷി വര്‍ധിപ്പിക്കുക 
ഇതെഴുതുമ്പോള്‍ ആസിയാന്‍ കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിശദാംശങ്ങള്‍ ലഭ്യമായതിന്‌ ശേഷമെ കേരളത്തെ എങ്ങനെ ബാധിക്കും എന്ന്‌ പറയാനാകു. വിശദാംശങ്ങളില്ലാതെത്തന്നെ ചില കാര്യങ്ങള്‍ പറയാം. സംരക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇത്‌ മത്സരത്തിന്റെ കാലമാണ്‌. നമ്മളെപ്പോലുള്ള മറ്റ്‌ വികസ്വര രാജ്യങ്ങളുമായി നമുക്ക്‌ മത്സരിക്കാന്‍ കഴിയണം. WTO കരാറിന്റെ കാര്‍ഷിക വ്യാപാരവുമായി ബന്ധപ്പെട്ട പ്രധാന എതിര്‍പ്പിന്‌ സാമ്പത്തിക യുക്തിയുണ്ടായിരുന്നു. അമേരിക്ക, യൂറോപ്പ്‌, ജപ്പാന്‍ തുടങ്ങിയ സമ്പന്ന വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷിക മേഖലയ്‌ക്ക്‌ വലിയ സബ്‌സിഡി നല്‍കുന്നു. അതുകൊണ്ട്‌ നമുക്ക്‌ അവരുമായി മത്സരിക്കാനാകില്ല എന്നതായിരുന്നു വിമര്‍ശനം. ഇതില്‍ സാമ്പത്തികയുക്തിയുണ്ട്‌. തെക്ക്‌ കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള
കരാറാണ്‌ ആസിയാന്‍ കരാര്‍. വിയറ്റ്‌നാം, ശ്രീലങ്ക,
ഇന്തോനേഷ്യ, തായ്‌ലന്റ്‌ തുടങ്ങിയ രാജ്യങ്ങളുമായി 21-ാം നൂറ്റാണ്ടിലെ സാമ്പത്തിക സൂപ്പര്‍ പവര്‍ ആകും എന്നെല്ലാവരും അംഗീകരിക്കുന്ന ഇന്ത്യക്ക്‌ മത്സരിക്കാന്‍ എന്തിനാണ്‌ ഭയം?
നമ്മുടെ പല കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചേ മതിയാകൂ. റബര്‍ ഒഴികെയുള്ള മറ്റ്‌ നാണ്യവിളകളുടെ ഉല്‍പ്പാദനക്ഷമതയില്‍ നാം പിറകിലാണ്‌. കാര്‍ഷിക രംഗം രക്ഷപ്പെടാന്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, മൂല്യവര്‍ധന നടപ്പിലാക്കുക എന്നിവ മാത്രമാണ്‌ പോംവഴി.
മത്സരശേഷിയില്‍ ഏറ്റവും മുന്‍പന്തിയിലാണ്‌ മലയാളികള്‍ എന്ന്‌ നാം തെളിയിച്ചിട്ടുള്ളതാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്‌ത്‌ 31000 കോടി രൂപയോളം മലയാളികള്‍ എല്ലാ വര്‍ഷവും നാട്ടിലേക്കയയ്‌ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും സ്‌കാന്‍ഡിനേവിയയിലും ഗള്‍ഫ്‌ നാടുകളിലും ആഫ്രിക്കയിലും മത്സരിച്ച്‌ മുന്നേറുന്ന മലയാളിക്ക്‌ കേരളത്തില്‍ നിന്ന്‌ എന്തുകൊണ്ട്‌ മത്സരിക്കാനാകുന്നില്ല എന്നതാണ്‌ പ്രസക്തമായ ചോദ്യം. നമുക്ക്‌ തേങ്ങയിടാനും നെല്ല്‌ കൊയ്യാനും ആളെ കിട്ടുന്നില്ലെങ്കില്‍ പ്രശ്‌നം നമ്മുടേതാണ്‌. അല്ലാതെ ഏതെങ്കിലും അന്തര്‍ദേശീയ കരാറിന്റേതല്ല.
രണ്ട്‌ പരസ്യങ്ങളുടെ കഥ
പല കാര്‍ഷിക ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന മറ്റ്‌ സംസ്ഥാനങ്ങളില്‍ കേരളത്തിലേതു പോലുള്ള കോലാഹലങ്ങളൊന്നുമില്ല. ഇത്‌ നമ്മുടെ സമീപനത്തിന്റെ പ്രശ്‌നമാണ്‌. പൊട്ടക്കിണറ്റിലെ തവളയുടെ സമീപനം. ഈ സങ്കുചിത സമീപനത്തിലേക്കും ഇതിന്‌ വിരുദ്ധമായ ആധുനിക സമീപനത്തിലേക്കും വിരല്‍ചൂണ്ടുന്ന രണ്ട്‌ പരസ്യങ്ങളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ.
ആദ്യത്തേത്‌ കഴിഞ്ഞ ജൂലൈ 24ന്‌ മലയാള ദിനപത്രങ്ങളില്‍ കേരള സര്‍ക്കാര്‍ കൊടുത്ത മുഴുവന്‍ പേജ്‌ പരസ്യം:
`വ്യവസായ വകുപ്പ്‌ - കൈത്തറി/ഖാദി പ്രചരണം - എല്ലാ കേരളീയരും വാരാന്ത്യങ്ങളില്‍ പരമ്പരാഗത കൈത്തറി/ഖാദി വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന അഭ്യര്‍ത്ഥന അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു' എന്ന്‌ തുടങ്ങി
`ആണ്‍ - പെണ്‍ ശിശു വ്യത്യാസമില്ലാതെ മുഴുവന്‍ കേരളീയരും വാരാന്ത്യങ്ങളിലെങ്കിലും കൈത്തറി/ഖാദി വസ്‌ത്രങ്ങള്‍ ധരിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കണം' എന്ന ആഹ്വാനത്തോടെ അവസാനിക്കുന്നു.
സര്‍ക്കാര്‍ ഉത്തരവിലൂടെയും ആഹ്വാനത്തിലൂടെയും ജനങ്ങളുടെ അഭിരുചിയെയും സാമ്പത്തിക പെരുമാറ്റത്തെയും നിയന്ത്രിക്കാനാകും എന്ന വിശ്വാസത്തില്‍ നിന്ന്‌ ഉയരുന്നതാണ്‌ ഈ പരസ്യം. ക്വിറ്റ്‌ ഇന്ത്യ സമരത്തിന്റെയും വിദേശ വസ്‌ത്ര ബഹിഷ്‌കരണത്തിന്റെയും കാലമല്ലിത്‌. ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്‌ത്‌ നിര്‍മിക്കുന്ന 60000 കോടി രൂപയോളം വില വരുന്ന തുണിത്തരങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന കാലമാണിത്‌. ഒരു ഉപഭോക്താവ്‌ ഒരു ഉല്‍പ്പന്നം/ സേവനം വാങ്ങുമ്പോള്‍ അതില്‍ നിന്ന്‌ ലഭിക്കുന്ന ഉപയുക്തത മാത്രമെ കണക്കിലെടുക്കൂ. ഇതിനെ സാമ്പത്തികശാസ്‌ത്രത്തില്‍ Consumer rationality എന്ന്‌ പറയും. കേരള സര്‍ക്കാരിന്റെ ഉത്തരവിന്റെ സാമ്പത്തിക ശാസ്‌ത്രമനുസരിച്ച്‌ കുറേയേറെ പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാനാകും.
ഉദാഹരണത്തിന്‌: മലയാള സിനിമയെ രക്ഷിക്കാന്‍ ടൈറ്റാനിക്ക്‌ കാണരുത്‌, പകരം പട്ടണത്തില്‍ ഭൂതം കാണുക.
സംഗീത വ്യവസായത്തെ സംരക്ഷിക്കാന്‍ പോപ്‌ മ്യൂസിക്‌ വേണ്ട, പകരം കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ കേള്‍ക്കുക.
കുമ്പാരന്മാരുടെ ജോലി സംരക്ഷിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപേക്ഷിക്കുക, പകരം പഴയ മണ്‍കലം വാങ്ങിക്കുക.
ഇത്തരം സ്വദേശി പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ അപാരമാണ്‌! മുകളില്‍ പരാമര്‍ശിച്ച ഉത്തരവിറക്കുന്ന പല നേതാക്കന്മാരുടെയും ഐ.എ.എസ്‌ ഉദ്യോഗ്‌സഥരുടെയും മക്കളും പേരക്കുട്ടികളും ബഹുരാഷ്‌ട്ര കമ്പനികളില്‍ വിദേശത്ത്‌ ജോലി ചെയ്യുന്നവരാണെന്ന കാര്യം തല്‍ക്കാലം മറക്കുക.
ഇനി രണ്ടാമത്തെ പരസ്യത്തിലേക്ക്‌ വരാം. ജൂലൈ അവസാന വാരം ഇംഗ്ലീഷ്‌ പത്രങ്ങളിലും ഇംഗ്ലീഷ്‌ ചാനലുകളിലും വന്നഅദാനി പവര്‍ കമ്പനിയുടെ (Adani Power Company) യുടെ പരസ്യമാണിത്‌. 3000 കോടി രൂപ മൂലധന വിപണിയില്‍ നിന്ന്‌ സമാഹരിക്കാനായുള്ള ഓഹരി വില്‍പ്പനയുടെ പരസ്യമായിരുന്നു അത്‌. ഉദ്ദേശിച്ച തുകയുടെ 30 ഇരട്ടി തുകയ്‌ക്കുള്ള അപേക്ഷകളാണ്‌ വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നും കമ്പനിക്ക്‌ ലഭിച്ചത്‌. ഇന്ത്യയിലെ മൂന്ന്‌ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി നാല്‌ പ്രോജക്‌റ്റുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌ കമ്പനി. 2013 ഓടെ പ്രതീക്ഷിക്കുന്നത്‌ 9900 mw വൈദ്യുതി. ഇതില്‍ 6600 mw ഉല്‍പ്പാദനത്തിന്റെ പ്രോജക്‌റ്റുകള്‍ വിവിധ ഘട്ടങ്ങളിലായി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നമ്മുടെ കെ.എസ്‌.ഇ.ബിയുടെ മൊത്തം വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദനം 1600 mw ആണെന്ന്‌ അറിയുമ്പോഴാണ്‌ നമുക്ക്‌ ഷോക്കടിക്കുന്നത്‌.
ഇത്തരത്തിലുള്ള നിരവധി പ്രോജക്‌റ്റുകള്‍ ഇന്ത്യന്‍ വ്യവസായികള്‍ ഈ മാന്ദ്യകാലത്തും നടപ്പാക്കുന്നുണ്ട്‌. കേരള സര്‍ക്കാരിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സമീപനവും ഉയര്‍ന്നുവരുന്ന ഭാരതത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സമീപനവും മനസിലാക്കാന്‍ ഈ രണ്ട്‌ പരസ്യങ്ങള്‍ നോക്കിയാല്‍ മതി.
ആസിയാന്‍ കരാറിനോടുള്ള സമീപനം നമ്മുടെ സ്ഥിരം സമീപനത്തിന്റെ പ്രതിഫലനം മാത്രമാണ്‌. മലയാളികള്‍ ലോകമെമ്പാടും വിജയിച്ച്‌ മുന്നേറുമ്പോള്‍ കേരളത്തില്‍ നാം പൊട്ടക്കിണറ്റില്‍ നിന്ന്‌ വെളിയിലേക്ക്‌ ചാടാന്‍ തയാറല്ലെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നു.
(ഗുരുവായൂരിലെ ശ്രീകൃഷ്‌ണ കോളെജിലെ സാമ്പത്തിക ശാസ്‌ത്ര വിഭാഗം പ്രൊഫസറാണ്‌ ലേഖകന്‍)


കേരളം എന്ത്‌ ചെയ്യണം?
കരാറിനെ നേരിടാന്‍ കൃഷികളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തണം. അതിന്‌ കഴിഞ്ഞില്ലെങ്കില്‍, നമുക്ക്‌ മത്സരിക്കാന്‍ ശേഷിയുള്ള ഉല്‍പ്പന്ന,സേവന മേഖലകളിലേക്ക്‌ ശ്രദ്ധ തിരിക്കണം.

വി.ശാന്തകുമാര്‍
ഇന്ത്യ ആസിയാന്‍ രാജ്യങ്ങളുമായുണ്ടാക്കിയിട്ടുള്ള തുറന്ന വ്യാപാര ഉടമ്പടിക്കെതിരെ പ്രസ്‌താവനകളും സമരങ്ങളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ടല്ലോ. നമ്മള്‍ കരാറിനെ എതിര്‍ക്കുകയാണോ വേണ്ടത്‌? അതോ കേരളത്തിനെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്നു വിശദമായി വിലയിരുത്തി, അക്കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം സാധ്യമാണോ എന്ന്‌ ചര്‍ച്ച ചെയ്യുകയാണോ വേണ്ടത്‌.
ആസിയാന്‍ കരാര്‍ മലയാളിയുള്‍പ്പടെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും നേട്ടങ്ങളുണ്ടാക്കും. ഇപ്പോള്‍ ചരക്കുകളുടെ കാര്യത്തിലുണ്ടാക്കിയിട്ടുള്ള ഉടമ്പടി മൂലം 1000 കോടിയോളം രൂപയുടെ വ്യാപാരം വര്‍ധിക്കുമെന്നു കരുതപ്പെടുന്നു.

കോടീശ്വരന്മാരുടെ 7 ശീലങ്ങള്‍ നിങ്ങളും ശീലിക്കൂ, ധനികരാകാം


പോള്‍ റോബിന്‍സണ്‍
വ്യക്തിയുടെയും ബിസിനസിന്റെയും വളര്‍ച്ചയ്‌ക്ക്‌ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രശസ്‌ത മോട്ടീവേഷണല്‍ ട്രെയ്‌നറായ പോള്‍ റോബിന്‍സണിന്റെ ബെസ്റ്റ്‌ സെല്ലിംഗ്‌ ഓഡിയോ ബുക്കായ മണി മാഗ്‌നറ്റിസത്തില്‍ നിന്ന്‌ ഒരു ഭാഗം

നമുക്കേവര്‍ക്കും ഒരുപാട്‌ ശീലങ്ങളുണ്ട്‌. ഇവയെല്ലാം സൃഷ്‌ടിക്കുന്നത്‌ നാം തന്നെയാണ്‌. പക്ഷേ പിന്നീട്‌ ഈ ശീലങ്ങളാണ്‌ നമ്മെ പുനഃസൃഷ്‌ടിക്കുന്നത്‌. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും നിശ്ചയിക്കുന്നത്‌ ഈ ശീലങ്ങളാണ്‌. നമ്മുടെ ജീവിതം എന്തായിത്തീരുമെന്ന്‌ തീരുമാനിക്കുന്നതും ഈ പ്രവര്‍ത്തനങ്ങളാണ്‌. പണത്തിന്റെ കാര്യത്തിലും നമുക്കെല്ലാവര്‍ക്കും ഓരോ ശീലങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ നിക്ഷേപിക്കുന്ന കാര്യത്തിലും പണം ചെലവിടുന്ന കാര്യത്തിലുമെല്ലാം നാം പിന്തുടരുന്ന ശീലം. അല്‍ഭുതമെന്നു പറയട്ടെ പണത്തിന്റെ കാര്യത്തില്‍ നാം പിന്തുടരുന്ന ശീലങ്ങളാണ്‌ നമ്മെ ധനികരും ദരിദ്രരും ആക്കുന്നത്‌. ഇതില്‍ അതിശയോക്തിയുണ്ടെന്ന്‌ തോന്നാം. പക്ഷേ സത്യം അതാണ്‌. നാം നമ്മുടെ ശീലങ്ങളെക്കുറിച്ച്‌ വലുതായി ബോധവാന്മാരല്ല എന്നതാണ്‌ ഏറ്റവും ദുഃഖകരമായ സംഗതി.

