ഒരു കമ്പനിയുടെ സാരഥിയായിരിക്കുമ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാതിരിക്കുന്നതെങ്ങനെ?
രാജ്യാന്തരതലത്തിലുള്ള ഏറ്റെടുക്കലുകളില്‍ എങ്ങനെ തിളക്കമാര്‍ന്ന അധ്യായം രചിക്കാം?
ഇക്കാര്യങ്ങളില്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് മാതൃകയാക്കാവുന്ന ഒരാള്‍ ഇന്ത്യയിലുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള.
1996ല്‍ പിതാവ് ആദിത്യ വിക്രം ബിര്‍ളയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്ന കുമാര്‍ ഇന്ന് ഗ്രൂപ്പിനെ നയിക്കുന്നത് പുതിയ ഉയരങ്ങളിലേക്കാണ്. 28ാമത്തെ വയസില്‍ ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കേണ്ടി വന്ന കുമാര്‍ 15 വര്‍ഷം കൊണ്ട് നടത്തിയിരിക്കുന്നത് 22 ഏറ്റെടുക്കലുകള്‍. ഇക്കാലയളവിനിടെ ഗ്രൂപ്പ് വളര്‍ന്നത് 20 മടങ്ങ്. ചെറുപ്പത്തിന്റെ പ്രസരിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കാനെത്തിയ കുമാര്‍, ഗ്രൂപ്പിന്റെ ശരാശരി പ്രായം 56 വയസില്‍ നിന്ന് 36 വയസാക്കിയിരിക്കുന്നു.
കുമാര്‍ മംഗലം ബിര്‍ള ഗ്രൂപ്പിലെ തലമുതിര്‍ന്ന ജീവനക്കാരെ ബഹുമാനപൂര്‍വം ബാബുവെന്ന് വിളിക്കാന്‍ മടിക്കാറില്ല. പിതാവിനും മുത്തച്ഛനുമെല്ലാമൊപ്പം ഗ്രൂപ്പ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് വിയര്‍പ്പൊഴുക്കിയവരെ എന്നും കൂടെ നിര്‍ത്തുന്ന കുമാര്‍ പക്ഷേ തന്റെ ഗ്രൂപ്പിന്റെ വിശാലമായ ബിസിനസ് ലക്ഷ്യങ്ങള്‍ക്കായി കാര്യമായ സംഭാവന ചെയ്യാത്ത മേഖലകളില്‍ നിന്ന് പിന്മാറാന്‍ മടിക്കുന്നില്ല. ഒപ്പം പുതിയ പോരാട്ട ഭൂമിയിലേക്കിറങ്ങി നാളെയുടെ ബിസിനസ് സാധ്യതകളും അദ്ദേഹം കണ്ടെത്തുന്നു.
കുമാര്‍ രത്തന്‍ ടാറ്റയെ പോലെയോ മറ്റ് ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ സാരഥികളെ പോലെയോ കമ്പനികളുടെ മാനേജ്‌മെന്റില്‍ നേരിട്ട് ഇടപെടാറില്ല. നേരിട്ട് ഒരു ബിസിനസ് പോലും അദ്ദേഹം നിയന്ത്രിക്കുന്നില്ല. മികവുറ്റ ടീമിനെ വാര്‍ത്തെടുത്ത് അവരിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്ന അദ്ദേഹം പക്ഷേ ഒരു കാര്യം മാത്രം എല്ലാ ദിവസവും പരിശോധിക്കും. ഗ്രൂപ്പിലെ ഓരോ കമ്പനിയില്‍ നിന്നും എത്രമാത്രം പണം വിവിധ ആവശ്യങ്ങള്‍ക്കായി ചെലവിട്ടു. എത്രമാത്രം പണം കമ്പനികളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വന്നെത്തി. വിറ്റുവരവോ ലാഭമോ അല്ല പരിശോധിക്കുക. പണമൊഴുക്ക് മാത്രം.