ധനികര്‍ പണത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ശീലം നോക്കൂ. ദരിദ്രരില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണത്‌. ധനികര്‍ അവരുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന, പിന്തുടരുന്ന ശീലങ്ങളാണ്‌ അവരെ ധനികരാക്കി നിലനിര്‍ത്തുന്നതും. ധനികരുടെ ജീവിതം വിശകലനം ചെയ്‌താല്‍ അവരുടെ പ്രധാനപ്പെട്ട ഏഴ്‌ `മണി ഹാബിറ്റു'കളെ കണ്ടെത്താം. ഈ മണി ഹാബിറ്റുകളാണ്‌ ധനം ആര്‍ജിക്കാനും അത്‌ നിലനിര്‍ത്താനും അവരെ പ്രാപ്‌തമാക്കുന്നത്‌. ഇതാ ആ ഏഴ്‌ മണി ഹാബിറ്റുകള്‍.

1. ആദ്യം നിങ്ങള്‍ക്കു തന്നെ പണം നല്‍കൂ
ജോര്‍ജ്‌ ക്ലോവ്‌സണിന്റെ ബെസ്റ്റ്‌ സെല്ലറായ `ദി റിച്ചസ്റ്റ്‌ മാന്‍ ഓഫ്‌ ബാബിലോണി'ല്‍ പണം പലിശയ്‌ക്കു നല്‍കുന്നയാള്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്‌. ``നിങ്ങള്‍ സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം നിങ്ങള്‍ തന്നെ സൂക്ഷിക്കുക.'' മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആദ്യം നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേതനം നല്‍കുക. ബാബിലോണിയന്‍ ലോ ഓഫ്‌ ഫിനാന്‍ഷ്യല്‍ സക്‌സസ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

കൂടൂതല്‍ വ്യക്തമായി പറഞ്ഞാല്‍ ആഴ്‌ചയിലെ ഒരു ദിവസം സമ്പാദിക്കുന്നത്‌ നിങ്ങള്‍ നിങ്ങള്‍ക്കായി മാറ്റുക. അത്‌ ഫിനാന്‍ഷ്യല്‍ ഫ്രീഡം എക്കൗണ്ട്‌ എന്ന പേരില്‍ വക മാറ്റി സൂക്ഷിക്കുക. പെട്ടെന്ന്‌ എടുത്ത്‌ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാകരുത്‌ ഈ പണം സൂക്ഷിക്കേണ്ടത്‌. ഈ എക്കൗണ്ട്‌ നമ്പറിന്‌ ഒരു എ.റ്റി.എം കാര്‍ഡ്‌ പോലും വേണ്ട. ഈ സമ്പാദ്യം വളര്‍ന്ന്‌ പിന്നീടൊരു വരുമാനമായി മാറും. ഒരു നിമിഷം, ഈ ചോദ്യം നിങ്ങളോട്‌ തന്നെ ചോദിക്കൂ. എത്ര തവണ നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പണം നല്‍കിയിട്ടുണ്ട്‌?

100 പേരില്‍ വെറും അഞ്ചുപേര്‍ മാത്രമാണ്‌ ആദ്യം സ്വയം വേതനം നല്‍കുന്നവര്‍. മറ്റ്‌ 95 പേര്‍ എന്തുകൊണ്ട്‌ ഇത്‌ ചെയ്യുന്നില്ല? ഈ ചോദ്യം അവരോട്‌ ചോദിച്ചാല്‍ മറുപടിയിതാകും: അത്തരത്തില്‍ മാറ്റിവെക്കാന്‍ മാത്രം പണം എന്റെ കൈവശമില്ല. ``ആകെ ദാരിദ്ര്യമാണ്‌, എന്റെ കൈയില്‍ ബാക്കിയൊന്നുമില്ല,'' നിങ്ങള്‍ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമിത്‌. ഇനി ധനികരെ നോക്കൂ. അവര്‍ ഏറ്റവുമാദ്യം ശ്രദ്ധിക്കുന്നത്‌ അവരവരെ തന്നെയാണ്‌. അവര്‍ക്കറിയാം അവര്‍ ആടുന്ന നാടകത്തിലെ നായകന്‍ അവര്‍ തന്നെയാണെന്ന്‌. ദരിദ്രരാകട്ടെ സ്വന്തം ജീവിതത്തിലെ എക്‌സ്‌ട്രാ നടന്മാരുടെ സ്ഥാനമാണ്‌ സ്വയം കല്‍പ്പിച്ച്‌ സ്വന്തമാക്കിയിരിക്കുന്നത്‌. 
ധനികനാകണമെങ്കില്‍ ആദ്യം നിങ്ങള്‍ക്കു തന്നെ ചെക്കെഴുതൂ. രണ്ടാമതായി നിങ്ങളുടെ നികുതികള്‍ നല്‍കൂ. മൂന്നാമതായി ലൈഫ്‌സ്റ്റൈല്‍ ബജറ്റിനുള്ള തുക വക മാറ്റൂ. നാലാമതായി നിങ്ങളുടെ ബില്ലുകള്‍ക്കുള്ള തുക മാറ്റിവെക്കുക.

2. സമ്പാദിക്കുക, നിക്ഷേപിക്കുക
എന്തുകൊണ്ടാണ്‌ ചിലര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ പത്തുമടങ്ങ്‌ സമ്പാദിക്കുന്നത്‌? അവര്‍ പത്തുമടങ്ങ്‌ അധ്വാനശീലരായതുകൊണ്ടാണോ? അല്ലെങ്കില്‍ അവര്‍ പത്തുമടങ്ങ്‌ സ്‌മാര്‍ട്ടായതുകൊണ്ടോ? തീര്‍ച്ചയായും അല്ല. സമ്പന്നര്‍ പണം സമ്പാദിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നു. ഒപ്പം അത്‌ ബുദ്ധിപരമായി ചെലവിടുകയും ചെയ്യുന്നു.


ഭൂരിഭാഗം പേരും പറയുന്ന ഒന്നുണ്ട്‌. എനിക്ക്‌ സമ്പാദിക്കാന്‍ മാത്രം പണമില്ല. എന്നാല്‍ സമ്പാദ്യശീലം ആരംഭിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ എത്ര പണം കൈയില്‍ വരണം. സമ്പാദ്യം ഒരിക്കലും കൈയില്‍ വരുന്ന പണവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. അതൊരു ശീലമാണ്‌. ഒരു രൂപയാണ്‌ നിങ്ങള്‍ സമ്പാദിക്കുന്നതെങ്കില്‍ പോലും അതൊരു സമ്പാദ്യശീലമാണ്‌. ഇന്നു തന്നെ തുടങ്ങൂ സമ്പാദ്യശീലം. അതൊരു നിക്ഷേപക്കുടുക്കയിലൂടെയാകാം. എന്നാലും അത്‌ തുടങ്ങിയിരിക്കണം. നിങ്ങള്‍ക്ക്‌ ഒരുപാട്‌ പണം കിട്ടുമ്പോള്‍ നിക്ഷേപിക്കാമെന്ന്‌ ധരിക്കുന്നത്‌ തെറ്റാണ്‌. അത്‌ സാധിക്കില്ല. ഇപ്പോള്‍ ധനികരായവരോട്‌ നിങ്ങളൊന്നു ചോദിച്ചു നോക്കൂ. അവര്‍ പറയുക അവരുടെ ആദ്യകാല ചെറിയ ചെറിയ നിക്ഷേപങ്ങളെ കുറിച്ചാകും.

സമ്പന്നര്‍ ഓരോ പൈസയെയും പണം വിളയുന്ന മരത്തെ ഉള്ളിലൊതുക്കുന്ന വിത്തായാണ്‌ പരിഗണിക്കുക. അതുകൊണ്ട്‌ തന്നെ അവര്‍ പണത്തെ ബുദ്ധിപരമായി നിക്ഷേപിക്കുന്നു. പണം വീണ്ടും പണത്തെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. വിതയ്‌ക്കാന്‍ വെച്ചിരിക്കുന്ന വിത്തെടുത്ത്‌ അവര്‍ ഭക്ഷിക്കില്ല. എന്നാല്‍ ദരിദ്രരെ നോക്കൂ. അവര്‍ അപ്പപ്പോള്‍ മുന്നില്‍ വരുന്ന ആവശ്യങ്ങള്‍ക്കായി കൈയിലുള്ളതെല്ലാം ചെലവിടും. നിസ്വരായി തുടരും. സമ്പന്നരുടെ പണം പലമടങ്ങ്‌ വര്‍ധിക്കുന്നത്‌ കണ്ട്‌ അല്‍ഭുതം കൊണ്ട്‌ കണ്ണുമിഴിച്ച്‌ നില്‍ക്കും.
സാധാരണക്കാരെ അപേക്ഷിച്ച്‌ ധനികര്‍ അവരുടെ പണത്തെ വീക്ഷിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്‌. പണം സമ്പാദിക്കുക, ചെലവിടുക എന്നതിനേക്കാളുപരി പണത്തെ ഒരു മികച്ച നിക്ഷേപ ഉപകരണമായി ഇവര്‍ കാണുന്നു. പണം പലമടങ്ങ്‌ വര്‍ധിപ്പിക്കുകയെന്നതാണ്‌ ഇവരുടെ പ്രഥമ ലക്ഷ്യം. അതിനായി തികച്ചും കരുതലോടെയും ബുദ്ധിപരമായും ഇവര്‍ നിക്ഷേപം നടത്തുന്നു.
ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും തികച്ചും വ്യത്യസ്‌തമായ നിക്ഷേപ മാതൃകകളാണുള്ളത്‌. ഭൂരിഭാഗം പേരും നേടുന്നത്‌ പൂര്‍ണമായും ചെലവാക്കുന്നു. അപ്പോള്‍ അവരുടെ സമ്പാദ്യം വെറും പൂജ്യമായി മാറും. മാസാദ്യം കിട്ടുന്ന പണം മാസാവസാനത്തോടെ തീര്‍ന്നു പോകുന്നു. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക്‌ കടം വാങ്ങുന്നു. അത്‌ തീര്‍ക്കാന്‍ പറ്റാതെ വീണ്ടും കടം വാങ്ങുന്നു. ഇങ്ങനെ ഒന്നുമൊന്നും സമ്പാദിക്കാനാകാതെ അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.

എന്നാല്‍ സമ്പന്നര്‍ ഇങ്ങനെയല്ല. അവര്‍ നേടുന്ന പണത്തിന്റെ ഭൂരിഭാഗവും നിക്ഷേപിക്കുന്നു. നിങ്ങള്‍ക്കും സമ്പന്നനാകണോ അവരുടെ പാത പിന്തുടരൂ.
വരുമാനം വര്‍ധിക്കുന്തോറും ചെലവും വര്‍ധിക്കുമെന്നാണ്‌ പാര്‍ക്കിന്‍സണ്‍സ്‌ നിയമം പറയുന്നത്‌. എത്രത്തോളം കൂടുതല്‍ പണം നിങ്ങള്‍ സമ്പാദിക്കുന്നുവോ അത്രത്തോളം ചെലവും വര്‍ധിക്കും. എങ്ങനെ ഇതിനെ മറികടക്കും? അതിനായി ഇതാ മൂന്നാമത്തെ ശീലം.

3. മിതവ്യയം ശീലിക്കുക
മിതവ്യയം എന്നാല്‍ നിങ്ങളുടെ പണം ബുദ്ധിപൂര്‍വം വിനിയോഗിക്കുകയെന്ന്‌ സാരം. പണം ചെലവിടല്‍ എന്ന കലയില്‍ പ്രാവീണ്യം നേടുകയാണ്‌ സമ്പാദ്യശീലം തുടങ്ങുന്നതിന്‌ ആദ്യം വേണ്ടത്‌. ലോകത്തെ കോടീശ്വരന്മാരെ നോക്കൂ. അവരെല്ലാം ഇപ്പോഴും ലളിതജീവിതം നയിക്കുന്നവരാണ്‌. ഐക്കിയയുടെ സ്ഥാപകനായ ഇംഗ്‌വാര്‍ കംപ്രാഡ്‌ ഇപ്പോഴും തന്റെ 15 വര്‍ഷം പഴക്കമുള്ള വോള്‍വോയിലാണ്‌ സഞ്ചാരം. ലോകത്തെ മുന്‍നിര നിക്ഷേപകനും സമ്പന്നനുമായ വാറന്‍ ബുഫെ ഇപ്പോഴും 50 വര്‍ഷം മുമ്പ്‌ വാങ്ങിയ വീട്ടിലാണ്‌ താമസം. അസിം പ്രേംജിയും നാരായണ മൂര്‍ത്തിയുമെല്ലാം നയിക്കുന്നത്‌ ലളിത ജീവിതം തന്നെ.
അമേരിക്കന്‍ ഹാസ്യകാരനും നടനുമായ വില്‍ റോജേഴ്‌സ്‌ ഒരിക്കല്‍ പറഞ്ഞതുപോലെ ``കുറേയേറെ ആളുകള്‍ തങ്ങള്‍ ഒരിക്കലും സമ്പാദിക്കാത്ത കുറേ പണം ചെലവിടുന്നു, അവര്‍ക്കാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നു, അവര്‍ ഇഷ്‌ടപ്പെടാത്തവരില്‍ മതിപ്പുളവാക്കാന്‍ ശ്രമിക്കുന്നു.'' ഇതുതന്നെയല്ലേ നമുക്കു ചുറ്റും നടക്കുന്നത്‌. അമിതവ്യയശീലം നിങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കും.

മിതവ്യയശീലം വളര്‍ത്താന്‍ ആദ്യം നിങ്ങളുടെ ചെലവുകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതൂ. ഈ പട്ടികയില്‍ ആദ്യമുള്ളതിന്‌ ആദ്യം പണം ചെലവിടുക. ഒരു റഷ്യന്‍ പഴമൊഴിയുണ്ട്‌. `ചെലവിടാന്‍ പെട്ടെന്ന്‌ സാധിക്കും. സമ്പാദിക്കുകയെന്നത്‌ ദീര്‍ഘമായ കാര്യവും.' അതുകൊണ്ട്‌ പണം ചെലവിടേണ്ടി വരുമ്പോള്‍ അങ്ങേയറ്റം കരുതലോടെ പ്രവര്‍ത്തിക്കുക. ബുദ്ധിപരമായി തീരുമാനമെടുക്കുക.

ഇത്‌ പ്ലാസ്റ്റിക്‌ മണിയുടെ കാലമാണ്‌. എന്തും ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‍കി വാങ്ങുന്ന ശീലമാണേവര്‍ക്കും. അത്‌ നിര്‍ത്തുക. പണം നല്‍കി സാധനം വാങ്ങുക. കൈയില്‍ നിന്ന്‌ പണം കൊടുക്കുമ്പോള്‍ വാങ്ങുന്ന സാധനം നിങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ തന്നെയാണോയെന്ന്‌ രണ്ടാമതൊന്ന്‌ ചിന്തിക്കും. കടത്തിന്റെ മുകളില്‍ കടം കയറ്റുന്ന രീതിയും ഒഴിവാക്കുക. ഒരിക്കലും നിങ്ങള്‍ക്ക്‌ ആ ചുഴിയില്‍ നിന്ന്‌ മോചിതരാകാന്‍ സാധിക്കില്ല. ഒരു ചെറിയ ചെലവ്‌ പോലും സൂക്ഷിച്ച്‌ ചെയ്യുക. കാരണം ഒരു കപ്പല്‍ മുങ്ങാന്‍ ചെറിയൊരു ലീക്ക്‌ മതി.
ചെറിയൊരു കടമുണ്ടെങ്കില്‍ അത്‌ കുഴിച്ച്‌ വലുതാക്കാന്‍ നോക്കാതെ തീര്‍ക്കാന്‍ നോക്കുക. കുറെ കടങ്ങളുള്ളവര്‍ ചെറിയ ചെറിയ കടങ്ങള്‍ ആദ്യം തീര്‍ക്കുക. അതോടെ ആത്മവിശ്വാസം വരും. വാങ്ങിയ സാധനങ്ങളുടെ പട്ടിക നോക്കാതെ തീര്‍ത്ത കടങ്ങളുടെ പട്ടിക മുന്നില്‍ കാണുമ്പോള്‍ സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും തിരികെയെത്തും. വലിയ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന്‌ പണം വാങ്ങാതെയിരിക്കുക. മിതവ്യയം എന്നതിന്‌ സ്വന്തമായൊരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ വേണമെന്ന അര്‍ത്ഥം കൂടിയുണ്ട്‌. ഒരു റിട്ടയര്‍മെന്റ്‌ പദ്ധതി വേണം. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറച്ച്‌ പണം മാറ്റിവെക്കണം. സമ്പന്നര്‍ക്ക്‌ ഒരു സേഫ്‌റ്റി ഡിപ്പോസിറ്റ്‌ ബോക്‌സ്‌ കാണും എപ്പോഴും. അടിയന്തരഘട്ടങ്ങളില്‍ വിനിയോഗിക്കുന്നതിനുള്ള പണമാണ്‌ ഇതില്‍ നിക്ഷേപിക്കുക.

4. സ്വന്തം കാര്യത്തില്‍ ശ്രദ്ധയൂന്നുക 
സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ നിങ്ങളുടെ ജോലിയോ ബിസിനസോ ആണ്‌. സ്വര്‍ണമുട്ടയിടുന്ന താറാവാണ്‌ ഇത്‌. അതിനെ കൊല്ലരുത്‌. ജോലിയാണെങ്കിലും ബിസിനസാണെങ്കിലും അതില്‍ അനുനിമിഷം ഉയരാന്‍ നോക്കുക. അതുവഴി കൂടുതല്‍ സമ്പാദിക്കാനാകും. ബിസിനസ്‌ വളര്‍ത്താന്‍ വിഷന്‍ വേണം. എല്ലാ ധനികരും വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്‌. അവരെപ്പോഴും തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ പ്രചോദിതരായിരിക്കും. ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച്‌ തലപുകച്ച്‌ നടക്കില്ല ഇവര്‍. ധനികര്‍ എപ്പോഴും അവരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. എപ്പോഴും മെച്ചപ്പെടാനുള്ള അവസരങ്ങളുണ്ട്‌. നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കൂ. ലക്ഷ്യങ്ങള്‍ പിറകെ വരും. ഒരിക്കലും പാതിവഴിയില്‍ വെച്ച്‌ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കരുത്‌. ഒപ്പം അച്ചടക്കവും ആസൂത്രണവും ശീലിക്കുക. ധനികര്‍ അവരുടെ പണവും ഊര്‍ജവും സ്വാധീനവുമെല്ലാം ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ്‌ ഉപയോഗിക്കുക. അവര്‍ക്ക്‌ കൃത്യമായ സാമ്പത്തിക ആസൂത്രണവും ഉണ്ടാകും. ഇവര്‍ സാമ്പത്തിക വിദഗ്‌ധരുടെ ഉപദേശങ്ങളും സ്വീകരിക്കും.

5. വിശദമായി പഠിച്ച ശേഷം റിസ്‌കെടുക്കുക
സാമ്പത്തികമായി വളരെ ഉയര്‍ന്നതലത്തിലുള്ളവര്‍, പ്രത്യേകിച്ച്‌ സ്വന്തം പ്രയത്‌നത്താല്‍ ധനികരായവര്‍ക്ക്‌ ഒരു പരിധിവരെയുള്ള തിരിച്ചടികള്‍ താങ്ങാന്‍ ശേഷിയുണ്ടാകും. ഒരു തിരിച്ചടി വന്നാല്‍ അതിന്റെ മറുവശത്തെ സാധ്യതയാകും ഇവര്‍ കാണുക. അത്‌ മുതലെടുക്കുകയും ചെയ്യും. വരാനിടയുള്ള പരമാവധി നഷ്‌ടം കൂടി പരിഗണിച്ചശേഷമാകും ഇവര്‍ റിസ്‌കെടുക്കുക. ഇക്കാര്യത്തില്‍ സാമാന്യബുദ്ധി പ്രയോഗിച്ചാല്‍ മതി. റിസ്‌ക്‌ മാനേജ്‌ ചെയ്യാന്‍ ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍.

വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്‌ പരമാവധി അറിവുകള്‍ ശേഖരിക്കുക
എല്ലാ മുട്ടയും ഒരു കുട്ടയില്‍ സൂക്ഷിക്കാതിരിക്കുക
ചവയ്‌ക്കാന്‍ പറ്റാത്തത്ര സാധനങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കാതിരിക്കുക
സ്വന്തമായി ബിസിനസ്‌ ചെയ്യാത്തവരെ വിശ്വസിക്കരുത്‌
സ്വന്തമായി ജോലി ചെയ്യാത്ത ബോസിനെയും വിശ്വസിക്കരുത്‌.
നിങ്ങള്‍ക്കറിയാത്ത ബിസിനസ്‌ ചെയ്യരുത്‌.
എളുപ്പത്തില്‍ ധനികനാകാനുള്ള വഴി കേള്‍ക്കുമ്പോള്‍ മനസിലോര്‍ക്കുക അതില്‍ ചതിക്കുഴി കാണും.
ഓര്‍ക്കുക, നിങ്ങളുടെ ഹാര്‍വാര്‍ഡ്‌ എം.ബി.എ ബിരുദത്തേക്കാള്‍ വലുത്‌ സാമാന്യബുദ്ധിയാണ്‌. നിങ്ങളുടെ ആത്മധൈര്യത്തില്‍ വിശ്വസിക്കൂ. നിങ്ങളുടെ ഉള്ളില്‍ നിന്നുള്ള ശബ്‌ദത്തിന്‌ കാതോര്‍ക്കൂ. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട്‌ പദ്ധതി ആവിഷ്‌കരിക്കുക. എല്ലാം നല്ലതായി ഭവിക്കുമെന്ന്‌ വിശ്വസിക്കുക. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സി.ഐ.എ പിന്തുടരുന്ന ഒരു നയമുണ്ട്‌. ``നല്ലത്‌ മാത്രം സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കുക, ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട്‌ ആസൂത്രണം നടത്തുക.'' ഒരേ സമയം പ്രായോഗികവാദിയും ശുഭാപ്‌തിവിശ്വാസിയും ആകുക''

വെറും 10,000 രൂപയ്‌ക്ക്‌ തുടങ്ങാവുന്ന 10 ബിസിനസുകള്‍

1. സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്‌? ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ്‌ സെല്ലിംഗ്‌. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്‌.
എങ്ങനെ തുടങ്ങാം? ആദ്യം ഏതുല്‍പ്പന്നമാണ്‌ വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കുക. വാട്ടര്‍ പ്യൂരിഫയറോ ഇന്‍ഡക്ഷന്‍ കുക്കിംഗ്‌ സിസ്റ്റമോ ക്ലീനിംഗ്‌ വസ്‌തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ ഉല്‍പ്പന്നങ്ങളോ ആകാം. ആ ഉല്‍പ്പന്നത്തിന്റെ മൊത്ത വ്യാപാരിയുമായോ ഉല്‍പ്പാദകനുമായോ ബന്ധപ്പെടുക. നിങ്ങളുടെ നഗരത്തിലെ യെല്ലോ പേജ്‌ പോലുള്ള ഡയറക്‌റ്ററികള്‍ പരിശോധിക്കുക. വ്യാപാര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുക. ഉല്‍പ്പന്നം വന്‍തോതില്‍ ശേഖരിച്ചുവെക്കേണ്ട ആവശ്യമൊന്നുമില്ല. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ലഘുലേഖകള്‍, സാമ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചുപോലും പ്രവര്‍ത്തനം തുടങ്ങാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ ലോഗോ പതിപ്പിച്ച ഗിഫ്‌റ്റ്‌ ആര്‍ട്ടിക്കിളുകള്‍ വന്‍തോതില്‍ ആവശ്യമുണ്ട്‌. ഇതിനു പറ്റുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക. അവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മനോഹരമായ കാറ്റലോഗുകള്‍ തയാറാക്കുക. അത്‌ സ്ഥാപനങ്ങളെ കാണിച്ച്‌ ഓര്‍ഡറുകള്‍ നേടാം. ഇത്തരം കാറ്റലോഗുകള്‍ ചുരുങ്ങിയ ചെലവില്‍ തയാറാക്കാന്‍ ഇന്ന്‌ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്‌.
മുടക്കുമുതല്‍
സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌ പോലുള്ള സ്റ്റേഷനറി വസ്‌തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്‌സ്‌ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്‌ക്കുള്ളതാണ്‌. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്‌സ്‌ നിങ്ങള്‍ക്ക്‌ കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും.
എന്തു വരുമാനം ലഭിക്കും?
ഓരോ വില്‍പ്പനയില്‍ നിന്നും നിങ്ങള്‍ക്ക്‌ ലഭിക്കുന്ന മാര്‍ജിനാണ്‌ നിങ്ങളുടെ വരുമാനത്തെ നിര്‍ണയിക്കുന്നത്‌. ഓരോ വില്‍പ്പനയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ മൊത്തമായി വില്‍ക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 10000 - 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ്‌ വളരുമ്പോള്‍ സ്വന്തമായി ഓഫീസ്‌ തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന്‌ രൂപയുടെ വരുമാനം ഉണ്ടാക്കാം. സെല്ലിംഗ്‌ എന്ന ജോലിയോട്‌ നിങ്ങള്‍ക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ഇതിലേക്ക്‌ ഇറങ്ങാവൂ. തുടക്കത്തില്‍ സ്വന്തം വീട്‌ കേന്ദ്രീകരിച്ചുതന്നെ ബിസിനസ്‌ ആരംഭിക്കാം. മികച്ച ആദായം നേടാനും വളരാനും വൈവിധ്യവല്‍ക്കരിക്കാനും ഏറെ സാധ്യതയുള്ള ബിസിനസ്‌ ആണ്‌ ഇത്‌.

2. പ്രൊഫഷണല്‍ സേവനംനിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു എക്കൗണ്ടന്റ്‌ ആണെങ്കില്‍ ബുക്ക്‌ കീപ്പിംഗ്‌, ടാക്‌സ്‌ റിട്ടേണ്‍സ്‌, ബാലന്‍സ്‌ ഷീറ്റ്‌, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ്‌, ഇന്‍കം സ്റ്റേറ്റ്‌മെന്റ്‌ തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക്‌ ഫീസ്‌ വാങ്ങി അത്‌ നല്‍കാം.
എങ്ങനെ തുടങ്ങാം? 
ആകര്‍ഷകമായ ബിസിനസ്‌ കാര്‍ഡും നിങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ്‌ ബ്രോഷറും തയാറാക്കുക. നികുതി, എക്കൗണ്ടിഗ്‌ സംബന്ധിയായ സേവനം ആവശ്യമുള്ളവരുടെ അടുത്ത്‌ അത്‌ എത്തിക്കുക. മിക്ക ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം സേവനം ആവശ്യമുണ്ട്‌.
മുടക്കുമുതല്‍
തുടക്കത്തില്‍ പ്രാദേശികതലത്തില്‍ പരസ്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ സേവനങ്ങളെ സംബന്ധിക്കുന്ന ബ്രോഷറുകളും മറ്റും ആളുകളില്‍ എത്തിക്കാനും പണം മുടക്കണം. ഏതാനും ഇടപാടുകാരെ കിട്ടിയാല്‍ അവരുടെ അടുത്തുനിന്ന്‌ കൂടുതല്‍ ഇടപാടുകാര്‍ക്കായി റഫറന്‍സ്‌ ചോദിക്കാം. ഈ രംഗത്ത്‌ ആദരവ്‌ പിടിച്ചുപറ്റുകയാണ്‌ ഏറ്റവും പ്രധാനം. ഏറ്റവും മികച്ച സേവനം നല്‍കി ഇടപാടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാല്‍ മാത്രമേ ഇത്തരം ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ.
?എന്തു വരുമാനം ലഭിക്കും
10,000 രൂപ മുതല്‍ 50,000 രൂപ വരെ പ്രതിമാസം വരുമാനം നേടാം. കൂടുതല്‍ ഇടപാടുകാരെ കിട്ടുന്നതോടെ കൂടുതല്‍ ആളുകളെ നിയമിച്ച്‌ ഇത്‌ നിങ്ങള്‍ക്ക്‌ ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കാം. വെബ്‌ ഡിസൈനിംഗ്‌, ഗ്രാഫിക്‌ ഡിസൈനിംഗ്‌, വാസ്‌തു കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സ്വന്തം വീട്‌ ആസ്ഥാനമാക്കി ഇത്തരം ബിസിനസ്‌ ചെയ്യാം.

3. ഹോം ട്യൂട്ടറിംഗ്‌നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോടുള്ള അസംതൃപ്‌തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണല്ലോ. ഹോം ട്യൂട്ടറിംഗിന്‌ ഇത്‌ വന്‍ സാധ്യതയാണ്‌ ഒരുക്കുന്നത്‌. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ ട്യൂഷന്‌ പ്രാപ്‌തരായവരെ കിട്ടാതെ വിഷമിക്കുകയാണ്‌ മിക്ക മാതാപിതാക്കളും. കണക്ക്‌, ഇംഗ്ലീഷ്‌, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന്‌ ഇന്ന്‌ മിക്ക കുട്ടികള്‍ക്കും ട്യൂഷന്‍ അനിവാര്യമാണ്‌. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ്‌ ആരംഭിക്കാം.
എങ്ങനെ തുടങ്ങാം? പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച്‌ നല്ല പരിജ്ഞാനമുള്ള ഒരു പ്രൊഫഷണലായിരിക്കണം നിങ്ങള്‍. സമീപത്തുള്ള സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട്‌ നിങ്ങളുടെ സേവനം വാഗ്‌ദാനം ചെയ്യാം. താല്‍പ്പര്യമുള്ള മാതാപിതാക്കളെ കണ്ടെത്താന്‍ സ്‌കൂളുകള്‍ സഹായിക്കും. നിങ്ങളുടെ വീട്ടിലോ വാടകയ്‌ക്ക്‌ എടുത്ത സ്ഥലത്തോ ഒരു മുറി ആവശ്യമാണ്‌. ഒരോരുത്തര്‍ക്കും പ്രത്യേകം ട്യൂഷന്‍ നല്‍കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സമയം അതിനനുസരിച്ച്‌ ക്രമീകരിക്കുക.
മുടക്കുമുതല്‍
നിങ്ങളുടെ സേവനത്തെക്കുറിച്ച്‌ മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള ലഘുലേഖകള്‍ തയാറാക്കുന്നതിനും പ്രാദേശികമായി പരസ്യം നല്‍കുന്നതിനും ബ്ലാക്ക്‌ ബോര്‍ഡ്‌, മാര്‍ക്കര്‍ തുടങ്ങിയവ വാങ്ങുവാനും പണം ചെലവാക്കണം.
എന്തു വരുമാനം ലഭിക്കും?
മാസം 5000 രൂപ മുതല്‍ 25000 രൂപ വരെ വരുമാനം നേടാം. ഡാന്‍സ്‌, സംഗീതം, സ്‌പോര്‍ട്‌സ്‌ തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക്‌ വീട്ടില്‍ തന്നെ ചെറിയ ടാലന്റ്‌ സ്‌കൂള്‍ തുടങ്ങാം. എയ്‌റോബിക്‌സ്‌, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.