മാര്‍വാഡി ബിസിനസുകാരുടെ ഈ പഴയശൈലി, പണമൊഴുക്ക് നിരീക്ഷണം കുമാര്‍ കൈവിട്ടിട്ടില്ല. ഓരോ പൈസയുടെ വരവും പോക്കും കൃത്യമായി അറിയുന്ന കുമാറിന് ലക്ഷ്യമൊന്നേയുള്ളൂ.
ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികള്‍ അവയുടെ മേഖലകളില്‍ രാജ്യന്തരതലത്തിലെ ടോപ് 3 കമ്പനികളിലൊന്നാകുക.
അതിസാഹസികമായ ഏറ്റെടുക്കല്‍ രീതികളും ഇതിനായി കുമാര്‍ നടത്തിയിട്ടുണ്ട്. അറ്റ്‌ലാന്റ ആസ്ഥാനമായുള്ള, ആദിത്യ ബിര്‍ള ഗ്രൂപ്പിനേക്കാള്‍ നാല് മടങ്ങ് വലുപ്പമുള്ള നൊവെലിസിനെ ഏറ്റെടുത്തതുതന്നെ ഇതിനുദാഹരണം.
''മത്സര മികവിലൂന്നി മുന്നേറണം''
അമിതാഭ് ബച്ചന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ഹിറ്റ് 'ബ്ലാക്ക്' നിര്‍മിച്ചത് കുമാര്‍ മംഗലം ബിര്‍ളയാണെന്ന് അധികമാര്‍ക്കും അറിയില്ല. വൈവിധ്യമാര്‍ന്ന തന്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കുമാര്‍ മംഗലം ബിര്‍ള തുറന്നു സംസാരിക്കുന്നു? ആഫ്രിക്കയില്‍ താങ്കള്‍ വന്‍ വിപുലീകരണത്തിന് തയാറായിട്ടില്ല. പക്ഷേ ലാറ്റിന്‍ അമേരിക്കയില്‍ നൊവെലിസിലൂടെ ശക്തമായ സാന്നിധ്യമായി. ആഫ്രിക്കയില്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?
ഏറെ സാധ്യതകളുള്ള, ഭാവിയുടെ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവിടെ നിക്ഷേപം നടത്തുന്നതിന് പറ്റിയ മേഖല തെരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ പറ്റിയ രംഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. മതിയായ ഹോം വര്‍ക്ക് ചെയ്യാതെ ചാടിക്കയറി കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും ഞങ്ങളുടെ ശൈലിയല്ല. അവിടുത്തെ സാഹചര്യങ്ങള്‍ പഠിച്ചുവരികയാണ്. കല്‍ക്കരി ഖനനത്തില്‍ സാധ്യതയുണ്ട്. പക്ഷേ ചില പ്രശ്‌നങ്ങളുമുണ്ട്.
അടിസ്ഥാനസൗകര്യം, ഫാര്‍മ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ താങ്കളുടെ ഗ്രൂപ്പ് സജീവമല്ലല്ലോ?
എന്തൊക്കെയായാലും എല്ലാ കോര്‍പ്പറേറ്റുകളുടെയും മൂലധനത്തിന്റെ കാര്യത്തില്‍ പരിമിതികളുണ്ടാകും. ഗ്രൂപ്പ് വ്യാപരിക്കുന്ന മേഖലയിലെ എല്ലാ കമ്പനികള്‍ക്കും കൃത്യമായ തോതില്‍ മൂലധനം വിഭജിച്ചു നല്‍കണം. ഓരോ രംഗത്തെയും മത്സരക്ഷമത എന്തെന്നറിഞ്ഞ്, ആ രംഗത്ത് നിക്ഷേപം നടത്തിയാല്‍ തിരിച്ചു കിട്ടുന്നതെന്തെന്ന് വ്യക്തമായറിഞ്ഞ് വേണം മുന്നോട്ടു പോകാന്‍. ബിര്‍ള കുടുംബം വിദ്യാഭ്യാസ മേഖലയിലുണ്ട്. പക്ഷേ അതൊരിക്കലും ബിസിനസ് എന്ന നിലയ്ക്കല്ല.