4. ബെഡ്‌ ആന്‍ഡ്‌ ബ്രേക്ക്‌ഫാസ്റ്റ്‌നിങ്ങളുടെ വീട്ടില്‍ അറ്റാച്ച്‌ഡ്‌ ബാത്ത്‌ റൂമും പുറത്തേക്ക്‌ വാതിലുമുള്ള ഒരു മുറിയുണ്ടോ? ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനോ കടലിനോ പുഴയ്‌ക്കോ തടാകത്തിനോ മലയ്‌ക്കോ വെള്ളച്ചാട്ടത്തിനോ അടുത്താണോ നിങ്ങളുടെ വീട്‌? ആതിഥേയ വ്യവസായ രംഗത്തേക്ക്‌ ബെഡ്‌ ആന്‍ഡ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ ബിസിനസിലൂടെ നിങ്ങള്‍ക്കും ചുവടുവെക്കാം.
എങ്ങനെ തുടങ്ങാം? 
മുറിയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. 24 മണിക്കൂറും വെള്ളവും വൈദ്യുതിയും ഉണ്ടായിരിക്കണം. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്‌ ഇതാണ്‌. 250 മുതല്‍ 500 രൂപ വരെ വാടകയ്‌ക്ക്‌ മുറി നല്‍കാം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ അയല്‍ വീട്ടുകാരോടും ഇതേപോലെ മുറികള്‍ സജ്ജമാക്കാന്‍ പറയുക. നിങ്ങള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ലഭിച്ചാല്‍ അയല്‍ വീട്ടുകാര്‍ക്കും നല്‍കാം. അങ്ങനെ നിങ്ങള്‍ക്ക്‌ ബെഡ്‌ ആന്‍ഡ്‌ ബ്രേക്ക്‌ ഫാസ്റ്റിന്റെ ചെയ്‌ന്‍ തന്നെ ഉണ്ടാക്കാം. താമസിക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. കൂടുതല്‍ കാലം താമസിക്കുന്നവര്‍ക്ക്‌ വാടകയില്‍ ഇളവ്‌ നല്‍കുക. അവരെ ദീര്‍ഘകാലം താമസിക്കുന്ന പേയിംഗ്‌ ഗസ്റ്റുകളാക്കി മാറ്റുകയും ആവാം. എല്ലാം നിങ്ങള്‍ നല്‍കുന്ന സുഖസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മുടക്കുമുതല്‍
മുറി നവീകരിക്കുന്നതിനോ ടോയ്‌ലറ്റ്‌ മോടിപിടിപ്പിക്കുന്നതിനോ പണം വേണ്ടിവരും. പ്രാദേശിക പത്രങ്ങളില്‍ ക്ലാസിഫൈഡ്‌ പരസ്യം നല്‍കാനും ചെലവ്‌ വരും.
എന്തു വരുമാനം ലഭിക്കും?
വാടകയ്‌ക്ക്‌ നല്‍കാനായി എത്ര മുറികള്‍ ഉണ്ടോ അതിന്‌ അനുസരിച്ച്‌ വരുമാനവും കൂടും. പ്രതിമാസം 5000 മുതല്‍ 30000 രൂപ വരെ നേടാം.

5. കണ്‍സള്‍ട്ടന്‍സി
റിയല്‍ എസ്റ്റേറ്റ്‌, ഓട്ടോമൊബീല്‍, കരിയര്‍, മാട്രിമോണിയല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന്‌ വിപുലമായ സാധ്യതകളാണ്‌ ഉള്ളത്‌. ഏതു മേഖലയിലാണ്‌ നിങ്ങള്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത്‌ ആ മേഖലയിലെ വിപുലമായ ഡാറ്റ ശേഖരമാണ്‌ ഈ രംഗത്ത്‌ നിങ്ങളുടെ വിജയത്തെ നിര്‍ണയിക്കുന്നത്‌.
എങ്ങനെ തുടങ്ങാം? 
റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലാണ്‌ നിങ്ങള്‍ കണ്‍സള്‍ട്ടന്റാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എവിടെയാണോ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്‌ ആ പ്രദേശങ്ങളിലെ വില്‍ക്കാനും വാടകയ്‌ക്ക്‌ നല്‍കാനുമുള്ള സ്ഥലങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കണം. പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ സേവനത്തെക്കുറിച്ച്‌ പ്രാദേശിക പത്രങ്ങളില്‍ ചെറിയ പരസ്യങ്ങള്‍ നല്‍കാം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കാം. കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക എന്നത്‌ വളരെ ലളിതമാണ്‌. മിക്ക ആളുകളും എങ്ങനെ ചെയ്യുന്നു എന്നും അതിനേക്കാള്‍ കൂടുതല്‍ മികവോടെ നിങ്ങള്‍ക്ക്‌ എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മനസിലാക്കുക. മറ്റുള്ളവര്‍ക്ക്‌ എങ്ങനെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന്‌ പറഞ്ഞ്‌ കൊടുക്കുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുക. കണ്‍സള്‍ട്ടിംഗ്‌ ബിസിനസിന്റെ ആണിക്കല്ല്‌ എന്നത്‌ നെറ്റ്‌വര്‍ക്കിംഗ്‌ ആണ്‌. നിങ്ങള്‍ക്ക്‌ പരിചയമുള്ള എല്ലാവരോടും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന സേവനത്തെക്കുറിച്ച്‌ പറയാം. അത്തരം സേവനങ്ങള്‍ ഒരിക്കലെങ്കിലും ആവശ്യമില്ലാത്തവര്‍ ആരുമുണ്ടാകില്ല. വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിച്ചുള്ള ഒരു ബിസിനസാണിത്‌. കൂടിയാലോചനകള്‍ നടത്തി വിജയിപ്പിക്കാനും, നേടിയെടുക്കുന്നതുവരെ ഒരു കാര്യത്തെ നിരന്തരം പിന്തുടരാനും മറ്റുള്ളവര്‍ പറയുന്നത്‌ ക്ഷമയോടെ കേള്‍ക്കാനുമൊക്കെയുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുക.
മുടക്കുമുതല്‍
പ്രാദേശിക ദിനപത്രങ്ങളില്‍ നല്‍കുന്ന ക്ലാസിഫൈഡ്‌ പരസ്യം വഴിയാണ്‌ മിക്കവാറും കണ്‍സള്‍ട്ടന്‍സി ബിസിനസ്‌ പ്രവര്‍ത്തിക്കുന്നത്‌. വാങ്ങുന്നവര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഒരുമിക്കാനുള്ള ഒരു മാധ്യമമായി നിങ്ങള്‍ മാറുകയാണ്‌ ചെയ്യുന്നത്‌.
എന്തു വരുമാനം ലഭിക്കും?
റിയല്‍ എസ്റ്റേറ്റ്‌, മാട്രിമോണിയല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. കാരണം ഈ മേഖലയില്‍ വന്‍ തുകയ്‌ക്കുള്ള ഇടപാടുകളാണ്‌ നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന്‌ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം പ്രതിമാസം ഉണ്ടാക്കാം.
6. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ സംരംഭംനെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ ബിസിനസ്‌ ലോകമൊട്ടാകെ അനുദിനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ബിസിനസ്‌ ആണ്‌. ഇന്ത്യയില്‍ നൂറുകണക്കിന്‌ എം.എല്‍.എം കമ്പനികള്‍ ഉണ്ട്‌. ഏതെങ്കിലും കമ്പനിയില്‍ ചേരുംമുമ്പ്‌ കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ച്‌ ഉറപ്പുവരുത്തിയിരിക്കണം. കൂടുതല്‍ ആളുകളുമായി ഇടപഴകാനുള്ള നിങ്ങളുടെ കഴിവും കൂടുതല്‍ പേരെ നിങ്ങളുടെ സംഘത്തിലേക്ക്‌ ചേര്‍ക്കാനുള്ള കഴിവുമാണ്‌ ഈ ബിസിനസിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക്‌ വിശ്വാസമുണ്ടായിരിക്കണം. അതേക്കുറിച്ച്‌ ആധികാരികമായി നിങ്ങള്‍ക്ക്‌ മറ്റുള്ളവരോട്‌ സംസാരിക്കാന്‍ സാധിക്കണം.

ഇന്‍ഫോസിസിനു ജന്മം നല്‍കിയത്‌ കമ്യൂണിസം


കേവലം യാദൃച്ഛികതയില്‍ നിന്നും അതോടൊപ്പം ഒരു മനുഷ്യന്റെ സ്വപ്‌നഭ്രംശങ്ങളില്‍ നിന്നും ഒരു മഹാപ്രസ്ഥാനം പിറക്കുക - ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്‌ ആരും മൂക്കത്തു വിരല്‍ വെച്ചുപോകുന്ന ചരിത്രം ഇന്ത്യയിലെ ഭീമന്‍ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന്റേതാണ്‌. കമ്മ്യൂണിസത്തെക്കുറിച്ച്‌ അല്‍പം ആശങ്കയോടെയെങ്കിലും സുന്ദര സ്വപ്‌നങ്ങള്‍ മെനഞ്ഞിരുന്ന ഒരു സാധാരണക്കാരനായ എന്‍.ആര്‍.നാരായണമൂര്‍ത്തിയെ സ്വന്തം ജീവിതത്തിലെ അതിതീവ്രമായ ചില അനുഭവങ്ങള്‍ വല്ലാതെ പിടിച്ചുലയ്‌ക്കുന്നേടത്താണു ഇന്‍ഫോസിസിന്റെ വിത്തു മുളയ്‌ക്കുന്നത്‌.

യാദൃച്ഛികതയിലാണു തുടക്കം. 1968ലെ ഒരു ഞായറാഴ്‌ച. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ കണ്‍ട്രോള്‍ തിയറി വിദ്യാര്‍ത്ഥിയായാണു മൂര്‍ത്തി. പ്രഭാത ഭക്ഷണ സമയത്ത്‌ ഒരു പ്രമുഖ കംപ്യൂട്ടര്‍ ശാസ്‌ത്രജ്ഞനെ കണ്ടുമുട്ടി. യു.എസിലെ പ്രമുഖ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം അവധിക്കാലം ചെലവിടാന്‍ എത്തിയതായിരുന്നു. കംപ്യൂട്ടര്‍ സയന്‍സ്‌ മേഖലയിലെ പുരോഗതികളെ കുറിച്ച്‌ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോടു സംവദിക്കുകയായിരുന്ന അദ്ദേഹം തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റവും സ്വാധീനിച്ചതു മൂര്‍ത്തിയെ തന്നെ. പ്രാതല്‍ കഴിച്ച ഉടന്‍ ലൈബ്രറിയിലെത്തി അദ്ദേഹം വായിക്കാന്‍ നിര്‍ദേശിച്ച നാലോ അഞ്ചോ പ്രബന്ധങ്ങള്‍ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ത്ത മൂര്‍ത്തി പുറത്തേക്കിറങ്ങിയത്‌ നിശ്ചയ ദാര്‍ഢ്യത്തോടെ തന്നെയായിരുന്നു. അങ്ങനെ കംപ്യൂട്ടര്‍ സയന്‍സ്‌ പഠിക്കാന്‍ തീരുമാനിച്ചു.

ആ കാലത്തേക്കു തിരിച്ചുപോകുമ്പോള്‍ ഒരു മാതൃകാ പുരുഷനു നമ്മെ എത്രമാത്രം സ്വാധീനിക്കാന്‍ സാധിക്കുമെന്നു താന്‍ ചിന്തിച്ചുപോകുന്നുവെന്നാണ്‌ ഈ സംഭവത്തെ കുറിച്ചു മൂര്‍ത്തി പിന്നീടു പ്രതികരിച്ചിട്ടുള്ളത്‌. ഗുണകരമായ ഉപദേശങ്ങള്‍ ലഭിക്കുക പലപ്പോഴും അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാകാമെന്നും, ചില അപ്രതീക്ഷിത സംഭവങ്ങള്‍ പുതിയ വാതിലുകള്‍ തുറന്നുതന്നേക്കാമെന്നും ഈ സംഭവത്തിലൂടെ തിരിച്ചറിഞ്ഞുവെന്ന്‌ അദ്ദേഹം വിലയിരുത്തുന്നു.

ആ 72 മണിക്കൂറുകള്‍മറക്കാനാവാത്ത മറ്റൊരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായത്‌ 1974ലാണ്‌. പഴയ യുഗോസ്ലാവിയയുടെയും ഇപ്പോഴത്തെ സെര്‍ബിയയുടെയും ബള്‍ഗേറിയയുടെയും അതിര്‍ത്തിഗ്രാമത്തിലൂടെ ഒരു യാത്രയിലായിരുന്നു നാരായണ മൂര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ നിസ്‌ റെയില്‍വേ സ്റ്റേഷനിലെത്തി. ഭക്ഷണശാല അടച്ചിരുന്നതിനാല്‍ ഭക്ഷണം ലഭിച്ചില്ല. അടുത്ത ദിവസമാകട്ടെ ബാങ്ക്‌ അവധിയായിരുന്നു. കയ്യില്‍ പ്രാദേശിക കറന്‍സി ഇല്ലാതിരുന്നതിനാല്‍ ഒന്നും വാങ്ങിക്കഴിക്കാനായില്ല. രാത്രി 8.30ന്‌ ട്രെയിന്‍ വരുന്നതുവരെ പ്‌ളാറ്റ്‌ഫോമില്‍ കിടന്നുങ്ങുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. കംപാര്‍ട്ട്‌മെന്റില്‍ മൂര്‍ത്തിക്കുപുറമേ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂര്‍ത്തി പെണ്‍കുട്ടിയുമായി ഫ്രഞ്ച്‌ ഭാഷയില്‍ സംസാരം തുടങ്ങി. ബള്‍ഗേറിയയിലെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തെ ഉദ്ദേശിച്ച്‌, ഇരുമ്പുമറയ്‌ക്കുള്ളില്‍ കഴിഞ്ഞു മടുത്തുവെന്ന്‌ അവള്‍ പറഞ്ഞു. ഒരു പോലീസുകാരനെത്തി ചോദ്യം ചെയ്യുന്നതുവരെ അവര്‍ ചര്‍ച്ച തുടര്‍ന്നു. കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന യുവാവാണ്‌ പൊലീസിനെ വിളിച്ചുവരുത്തിയതെന്നു പിന്നീടു വ്യക്തമായി. മൂര്‍ത്തിയും പെണ്‍കുട്ടിയും ബള്‍ഗേറിയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന തോന്നലാണു യുവാവിനെ പ്രകോപിപ്പിച്ചത്‌.

പൊലീസ്‌ പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തുകയും ബാഗുകള്‍ പിടിച്ചെടുത്തശേഷം മൂര്‍ത്തിയെ പ്‌ളാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു വളരെ ചെറിയ ഒരു മുറിയില്‍ കൊണ്ടുചെന്നു തള്ളുകയും ചെയ്‌തു. പ്രാഥമികാവശ്യങ്ങള്‍ക്കായി മൂലയില്‍ ഒരു കുഴി മാത്രമുള്ള ആ മുറിയില്‍ അദ്ദേഹത്തെ 72 മണിക്കൂറിലേറെ പാര്‍പ്പിച്ചു. പുറംലോകം കാണാന്‍ ഇനി അവസരം ലഭിക്കില്ലെന്നു മൂര്‍ത്തി സംശയിച്ചുതുടങ്ങിയ സമയത്ത്‌ അപ്രതീക്ഷിതമായാണ്‌ വാതില്‍ തുറക്കപ്പെട്ടത്‌. പിന്നെയും വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഒരു ചരക്കുവണ്ടിയിലെ ഗാര്‍ഡിന്റെ കംപാര്‍ട്ട്‌മെന്റിലേക്കു തള്ളിയിട്ടു. 20 മണിക്കൂര്‍ കൊണ്ട്‌ വണ്ടി ഇസ്‌താന്‍ബൂളില്‍ എത്തുമെന്നും അവിടെ വച്ചു സ്വതന്ത്രനാക്കുമെന്നും അറിയിച്ചു. സുഹൃദ്‌ രാഷ്‌ട്രമായ ഇന്ത്യയില്‍ നിന്നുള്ള ആളായതു കൊണ്ടു മാത്രം വിട്ടയയ്‌ക്കുന്നു- ഗാര്‍ഡിന്റെ വാക്കുകള്‍ എപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്നു മൂര്‍ത്തി.

വഴിത്തിരിവ്‌ഇസ്‌താന്‍ബൂളിലേക്കുള്ള യാത്രയില്‍ തനിച്ചായിരുന്നു. വിശന്നു വലഞ്ഞു. കമ്മ്യൂണിസത്തെ കുറിച്ചുള്ള മോഹന സങ്കല്‍പങ്ങളെ കുറിച്ചു പുനരാലോചന നടത്താന്‍ ഈ യാത്ര അദ്ദേഹത്തെ വല്ലാതെ നിര്‍ബന്ധിച്ചു. 108 മണിക്കൂര്‍ നീണ്ട പട്ടിണിയും ഒറ്റപ്പെട്ട യാത്രയും കമ്മ്യൂണിസത്തെ പൂര്‍ണമായി വെറുക്കുന്ന ഒരാളായി നാരായണ മൂര്‍ത്തിയെ മാറ്റി.
ഏറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുതകുന്ന സ്വയം സംരംഭകത്വം മാത്രമാണു ദാരിദ്ര്യം തുടച്ചുനീക്കാനുള്ള വഴിയെന്ന്‌ അദ്ദേഹം തിരിച്ചറിയുകയും ചെയ്‌തു.

കമ്മ്യൂണിസത്തോട്‌ അടുത്തുനില്‍ക്കുകയായിരുന്ന ഒരു പ്രതിഭയെ മുതലാളിത്ത ചിന്താഗതിക്കാരനാക്കിയ ബള്‍ഗേറിയന്‍ പോലീസിനു നന്ദി. സത്യത്തില്‍ ഇതാണ്‌ 1981ല്‍ ഇന്‍ഫോസിസിനു തുടക്കമിടാന്‍ പ്രേരകമായത്‌.

മേല്‍പറഞ്ഞ രണ്ടു സംഭവങ്ങള്‍ ഇന്‍ഫോസിസ്‌ തുടങ്ങുന്നതിലേക്കു നയിച്ച അപ്രതീക്ഷിത സംഭവങ്ങളാണെങ്കില്‍ ഇനി പറയാന്‍ പോകുന്നതു മൂര്‍ത്തി വ്യക്തമായി ആസൂത്രണം ചെയ്‌ത രണ്ടു കാര്യങ്ങളാണ്‌.
ബാംഗ്‌ളൂരില്‍ 1990ലെ കുളിര്‍കാലം. ഒരു ശനിയാഴ്‌ച രാവിലെ ഇന്‍ഫോസിസിന്റെ സ്ഥാപകരായ ഏഴു പേരില്‍ മൂര്‍ത്തി ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ ഇന്‍ഫോസിസിന്റെ ചെറിയ ഓഫീസില്‍ കൂടിയിരുന്നു. ഒരു മില്യന്‍ ഡോളറിന്‌ ഇന്‍ഫോസിസ്‌ കൈമാറുന്നതിനെ കുറിച്ചു തീരുമാനമെടുക്കാനായിരുന്നു യോഗം. സ്വയംസംരഭകത്വത്തിനു തീരെ വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ ഒന്‍പതു വര്‍ഷം പയറ്റിയിട്ടും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍, കിട്ടാന്‍ പോകുന്ന പണത്തിന്‌ അവര്‍ കല്‍പ്പിച്ച വില ചെറുതല്ല.

കൂട്ടത്തിലുള്ള ചെറുപ്പക്കാരുടെ അഭിപ്രായമാണ്‌ ആദ്യം തേടിയത്‌. അവര്‍ പലതും പറഞ്ഞു, ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമൊക്കെ. നാരായണ മൂര്‍ത്തി ഒന്നും മിണ്ടാതിരുന്നതേയുള്ളൂ. ഒടുക്കം അദ്ദേഹത്തിന്റെ ഊഴമെത്തി. മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തുടക്കമിട്ട ഇന്‍ഫോസിസിനെ കുറിച്ചു മൂര്‍ത്തി ഏറെ സംസാരിച്ചു. പ്രഭാതത്തിലേക്കു വഴുതിവീഴാനിരിക്കുന്ന രാവിന്റെ അന്ത്യയാമങ്ങളിലാണു നാമെന്നും ഈ അവസരത്തില്‍ സ്ഥാപനം കൈമാറുന്നതു ബുദ്ധിയല്ലെന്നും അഭിപ്രായപ്പെട്ടു. കീശയില്‍ കാലണ പോലും ഉണ്ടായിരുന്നില്ലെങ്കിലും, നിങ്ങളുടെയൊക്കെ ഇന്‍ഫോസിസ്‌ പങ്കാളിത്തം പണം നല്‍കി സ്വയം ഏറ്റെടുത്തുകൊള്ളാമെന്നു പ്രസംഗത്തില്‍ വ്യക്തമാക്കി.

ചെയര്‍മാന്റെ മണ്ടത്തരത്തെക്കുറിച്ച്‌ കുറിച്ച്‌ ആലോചിച്ച്‌ ഒന്നും മിണ്ടാതിരിക്കാനേ സഹപ്രവര്‍ത്തകര്‍ക്കായുള്ളൂ. ഏതായാലും തുടര്‍ന്നുണ്ടായ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ അവരെടുത്ത തീരുമാനം കമ്പനിയുമായി മുന്നോട്ടുപോകാനായിരുന്നു. ആത്മവിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തിയാല്‍ മാത്രമേ കമ്പനിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കൂ എന്നു മൂര്‍ത്തി മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ചു.

പിന്മാറി, പിന്നെ മുന്നോട്ട്‌
ഇന്‍ഫോസിസിനു വഴിത്തിരിവായ തീരുമാനവും നാരായണ മൂര്‍ത്തിയുടെ മനസ്സില്‍ പിറന്നത്‌ ഒരു നിര്‍ണായക നിമിഷത്തിലാണ്‌. 1995ല്‍ ഒരു ഫോര്‍ച്യൂണ്‍ 10 കമ്പനി ബാംഗ്‌ളൂരിലെ ടാജ്‌ റസിഡന്‍സി ഹോട്ടലില്‍ വിവിധ സോഫ്‌റ്റ്‌വെയര്‍ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്തി. ഏറ്റവും കുറഞ്ഞ തുകയ്‌ക്കു സോഫ്‌റ്റ്‌ വെയര്‍ നേടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇന്‍ഫോസിസിനും ക്ഷണം കിട്ടി. പരസ്‌പരമുള്ള ചര്‍ച്ച ഒഴിവാക്കുന്നതിനായി ഓരോ കമ്പനിയുടെയും പ്രതിനിധികളെ വെവ്വേറെ മുറികളിലായിരുന്നു ഇരുത്തിയിരുന്നത്‌. ഇന്‍ഫോസിസിന്റെ നിരക്ക്‌ അംഗീകരിക്കാന്‍ കമ്പനി പ്രതിനിധികള്‍ തയാറായിരുന്നില്ല. നിരക്കു കുറച്ചാലേ കരാര്‍ ലഭിക്കൂ എന്നതായി സ്ഥിതി. ഇന്‍ഫോസിസിലെ എല്ലാ ജീവനക്കാരും എന്റെ തീരുമാനത്തിനായി കാതോര്‍ത്തു. പ്രതിസന്ധി നിറഞ്ഞ ഇന്‍ഫോസിസിന്റെ ചരിത്രം മൂര്‍ത്തിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചു - ഇന്‍ഫോസിസ്‌ പിന്‍മാറുന്നു.
ഇന്‍ഫോസിസിന്റെ ആകെ വരവിന്റെ 25 ശതമാനം നല്‍കിയിരുന്ന കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കാനായിരുന്നു ചെയര്‍മാന്റെ തീരുമാനം. ഇന്‍ഫോസിസിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു അത്‌. ഒരു ഉപഭോക്താവിനെ തന്നെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കത്തക്കവിധം മാത്രം മതി തുടര്‍ന്നുള്ള കരാറുകളെന്നു തീരുമാനമായി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി റിസ്‌ക്‌ മിറ്റിഗേഷന്‍ കൗണ്‍സിലിനു രൂപം നല്‍കുകയും ചെയ്‌തു. ഈ തീരുമാനം ശരിയായിരുന്നുവെന്നു കാലം തെളിയിക്കുകയും ചെയ്‌തു.

(ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തി ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി (സ്റ്റേണ്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌)യില്‍ നടത്തിയ പ്രസംഗത്തെ ആധാരമാക്കി തയാറാക്കിയത്‌)

മൂര്‍ത്തിയുടെ ജീവിതപാഠങ്ങള്‍അനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ പ്രസക്തി ഏറെയാണെന്നു മൂര്‍ത്തി വിലയിരുത്തുന്നു. എവിടെ തുടങ്ങുന്നു എന്നതല്ല എന്തു പഠിക്കുന്നു എന്നതും എങ്ങനെ പഠിക്കുന്നു എന്നതുമാണു പ്രധാനം. പഠനത്തിനു മേന്‍മയുണ്ടെങ്കില്‍ പുരോഗതി നമ്മെ അതിവേഗം തേടിയെത്തും. ഇന്‍ഫോസിസിന്റെ വിജയഗാഥ തന്നെയാണ്‌ ഈ വാദത്തിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌.

അനുഭവങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുന്നതു സങ്കീര്‍ണ്ണതകളേറിയ കാര്യമാണെന്നാണു മൂര്‍ത്തിയുടെ പക്ഷം. പരാജയങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുന്നതിലും ബുദ്ധിമുട്ടാണു വിജയങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍. പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ നാം ആത്മാര്‍ഥമായി ശ്രമിക്കും. പക്ഷേ, ജയത്തിന്റെ കാര്യം അങ്ങനെയല്ല. വിജയിച്ച ഒരു പദ്ധതിയിലെ ഓരോ നീക്കവും ജയത്തിലേക്കുള്ള ചവിട്ടുപടിയായി നാം വിലയിരുത്തും.
ആകസ്‌മികതയാണ്‌ അടുത്ത കാര്യം. തന്റെ ജീവിതത്തില്‍ ആകസ്‌മികതയ്‌ക്ക്‌ ആസൂത്രിത സംഭവങ്ങളുടെ അത്രതന്നെ പ്രസക്തിയുണ്ടെന്നു മൂര്‍ത്തി കരുതുന്നു.

ഒരാളുടെ മാനസികാവസ്ഥ, വിജയത്തെ നിര്‍ണയിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ്‌. പ്രശസ്‌ത മനശാസ്‌ത്രജ്ഞന്‍ കാരള്‍ ഡ്വെക്കിന്റെ പഠനത്തില്‍ തെളിഞ്ഞത്‌ ഒരാള്‍ ജന്മനാ ഉള്ള കഴിവില്‍ വിശ്വസിക്കുന്നുവോ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നുവോ എന്നതാണു നിര്‍ണ്ണായകമെന്നാണ്‌. ജന്മനാ ഉള്ള കഴിവുകളില്‍ വിശ്വസിക്കുകയും അക്കാരണത്താല്‍ കഴിവ്‌ ആര്‍ജിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി ജീവിതത്തില്‍ പരാജയപ്പെടുകയേ ഉള്ളൂ. സ്വയാര്‍ജ്ജിത കഴിവുകളില്‍ വിശ്വസിക്കുന്നയാള്‍ വെല്ലുവിളികളെ സധൈര്യം നേരിടുകയും ജീവിതത്തില്‍ ജയമുറപ്പിക്കുകയും ചെയ്യും.

ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തിന്റെ കരുത്തായ ആത്മജ്ഞാനമാണ്‌ പരമപ്രധാനമെന്നു മൂര്‍ത്തി കരുതുന്ന മറ്റൊരു സംഗതി. ആത്മജ്ഞാനമാണ്‌ ഏറ്റവും ഔന്നത്യമേറിയ അറിവെന്നു നാരായണ മൂര്‍ത്തി വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ ആത്മാഭിമാനം ഉയര്‍ത്താനും ഒരാളില്‍ ധൈര്യവും നിശ്ചയദാര്‍ഢ്യവും ഉണ്ടാക്കിയെടുക്കാനും ആത്‌മജ്ഞാനം സഹായകമാകുമെന്നും അദ്ദേഹം കരുതുന്നു.

ഒരാളുടെയും ഭാവി നേരത്തേ നിശ്ചയിക്കപ്പെടുന്നതല്ല. അനുഭവങ്ങളില്‍ നിന്നുള്‍ക്കൊള്ളുന്ന പാഠങ്ങളില്‍ നിന്നു നമുക്കു സ്വയം ഭാവി രൂപപ്പെടുത്താന്‍ സാധിക്കും. ഈ ചിന്തയാണ്‌ തന്നെ വളര്‍ത്തിയതെന്നു മൂര്‍ത്തി ഓര്‍മ്മിപ്പിക്കുന്നു.

ജീവിത നേട്ടങ്ങള്‍ എങ്ങനെ നേടാമെന്നു യുവത്വത്തെ ഉപദേശിക്കുന്ന നാരായണ മൂര്‍ത്തി, നേട്ടങ്ങള്‍ കൈവരിച്ച ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ കാഴ്‌ചപ്പാടു വച്ചുപുലര്‍ത്തുന്നുണ്ട്‌. തങ്ങള്‍ ആര്‍ജ്ജിക്കുന്ന ധനത്തിന്റെയൊന്നും ഉടമ സത്യത്തില്‍ തങ്ങളല്ല. ഭാഗ്യദേവതയാണു ധനദേവതയെ സമ്മാനിക്കുന്നത്‌. പൂര്‍വികര്‍ നട്ടുനനച്ചു വളര്‍ത്തിയ ചെടികളിലെ പഴങ്ങളാണു നാം തിന്നുന്നത്‌. ഭാവിതലമുറയ്‌ക്കായി നാം ചെടികള്‍ നട്ടാലേ അവര്‍ക്കു മധുരമുള്ള കനികള്‍ കിട്ടൂ. അവര്‍ക്കായി കരുതിവയ്‌ക്കേണ്ടതു നമ്മുടെ ചുമതലയാണെന്നു വിശ്വസിക്കുന്നു, അദ്ദേഹം.