പുതുതായി ഏതെല്ലാം മേഖലകളിലേക്ക് പ്രവേശിക്കാനാണ് താങ്കള്‍ ആലോചിക്കുന്നത്?
വന്‍ വളര്‍ച്ചാസാധ്യതയുള്ള മേഖലകളില്‍ ഞങ്ങളുടെ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇപ്പോഴുള്ളതു തന്നെ ധാരാളം. ഒന്നോ രണ്ടോ മേഖലകള്‍ പരിഗണിക്കാവുന്നതാണ്. അതിലൊന്ന് അടിസ്ഥാനസൗകര്യ മേഖലയാണ്. കാരണം അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ സാധ്യതകളുണ്ട്.
മത്സരം രൂക്ഷമായ, എന്നാല്‍ മാര്‍ജിന്‍ വളരെ വളരെ കുറവുള്ള ടെലികോം, റീറ്റെയ്ല്‍ മേഖലയിലേക്ക് താങ്കള്‍ കടക്കാന്‍ കാരണമെന്താണ്?
മത്സരത്തെ ഭയക്കേണ്ടതില്ല. ഞങ്ങള്‍ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. രാജ്യാന്തരതലത്തിലെ മത്സരം നേരിടുന്നുമുണ്ട്. 20 വര്‍ഷം മുമ്പാണ് ടെലികോം മേഖലയില്‍ ഞങ്ങള്‍ നിക്ഷേപം നടത്തിയത്. അന്ന് സാമാന്യം നല്ല മാര്‍ജിനുണ്ടായിരുന്നു. റീറ്റെയ്ല്‍ രംഗവും സാമാന്യം നന്നായി പോകുന്നുണ്ട്. മത്സരം ശക്തമായ മേഖലയാണിത്. പടിപടിയായാണ് ഈ രംഗത്ത് ഞങ്ങള്‍ മുന്നേറുന്നത്. റീറ്റെയ്ല്‍ മേഖല വളരെ വിശാലമായ രംഗമാണ്. എല്ലാ വിഭാഗക്കാര്‍ക്കും അവരുടേതായ ഇടവും അതിലുണ്ട്. സ്ഥായിയായ വളര്‍ച്ചയാണ് ഞങ്ങളുടെ ലക്ഷ്യം.
റീറ്റെയ്ല്‍ രംഗത്ത് താങ്കളുടെ വ്യക്തിപരമായ നിക്ഷേപമാണുള്ളത്. ഇത് അങ്ങനെതന്നെ തുടരാനാണോ താല്‍പ്പര്യപ്പെടുന്നത്?
ശരിയായ സമയത്ത് ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഗ്രൂപ്പ് അതില്‍ നിക്ഷേപം നടത്തും. ഇതൊരു കുറഞ്ഞ മാര്‍ജിന്‍ ബിസിനസാണ്. പക്ഷേ ഭാവിയില്‍ സാധ്യതയേറെയാണ്. ഇന്ത്യയില്‍ ഉപഭോക്തൃസംസ്‌കാരം വളരുന്നതോടെ മോഡേണ്‍ ട്രേഡിലുള്ള സാധ്യതകളും ഏറും. അത് ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയുടെ ഭാഗമാണ്. ശക്തമായ മത്സരമുള്ള മേഖലയാണിത്. പക്ഷേ എപ്പോഴും പുതിയ മത്സര ഭൂമികകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കണം. നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍ അവസരങ്ങളിലേക്കുള്ള വാതിലാണ് നിങ്ങള്‍ അടച്ചുകളയുന്നത്.
ഐഡിയ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടോ?