ഉജാല രാമചന്ദ്രന്‍ വീണ്ടും അശ്വമേധം തുടങ്ങുന്നു


25 വര്‍ഷം മുമ്പ്‌ ഇന്ത്യയിലെ എഫ്‌.എം.സി.ജി വിപണിയിലേക്ക്‌ എം.പി രാമചന്ദ്രന്‍ എന്ന മലയാളി ഒരു യാഗാശ്വത്തെ അഴിച്ചുവിട്ടു. രാജ്യത്തെ തുള്ളി നീല വിപണിയുടെ 75 ശതമാനത്തോളം ഉജാല എന്ന ആ യാഗാശ്വം കൈയടക്കുകയായിരുന്നു. അന്ന്‌ ജ്യോതി ലബോറട്ടറീസിലൂടെ രാമചന്ദ്രന്‍ ആരംഭിച്ച തേരോട്ടം നിരവധി ഉല്‍പ്പന്നങ്ങളിലൂടെ ഇന്നും തുടരുന്നു. ഇന്ത്യയിലെ വാഷിംഗ്‌ പൗഡര്‍, കൊതുക്‌ നാശിനി വിപണികളില്‍ രണ്ട്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ ജ്യോതി ലബോറട്ടറീസ്‌ വീണ്ടും ഒരു അശ്വമേധത്തിന്‌ ഒരുങ്ങുകയാണ്‌. രണ്ടും സവിശേഷ സാങ്കേതിക വിദ്യകളുടെ പിന്‍ബലമുള്ളത്‌. പുതിയ അശ്വമേധത്തിന്റെ ഫലം എന്താകും എന്നറിയാന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്‌.
അലക്കിയ വെള്ള വസ്‌ത്രങ്ങളിലെ അവശേഷിക്കുന്ന അഴുക്കിനെ അകറ്റി വെണ്‍മ കൂട്ടാനാണ്‌ രാമചന്ദ്രന്‍ ഉജാല കണ്ടുപിടിച്ചത്‌. അതിനുശേഷം അഴുക്കിനെ തുരത്താന്‍ സോപ്പും സോപ്പുപൊടിയും പിന്നീട്‌ വസ്‌ത്രത്തിന്റെ വടിവ്‌ നില നിര്‍ത്താന്‍ സ്റ്റിഫ്‌ ആന്‍ഡ്‌ ഷൈനും വിപണിയിലിറക്കി. കേവലം ഒരു സ്വയം തൊഴില്‍ സംരംഭമായി തുടങ്ങിയ ജ്യോതി ലബോറട്ടറീസ്‌ ഇന്ന്‌ ഇന്ത്യയിലെ 33 ലക്ഷം കടകളില്‍ വില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ്‌. നാല്‌ ലക്ഷം കടകളില്‍ കൂടി ഉല്‍പ്പന്നങ്ങളെത്തിയാല്‍ വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഹിന്ദുസ്ഥാന്‍ ലിവറിനൊപ്പമെത്തും ജ്യോതി ലാബ്‌. കേവലം 5000 രൂപയുടെ മുടക്കുമുതലില്‍ ഉജാലയെന്ന 3.25 രൂപ വിലയുള്ള ഉല്‍പ്പന്നവുമായി 1983ല്‍ എം.പി രാമചന്ദ്രനെന്ന ഒരു മലയാളി തുടക്കമിട്ട ഈ സ്ഥാപനം ഇന്ന്‌ ഇന്ത്യയിലെ മുന്‍നിര എഫ്‌.എം.സി.ജി കമ്പനികളിലൊന്നാണ്‌. 1800 സെയ്‌ല്‍സ്‌ സ്റ്റാഫ്‌ ഉള്‍പ്പടെ 5000ത്തിലേറെ ജീവനക്കാര്‍, 4000ത്തോളം വിതരണക്കാര്‍, 24ഓളം ഉല്‍പ്പാദന കേന്ദ്രങ്ങള്‍, 20ലേറെ ഉല്‍പ്പന്നങ്ങള്‍... ജ്യോതി ലബോറട്ടറീസിന്റെ നേട്ടങ്ങള്‍ക്ക്‌ തിളക്കമേറെയാണ്‌.
എന്താണ്‌ അടുത്ത ഉല്‍പ്പന്നം? ഏതെല്ലാം പുതിയ മേഖലകളില്‍ ഉജാലയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രതീക്ഷിക്കാം? ഈ രംഗത്തേക്ക്‌ കടന്നുവരുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ധനം സീനിയര്‍ കറസ്‌പോണ്ടന്റ്‌ എന്‍.എസ്‌ വേണുഗോപാലുമായുള്ള അഭിമുഖത്തില്‍
എം.പി രാമചന്ദ്രന്‍ മനസ്‌ തുറക്കുന്നു

? ഉജാലയിലൂടെ വിപണിയില്‍ സൃഷ്ടിച്ച വിപ്ലവം പുതിയ ഉല്‍പ്പന്നങ്ങളിലൂടെ ആവര്‍ത്തിക്കാമെന്നാണോ പ്രതീക്ഷ?
നാനോ എന്‍സൈം ടെക്‌നോളജി ഉപയോഗിച്ചുള്ള പുതിയൊരു വാഷിംഗ്‌ പൗഡര്‍ ഉജാല ടെക്‌നോ ബ്രൈറ്റ്‌ എന്ന പേരില്‍ ഞങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്‌. രാജ്യത്താകമാനം അതിന്റെ പരസ്യപ്രചാരണം തുടങ്ങിക്കഴിഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്‌ അതിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍. അടുത്ത രണ്ട്‌ വര്‍ഷത്തേക്ക്‌ ഉജാലയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ അദ്ദേഹമായിരിക്കും. വിവിധ കമ്പനികളുടെ വാഷിംഗ്‌ പൗഡറുകളേക്കാള്‍ കുറഞ്ഞ, പൊതുജനങ്ങള്‍ക്ക്‌ താങ്ങാവുന്ന വിലയ്‌ക്ക്‌ ഇത്‌ ലഭ്യമാക്കുകയെന്നതാണ്‌ ജ്യോതി ലാബിന്റെ മുദ്രാവാക്യം. അതിനാല്‍ കിലോക്ക്‌ 140 രൂപ ഈടാക്കുന്നതിന്‌ പകരം വെറും 90 രൂപയ്‌ക്കാണ്‌ ഞങ്ങള്‍ ടെക്‌നോബ്രൈറ്റ്‌ ലഭ്യമാക്കിയിരിക്കുന്നത്‌. ഇത്‌ ഉപയോഗിച്ചവരൊക്കെ മികച്ച അഭിപ്രായമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ടെക്‌നോബ്രൈറ്റ്‌ ദേശീയതലത്തില്‍ ലോഞ്ച്‌ ചെയ്‌തുകഴിഞ്ഞെങ്കിലും എല്ലാ വിപണിയിലും അത്‌ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

മറ്റ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ എന്തൊക്കെയാണ്‌?ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ജ്യോതി ലാബിന്‌ മാത്രമായി നല്‍കിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട്‌ കൊതുകുകളെ പ്രതിരോധിക്കാനായി ഞങ്ങള്‍ രണ്ട്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച്‌ വിപണിയിലെത്തിച്ചിരിക്കുകയാണ്‌. വീട്ടിനുള്ളില്‍ കൊതുകുകളുടെ ഉപദ്രവം കുറയ്‌ക്കാനായി കൊതുകുതിരികള്‍, ലിക്വിഡ്‌ വേപ്പറൈസറുകള്‍ തുടങ്ങിയവയുണ്ട്‌. എന്നാല്‍ വീടിന്‌ പുറത്ത്‌ ബസ്‌ സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും റബര്‍, ടീ, കോഫി എസ്റ്റേറ്റുകളിലും കൊതുകിന്റെ ഉപദ്രവം രൂക്ഷമാണ്‌. ഇത്തരം സാഹചര്യങ്ങളില്‍ കൊതുകില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ നിലവിലില്ല. എന്നാല്‍ ആര്‍.ഡി.ഡി.ഒയുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഞങ്ങള്‍ വിപണിയിലെത്തിച്ചിട്ടുള്ള മാക്‌സോ മിലിട്ടറി വെറ്റ്‌ വൈപ്‌, മാക്‌സ്‌ മിലിട്ടറി ക്രീം എന്നിവ കൊതുകില്‍ നിന്നും ആറ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഔട്ട്‌ഡോറിലും സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ്‌.

കൂടുതല്‍ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ജ്യോതി ലാബില്‍ നിന്നും ഈ വര്‍ഷം ഉണ്ടാകുമോ?
ഈ വര്‍ഷം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പകരം ഈ രണ്ട്‌ ഉല്‍പ്പന്നങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ്‌ ലക്ഷ്യം.

രാജ്യത്തെ എഫ്‌.എം.സി.ജി മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്‌?കാര്യമായ വെല്ലുവിളികളൊന്നും ഇല്ലെന്നു പറയാം. എന്നാല്‍ അവസരങ്ങള്‍ അനന്തമാണ്‌. ജനസംഖ്യയില്‍ മുന്നിലായതിനാല്‍ പാവപ്പെട്ടവര്‍ മുതല്‍ എല്ലാ വിഭാഗം ജനങ്ങളും അടങ്ങുന്ന വിപുലമായ വിപണി ഇവിടെയുണ്ട്‌. ഇവര്‍ക്കെല്ലാം വ്യത്യസ്‌ത തരത്തിലുള്ള ആവശ്യങ്ങളുമുണ്ട്‌. അക്കാരണത്താല്‍ തന്നെ ഈ രംഗത്ത്‌ വെല്ലുവിളികളല്ല, അവസരങ്ങളാണുള്ളത്‌.

റീറ്റെയ്‌ല്‍ രംഗത്തെ പുതിയ പ്രവണതകള്‍?
പുതിയ ട്രെന്‍ഡുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കും. അത്‌ എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കണം. റീറ്റെയ്‌ല്‍ മേഖല കുറേക്കൂടി സംഘടിതമായി മാറുകയാണ്‌. അത്‌ തീര്‍ച്ചയായും ഗുണകരമാണ്‌. മല്‍സരം ഉണ്ടാകും.
പക്ഷെ മല്‍സരത്തെ ഭയപ്പെടാതെ അതിനെ നേരിടാനായി നമ്മുടെ കാര്യക്ഷമത വര്‍ധിപ്പിക്കണം. ഉപഭോക്താക്കള്‍ക്കും അത്‌ ഗുണകരമാകും. കാരണം കുറഞ്ഞ വിലയ്‌ക്ക്‌ മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. എന്നാല്‍ മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ നല്‍കാനാകണം ഉല്‍പ്പാദകരുടെ ശ്രമം. അതിനാല്‍ മല്‍സരത്തെ ഭയക്കാതെ അതിനെ നേരിടാന്‍ സജ്ജരാകുകയാണ്‌ ആവശ്യം.

എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും വില ഭീമമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. താങ്കള്‍ എങ്ങനെയാണ്‌ ഇതിനെ വീക്ഷിക്കുന്നത്‌?
വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ പ്രതിഭാസമാണ്‌ വിലക്കയറ്റം. കാലാവസ്ഥ വ്യതിയാനംകൊണ്ട്‌ കാര്‍ഷികോല്‍പ്പാദനം കുറയുന്നത്‌ അത്തരം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന്‌ മാത്രമല്ല അത്‌ മറ്റെല്ലാത്തിനെയും തകര്‍ക്കുകയും ചെയ്യും. എന്നാല്‍ മറ്റ്‌ ഉല്‍പ്പാദന മേഖലകളില്‍ വിലക്കയറ്റമുണ്ടാകുമ്പോള്‍ ഉല്‍പ്പാദന ചെലവ്‌ വര്‍ധിക്കുകയും അത്‌ ഉപഭോക്താക്കളിലേക്ക്‌ കൈമാറ്റപ്പെടുകയും ചെയ്യും. ഉപഭോക്താവിന്റെ ക്രയശേഷി കുറയുമെങ്കിലും അത്‌ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം വര്‍ധിക്കാന്‍ സഹായിക്കും. അതിനാല്‍ വിലക്കയറ്റം വേണം. അതിനെ പേടിക്കേണ്ടതില്ല. സ്ഥിരമായൊരു വില നിലവാരമോ സമ്പദ്‌ഘടനയോ ഒരിക്കലുമുണ്ടാകില്ല. മറിച്ച്‌ വില കുറഞ്ഞുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും ഉല്‍പ്പാദനം കുറയും, തൊഴിലില്ലായ്‌മ വര്‍ധിക്കും, ഉപഭോഗശേഷി കുറയുകയും ചെയ്യും. അത്‌ സാമ്പത്തികമാന്ദ്യത്തിന്‌ വഴിയൊരുക്കുന്നതാണ്‌. അതാണ്‌ അപകടകരമായ സ്ഥിതിവിശേഷം.

കേരളത്തിലെ ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക്‌ ഒരു പരിധിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകാത്തത്‌ എന്തുകൊണ്ടാണ്‌?
ഉല്‍പ്പാദനരംഗത്തെ പോരായ്‌മകളെ അവസരമാക്കി മാറ്റുന്നതിനായി ഉല്‍പ്പാദകരും തൊഴില്‍ അന്വേഷകരുമൊക്കെ കേരളത്തിന്‌ പുറത്തേക്ക്‌ പോകാന്‍ തയാറാകണം. 1983ലാണ്‌ ഞാനിവിടെ സംരംഭം തുടങ്ങിയത്‌. 1993ല്‍ യൂണിയന്‍ നിലവില്‍ വന്നു. തൊഴിലാളി യൂണിയനുകള്‍ക്ക്‌ ഞാന്‍ എതിരല്ല.

പക്ഷെ അവര്‍ നശീകരണ സ്വഭാവം പ്രകടിപ്പിക്കുകയാണെങ്കില്‍ അതില്‍ തളര്‍ന്നുപോകാതെ പകരം മറ്റ്‌ പോംവഴികള്‍ കണ്ടെത്തുകയാണ്‌ വേണ്ടത്‌. അങ്ങനെ ഞങ്ങള്‍ കേരളത്തിന്‌ പുറത്തേക്ക്‌ പോയി. കേരളം ദോഷകരമാണ്‌ എന്നല്ല ഇതിനര്‍ത്ഥം. കേരളം മികച്ച ഒരു സംസ്ഥാനമാണ്‌. പക്ഷെ ഇവിടെ അസൂയാധിഷ്‌ഠിത ഭൗതികവാദം കൂടുതലാണ്‌. അതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. അങ്ങനെ വരുമ്പോള്‍ ഇവിടെനിന്നും പുറത്തേക്ക്‌ പോയിക്കഴിഞ്ഞാല്‍ ഇന്ത്യയൊട്ടാകെ നമുക്ക്‌ വിപണി നേടാനാകും. അത്‌ കണ്ടെത്താനും കെട്ടിപ്പടുക്കാനുമുള്ള കഴിവും മാനസികാവസ്ഥയും കൂടി നമ്മള്‍ ആര്‍ജിക്കണമെന്നുമാത്രം. രാജ്യത്തെ ജനസംഖ്യയില്‍ മൂന്ന്‌ ശതമാനം മാത്രമേ ഇവിടെയുള്ളൂ.
ബാക്കി 97 ശതമാനവും കേരളത്തിന്‌ പുറത്താണ്‌. അതൊരു സാധ്യതയായി കാണണം. അതിനാല്‍ ഇവിടെയുള്ള ഒരു പോരായ്‌മയെ ഞങ്ങള്‍ അവസരമാക്കി മാറ്റിയതിലൂടെയാണ്‌ ജ്യോതി ലാബിന്‌ വളര്‍ച്ച കൈവരിക്കാനായത്‌.

എന്തൊക്കെയാണ്‌ അടുത്ത 10 വര്‍ഷത്തെ താങ്കളുടെ സുപ്രധാന ലക്ഷ്യങ്ങള്‍?
ഇന്ത്യയിലെ എഫ്‌.എം.സി.ജി മേഖലയിലുള്ള അഞ്ച്‌ സുപ്രധാന കമ്പനികളില്‍ ഒന്നായിത്തീരുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. റീറ്റെയ്‌ല്‍ ഔട്ട്‌ലെറ്റുകളിലൂടെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുടെ അടുത്ത്‌ എത്തുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ ജ്യോതി ലാബിന്‌ രണ്ടാം സ്ഥാനമാണുള്ളത്‌. ലിക്വിഡ്‌ ഫാബ്രിക്‌ വൈറ്റ്‌നര്‍ വിഭാഗത്തില്‍ ദേശീയതലത്തില്‍ തന്നെ ഏകദേശം 75 ശതമാനം വിപണി വിഹിതവും ഉജാലയ്‌ക്കാണ്‌. ഈ വിഭാഗത്തില്‍ കേരളത്തില്‍ ഉജാലയുടെ വിപണി വിഹിതം 99.99 ശതമാനമാണ്‌. അടുത്ത അഞ്ച്‌ വര്‍ഷത്തിനകം തന്നെ എഫ്‌.എം.സി.ജി മേഖലയിലെ അഞ്ച്‌ മുന്‍നിര കമ്പനികളില്‍ ഒന്നാകാനാണ്‌ ഞങ്ങളുടെ ശ്രമം. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളുമൊക്കെ ഞങ്ങള്‍ക്കുണ്ട്‌. 15 സംസ്ഥാനങ്ങളിലായി 28 ഉല്‍പ്പാദന കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്‌. എന്തായാലും 2020 ഓടെ ഞങ്ങളീലക്ഷ്യം കൈവരിക്കുകതന്നെ ചെയ്യും.

ഉല്‍പ്പാദന-സേവനരംഗത്ത്‌ കേരളത്തിലെ വളര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക്‌ എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങളാണ്‌ താങ്കള്‍ക്ക്‌ നല്‍കാനുള്ളത്‌.

ഉല്‍പ്പാദനരംഗത്ത്‌ കേരളത്തിലെ സംരംഭങ്ങള്‍ക്ക്‌ വളര്‍ച്ച നേടാനുള്ള അവസരങ്ങള്‍ വളരെ കുറവാണ്‌. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ ചെറിയ തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍പോലും നമുക്ക്‌ അംഗീകരിക്കാനാവില്ല. യാതൊരു മലിനീകരണവും ഇല്ലാത്ത വ്യവസായങ്ങളും കുറവാണ്‌. എന്നാല്‍ ഐ.റ്റി, ടൂറിസം മേഖലയിലെ സംരംഭങ്ങള്‍ക്ക്‌ കേരളത്തില്‍ വലിയ സാധ്യതയുണ്ട്‌. അഭ്യസ്‌തവിദ്യര്‍ കൂടുതലായുള്ളത്‌ ഐറ്റി മേഖലക്ക്‌ ഗുണകരമാണ്‌. ടൂറിസം രംഗത്ത്‌ കേരളത്തിന്‌ സല്‍പ്പേര്‌ നേടണമെങ്കില്‍ മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച്‌ ജനങ്ങളില്‍ മികച്ച ഒരുഅവബോധം മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്‌.

കൂടാതെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാലിന്യസംസ്‌കരണത്തിന്‌ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ടൂറിസത്തിന്‌ കേരളം പോലെ അനുയോജ്യമായ മറ്റൊരു സംസ്ഥാനമില്ല. പക്ഷെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യത്തിലും നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. ഐ.റ്റിയിലെയും ടൂറിസത്തിലെയും അവസരങ്ങള്‍ പരമാവധി വിനിയോഗിക്കാനാണ്‌ സംരംഭകര്‍ ശ്രമിക്കേണ്ടത്‌

താങ്കളിലെ സംരംഭകനെ ഇപ്പോഴും പ്രചോദിപ്പിക്കുന്ന ഘടകങ്ങള്‍?
ഏകദേശം 6000ത്തോളം ജീവനക്കാരാണ്‌ ജ്യോതി ലാബിലുള്ളത്‌. അവരുടെ ഓരോരുത്തരുടെയും ഉന്നമനവും കുടുംബത്തിന്റെ സംരക്ഷണവുമൊക്കെ എന്റെ ഉത്തരവാദിത്തമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. അവരെല്ലാം തന്നെ സന്തോഷത്തോടെ ജീവിക്കണമെന്നതാണ്‌ എന്റെ ആഗ്രഹം. അക്കാരണത്താല്‍ തന്നെ ജ്യോതി ലാബിന്‌ കൂടുതല്‍ വളര്‍ച്ചയും വിജയവും നേടിയേടുക്കേണ്ടതുണ്ട്‌. അതാണ്‌ എന്റെ പ്രചോദനം.

team-bhp Live to Drive

ത്‌ വാഹനങ്ങളെ സ്‌നേഹിക്കുന്നവരുടെ ലോകമാണ്‌. ഇവിടെ നിങ്ങളുടെ ഇഷ്‌ട വാഹനത്തെക്കുറിച്ച്‌ മതിവരുവോളം സംസാരിക്കാം. വിദഗ്‌ധരോട്‌ വാഹനസംബന്ധമായ അഭിപ്രായങ്ങള്‍ ചോദിക്കാം. നിങ്ങളുടെ പ്രിയ കാറിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം. വാഹനസംബന്ധമായി നിങ്ങള്‍ക്ക്‌ എന്തെങ്കിലും തിക്താനുഭവം ഉണ്ടായോ അതും ഇവിടെ ചര്‍ച്ച ചെയ്യാം. ഇത്‌ ടീം ബി.എച്ച്‌.പി. വീട്ടിലെ ഒരംഗത്തെപ്പോലെ വാഹനത്തെ കരുതുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ കൂട്ടായ്‌മ.

ഇതിലൊക്കെ എന്ത്‌ കാര്യമെന്ന്‌ വിചാരിക്കണ്ട. അതതു വാഹന കമ്പനികളിലെ ഉന്നത അധികാരികള്‍ വരെ ഇതില്‍ അംഗമാണ്‌. പുതിയ വാഹനത്തിന്റെ ലോഞ്ച്‌ സംബന്ധിച്ച്‌ എവിടെയും കിട്ടാത്ത വിശ്വസനീയമായ വിവരങ്ങള്‍ക്കായി ഓട്ടോമൊബീല്‍ രംഗത്തുള്ളവര്‍പോലും ഉറ്റുനോക്കുന്നത്‌ ഈ പോര്‍ട്ടലാണ്‌. ഒപ്പം തങ്ങള്‍ ഇഷ്‌ടപ്പെടുന്ന കാറുകളെക്കുറിച്ച്‌ തികച്ചും `പാഷണേറ്റാ'യി അംഗങ്ങള്‍ എഴുതിയിരിക്കുന്ന പോസ്റ്റുകള്‍ കാണാം.

തങ്ങളുടെ കമ്പനിയുടെ സര്‍വീസ്‌ സെന്ററില്‍ നിന്ന്‌ ഉപഭോക്താവിന്‌ തിക്താനുഭവം ഉണ്ടായെന്ന്‌ അറിഞ്ഞ്‌ കമ്പനിയുടെ മേലധികാരി തന്നെ നേരിട്ട്‌ അവരോട്‌ സംസാരിച്ച ഒരുപാട്‌ കഥകള്‍ ടീം ബി.എച്ച്‌.പി അംഗങ്ങള്‍ക്ക്‌ പറയാനുണ്ട്‌.
കേരളത്തിലും ടീം ബി.എച്ച്‌.പിയില്‍ അംഗങ്ങളായ വാഹനപ്രേമികള്‍ ധാരാളമുണ്ട്‌.

അംഗത്വം വേണോ?
കേള്‍ക്കുന്നപോലെ അത്ര എളുപ്പമല്ല, ഇതില്‍ അംഗത്വം നേടല്‍. എന്തുകൊണ്ട്‌ മെമ്പര്‍ഷിപ്പ്‌ എടുക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ എഴുതിക്കൊടുക്കുന്ന ഉത്തരങ്ങള്‍ പരിശോധിച്ച്‌ യഥാര്‍ത്ഥ വാഹനപ്രേമിയാണെന്ന്‌ മനസിലായാല്‍ മാത്രമേ ടീം ബി.എച്ച്‌.പിയിലേക്ക്‌ പ്രവേശനമുള്ളു. ഇനി അംഗത്വം ലഭിച്ചാല്‍ തന്നെ `ന്യൂ ബീ' എന്ന വിഭാഗത്തിലേ നിങ്ങളെ ഉള്‍പ്പെടുത്തൂ. ഇക്കൂട്ടരുടെ `പോസ്റ്റു'കള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ വിശദമായി നോക്കിയതിനു ശേഷമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂ. മറ്റ്‌ അംഗങ്ങളെ കാണാനോ സ്വന്തം കാറിന്റെ പടം അപ്‌ലോഡ്‌ ചെയ്യാനോ ഒന്നും സാധിക്കില്ല ഇക്കൂട്ടര്‍ക്ക്‌. 25 പോസ്റ്റ്‌ അയച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ യഥാര്‍ത്ഥ `ബിഎച്ച്‌പിയന്‍' ആയി. 1000ത്തിന്‌ മുകളില്‍ പോസ്റ്റ്‌ ചെയ്‌താല്‍ `സീനിയര്‍ ബി.എച്ച്‌.പിയനും' ആകും. അതും കഴിഞ്ഞാല്‍ `ഡിസ്റ്റിംഗ്വിഷ്‌ഡ്‌ ബിഎച്ച്‌പിയന്‍' എന്ന മറ്റൊരു വിഭാഗവുമുണ്ട്‌.

നിബന്ധനകള്‍ ഏറെ 
പോസ്റ്റുകള്‍ എഴുതുന്നതിലും വ്യക്തമായ നിഷ്‌കര്‍ഷകളുണ്ട്‌. നല്ല ഇംഗ്ലിഷ്‌, മാന്യമായ ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ നിര്‍ബന്ധം. കമ്യൂണിറ്റിയുടെ നിലവാരം കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രതയിലാണ്‌ മോഡറേറ്റര്‍മാരുടെ ടീം.

എളിയ തുടക്കം
തങ്ങളുടെ വാഹനപ്രണയം അല്‍പ്പം ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യാന്‍ കുറച്ചു വാഹനപ്രേമികള്‍ ചേര്‍ന്ന്‌ എം.എസ്‌.എന്‍ കമ്യൂണിറ്റീസില്‍ `ഫോര്‍മുല ഇന്ത്യ' എന്ന ഫോറം തുടങ്ങി. സത്യത്തില്‍ ഇതായിരുന്നു ടീം ബി.എച്ച്‌.പിയുടെ പ്രാഥമിക ഘട്ടം. ഏറിയാല്‍ പത്തോ പതിനഞ്ചോ അംഗങ്ങള്‍ മാത്രം. പിന്നീടത്‌ ഒരു ഓട്ടോമോട്ടീവ്‌ പോര്‍ട്ടല്‍ ആയി വളരുകയായിരുന്നു.
2004 ഫെബ്രുവരിയിലാണ്‌ ടീം ബി.എച്ച്‌.പിയുടെ ഡൊമെയ്‌ല്‍ രജിസ്റ്റര്‍ ചെയ്‌തത്‌. കൂടുതല്‍ ഊര്‍ജ്ജം കമ്യൂണിറ്റിക്കും അംഗങ്ങള്‍ക്കും വേണമെന്നതിനാലാണ്‌ ഈ പേര്‌ തെരഞ്ഞെടുത്തത്‌. രജിസ്റ്റര്‍ ചെയ്‌ത്‌ നാല്‌ ദിവസം കൊണ്ട്‌ ആക്‌റ്റീവായിക്കഴിഞ്ഞു ഈ കമ്യൂണിറ്റി. ഇന്ന്‌ ഒരു ദശലക്ഷത്തോളം പോസ്റ്റുകള്‍, 10,000ത്തോളം അംഗങ്ങള്‍, ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ എന്നിവയൊക്കെയായി കൂടുതല്‍ ഉയരങ്ങളിലേക്ക്‌ കുതിക്കുകയാണ്‌ ഈ കമ്യൂണിറ്റി. അംഗങ്ങള്‍ക്ക്‌ ഓണ്‍ലൈനിലൂടെ ടീം ബി.എച്ച്‌.പിയുടെ സ്റ്റിക്കറുകള്‍ വാങ്ങാം. ഇത്‌ വാഹനത്തില്‍ ഒട്ടിച്ചാല്‍ വാഹനം എവിടെയെങ്കിലും ബ്രേക്ക്‌ ഡൗണ്‍ ആയാല്‍ മറ്റേതെങ്കിലും ടീം ബി.എച്ച്‌.പി അംഗം ആ വഴി പോയാല്‍ അവര്‍ക്ക്‌ സഹായിക്കാതിരിക്കാനാകില്ലത്രെ! അത്തരം കഥകള്‍ പല അംഗങ്ങളും പങ്കുവെക്കുന്നുണ്ട്‌.

വിശ്വസനീയമായ ലേഖനങ്ങള്‍, വാഹനത്തെ സംബന്ധിച്ച ടിപ്‌സ്‌, അപൂര്‍വ്വമായ വിവരങ്ങള്‍, പുതിയ വാഹനങ്ങളുടെ ടെസ്റ്റ്‌ ഡ്രൈവ്‌ തുടങ്ങിയവ കൊണ്ടൊക്കെ വേറിട്ട്‌ നില്‍ക്കുകയാണ്‌ ഈ കൂട്ടായ്‌മ.

സംരംഭകര്‍ക്കിതാ ഒരു വിജയ ഫോര്‍മുല

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.
ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവരില്‍ പൊതുവായി കണ്ടെത്തിയ സവിശേഷതകള്‍ ഇവയൊക്കെയാണ്‌:
ആത്മവിശ്വാസം

അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരാണ്‌. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന്‌ ഉറച്ച വിശ്വാസമുള്ളവരാണ്‌. അത്‌ അവര്‍ക്ക്‌ സാധിക്കുന്നുണ്ടു താനും.
വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു
പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്‌. പുതിയ ബിസിനസ്‌ സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.
റിസ്‌ക്‌ എടുക്കാനുള്ള തന്റേടം 
മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്‌ക്‌ എടുക്കുന്നത്‌.
ആസൂത്രണം
വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്‌. അവര്‍ക്കു ഹ്രസ്വകാല പ്‌ളാനും ദീര്‍ഘകാല പ്‌ളാനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും.
ഊര്‍ജസ്വലത
പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്‌.
സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ്‌ബിസിനസ്‌ നടത്തുന്ന മേഖലയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കും. ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാന്‍ ശ്രമിക്കും.
മികച്ച പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിക്കും
നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത്‌ നിര്‍ണായമാണെന്ന്‌ അവര്‍ കരുതുന്നു.
ഉദാരമനസ്‌കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത്‌ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ്‌ ബിസിനസിന്‌ ഗുണം ചെയ്യും.
മാറ്റത്തിനു തയാര്‍ ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്‌. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.
എപ്പോഴും ഉപഭോക്താവ്‌ കേന്ദ്രബിന്ദുഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തി ല്‍ ജയിക്കാന്‍ സഹായിക്കുന്നു.
ടൈം മാനേജ്‌മെന്റ്‌സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.
സ്വയം പ്രചോദിതര്‍
എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച്‌ ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.
സ്വന്തം വളര്‍ച്ചയ്‌ക്കായി പണവും സമയവും ചെലവിടും
സെല്‍ഫ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.
മറ്റുള്ളവരെ അഭിനന്ദിക്കല്‍ 
നല്ല കാര്യങ്ങള്‍ ചെയ്‌തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.
മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്‍കുന്നു

വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത്‌ മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്‍കാന്‍ തയാറാകുന്നു.
സിസ്റ്റത്തെക്കുറിച്ച്‌ ചിന്തിക്കുന്നു
തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ്‌ ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്‌. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക്‌ കാണാന്‍ കഴിയും.

നിങ്ങള്‍ക്ക്‌ അനുയോജ്യമായ പോളിസി എങ്ങനെ തെരഞ്ഞെടുക്കാം?


സുരക്ഷയും നിക്ഷേപവുമാണ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ലക്ഷ്യംവെക്കുന്നത്‌ എന്ന്‌ പൊതുവെ പറയാം. ജീവന്റെ `റിസ്‌ക്‌' അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്‍ഷുറന്‍സ്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌. എന്നാല്‍ ആകര്‍ഷകമായ പദ്ധതികളുമായി വിവിധ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ മല്‍സരിക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായ പോളിസികള്‍ തെരഞ്ഞെടുക്കുക പലപ്പോഴും ബുദ്ധിമുട്ടാണ്‌. മാത്രമല്ല പല പോളിസികളും ഉദ്ദേശിക്കുന്നത്ര ഫലപ്രദമാകണമെന്നുമില്ല. നിലവില്‍ പോളിസി എടുത്തിട്ടുണ്ടെങ്കില്‍, കൂടിയ പരിരക്ഷ നേടാനായി ഒരു പോളിസി കൂടി എടുക്കേണ്ടി വന്നാല്‍ പ്രീമിയം ഇനത്തില്‍ ചെലവ്‌ കൂടുകയും ചെയ്യും. ഇത്‌ ഒഴിവാക്കാനായി ആദ്യമേ തന്നെ കൃത്യമായ പ്ലാനിംഗ്‌ നടത്തേണ്ടതുണ്ട്‌.