ഐഡിയ ഓഹരി വില്‍പ്പന നടത്താന്‍ ഒരാലോചനയുമില്ല. ഹിന്‍ഡാല്‍കോ ഗ്രൂപ്പിന്റെ കേന്ദ്രബിന്ദുവാണത്. ഞങ്ങളത് വിറ്റൊഴിയുമെന്ന അപവാദം പ്രചരിക്കുന്നുണ്ട്. പക്ഷേ അതുണ്ടാവില്ല.
ബാങ്ക് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടോ?
തീര്‍ച്ചയായും. എന്റെ പ്രപിതാമഹനായ ജി.ഡി ബിര്‍ള സ്ഥാപിച്ച ബാങ്കിനെ ദേശസാല്‍ക്കരിച്ചതാണ് ഇപ്പോഴത്ത യുകോ ബാങ്ക്. ബാങ്ക് സ്ഥാപിക്കുന്ന കാര്യത്തില്‍ ഞാന്‍ ഏറെ തല്‍പ്പരനാണ്.
പുതു ബാങ്കുകള്‍ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം വിശാലമാക്കണമെന്ന റിസര്‍വ് ബാങ്ക് നയത്തെ കുറിച്ചുള്ള പ്രതികരണം?
ന്യായമായ കാര്യമാണിത്. ഈ മാനദണ്ഡം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമേയുള്ളൂ. ബാങ്കിംഗ് രംഗത്ത് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അല്ല എന്റെ ലക്ഷ്യം. 25വര്‍ഷം മുമ്പ് ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അന്നത് ലഭിച്ചില്ല.
ഏറ്റവും മോശം ബിസിനസ് കാലാവസ്ഥയിലായിരുന്നല്ലോ നൊവെലിസുമായുള്ള ഡീല്‍. എങ്ങനെ അത് സാധ്യമാക്കി?
ഏറ്റവും അഗ്രസീവായ നീക്കമായിരുന്നു അതെന്നാണ് എന്റെ പക്ഷം. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങളെല്ലാം ശുഭമായി കലാശിച്ചു. പ്രകടനം മെച്ചപ്പെട്ടു. പുതിയ ഉയരങ്ങള്‍ കണ്ടെത്താനായി. അതു തന്നെയാണ് ബിസിനസില്‍ പ്രധാനപ്പെട്ട സംഗതികള്‍.
എപ്പോഴും പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് താങ്കള്‍. ഒരു വന്‍ കുതിച്ചുചാട്ടത്തിനു വേണ്ടി പുതിയതെന്തെങ്കിലും തേടുന്നുണ്ടോ?
വന്‍ കുതിച്ചുചാട്ടത്തിനു വേണ്ടതെല്ലാം നിലവില്‍ ഞങ്ങള്‍ വ്യാപരിക്കുന്ന ബിസിനസ് മേഖലയിലുണ്ട്.
താങ്കള്‍ എങ്ങനെയാണ് എപ്പോഴും ഉന്മേഷവും ഉല്ലാസവും സ്വയം ഉള്ളില്‍ നിറയ്ക്കുന്നത്?
ഞാനെന്റെ ജോലി ഏറെ ഇഷ്ടപ്പെടുന്നു. അതെന്നില്‍ ഊര്‍ജം നിറയ്ക്കുന്നു. ആത്മാര്‍പ്പണവും ഉല്ലാസവും ഉന്മേഷവുമെല്ലാമുള്ള ഒരു ടീമിനുള്ളിലാണ് നിങ്ങളെങ്കില്‍ അതുതന്നെ ഒരു വലിയ പ്രചോദനമാണ്.
ദീര്‍ഘനേരം ജോലി ചെയ്യാറുണ്ടോ?
മുംബൈയിലെ സാധാരണ ജോലി സമയത്തിനനുസരിച്ചേ ഞാനും ജോലി ചെയ്യുന്നുള്ളൂ. എന്നാല്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളില്‍ കുറെ നേരവും ജോലി ചെയ്യാറുണ്ട്. എന്റെ വര്‍ക്ക് - ലൈഫ് ബാലന്‍സ് ആകെ അവതാളത്തിലാണ്.
താങ്കളുടെ കുട്ടികള്‍ ബിസിനസില്‍ വന്നുകാണാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഞാന്‍ അതേറെ ആഗ്രഹിക്കുന്നു.
ഒരു ബിര്‍ള തന്നെ താങ്കളുടെ ഗ്രൂപ്പിനെ നയിക്കണമെന്നാഗ്രഹമുണ്ടോ?
ആഗ്രഹമുണ്ട്.
(By arrangement with Business Today)
ആദിത്യ ബിര്‍ള സാമ്രാജ്യം
ആദിത്യ ബിര്‍ള നുവോഫിനാന്ഷ്യല് സര്‍വീസസ്, ടെക്‌സ്റ്റൈല്‍സ്,
ഇന്‍സുലേറ്റേഴ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ്, സീഡ്‌സ്
വിപണി മൂല്യം: ‘10,448 കോടി
മൊത്ത വരുമാനം: ‘5,076 കോടി
ആദിത്യ ബിര്‍ള മിനറല്‍സ്
നോണ്‍ ഫെറസ് മെറ്റല്‍, കോപ്പര്‍ മൈനുകള്‍
ലിസ്റ്റ് ചെയ്തിട്ടില്ല. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
ആദിത്യ ബിര്‍ള മൈനാക്‌സ് വേള്‍ഡ്‌വൈഡ്
ഐ.റ്റി സര്‍വീസസ്
മൊത്തവരുമാനം: ‘226 കോടി
മൊത്തം മൂല്യം: ‘227 കോടി
ഐഡിയ സെല്ലുലാര്‍
മൊബീല്‍ ടെലിഫോണി
വിപണി മൂല്യം: ‘32,141 കോടി
മൊത്ത വരുമാനം: ‘15,506 കോടി
കൊളംബിയന്‍ കെമിക്കല്‍സ്
കാര്‍ബണ്‍ ബ്ലാക്ക്, യുഎസ്
മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
അള്‍ട്രാ ടെക് സിമന്റ്
ക്ലിങ്കര്‍ ആന്‍ഡ് സിമന്റ്
വിപണി മൂല്യം: ‘31,402 കോടി
മൊത്ത വരുമാനം: ‘15,270 കോടി
ഗ്രാസിം ഇന്‍ഡസ്ട്രീസ്
ടെക്‌സ്റ്റൈല്‍, പള്‍പ്പ്, ഫൈബര്‍, ഫാബ്രിക്, അപ്പാരല്‍
വിപണി മൂല്യം: ‘20,766 കോടി
മൊത്ത വരുമാനം: ‘5,365 കോടി
ഹിന്‍ഡാല്‍കോ-നൊവെലിസ്
ബോക്‌സൈറ്റില്‍ നിന്ന് അലൂമിനിയം
ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു.
കണ്‍സോളിഡേറ്റഡ് ഇന്‍കം: ‘73,578 കോടി
വിപണി മൂല്യം: ‘27,683 കോടി
മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍
ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ലിസ്റ്റ്
ചെയ്തിട്ടില്ല.
മൊത്ത വരുമാനം:
‘5,365 കോടി
ഡോംസ്‌ജോ ഫാബ്രികര്‍
വിസ്‌കോസ് സ്റ്റാപിള്‍ ഫൈബര്‍, സ്വീഡന്‍
എസ്സെല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്
ഇരുമ്പയിര് ഖനനം, വിന്‍ഡ് പവര്‍
മൊത്ത വരുമാനം: ‘2,586 കോടി
മൊത്തം മൂല്യം: ‘4,335 കോടി
No comments:
Post a Comment