ദീര്‍ഘകാലത്തെ പരിരക്ഷ ലഭിക്കുന്നതും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക തിരികെ ലഭിക്കുന്നതുമായ പോളിസിക്കാണ്‌ എപ്പോഴും മുന്‍തൂക്കം നല്‍കേണ്ടത്‌. പോളിസിയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം കുറവായാലും ദീര്‍ഘകാലത്തെ പരിരക്ഷ ഉറപ്പിക്കുകയാണ്‌ ഏറ്റവും ഫലപ്രദമായ തന്ത്രം. ഇക്കാര്യങ്ങള്‍ ഉറപ്പ്‌ നല്‍കുന്നതുകൊണ്ടാണ്‌ യാഥാസ്ഥിതിക പോളിസികള്‍ക്ക്‌ നിക്ഷേപകര്‍ക്കിടയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്‌. ഇത്തരം പോളിസികളില്‍ അടയ്‌ക്കുന്ന പ്രീമിയം തുക നഷ്ടമാകുന്നില്ല മറിച്ച്‌ അത്‌ പോളിസി എടുക്കുന്നയാള്‍ക്ക്‌ തന്നെ ഉറപ്പുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം തിരികെ ലഭിക്കുന്നു. എന്‍ഡോവ്‌മെന്റ്‌ പദ്ധതികള്‍, മണിബാക്ക്‌ പദ്ധതികള്‍, ലൈഫ്‌ അഷ്വറന്‍സ്‌ പദ്ധതികള്‍ എന്നിവ ഇപ്രകാരമുള്ളതാണ്‌.

പോളിസി എടുക്കുന്നയാള്‍ മരിച്ചാല്‍ അയാളുടെ കുടുംബത്തിന്‌ സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നതാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ പ്രാഥമിക ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒരു ടേം പദ്ധതിയാണ്‌ ഇതിനുള്ള ഏറ്റവും ചെലവ്‌ കുറഞ്ഞ മാര്‍ഗം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വന്‍ തുക ലഭിക്കില്ലെന്ന്‌ മാത്രം. ഇത്തരം പദ്ധതികള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ്‌ ചെയ്യുന്നത്‌.

ഇന്ത്യക്കാര്‍ അണ്ടര്‍ ഇന്‍ഷുര്‍ ചെയ്യുന്നു!യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ കുറഞ്ഞ തുകയ്‌ക്ക്‌ ഇന്‍ഷുര്‍ ചെയ്യുന്നതിനെ `അണ്ടര്‍ ഇന്‍ഷുര്‍' എന്ന്‌ പറയുന്നു. ഇന്ത്യയില്‍ ഇന്‍ഷുര്‍ ചെയ്‌തിരിക്കുന്നവരില്‍ ഭൂരിഭാഗവും അണ്ടര്‍ ഇന്‍ഷുര്‍ഡ്‌ ആണ്‌. ഇതിന്‌ ഒരു പ്രധാന കാരണം പലരും ഇന്‍ഷുറന്‍സ്‌ പദ്ധതികളിലെ നിക്ഷേപം എന്ന ഭാഗത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ്‌. എന്നാല്‍ അന്തിമ വിശകലനത്തില്‍ ലൈഫ്‌ അഷ്വറന്‍സ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ നല്‍കുന്ന നേട്ടം പ്രതിവര്‍ഷം ഏഴ്‌ ശതമാനം മാത്രമാണ്‌. പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌ പോലും ഇതില്‍ കൂടുതല്‍ നേട്ടം നല്‍കുന്നുണ്ട്‌. ജീവിതത്തില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനായി പോളിസി എടുക്കുന്നവരെ സംബന്ധിച്ച്‌ യാഥാസ്ഥിതിക പോളിസികള്‍ തന്നെയാണ്‌ നല്ലത്‌. റിസ്‌ക്‌ ഇല്ല, തുക ഉറപ്പ്‌ നല്‍കുകയും ചെയ്യും. ഉദാഹരണത്തിന്‌ കുട്ടിയുടെ വിദ്യാഭ്യാസമാണ്‌ ലക്ഷ്യമെങ്കില്‍ എന്‍ഡോവ്‌മെന്റ്‌, മണി ബാക്ക്‌ തുടങ്ങിയ യാഥാസ്ഥിതിക പോളിസികള്‍ എടുക്കുന്നതാണ്‌ ഉചിതം. റിസ്‌ക്‌ എടുക്കാന്‍ താല്‍പ്പര്യമില്ലാത്തതും എന്നാല്‍ ഇന്‍ഷുറന്‍സ്‌ വേണ്ടതുമായ നിക്ഷേപകര്‍ക്ക്‌ ഈ പദ്ധതികള്‍ ഏറെ ഫലപ്രദമാണ്‌. ഇതിന്റെകൂടെ ഒരു ടേം പ്ലാന്‍ കൂടി എടുത്താല്‍ ആവശ്യമായ പരിരക്ഷയും ലഭിക്കും. കുടുംബത്തിലെ മറ്റ്‌ അംഗങ്ങളുടെ ചെലവുകള്‍കൂടി വഹിക്കാന്‍ ഇതുകൊണ്ട്‌ സാധിക്കണം.

ഒരാളുടെ വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടി എന്നതാണ്‌ പരിരക്ഷയുടെ പൊതുവെയുള്ള ആഗോള മാനദണ്ഡം. ഉദാഹരണത്തിന്‌ നിങ്ങളുടെ വാര്‍ഷിക വരുമാനം രണ്ട്‌ ലക്ഷം രൂപയാണെങ്കില്‍ നിങ്ങള്‍ 20 ലക്ഷത്തിന്റെ പോളിസി എടുക്കണം. വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യക്കാര്‍ ഉയര്‍ന്ന തുകയ്‌ക്ക്‌ ഇന്‍ഷുര്‍ ചെയ്യേണ്ടത്‌ അത്യാവശ്യമാണത്രേ!

ബോണസ്‌ നല്‍കുന്നുണ്ടോ?
ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ്‌ കമ്പനി ബോണസ്‌ നല്‍കുന്നുണ്ടോ എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും. യാഥാസ്ഥിതിക പോളിസികള്‍ പലപ്പോഴും ഉറപ്പുള്ള ബോണസ്‌ നല്‍കാറുണ്ട്‌. എന്നാല്‍ മിക്കപ്പോഴും കമ്പനികളുടെ സാമ്പത്തിക പ്രകടനത്തിന്‌ അനുസരിച്ചായിരിക്കും ബോണസ്‌ പ്രഖ്യാപിക്കുക. ഇത്‌ ഉറപ്പിക്കാനാവില്ല എന്ന്‌ സാരം. ഇക്കാര്യത്തില്‍ ചെയ്യേണ്ടത്‌ കമ്പനികളുടെ പഴയകാല പ്രകടനം വിലയിരുത്തുകയാണ്‌. മുമ്പ്‌ ബോ
ണസ്‌ നല്‍കിയ കമ്പനിയാണെങ്കില്‍ ഭാവിയിലും അത്‌ തുടരാന്‍ സാധ്യത കൂടുതലാണ്‌.
By arrangement with Money Today



പോളിസി എടുക്കേണ്ടതിന്റെ ആവശ്യകതവിദ്യാര്‍ത്ഥികള്‍
ഇപ്പോള്‍ മിക്ക വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്ക്‌ വായ്‌പകളെയാണ്‌ ആശ്രയിക്കുന്നത്‌. പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയതിനുശേഷം ഈ വായ്‌പ തിരിച്ചടയ്‌ക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ വിദ്യാര്‍ത്ഥി മരിക്കുകയോ അംഗഭംഗം വരുകയോ ചെയ്‌താല്‍ വായ്‌പ തിരിച്ചടയ്‌ക്കേണ്ട ബാധ്യത രക്ഷിതാക്കളുടെ ചുമലില്‍ വരും. ഇതൊഴിവാക്കാനായി അപകട സുരക്ഷ കൂടി ഉറപ്പാക്കുന്ന `ടേം ഇന്‍ഷുറന്‍സ്‌' പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ എടുക്കേണ്ടത്‌ ആവശ്യമാണ്‌. വായ്‌പ തുകയും പലിശയും ചേര്‍ത്ത്‌ അടയ്‌ക്കേണ്ട മുഴുവന്‍ തുകയ്‌ക്ക്‌ അല്‍പ്പം കൂടുതല്‍ തുകയ്‌ക്കുള്ള പോളിസിയാണ്‌ എടുക്കേണ്ടത്‌.
പഠനച്ചെലവ്‌ വഹിക്കുന്നത്‌ മാതാപിതാക്കള്‍ തന്നെയാണെങ്കിലും കുട്ടിയുടെ പേരില്‍ ഒരു `ഡിസെബിലിറ്റി ഇന്‍ഷുറന്‍സ്‌' എടുക്കുക. അപ്പോള്‍ കുട്ടിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ഉപകരിക്കും. മിക്ക ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളും കുറഞ്ഞ ചെലവില്‍ ഇത്തരം പോളിസികള്‍ നല്‍കുന്നുണ്ട്‌.
വീട്ടില്‍ ഒരാള്‍ക്കുമാത്രം വരുമാനം ഉള്ളവര്‍
കരിയര്‍ തുടങ്ങുന്ന ഒരാളെ സംബന്ധിച്ച്‌ അംഗഭംഗത്തിനെതിരെയുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ ആവശ്യമാണ്‌. ഇത്‌ അംഗഭംഗം സംഭവിക്കുന്ന കാലത്തെ വരുമാനം ഉറപ്പിക്കുന്നത്‌ കൂടിയായാല്‍ വളരെ നന്ന്‌. ഇതിനായി അംഗഭംഗത്തിനെതിരെയുള്ള സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ്‌ പോളിസിയാണ്‌ എടുക്കേണ്ടത്‌. എന്നാല്‍ രക്ഷിതാക്കളെക്കൂടി നോക്കുന്ന ആളെ സംബന്ധിച്ച്‌ ഒരു ടേം പ്ലാന്‍ എടുക്കുന്നതാണ്‌ നല്ലത്‌. യുവാക്കളായ പ്രൊഫഷണലുകളെ സംബന്ധിച്ച്‌ ഏതെങ്കിലും എന്‍ഡോവ്‌മെന്റ്‌ പദ്ധതികള്‍ എടുക്കുന്നതിനെക്കാള്‍ നല്ലത്‌ ബാങ്ക്‌ ഡിപ്പോസിറ്റുകളെ ആശ്രയിക്കുന്നതാണ്‌. ഹ്രസ്വകാല ലക്ഷ്യങ്ങളായ കാര്‍ വാങ്ങല്‍, ബൈക്ക്‌ വാങ്ങല്‍ എന്നിവക്ക്‌ ഇവയെ ആശ്രയിക്കുന്നതാണ്‌ ബുദ്ധി.
നവദമ്പതികള്‍
അടുത്തിടെ വിവാഹം കഴിച്ചവരെ സംബന്ധിച്ച്‌ ഒരാളുടെ കൂടെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നു. പൂര്‍ണമായല്ലെങ്കിലും ഭാഗികമായി മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ വിവാഹശേഷം സംജാതമാകുന്നു. ഇതില്‍ ഒരാള്‍ക്ക്‌ മാത്രമേ വരുമാനം ഉള്ളൂ എങ്കില്‍ അയാള്‍ക്ക്‌ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മറ്റേയാളുടെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാവും. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട്‌ എന്‍ഡോവ്‌മെന്റ്‌ പോളിസി, പുതുതായി വിവാഹം കഴിക്കുന്നവര്‍ എടുക്കണം. ഇത്തരം പോളിസികളില്‍ നിന്നുള്ള വാര്‍ഷിക റിട്ടേണ്‍ കുറവാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ആദായം
ലഭിക്കും.
യുവ മാതാപിതാക്കള്‍
സാമ്പത്തിക ബാധ്യതകള്‍ കൂടുന്നു എന്നതിനാല്‍ ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ തുകയ്‌ക്കുള്ള ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടത്‌ ആവശ്യമാണ്‌. കുട്ടികളുടെ വിദ്യാഭ്യാസമാണ്‌ ബജറ്റിലെ പ്രധാന സംഗതി. ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ ഒരു ടേം ഇന്‍ഷുറന്‍സ്‌ എടുക്കുക. അപകട സുരക്ഷ ഇന്‍ഷുറന്‍സ്‌, ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ എന്നിവയും അത്യാവശ്യമാണ്‌. യുവാക്കളായ രക്ഷിതാക്കള്‍ക്ക്‌ വാര്‍ഷിക വരുമാനത്തിന്റെ 10-20 ഇരട്ടിയുടെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി വേണ്ടിവരുമ്പോള്‍, മുതിര്‍ന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക്‌ വാര്‍ഷിക വരുമാനത്തിന്റെ 3.5 - 7 ശതമാനത്തിന്റെ കവര്‍ മതി. പോളിസി തുക നിങ്ങളുടെ കടങ്ങളും ഭവനവായ്‌പയും, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബാധ്യതകളും കവര്‍ ചെയ്യാന്‍ പര്യാപ്‌തമായിരിക്കണം.
മധ്യവയസ്‌കര്‍
ഇത്തരക്കാര്‍ പ്രധാന പരിഗണന നല്‍കേണ്ടത്‌ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്‌. നിലവില്‍ ടേം പ്ലാനുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ മറ്റ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതികളില്‍ ചേരേണ്ടി വരില്ല. എന്നാല്‍ തുടര്‍ച്ചയായി പോളിസികളുടെ പുനര്‍ വിലയിരുത്തല്‍ നടത്തുന്നത്‌ നല്ലതാണ്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏതെങ്കിലും വിദ്യാഭ്യാസ പോളിസികള്‍ എടുക്കുക. കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ആവശ്യം വരാനിരിക്കുന്ന സമയത്തിന്‌ പത്ത്‌ വര്‍ഷം മുമ്പ്‌ ഇതിനായുള്ള സമ്പാദ്യം തുടങ്ങുന്നവര്‍ മണിബാക്ക്‌ പദ്ധതികളില്‍ തുടരുന്നതാണ്‌ നല്ലത്‌. തുടര്‍ച്ചയായ ഇടവേളകളില്‍ ഇത്തരം പദ്ധതികള്‍ മികച്ച റിട്ടേണ്‍ നല്‍കും. ഇതോടൊപ്പം തന്നെ രക്ഷിതാക്കള്‍ റിട്ടയര്‍മെന്റ്‌ പദ്ധതികളില്‍ ചേരുന്നതും നല്ലതാണ്‌. പെന്‍ഷന്‍ പദ്ധതികളില്‍ നിന്നുള്ള വരുമാനത്തിന്‌ നികുതി നല്‍കേണ്ടതിനാല്‍ എന്‍ഡോവ്‌മെന്റ്‌ പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ്‌ നല്ലത്‌.
റിട്ടയര്‍ ചെയ്‌തവര്‍
ഇത്തരക്കാര്‍ പ്രധാന പരിഗണന നല്‍കേണ്ടത്‌ മാസാമാസം വരുമാനം ലഭിക്കുന്നതിനാണ്‌. എടുത്തിട്ടുള്ള ടേം പ്ലാനുകള്‍ നിലനിര്‍ത്താം. നികുതിയിളവ്‌ ലഭിക്കും എന്നതിനാല്‍ ഘട്ടംഘട്ടമായി പണം തിരികെ ലഭിക്കുന്ന എന്‍ഡോവ്‌മെന്റ്‌ പദ്ധതികളില്‍ നിക്ഷേപിക്കാം. റിട്ടയര്‍മെന്റിനുശേഷം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്ക്‌ അത്ര പ്രധാന്യം കൊടുക്കേണ്ടതില്ല. ആനുവിറ്റി പദ്ധതികളില്‍ മാത്രമായി പണം നിക്ഷേപിക്കുന്നതിനെക്കാള്‍ നല്ലത്‌ നിക്ഷേപ പദ്ധതികളിലും ഇന്‍ഷുറന്‍സ്‌ പദ്ധതികളിലും പണം വിഭജിച്ച്‌ നിക്ഷേപിക്കലാണ്‌.